പറവ പറക്കാനായി ജനിച്ചതാണ്.
പക്ഷേ കൂട്ടിലിട്ട് വളർത്തിയ പറവ പറക്കാനാഗ്രഹിക്കില്ല. അതിരില്ലാത്ത ആകാശം തന്റെതു കൂടിയാണെന്ന് ചിന്തിക്കാൻ അതിനു കഴിയില്ല. അതിനെ പഠിപ്പിച്ചത് കൂടാണ് സ്വർഗമെന്നാണ്. ലോകം ആപത്കരവും. എന്തിൽ നിന്നാണ് മനുഷ്യൻ എല്ലാത്തിനെയും കൂട്ടിലിട്ട് സംരക്ഷിക്കാൻ ശ്രമിക്കുന്നത്? സുനിശ്ചിതമായ മരണത്തിൽ നിന്നോ? അതോ അവനവന്റെ ഭയങ്ങളിൽ നിന്നും ഉടലെടുക്കുന്ന സ്വാർത്ഥതയിൽ നിന്നോ? മരണത്തിനു മുൻപിൽ എല്ലാവരും നിസ്സഹായരാണ്, എന്നാൽ ജീവിതത്തിന് മുൻപിൽ ആരും നിസ്സഹായരല്ല. പക്ഷേ, മറിച്ച് പറഞ്ഞു പഠിപ്പിച്ചതാണ്, കാലങ്ങളായി. നിലനിൽപ്പിനെന്ന് മനുഷ്യൻ വിശ്വസിക്കുന്ന ബന്ധനത്തിന്. അതിനു കണ്ണികൾ തീർക്കാൻ ഉപയോഗിച്ച ശക്തമായ ലോഹം സ്നേഹം എന്ന ഒറ്റ വാക്കും.
അസുഖം വന്നാൽ, രോഗികൾ സമീപിക്കാൻ ഭയക്കുന്ന, മരണത്തെ പ്രവചിക്കുന്ന മഹാവൈദ്യന്മാരുണ്ടായിരുന്നു പൂർവികപരമ്പരയിൽ എന്ന് അച്ഛനും വല്യച്ഛനും പറഞ്ഞു കേട്ട അറിവ് മാത്രമാണെനിക്ക്. ലോകമറിയാതെ കാത്തുവെച്ച ആ ഒരറിവാകാം, ആരോഗ്യത്തോടെ ഇരിക്കുമ്പോൾ തന്നെ ആസന്നമായ മരണത്തെ കാണാൻ അച്ഛന് കണ്ണുകൾ കൊടുത്തത്. നിമിത്തങ്ങൾക്കൊപ്പം സമയത്തെയും അളക്കാൻ പഠിച്ചത് കൊണ്ടാവാം, 58ആം വയസ്സിൽ, ചെയ്തു വെക്കേണ്ട എല്ലാ കാര്യങ്ങളും ചെയ്തു വെച്ച്, എതിർപ്പില്ലാതെ മരണത്തിനു കീഴടങ്ങിയത്. ‘ 2011 മെയ് 27’ന് നാലാമത്തെ വിവാഹവാർഷികവും, മകന്റെ രണ്ടാം പിറന്നാളും ഒന്നിച്ച് വീട്ടിൽ വെച്ചാഘോഷിക്കാൻ എട്ട് മാസം ഗർഭിണിയായിരുന്ന ഞാൻ രണ്ടാഴ്ച മുൻപ് പദ്ധതിയിട്ടപ്പോൾ, അച്ഛൻ വിലക്കി. ‘നേരത്തെ പ്രതീക്ഷകളോടെ ഒന്നും കണക്കുകൂട്ടി വെക്കേണ്ട, അന്ന് അതിനുള്ള സാഹചര്യം ഉണ്ടെങ്കിൽ ആഘോഷിക്കാം.’ ആ ദിവസമാണ് അച്ഛൻ ഈ ലോകത്തോട് വിട പറഞ്ഞതും.
എന്റെ ജനനം മുതൽ, അച്ഛന്റെ മരണം വരെ അച്ഛന്റെ നിഴലായിരുന്നു ഞാൻ. പക്ഷേ, അച്ഛൻ എന്ന വ്യക്തിയെ ഞാൻ അറിഞ്ഞു തുടങ്ങിയത് മരണശേഷം മാത്രമാണ്. ക്ഷമയുടെയും സൗമ്യതയുടെയും പര്യായമായിരുന്ന അച്ഛന്റെ സ്വഭാവസവിശേഷതയെക്കുറിച്ച് എനിക്കെന്നും അത്ഭുതമായിരുന്നു. വ്യക്തിസ്വഭാവം പകുതി ജനിതകമായി കൈമാറിക്കിട്ടുന്നതാണ്, പക്ഷേ ബാക്കി പകുതി ഓരോരുത്തരും അനുഭവങ്ങളിൽ നിന്നും അറിവിനെ ഉപാസിച്ചും നിയന്ത്രിക്കേണ്ട വികാരങ്ങൾക്ക് മീതെ മനോജയം നേടിയും ഉണ്ടാക്കിയെടുക്കേണ്ടതാണ്. അച്ഛൻ എന്ന വ്യക്തിയുടെ സ്വാഭാവസവിശേഷതയുടെ അടിത്തറ വളരെ നേരത്തെ തന്നെ ആർജ്ജിച്ചെടുത്ത അറിവുകളാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഉച്ചരിക്കുന്ന വാക്കുകൾക്ക് പോലും മനുഷ്യനെ ജന്മങ്ങളോളം ബന്ധനത്തിലാക്കാൻ കഴിയുമെന്ന് അച്ഛൻ പറയുമായിരുന്നു.
അച്ഛൻ മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് ഞങ്ങൾ രണ്ടുപേരും തമ്മിലുള്ള ഒരുച്ച സംഭാഷണം എന്റെ ജീവിതത്തിലെ രണ്ടു കാലഘട്ടങ്ങളെ വേർതിരിക്കുന്ന നാഴികക്കല്ലാണ്. അച്ഛന്റെ മരണത്തിനു മുൻപും ശേഷവും, വായനയും ജീവിതവും. അതുവരെ വായന ആനന്ദദായകമായ, സമയം കളയാനുള്ള മാർഗം മാത്രമായിരുന്നു. അന്ന് അച്ഛൻ പറഞ്ഞ ആദ്യത്തെ കാര്യം ഇതാണ്. ‘ ജീവിതം അറിവിന് വേണ്ടിയാണ്. പക്ഷേ അറിവും ഒരു നിയോഗമാണ്. ഒരു ജന്മത്തിൽ ഒരാൾക്ക് എന്തറിയാനുള്ള പ്രാപ്തിയാണുള്ളത്, അത് അയാളെ തേടി വരികയാണ് ചെയ്യുന്നത്. അവനവന്റെ അറിവിന്റെ സീമ വികസിപ്പിച്ചെടുക്കുക എന്നുള്ളത് സ്വന്തം ഉത്തരവാദിത്തം ആണ്. അതുവേണ്ടിയുള്ളതാണ് ജീവിതത്തിലെ അനുഭവങ്ങളും രചിക്കപ്പെട്ട വേദങ്ങളും ശാസ്ത്രങ്ങളും പുരാണങ്ങളും ഒക്കെ.
വായിക്കുക, മനസ്സിനെ പ്രകാശിപ്പിക്കാൻ അറിവിനേ കഴിയൂ. അറിവും സമയവും ആണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. നമ്മുടെ ഇതിഹാസങ്ങളും പുരാണങ്ങളും ഉപനിഷത്തുക്കളും മനുസ്‌മൃതിയും ഒക്കെ മനുഷ്യന് വേണ്ടി രചിക്കപ്പെട്ടവയാണ്. ആളുകൾ അതിലെ കഥ വായിച്ചു മറക്കുന്നു. സാരം ഉൾക്കൊള്ളാതെ. ഉദാഹരണത്തിന്, ബന്ധനങ്ങളിൽ പെട്ടുഴലുന്ന ഒരു സാധാരണ മനുഷ്യന്റെ ജീവിതമാണ് രാമായണം. മഹാഭാരതം കുറച്ച് കൂടി സങ്കീർണ്ണതകൾ നിറഞ്ഞതാണ്. ഭരണത്തിന്റെ വിവിധതലങ്ങൾ സ്പർശിക്കുന്ന ആ മഹത്ഗ്രന്ഥം, ഒരു മനുഷ്യൻ നേരിടാൻ സാധ്യതയുള്ള എല്ലാ പ്രശ്നങ്ങളെയും പരിഹാരങ്ങളെയും ചർച്ച ചെയ്യുന്നു. അതുപോലെയാണ് ഓരോ ഗ്രന്ഥങ്ങളും വായിച്ചെടുക്കേണ്ടത്.
മനുസ്‌മൃതിയിലേക്ക് നോക്കാം. ഒരു മനുഷ്യായുസ്സിന്റെ സഫലതയ്ക്കായാണ് നാല് ആശ്രമധർമങ്ങൾ വിവരിച്ചിരിക്കുന്നത്’.
ഞങ്ങളുടെ സംസാരത്തിനിടയിലേക്ക് കടന്നു വന്ന രണ്ടു വയസ്സുകാരനായ കണ്ണനെ നോക്കിയാണ് അച്ഛൻ രണ്ടാമത്തെ കാര്യം പറഞ്ഞത്. ‘ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് ജനനത്തിനു മുൻപോ മരണശേഷമോ എന്താണ് ബന്ധം? അറിയില്ല എന്ന് പറയുന്നതിലും ഒന്നും തന്നെ ഇല്ല എന്ന് പറയുന്നതാവും ശരി. അപ്പൊ ജനനത്തിനും മരണത്തിനും ഇടയ്ക്ക് എന്താണ് ബന്ധം.? കർമ്മബന്ധം. പ്രകൃതിയിലേക്ക് നോക്കിയാൽ മതി ഉദാഹരണത്തിന്. ഒരു കോഴിയെ തന്നെ എടുക്കാം. അടയിരുന്നു മുട്ടകൾ വിരിയിക്കുന്നു. കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും വിശപ്പടക്കുകയും, ഭാവിയിലേക്കുള്ള പാഠങ്ങൾ പഠിപ്പിക്കുകയും, സമയമെത്തുമ്പോൾ കൊത്തിയകറ്റുകയും ചെയ്യുന്നു. ഈ നിയമം പാലിക്കാൻ സാധിക്കാത്ത ഒരേ ഒരു ജീവി മനുഷ്യൻ മാത്രം. എല്ലാം എന്നേക്കും സ്വന്തം എന്നു കരുതി സ്വന്തം ചിറകിനടിയിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്ന മൂഢന്മാർ. കെട്ടിയിട്ട് പറക്കാൻ ആവശ്യപ്പെടരുത്. ‘
ബ്രഹ്മചര്യവും ഗൃഹസ്ഥാശ്രമവും ആചരിച്ച ആൾ പൗത്രൻ ജനിച്ചാൽ വാനപ്രസ്ഥത്തിലേക്ക് കടക്കണം. പിന്നീടുള്ള ജീവിതം ലോകനന്മയ്ക്കും മോക്ഷത്തിനുമായുള്ളതാണ്. മോക്ഷം എന്നത് ബന്ധനങ്ങളിൽ നിന്നുള്ള പരമമായ മോചനം ആണ്. അച്ഛൻ അതാഗ്രഹിച്ചിരുന്നു. ഇത്രയൊക്കെ അറിവോടെ ജീവിച്ചിരുന്ന അച്ഛൻ, ഈ പറഞ്ഞതൊക്കെ പാലിച്ചിരുന്നോ എന്നു ചോദിച്ചാൽ. ഏറെകുറേ. പക്ഷേ എല്ലാ ബന്ധനങ്ങളും വെടിയാനുള്ള സമയം അച്ഛന് കിട്ടിയില്ല എന്നു പറയുന്നതാണോ അതോ അവിടെ അച്ഛൻ പരാജയപ്പെട്ടു എന്നു പറയുന്നതാണ് ശരി എന്നു പറയാൻ ഞാൻ പ്രാപ്തയല്ല.
അച്ഛൻ തുറന്നു തന്ന അറിവിന്റെ മറ്റൊരു ലോകത്തിലൂടെ ഞാൻ യാദൃശ്ചികമായാണ് സഞ്ചരിച്ചു തുടങ്ങിയത്. കഥകളെ കഥകളായി മാത്രം കാണാൻ പിന്നീട് സാധിച്ചിട്ടില്ല. എഴുതപ്പെട്ട വരികളിലൂടെയല്ല, വരികൾക്കിടയിലൂടെയാണ് വായിക്കേണ്ടത്. അവിടെയാണ് എഴുതുന്നയാളുടെ ആത്മാവ് സ്ഥിതി ചെയ്യുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പുസ്തകങ്ങൾ പോലെ തന്നെ വ്യക്തികളും നമുക്ക് പകർന്നു തരുന്നത് അറിവിന്റെ വെളിച്ചമാണ്.
രണ്ടു മനുഷ്യരുടെ, അനുഭവങ്ങളും കാഴ്ചപ്പാടുകളും തമ്മിലുള്ള അന്തരം തന്നെയാണ് അവരെ വ്യത്യസ്തരാകുന്നത്. ഒരു സ്വപ്നാടനം പോലെ ഒരു ജന്മത്തിന്റെ തുടക്കം മുതൽ നടന്ന്, കണ്ണുതുറക്കുമ്പോൾ ഇനി നടക്കാനുള്ള വഴിപോലെ അപരിചിതം നടന്നു വന്ന വഴികളും. സഞ്ചരിക്കാനുള്ള ദൂരം ഏറെയെങ്കിലും വെളിച്ചം പകരാൻ ഒരു മിന്നാമിനുങ്ങിന്റെ പ്രകാശത്തോളം പ്രാപ്തിയുള്ള അറിവുകളും. യാത്ര അറിവിലേക്കെങ്കിൽ പാതകൾ സ്വയം പ്രകാശിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
P.S – Knowledge is anything that expands the horizon of your inner vision.