പോലീസ് ഡയറി -14 : ഒരു പോലീസ് തൊപ്പി തെറിപ്പിക്കൽ അപാരത

പോലീസ് സർവീസിൽ പ്രവേശിച്ച് 4 വർഷം. പ്രമുഖ വിദ്യാർത്ഥി സംഘടനയുടെ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള പടുകൂറ്റൻ ജാഥ നടക്കുന്നു. ഇന്നും സമരവും ചർച്ചയുമെല്ലാം വിദ്യാഭ്യാസനയം തന്നെയാണ്. വർഷം 38 കഴിഞ്ഞു. വർഷങ്ങൾ പോയതറിയാതെ…

അന്നു നടന്ന ജാഥക്ക് സംരക്ഷണമാണോ ജനങ്ങൾക്ക് സംരക്ഷണമാണോ എന്നറിയില്ല SAPക്കാരായ ഞങ്ങളെയും, ചില ലോക്കൽ പോലീസുകാരേയും ഓവർബ്രിഡ്ജു ഭാഗത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു. ഇന്നും സാധാരണ ജനസംരക്ഷണത്തിന് വലിയ പ്രശ്നങ്ങളാണ്. സംഘടിതശക്തിക്കാണല്ലോ എവിടെയും സംരക്ഷണം. (വിഴിഞ്ഞം കാഴ്ചകൾ മങ്ങാതെ മുന്നിലുണ്ടല്ലോ) ഇന്നത്തെ പോലെ പോലീസ് സ്റ്റേഷൻ പൂർണ്ണമായും അടിച്ചു തകർക്കൽ ആചാരം അന്നില്ല.

സമര സംരക്ഷകരായി വിദ്യാർത്ഥികളുടെ അമിത ആവേശത്തോടൊപ്പം ചെറുപ്പത്തിന്റെ ആവേശമുള്ള പോലീസുകാരായ ഞങ്ങളുടെ ഒരു കാലഘട്ടം.. അവിടെ ലോക്കൽ പോലീസിലെ പെൻഷനാകാൻ മാസങ്ങൾ മാത്രമുള്ള എന്റെ അച്ഛനോടൊപ്പം ജോലി ചെയ്തിട്ടുള്ള ഒരു പോലീസുകാരനുമുണ്ടായിരുന്നു. പോലീസുകാരനായി ചേർന്ന് 33 വർഷം ജോലി ചെയ്തു പടിപടിപടിയായി ഉയർന്ന് പോലീസുകാരനായി തന്നെ പെൻഷൻ പറ്റി പോകുന്ന ഒരു കാലം. ഉദിയൻകുളങ്ങര സ്വദേശിയായ സൗമ്യനായ പ്രായമേറെ തോന്നിക്കുന്ന ഒരു പാവം മനുഷ്യൻ. ഇന്നു ജീവിച്ചിരിപ്പില്ല.

രോക്ഷം കൊണ്ട വിദ്യാർത്ഥി സമരത്തിന്റെ അവസാനമുണ്ടായിരുന്ന വികൃതികളായ കുറെ വിദ്യാർത്ഥികൾ ചെറിയ തോതിലുള്ള അഭ്യാസ മുറകളെല്ലാം നാട്ടുകാരുടെ നേർക്കും റോഡിലും ഒക്കെ പ്രകടിപ്പിച്ചു വരുന്നത് അന്നും പോലീസ് കാഴ്ചക്കാരായി ഞങ്ങളും ശക്തമായി നിലയുറപ്പിച്ചിരുന്നു. ഇന്നു ചില പ്രത്യേക വിഭാഗ അക്രമ ചടങ്ങുകളിൽ മാത്രം പോലീസ്, കാഴ്ചക്കാരായി നിലകൊള്ളുന്നുണ്ട്. അതും സ്വാഭാവികം. ഇല്ലെങ്കിൽ അവരെല്ലാം കൂടി പോലീസിനെ ചവിട്ടി കൂട്ടി കുനിച്ചു നിറുത്തി കൂമ്പിനിടിച്ച് പഞ്ഞിക്കിട്ടിട്ടു പോകും.

വെറുതെ വഴിയേ പോണ അടി ചോദിച്ചു വാങ്ങേണ്ടതില്ല എന്നാണല്ലോ പ്രമാണം. പോലീസ് എന്നു പറയുന്നതു് വഴിയിൽ കെട്ടിയിരിക്കുന്ന ചെണ്ടയല്ലേ … ആർക്കും കേറി കൊട്ടാമല്ലോ … തട്ടാമല്ലോ. ചോദിക്കാനും പറയാനും ഒരു പട്ടിയും വരില്ല.
വിദ്യാർത്ഥി വികൃതികുട്ടന്മാരെ തടയാൻ ആവേശ പെരുമയുള്ള ഞങ്ങൾ SAP ക്കാർ ശ്രമിച്ചപ്പോൾ മേലുദ്യോഗസ്ഥൻ വിലക്കി ശാസിച്ചു പിന്നെ ഉപദേശിച്ചു.

വെറുതെ എന്റെ തൊപ്പി തെറിപ്പിക്കല്ലേ മക്കളെ.

അതോടെ ഞങ്ങളുടെ ആവേശം കെട്ടിപ്പൊതിഞ്ഞു വച്ചു.

അതിനിടെ സമരത്തിന്റെ അവസാന നിരയിലുണ്ടായിരുന്ന ഒരു നുഴഞ്ഞുകയറ്റ വിദ്യാർത്ഥി നമ്മുടെ കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ ലോക്കൽ പോലീസുകാരന്റെ തൊപ്പി തട്ടിതെറിപ്പിച്ചു. ചുമ്മാ, വെറുതെ ഒരു പ്രകോപനവുമില്ലാതെ. അതാണല്ലോ കാര്യം. ഏതു ലഹളയിലും, അക്രമത്തിലും സമരത്തിലും കുറച്ചു ആൾക്കാർ നുഴഞ്ഞുകയറും. അവർ പ്രശ്നമുണ്ടാക്കിയിരിക്കും. ഇതും ഒരു പാരമ്പര്യ ചടങ്ങാണ്. വിഴിഞ്ഞത്ത് അക്രമികൾ നുഴഞ്ഞുകയറുമെന്നും അക്രമം നടക്കുമെന്നും ഏതു പൊട്ടൻ ചങ്കരനും അറിയാം. പിന്നെല്ലാം വോട്ട് നേട്ടം.

പറഞ്ഞു വന്നത്, നമ്മുടെ പാവം തൊപ്പി തെറിച്ച പോലീസ് മാമൻ നിഷ്ക്രിയമായി ഏറെ സങ്കടത്തോടെ നിൽക്കുന്ന കാഴ്ച ഒരു നിമിഷം മേലുദ്യോഗസ്ഥനോടൊപ്പം ഞാനും കണ്ടു നിന്നു. ആ സമയത്ത് ഒരു വർഷം മുമ്പ് പെൻഷൻ പറ്റി പിരിഞ്ഞ ഹെഡ് കോൺസ്റ്റബിളായ എന്റെ അച്ഛനെ ആ പോലീസുകാരനിൽ ഞാൻ കണ്ടു.

സമര വിദ്യാർത്ഥി തട്ടിയെറിഞ്ഞ ആ വിലപ്പെട്ട മുഷിഞ്ഞ തൊപ്പി ഞാനെടുത്തു കണ്ണിൽ വച്ചിട്ട് പോലീസ് മാമന്റെ തലയിൽ വച്ചു കൊടുത്തു. മറ്റൊന്നുമാലോചിക്കാതെ ആ നുഴഞ്ഞുകയറ്റ വിദ്യാർത്ഥിയെ പിടിച്ചു വരിഞ്ഞു മുറുക്കി വച്ചു. അതായിരുന്നല്ലോ പോലീസിൽ പഠിച്ചതും പഠിപ്പിച്ചതും. ഇതു കണ്ടു കൂട്ടത്തിലെ മുമ്പേ പോയ വിദ്യാർത്ഥി സമരത്തിലെ ചിലർ തിരിഞ്ഞു എന്റെ നേർക്ക് പാഞ്ഞു വന്നു.

അപ്പോൾ മാത്രം ഇടപെട്ട മേലുദ്യോഗസ്ഥനും മറ്റ് പോലീസുകാരും ചേർന്ന് വിഷയം സംസാരിച്ച്, തൊപ്പി തെറിപ്പിച്ച വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്താൽ അവിടെ നിന്ന മുഴുവൻ പോലീസുകാരുടെയും തൊപ്പി തെറിപ്പിക്കുമെന്ന ഭീഷണിയിൽ വഴങ്ങി കൊടുത്തു കൊണ്ട്, എന്നെയും ശാസിച്ചു കൊണ്ട് പ്രശ്നം രമ്യമായി പരിഹരിച്ചു. ഇല്ലെങ്കിൽ വിദ്യാർത്ഥികൾ എല്ലാം ചേർന്ന് എന്നെ അന്നു തന്നെ സ്മാരകമാക്കിയേനെ.

ആ വയസനായ പോലീസുകാരൻ ജീവിതത്തിൽ അവസാനമായി പൊതുജന മദ്ധ്യത്തിൽ നിന്നും കിട്ടിയ ആ വലിയ തൊപ്പി തെറിപ്പിക്കൽ അംഗീകാരത്തോടെ സർവ്വീസിൽ നിന്നും ഏതാനും ദിവസങ്ങൾക്കകം പിരിഞ്ഞു പോയി. ആ കണ്ണുകൾ നിറയുന്നതു് ഞാൻ കണ്ടിരുന്നു.

തൊപ്പി തട്ടിയെറിഞ്ഞ വിദ്യാർത്ഥി ഒരു പക്ഷേ പോലീസിൽ പ്രവേശിച്ചിരിക്കും. അല്ലെങ്കിൽ ആരുടെയെങ്കിലും അടി കൊണ്ട് നടന്നിരിക്കും, അതുമല്ലെങ്കിൽ വലിയൊരു രാഷ്ട്രീയ നേതാവായി നമ്മെ ഭരിക്കുകയായിരിക്കും.

എസ് ഐ ആയി വിജിലൻസിൽ നിന്ന് റിട്ടയർ ചെയ്തു. 100 ൽ അധികം പോലീസ് ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. പോലീസുദ്യോഗസ്ഥർ ചെയ്യാവുന്നതും, ചെയ്യാൻ പാടില്ലാത്തതും എന്ന പുസ്തകം പോലീസ് സർക്കുലർ മാസിക വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 100 ൽ അധികം നാടകങ്ങൾ എഴുതിയിട്ടുണ്ട്. നാടക പ്രവർത്തനത്തിന് വിവ അന്താരാഷ്ട്ര നാടകപുരസ്ക്കാരം, കരകുളം ചന്ദ്രൻ നാടകപുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 60 ൽ പരം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. 3 ക്രൈം സീരിയലുകളുടെ കഥ എഴുതിയിട്ടുണ്ട്. പ്രണയഗാനങ്ങൾ ഉൾപ്പടെ 120 ഓളം പാട്ടുകൾ എഴുതിയിട്ടുണ്ട്. MGP ക്കു വേണ്ടി പോലീസ് തയ്യാറാക്കിയ 7 ഡോക്യുമെന്ററി ഫിലിമുകളുടെ ചുമതലയും ഉണ്ടായിരുന്നു. ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ സാംസ്ക്കാരിക വിഭാഗം ചുമതല നോക്കുന്നു. ആര്യനാട് സ്വദേശിയാണെങ്കിലും, ഇപ്പോൾ ആറ്റുകാൽ കൊഞ്ചിറവിളയിൽ താമസിക്കുന്നു.