മൂഹ്സിനയിലെ മോര്‍ച്ചറിയിലേക്ക് നടന്നു കയറിയപ്പോള്‍ നാട്ടിലെ ഒരു മരണ വീട്ടിലേക്ക് ചെന്ന പ്രതീതിയായിരുന്നു. എംബാം ചെയ്ത ശേഷം മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനായുള്ള കാത്തിരിപ്പ്.
നാലു മലയാളികളുടെ മൃതദേഹങ്ങളാണ് എംബാം ചെയ്തു കൊണ്ടിരിക്കുന്നത്. മരണകാരണം ഹൃദയാഘാതം.
വിവിധ പ്രവാസി അസോസിയേഷനുകളുടെ നേതാക്കളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമാണ് നടപടിക്രമങ്ങള്‍ ഉത്തരവാദിത്തത്തോടെ ചെയ്യുന്നത്.
സുഹൃത്തുക്കള്‍ ഗുരുജി എന്നു വിളിക്കുന്ന മാധവേട്ടന് കവാടത്തില്‍ തന്നെയുണ്ട്. വിവേകിന്റെ ബോഡി കിടക്കുന്ന ഇടത്തേക്ക് എന്നെയും കൂട്ടി അദ്ദേഹം പോയി. മുഖം മാത്രം പുറത്തുകാട്ടി പ്രത്യേക കച്ചയില്‍ പൊതിഞ്ഞ് .. ഒരു നോക്കേ കണ്ടുള്ളു.
നാല്പതിലേക്ക് കടന്നിട്ട് അധികനാളായിലില്ല. ബര്‍ത്ത് ഡേ വലിയ തോതില്‍ ആഘോഷിച്ചിരുന്നു.
വിവേക് അനിരുദ്ധന് മൂരിയാട് എന്ന് വലിയ അക്ഷരത്തില്‍ പെട്ടിയുടെ വശങ്ങളില് എഴുതിയിരുന്നു.
എന്നെ കണ്ട നിമിഷം മുതല്‍ ഗുരുജിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു കണ്ഠമിടറിയാണ് സംസാരിച്ചത്. നല്ല കുട്ടിയാകാന്‍ തീരുമാനിച്ച ദിവസമായിരുന്നു. ഇന്നലെ, കറുപ്പില്‍ മഞ്ഞവരയുള്ള ട്രാക് സ്യൂട്ടും ടീ ഷര്‍ട്ടും പോരാത്തതിന് റണ്ണിംഗ് ഷൂവും വാങ്ങിയാണ് ഇന്നലെ റൂമില്‍ വന്നുകയറിയത്.
ഗുരുജി, നോക്ക് എന്ന വിളിയുമായി പുതിയ ട്രാക് സ്യൂട്ടും ഷൂവുമെല്ലാം അണിഞ്ഞ് മുന്നില്‍ വന്നു നിന്നു. രാവിലെ ആറിന് ഗുരുജിക്കൊപ്പം നടത്തം. പിന്നെ യോഗ. മദ്യം ഇനി കൈകൊണ്ട് തൊടില്ല…
ഇതിനു മുമ്പ് പറഞ്ഞതു പോലെയല്ല, ഇതാ സകല തയ്യാറെടുപ്പുകളുമായിട്ടാണ് അങ്കം.
വലിയ വിശ്വാസമില്ലാതെ വളരെ നല്ലത് എന്നൈാരു മറുപടി മാത്രമാണ് താന്‍ നല്‍കിയതെന്ന് ഗുരുജി പറഞ്ഞു.
അതിന്നിടയില്‍ നാട്ടിലേക്ക് വീഡിയോ കോള്‍ വിളിച്ച് തന്റെ പുതിയ ഔട്ട് ലുക്ക് ഭാര്യയേയും സ്കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികളേയും കാണിച്ചു,
ഏറേ നേരം ട്രാക് സ്യൂട്ടും ടീ ഷര്‍ട്ടും ധരിച്ചാണ് വിവേക് റൂമില്‍ ഇരുന്നത്. എന്താ അഴിച്ചൊന്നും വെയ്ക്കുന്നില്ലേ.. ഇതേ വേഷത്തിലാണോ ഉറങ്ങാന്‍ പോവുന്നതെന്ന ഗുരുജിയുടെ വാക്ക് കേട്ടപ്പോള്‍
ഐഡിയ ,, രാവിലെ ഇതൊെക്കെ വലിച്ചുകയറ്റി എന്തിന് സമയം കളയുന്നു. എന്നൊരു ചോദ്യവും എറിഞ്ഞു, ഹാളിലിരുന്ന് ടിവി വാര്‍ത്തകള്‍ ഒക്കെ കണ്ട് റൂമിലേക്ക് മടങ്ങിയപ്പോള്‍ ഓടാനുള്ള വേഷത്തില്‍ തന്നെ കിടന്നുറങ്ങുന്ന വിവേകിനെയാണ് താന്‍ കണ്ടതെന്ന് ഗുരുജി പറഞ്ഞു. എഴുന്നേറ്റാല്‍ ഭാഗ്യം . അറിയാതെ ആത്മഗതം പുറത്തുവന്നു.
കൃത്യം 5.30 ന് പതിവു പോലെ മൊബൈലില്‍ സെറ്റു ചെയ്തിരുന്ന അലാം അടിച്ചു. മുഖം കഴുകാനായി വാഷ്റൂമിലേക്ക് പോയപ്പോള്‍ വിവേകിന്റെ കൈയില്‍ തട്ടി. ഒരു തരം തണുപ്പ് ഫീല്‍ ചെയ്തിരുന്നു. പല്ലു തേച്ച് നടക്കാനുള്ള വേഷവും ഷൂവും ധരിച്ച് ശേഷമാണ് വിവേകിനെ വിളിച്ചത്.
എവിടെ,, ഇതെന്ത് ഉറക്കമാണ്.. പെട്ടെന്ന് മുഖം കഴുക്.. ഞാന്‍ ഇറങ്ങുകയാണ്.. കാത്തിരിക്കാനൊന്നും എനിക്ക് പറ്റില്ല.. ഉറക്കെ പറഞ്ഞിട്ടും വിവേകിന്റെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല.. തുടര്‍ന്ന് കൈയ്യില്‍ തട്ടി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ തളര്‍ന്നു വീഴുകയായിരുന്നു.
അയ്യോ.. എന്ന് അറിയാതെയൊരു നിലവിളി പുറത്തു വന്നു. രണ്ട് വട്ടം കൂടി വിവേകിനെ വിളിച്ചുണര്‍ത്താന്‍ നോക്കി.. കൈയിലെ നാഡിമിടിപ്പ് നിലച്ചിരുന്നു. അടുത്ത റൂമിലുള്ളവരെ വിളിച്ചു. അവരും കണ്ണ് തിരുമ്മിയെത്തി.
പോയി.. കൂടെയുള്ള ആരോ പറഞ്ഞു, അല്പ നേരത്തേക്ക് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി,
പോലീസിനെ വേണോ ആംബുലന്‍സിനെ വേണോ ആദ്യം വിവരം അറിയിക്കാന്‍ ..മറ്റാരോ ചോദിച്ചു കൂടെയുണ്ടായിരുന്നവര്‍ എന്തൊക്കെയോ ചെയ്യുമ്പോള്‍ താന്‍ തളര്‍ന്ന് കട്ടിലില്‍ ഇരുന്നു പോയെന്ന് ഗുരുജി പറഞ്ഞു.
എംബാംമിംഗ് സെന്ററിലെ ജീവനക്കാരന് ഗുരുജിയുടെ കൈയ്യിലേക്ക് ഒരു പൊതി വെച്ചു നീട്ടി. കൂടു തുറന്നപ്പോള്‍ കറുപ്പില്‍ മഞ്ഞവരകളുള്ള ട്രാക് സ്യൂട്ടായിരുന്നു. കൂടെ റണ്ണിംഗ് ഷൂവും ടീ ഷര്‍ട്ടും ഉണ്ടായിരുന്നു.
നിയന്ത്രണമില്ലാത്ത മദ്യപാനവും ഒപ്പം കൊളസ്ട്രോളും ഷുഗറും ആയപ്പോളാണ് പലകുറിയുള്ള ഉപദേശങ്ങള്‍ തിരസ്കരിച്ച വിവേക് ഒടുവില്‍ നടക്കാനും മദ്യപാനം നിര്‍ത്താനും തീരുമാനിച്ചത്.
ഇതിനു മുമ്പ് പലപ്പോഴും രക്തപരിശോധന നടത്തിയെങ്കിലും റിസള്‍ട്ട് തന്നില്‍ നിന്നും മറച്ചുവെയ്ക്കുകായിരുന്നു വിവേക് ചെയ്തതെന്ന് ഗുരുജി പറഞ്ഞു.
മണിക്കൂറുകള്‍ക്കകം എംബാംമിംഗ് പൂര്‍ത്തിയാക്കി, എംബസിയിലെ പേപ്പറുകളും തയ്യാറാക്കി.. അനക്കമറ്റ മുഖം ഇപ്പോള്‍ കാണാനാവുമായിരുന്നില്ല.. ഏതോ പ്രവാസി സംഘടന പൂക്കള്‍ അര്‍പ്പിച്ചു.
പിറ്റേന്ന് രാവിലെ ഗുരുജിയുടെ വാട്സ്ആപ് വോയിസ് ക്ലിപ് എത്തി. തലേന്ന് രാത്രി ഉറങ്ങാനെ കഴിഞ്ഞില്ല.. കണ്ണടച്ചാല്‍ ആ മുഖം മാത്രം. ഞാന്‍ രണ്ടാഴ്ചത്തേക്ക് നാട്ടിലേക്ക് പോകുന്നു.. മൂന്നു വര്‍ഷമായി ഒരേ മുറിയില്‍ കിടന്നുറങ്ങിയിരുന്ന ആള് ഒരു സുപ്രഭാതത്തില്‍ ഇല്ലാതായിത്തീരുന്നത് ഉള്‍ക്കൊള്ളാന്‍ മാത്രം എന്റെ മനസ്സിന് കട്ടിയില്ല.
തൊഴുകൈയ്യുടെ ഒരു ഇമോജി മറുപടിയായി ഞാന്‍ അയച്ചു.