പോലീസ് ഡയറി – 28 : പുകവീണ രാത്രികൾ – ഭാഗം : 6

മനസിൽ നീറിപ്പുകയുന്ന ചൂടിനെ തണുപ്പിക്കാൻ കേരള ഹൗസിൻ്റെ മുറിയിലെ തണുപ്പിനായില്ല. അർദ്ധരാത്രിയോടെ ഡൽഹിയിലെ പേരുകേട്ട ജന്തർ മന്ദിറിനരികിൽ കേരളത്തിൻ്റെ അടയാളമായി തലയുയർത്തി നിൽക്കുന്ന കേരള ഹൗസിൻ്റെ അകത്തളത്തിലേക്കെത്തുമ്പോൾ ദിവസങ്ങൾക്ക് മുമ്പെ ബുക്ക് ചെയ്തിരുന്ന മുറികൾ സമയത്ത് എത്താതിരുന്നതിനാൽ മറ്റാർക്കെങ്കിലും കൊടുത്തിട്ടുണ്ടോ എന്ന ആശങ്കയായിരുന്നു. എന്നാൽ അതുണ്ടായില്ല. നഷ്ടപ്പെടലിൻ്റെ കണക്കിൽ ഇതും പെട്ടില്ല.

എന്താണ് ചെയ്യേണ്ടതെന്നറിയാതെ രാവിലെ എഴുന്നേറ്റു റെഡിയായി പുറത്തേക്കിറങ്ങി. എൻ്റെ മുന്നിലെ വഴികളെല്ലാം അടഞ്ഞതുപോലെ കേരള ഹൗസിന് മുന്നിലെ വഴി, വലിയ ബാരിക്കേഡുകൾ വെച്ച് പോലീസ് അടച്ചിരിക്കയാണ്. ജന്തർ മന്തറിൽ ധാരാളം പ്രകടനങ്ങളും മറ്റും നടക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ബാരിക്കേഡിന് സൈഡിലെ ചെറുവഴിയിലൂടെ റോഡിലേക്കിറങ്ങി. എവിടേക്കാണ് പോകേണ്ടത്? എവിടെയാണ് തിരയേണ്ടത്? ഈ മഹാനഗരത്തിൻ്റെ ഏത് ഇരുളിലാണ് അവൻ ഉണ്ടാകുക?

നൂർജമാൽ കുറെനാൾ താമസിച്ചിരുന്ന ചേരി തപ്പിയാണ് ദ്വാരകയിലേക്ക് എത്തിയത്. ഡൽഹിയിൽ ദ്വാരക എന്ന സ്ഥലമുണ്ടെന്നത് പുതിയ അറിവായിരുന്നു. ദേവശിൽപ്പിയായ വിശ്വകർമ്മാവ് ശ്രീകൃഷ്ണന് വേണ്ടി ദ്വാരകാപുരി നിർമ്മിച്ചെന്നും ശ്രീകൃഷ്ണൻ്റെ മരണശേഷം ദ്വാരകാപുരി കടലെടുത്തു പോയി എന്നും കഥകൾ വായിച്ചിട്ടുണ്ട്. ഗുജറാത്തിൽ എവിടെയോ ആണ് ദ്വാരക എന്നും കേട്ടിരുന്നു.
ഡൽഹിയിൽ നിന്ന് 26 കിലോമീറ്റർ അകലെയാണ് ഞങ്ങൾ തപ്പിയിറങ്ങിയ ഡൽഹിയിലെ ദ്വാരക. ഇന്ദിര ഗാന്ധി എയർ പോർട്ടിന് അപ്പുറം!

ഇവിടെ എവിടെയാണ് ചേരികൾ? വരണ്ട് ഉണങ്ങിയ ഭൂമിയെ പകുത്ത് വിശാലമായ റോഡ്, അവിടവിടെ തണലേകാൻ നട്ടുപിടിപ്പിച്ച മരങ്ങൾ, റോഡിനിരുവശവും ആകാശക്കാഴ്ചകൾ കാണുന്ന ഫ്ലാറ്റുകളുടെ നീണ്ട നിരകൾ, ചില്ലുപാളികൾക്കുള്ളിൽ തിളങ്ങുന്ന ഐടി പാർക്കുകൾ, കാറുകളുടെ നിരകൾ നിറയുന്ന മാളുകൾ, മതിൽക്കെട്ടുകൾക്കുള്ളിൽ ഉറങ്ങുന്ന വിദ്യാലയങ്ങൾ, പഴമയുടെ നിറങ്ങളില്ലാത്ത ആശുപത്രികൾ, പിന്നെയും പിന്നെയും പണിതുയർത്തുന്ന വലിയ വലിയ കെട്ടിടങ്ങൾ, റോഡുകൾക്ക് അതിരു തീരത്ത് ചെറു തടാകങ്ങൾ, അരുകിൽ ഉല്ലസിക്കാൻ ചെറുപാർക്കുകൾ !. എവിടെയാണ് നൂർജമാൽ താമസിച്ചിരുന്ന ചേരി?

ഇവിടെയെല്ലാം പുതിയതാണ്. പഴമയുടെ കാഴ്ചകൾ ഒന്നുമില്ല. വെയിൽ വീണ വഴികളിലൂടെ നടന്ന് നടന്ന് മടുത്തു. ആരോട് ചോദിക്കാൻ? ഇവിടെ ജനിച്ചു വളർന്ന ഒരാളുപോലുമില്ല. ഒരു പുതുനഗരം. അത് പണിത് പണിത് ഉയരുകയാണ്. അതിനിടയിൽ നൂർജമാലിൻ്റെ ചേരികൾ ഇല്ലാതായിരിക്കുന്നു.

വഴിയിരികിൽ ഒരു ബേപ്പൂരി കട കണ്ടു. ഏറെ അലച്ചിലുകൾക്ക് ശേഷമാണ് അങ്ങനെയൊന്നു കണ്ടത്. മനസിന് ഇഷ്ടമല്ലെങ്കിലും വിശപ്പിന് വേണ്ടി ബേൽപ്പൂരി കഴിച്ചു. നൂർജമാലിൻ്റെ ഫോട്ടോ കടക്കാരനെയും അവിടെ നിന്നവരെയും കാണിച്ചു. ആരറിയാൻ?

നടപ്പ് കിലോമീറ്ററുകളായി. ദ്വാരക എന്ന പുതുനഗരം വിശ്വകർമ്മാവ് ഒരുക്കിയതുപോലെ മഹാപട്ടണമായി മുന്നോട്ട് കിടക്കുക്കുകയാണ്. വെയിലിൻ്റെ ചൂട് കുറയുന്നു. നടന്നു നടന്നെത്തിയത് ഒരു ക്ഷേത്ര മുറ്റത്താണ്. കാളീക്ഷേത്രം മുന്നിൽ. ഉഗ്രരൂപിണിയായ കാളി! ഇരുളിൽ ഒളിഞ്ഞിരിക്കുന്ന നൂർജമാലിനെ കാട്ടിത്തരുവാൻ ഈ ഉഗ്രമൂർത്തിക്കാവുമോ? ക്ഷേത്രത്തിനുള്ളിൽ തെളിഞ്ഞു തുടങ്ങുന്ന ദീപങ്ങളെ നോക്കി ഞാനിരുന്നു.

രാത്രി റൂമിലേക്കെത്തിയത് വഴിയിൽ കണ്ട വൈൻ ഷാപ്പിൽ നിന്ന് വാങ്ങിയ ഫുൾ ബോട്ടിലുമായാണ്. സ്ഥിരമായി കഴിക്കുന്നവരായിരുന്നില്ല ആരും. ഞങ്ങൾക്കിടയിലെ നിശബ്ദതയെ ഒഴിവാക്കാൻ അതൊരാശ്വാസമാകട്ടെ എന്നു കരുതി. പക്ഷെ അതെത്തിച്ചത് വലിയൊരു ബഹളത്തിലേക്കാണ്. വിനുവാണ് കൂടുതൽ കഴിച്ചത്. അത് വലിയ പ്രശ്നത്തിലേക്ക് മാറുമെന്ന് കരുതിയില്ല.

വിത്സനോട് അവൻ്റെ ഉള്ളിൽ പുകഞ്ഞിരുന്ന വിദ്വേഷം മുഴുവനായി പുറത്ത് ചാടി. പ്രതി ചാടിപ്പോകാൻ കാരണം വിത്സൻ ഇരുന്ന് സുഖമായി ഉറങ്ങിയതുകൊണ്ടാണെന്ന് അവൻ തീർത്തു പറഞ്ഞു. പരസ്പരം തെറിയും ചീത്ത വിളിയുമായി അവർ പൊരുതുമ്പോൾ നിസഹായനായി ഞാനിരുന്നു. ഉറക്കമെത്തി തളർന്ന് വീഴുവോളം ആ രാവിൽ അതങ്ങനെ തുടർന്നു. വരാനിരിക്കുന്ന പതിവു രാത്രികളുടെ ആരംഭമായിരുന്നു അത്.

മദ്യത്തിൻ്റെയും മയക്കത്തിൻ്റെയും വിദ്വേഷത്തിൻ്റെയും ആലസ്യം പൂണ്ട് അകലങ്ങളിലായ നാല് മനുഷ്യർ ഒഴുകി മറയുന്ന പതിനായിരങ്ങൾക്കിടയിൽ നൂർജമാൽ എന്ന കള്ളനെ തിരക്കി ഇറങ്ങി. പഴയ ഡൽഹിയിലെ അഴുക്ക് പുരണ്ട ഗലികളിൽ, രാജ്യത്തിൻ്റെ പരാധീനതകൾ നിറച്ചെത്തുന്ന ട്രെയിനുകൾ ഉറങ്ങുന്ന റെയിൽവെ സ്റ്റേഷനുകളിൽ, മനുഷ്യമാലിന്യങ്ങൾ പേറി കലങ്ങി ഒഴുകുന്ന പുണ്യനദി യമുനയുടെ കനാൽ കൈവഴികൾക്കരിലെ ചേരികളിൽ, ഓടയുടെ അസഹനീയ ഗന്ധം വിളമ്പുന്ന ഡാബകളിൽ, ആളുകൾ കൂട്ടമാകുന്ന തെരുവുകളിൽ, ഇല്ല! എങ്ങുമില്ല ആ മുഖം! എങ്ങുമില്ല ആ ആൾ!

അസഹനീയ ചൂടും തിങ്ങിനിറഞ്ഞ വാഹനങ്ങളിലെ പുകയും കറുപ്പിച്ച ഡൽഹിയിലെ പഴകിയ മനുഷ്യരുടെ താവളങ്ങളിലൂടെ റിക്ഷകളിൽ കയറി ഇറങ്ങിയും തമ്പാക്കുകൾ മുറുക്കി തുപ്പുന്ന പോലീസ് സ്റ്റേഷനുകളിലെ ചിരിക്കാത്ത മുഖങ്ങളിൽ ചോദ്യങ്ങൾ എറിഞ്ഞും ഹിന്ദിയും മലയാളവും ഇംഗ്ലീഷും ചേർന്ന് ഇല്ലാത്ത ഭാഷകളിൽ പറഞ്ഞും നടന്നും അലഞ്ഞും മടുത്ത്, രാത്രിയിൽ അരുതാത്ത ലഹരിയെ കൂട്ടുവിളിച്ച് മിണ്ടാതെയും പറയാതെയും പരസ്പരം ശത്രുക്കളായി പൊരുതിയും ഓരോ ദിവസവും കഴിയുകയാണ്.

നൂർജമാൽ എന്ന മനുഷ്യൻ എന്നെന്നേക്കുമായി കൈവിട്ട് പോയിരിക്കുന്നു. ഇനി അയാളെ കണ്ടെത്താനാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു!

അതൊരവസാന ശ്രമമായിരുന്നു.

നോക്കെത്താ ദൂരം പരന്ന് കിടക്കുന്ന വയലിന് നടുവിലെ ചെറുറോഡിലൂടെ വലിയ ശബ്ദം വെച്ചു പോകുന്ന ട്രാക്ടറിന് പുറകിൽ വൈക്കോൽ കെട്ടുകളിൽ ചാരി ഞങ്ങളിരുന്നു. എത്രയോ നേരമായി എത്രയോ കിലോമീറ്ററുകളായി ട്രാക്ടർ ഞങ്ങളെയും പേറി പോകുന്നു. വയലുകൾക്കു നടുവിൽ അതിര് തിരിച്ചും വഴിയിൽ അവിടവിടെയായി തണൽ പരത്തി നിൽക്കുന്ന ചെറുമരങ്ങളുമല്ലാതെ പച്ചപുതച്ച വയലുകൾക്കപ്പുറം കാഴ്ചയക്ക് മറ്റൊന്നില്ല.

ഹരിയാനയിലെ സോനിപത് ജില്ലയിലെ ജതോല ഗ്രാമത്തിലേക്കാണ് ഞങ്ങളുടെ യാത്ര. നൂർജമാൽ ജനിച്ചതും വളർന്നതും ആ ഗ്രാമത്തിലാണ്. അവൻ ഞങ്ങളെ പറ്റിച്ച് അവിടേക്കാണോ വന്നിരിക്കുക? വഴിയിലെവിടെയും വീടുകളും കെട്ടിടങ്ങളും ഒന്നുമില്ല. പച്ചപുതച്ച വയലുകളും അതിന് നടുവിലായി കാവൽ നിൽക്കുന്ന ചെറു മരങ്ങളുടെയും കാഴ്ചകാണാൻ അതിസുന്ദരമാണ്. കാത്തിരിപ്പിന് ഒരവസാനമുണ്ടായത് പോലെ ട്രാക്ടർ നിന്നു. തലപ്പാവും വലിയ കോട്ടും ധരിച്ച വണ്ടിക്കാരൻ ഞങ്ങളെ ഇറക്കി പറഞ്ഞുറപ്പിച്ച പണം വാങ്ങി റോഡിനിടതു വശം വയലുകളെ തുരന്ന് പോകുന്ന മൺപാതയിലൂടെ പൊയ്ക്കൊള്ളാൻ പറഞ്ഞ് ട്രാക്ടർ ഓടിച്ച് പോയി.

പൊടിയും ചെളിയും അഴുക്കും വെള്ളക്കെട്ടുകളും നിറഞ്ഞ ആ വഴി അങ്ങ് ദൂരേക്ക് ഞങ്ങളെ കാത്ത് കിടക്കുകയാണ്. വളരെ പാടുപെട്ട് ഞങ്ങൾ നടന്നു. മനുഷ്യസഞ്ചാരമില്ലാത്ത വഴി! എങ്ങും ആരുമില്ല… മൊബൈലിന് റേഞ്ച് പോലുമില്ല. അതിരുകൾ ഇല്ലാത്ത വയലാണ് ചുറ്റിലും.

ദുരിതപൂർണ്ണമായ യാത്രയ്ക്കൊടുവിൽ ഞങ്ങൾ അവിടെയെത്തി. അതൊരു ഗ്രാമമായിരുന്നില്ല. വെളുത്ത് പൊടിഞ്ഞ മണ്ണും ചെളിയും വെള്ളക്കെട്ടുകളും നിറഞ്ഞ് മുറ്റമെന്നോ പറമ്പെന്നോ വേർതിരിച്ച് പറയാനാകാത്ത ഇടത്തെച്ചുറ്റി വയലിനു നടുവിലെ വീടുകളുടെ ഒരു കൂട്ടം! പൊട്ടിയടർന്ന ഇഷ്ടികകൾ കെട്ടിയുയർത്തി, പുല്ലും വൈക്കോലും പ്ലാസ്റ്റിക്ക് ഷിറ്റുകളും മേൽക്കൂരയാക്കി, ആകൃതികളില്ലാതെ അവയങ്ങനെ ചേർന്ന് കിടന്നു.

വാതിലുകളില്ല, ജനാലകളില്ല ഓരോ വീടിനും! പ്രത്യേക മുറ്റമില്ല, വഴികളില്ല! വിശാലവും വൃത്തിഹീനവുമായ മുറ്റത്ത് അവിടവിടെ തണൽ വിരിച്ച് മരങ്ങൾ! അവയുടെ ചോട്ടിലുറങ്ങുന്ന പഴകിയടർന്ന കട്ടിലുകൾ!

വീടിനോട് ചേർന്ന് കയർ കെട്ടി നിർത്തിയിരിക്കുന്ന കാലികൾ! ദുർഗന്ധം വമിച്ച് ഒഴുകിയിറങ്ങുന്ന ചാണകവും മൂത്രവും! വീടുകളുടെ മൂലയ്ക്കും മുറ്റത്തിന് നടുവിലുമായ് തീർത്ത കുഴൽക്കിണറുകളിൽ തുരുമ്പ് പിടിച്ച ചാമ്പ് പൈപ്പുകൾ! ദുരിതവും ദുർഗന്ധവും ഇഴുകിച്ചേർന്ന ആ കുടിലുകൾക്ക് മുന്നിൽ ഞങ്ങൾ കാത്ത് നിന്നു.

പുറത്തെങ്ങും ആരുമില്ല. ഇതിൽ നൂർജമാലിൻ്റെ വീട് ഏതാണ്? തങ്ങളെ കണ്ട് അവൻ ഓടിപ്പോയിരിക്കുമോ? പഴകിയ ചേല ചുറ്റിയ ഒരു സ്ത്രീ ഒരു വീടിനുള്ളിൽ നിന്നും പുറത്തേക്ക് വന്നു. ഒരു നിമിഷനേരം കൊണ്ടവൾ ഞങ്ങളെ കണ്ട് സ്തബ്ധയായ് നിന്നു. പിന്നെ ഒച്ചവച്ച് അകത്തേക്ക് പോയി!

( തുടരും )

കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.