ചില “ഗ്ലാസ് ” മേറ്റുകൾക്കെങ്കിലും രസികനായിരുന്നു ഗോപാലൻ എസ്.ഐ. പോലിസ് പരിശീലനമെല്ലാം കഴിഞ്ഞ് എനിക്കാദ്യത്തെ പോസ്റ്റിംഗ് മലയോര ഗ്രാമമായ ചിറ്റാരിക്കാൽ സ്റ്റേഷനിലേക്കാണ്. തോമാപുരമെന്നും ആ സ്ഥലത്തിന് പറയും .
പേര് കേട്ടപ്പോളെ മനസ്സിലായില്ലെ ഇതൊരു കുടിയേറ്റ ഗ്രാമമാണന്ന്. പാലാക്കാരും കോട്ടയംകാരും കാഞ്ഞിരപള്ളിക്കാരുമായ സുറിയാനി ക്രിസ്ത്യാനികൾ ധാരാളമുള്ള ഒരു നാട്.
തലേന്ന് രാത്രി മുഴുവൻ ശബരിമല ഡുട്ടി കഴിഞ്ഞ് വെളുപ്പിന് എത്തിയതെയുള്ളു. ക്യാമ്പിൽ, വന്നപാടെ എ.സി പാസ്പോർട്ടെഴുതി കൈയിൽ തന്നിട്ട് പറഞ്ഞു, പുതിയ ജോലി പുതിയ സ്ഥലം. ഇന്ന് തന്നെ ജോയ്ൻ ചെയ്യണം. പിതൃവായ്ക്ക് എതിർ വായില്ലാത്ത കാലം. കൊണ്ടുവന്ന കെട്ടും ഭാണ്ഡവും അഴിച്ചില്ല നേരെ കാസർഗോഡ് പഴയ ബസ്റ്റാന്റിലെത്തി. കാഞ്ഞങ്ങാട് നീലേശ്വരം ഭീമനടി വഴിയുള്ള കെ.സി ബസ് സ്റ്റാന്റിലുണ്ട്.
സ്റ്റാന്റിലെ പെട്ടിക്കടയിൽ നിന്ന് ഒരു ചപ്പ ചായ ഓഡർ ചെയ്യുന്നു ( without ചായ) . ഏറെ കൗതുകവും ഒപ്പം അറപ്പും തോന്നി . കോടാനുകോടി ഈച്ചകളാർത്ത് പറക്കുന്നു. ചായ എടുത്ത് കൈയിൽ തന്നതെ മുക്കാൽ ഗ്ലാസ് ചായ ഫുൾ ഗ്ലാസ്സായി. ഈച്ചകൾ പറന്നിറങ്ങി. ചായ മറിച്ചു കളയാൻ നോക്കുമ്പോളുണ്ട് അവിടെ കൂടിയ പുരുഷാരമത്രയും ചായയിൽ നിന്ന് ഈച്ചകളെ വടിച്ച് കളഞ്ഞ് ആസ്വദിച്ച് ചായ കുടിക്കുന്നു .
ഞാനും അതേ പാത സ്വീകരിച്ചു. കണ്ണടച്ച് ഒറ്റവലി. രാവിലെ പത്ത് എൺപത് കിലോമീറ്റർ പോകേണ്ടതുണ്ടല്ലോ. ശ്ശെ, ഇതൊന്നുമല്ല പറയാൻ വന്നത് നമ്മുടെ നൂഞ്ചനെ പറ്റിയാണ് കേട്ടോ. നൂഞ്ചൻ ചിറ്റാരിക്കാൽ സ്റ്റേഷനതിർത്തിയിലെ അത്യാവശ്യം കൊള്ളാവുന്ന റൗഡിയാണ്. ഒട്ടുമിക്ക ദിവസങ്ങളിലും രാത്രി ലോക്കപ്പിലാണ് വാസം. ഗോപാലൻ എസ്. ഐ ഓരോ തവണ പിടിക്കുമ്പോളും അവൻ പറയും ണായി മോനെ നിനക്ക് ഞാൻ തരും എന്ന് .
ഇവനെന്ത് തരാനാ എന്ന് എസ് ഐയും കൂട്ടരും ചിന്തിച്ച് വശായി ഇരിക്കുന്ന ആ ദിവസമാണ് എന്റെ തൃക്കാൽ ചിറ്റാരിക്കാൽ സ്റ്റേഷനിൽ കുത്തിയത്.
ഹോ ഭാഗ്യവാനെത്തി, സ്റ്റേഷനിലെ സീനിയർ പുങ്കവന്മാർ ഒന്നടങ്കം ആർപ്പിട്ടു. മകനെ രഘുവരാ, നിനക്ക് നല്ല വരശാടാ. ആദ്യ ഡ്യുട്ടി അൺ നാച്ചുറൽ ഡത്ത് കിട്ടിയാൽ സർവ്വീസ് തകർക്കും. പോലിസിലെ വിശ്വാസമോ അന്ധവിശ്വാസമോ എന്തോ അതൊരു ചൊല്ലാണ് ഡിപ്പാർട്ട്മെന്റിലെ.
നിങ്ങ ഒരു കാര്യം ചെയ്യ്, പാലവയലിനടുത്ത് തയ്യേനിയിൽ ഒരുത്തൻ പഴമായി തൂങ്ങിക്കിടപ്പുണ്ട്. ആടെ പോയിറ്റ് സർവൈലൻസ് ചെയ്. നമ്മ കാസറോഡ് പോയി കോൺഫറൻസ് അറ്റന്റ് ചെയ്ത് വരാന്ന് പറഞ്ഞ് എസ്. ഐ. ജീപ്പിൽ കയറി പോയി.
സീനിയർ പുങ്കവന്മാർ പുതിയ ഇരയെ കിട്ടിയ സന്തോഷത്തിന് ചായേം കടീം വാങ്ങിപ്പിച്ചു. എന്റെ ചിലവിൽ. ഏടിൻ സ്റ്റള് നമസ്കാരം കുഞ്ഞിരാമൻ കുറച്ച് ഫോമുകളും ബ്ലെയ്ഡും ടേപ്പും ഒക്കെ എടുത്ത് തന്നിട്ട് ഒറ്റ പറച്ചിലാ, കുഞ്ഞീ ശരിക്കും കാത്തോളണം ബോഡി. വല്ല കുറുക്കനോ നായിയോ കടിച്ച് വലിക്കറെ. ചെറുപ്പത്തിൽ കിട്ടിയ പണിയാ, കളയറ്.
ബാല്യക്കാർക്ക് ജാഗ്രത കുറയും. പത്ത് പന്ത്രണ്ട് മൈൽ ദൂരമുണ്ട് സംഭവസ്ഥലത്തേക്ക്. പാലാവയൽ വരെ ലോക്കൽ ജീപ്പ് കിട്ടും അവിടുന്ന് നടക്കണം.
സ്ഥലത്തെത്തുവോൾ 3 മണി ആകാറായി. തയ്യേനിയിൽ നിന്നു ഒരു മണിക്കൂർ പിന്നേം നടക്കണം. നടന്നെത്തിയതോ ഫോറസ്റ്റിനോട് ചേർന്നുള്ള വലിയ ഒരു ഇഞ്ചക്കാട്ടിൽ. കൂമുളളും തൊടലിയും നിറഞ്ഞ് പാമ്പിന് പോലുമതിനുള്ളിൽ കയറാൻ പറ്റാത്തത്രക്കും ദുർഘടം. പരിസരത്തെങ്ങും ഒരൊറ്റ മനുഷ്യരില്ല. ചുറ്റും നോക്കിയിട്ട് ഒന്നുമില്ല കാണാൻ. അപ്പോളാണത് കണ്ടത് ഇഞ്ചക്കാടിന് നടുവിൽ ആകാശം മുട്ടി നിൽക്കുന്ന ഒരു മുള്ളുമുരിക്ക്. വലിയ മരമാണ്. അതിന്റെ ദൂരേക്ക് നീണ്ടു നിക്കുന്ന കൊമ്പിൽ കറുത്ത കുടശീല തൂക്കിട്ട മാതിരി ഒരാൾ തൂങ്ങിക്കിടക്കുന്നു. ഒരു കാര്യത്തിൽ സമാധാനമായി, നായും കുറുക്കനും എടുത്തോണ്ട് പോകില്ലല്ലോ. പണി ഉറപ്പിച്ച് … എസ് ഐ വരുന്നതും കാത്ത് പിറ്റേന്ന് വെളുക്കും വരെ ആ കാട്ടിൽ.
വിവരങ്ങളൊക്കെ അറിഞ്ഞിരുന്നതിന്നാൽ ഒന്ന് രണ്ട് ഘലാസികളുമായാണ് എസ് . ഐ വന്നത്. ഉച്ചവരെ കാട് വെട്ടേണ്ടി വന്നു, ശവമിറക്കാൻ. ഇൻക്വസ്റ്റിനായി വസ്ത്രങ്ങൾ അഴിക്കുമ്പോൾ എല്ലും തോലും മാത്രമായ ബോഡിയിൽ ഭദ്രമായി എഴുതിവെച്ച ഒരു കുറിപ്പുകണ്ടു. എസ് ഐ ഗോപാലാ പു…മോനെ നിനക്ക് ഞാൻ കരുതി കൂട്ടി വെച്ചിരുന്ന പണി ഇതാടാ നാറി. എന്ന് നൂഞ്ചൻ.
എസ്. ഐ. അടിമുടി വിറയ്ക്കുന്നതും അസ്വസ്ഥനാകുന്നതും കണ്ട് ഒരുൾചിരിയോടെ രാത്രി മുഴുവൻ എന്നെ ഒറ്റക്ക് ശവത്തിന് കൂട്ടിരുത്തിയ ദേഷ്യമടക്കിയും ഞാൻ നിന്നു .
ഏറെ കഴിയും മുമ്പ് നാട്ടുകാർ പറഞ്ഞു കേട്ടു, രണ്ടാഴ്ച മുമ്പ് നൂഞ്ചനെ എസ് ഐ ഓടിച്ചു എന്നും ആ ഓട്ടത്തിലാണ് ഇത്ര “മനോഹരമായ ” സ്ഥലം കണ്ട്പിടിച്ച് നൂഞ്ചൻ ജീവനൊടുക്കിയത് എന്നും.
ഇന്നായിരുന്നെങ്കിൽ മ്മടെ മാധ്യമപ്പടയാളികൾ എസ് ഐ യെ അന്തിചർച്ചയിൽ വിചാരണ ചെയ്തു തൂക്കിലേറ്റിയേനെ. ചിലപ്പോൾ എന്നെയും.