ഗൾഫനുഭവങ്ങൾ -23 : ഒരു പ്രവാസത്തിൻ്റെ അവസാനം

ഷോണിൻ്റെ പപ്പ സൗദിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനിന്റെ ഉടമയാണ്. അവന് അങ്ങേരെ ബിസിനസ്സില്‍ സഹായിച്ച് അവിടെ കഴിഞ്ഞാല്‍ പോരേ..? സായിപ്പിൻ്റെ നാട്ടിൽ പോയി എംബിഎ പഠിച്ചിറങ്ങിയ ശേഷം ഗൾഫിൽ ശതകോടിയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കലാണ് അവൻ്റെ ലക്ഷ്യം . സൗദി വിട്ട് അവൻ എന്തിനാണ് ഇപ്പോള്‍ ദുബൈയ്ക്ക് വരുന്നത്.? ടാക്സികൾ ക്യൂവിൽ വരിവരിയായി വന്നു പോകുന്നതു പോലെ ഒരോരോ ചിന്തകൾ വന്നും പോയും ഇരുന്നു.
ടെര്‍മിനല്‍ ത്രീയില്‍ കാറുമായി കാത്തു നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒത്തിരി നേരമായി. ഇവനെയൊട്ടു കാണുന്നുമില്ല.

മൊബൈല്‍ സ്വിച്ച് ഓണല്ല. ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്തിട്ടുമുണ്ട്. സാധാരണ അര- മുക്കാല്‍ മണിക്കുറുകൊണ്ട് എമിഗ്രേഷൻ നടപടികൾ കഴിഞ്ഞ് ഇറങ്ങിവരാനാകും ഇവൻ്റെ ഫ്ളൈറ്റ് ലാൻഡ് ചെയ്തിട്ട് ഒന്നര മണിക്കൂറായി.

എടാ . പിന്നില്‍ നിന്നുള്ള വിളി കേട്ടു..

ടാ .. ഷോണേ , നീ മൊബൈല്‍ സ്വിച്ച് ഓഫാക്കി വെച്ചേക്കുവാന്നോ.. ഏതുവഴി ഇറങ്ങി.. ഇതാണല്ലോ മെയിന്‍ എക്‌സിറ്റ്. നീ ഏതുവഴിയിറങ്ങി. ?

..ടാ അത് ഞാന്‍ മറന്നു. ഓണാക്കാം. ഏതോ വഴിയിറങ്ങി.. ഒരു എയര്‍ ഹോസ്റ്റസിനെ പരിചയപ്പെട്ടു.. അവരൊടൊപ്പം എസ്‌കലേറ്ററുള്ള ആ വഴി.. ഇറങ്ങി ,കറങ്ങി. ആ.. എങ്ങിനെയോ ഇവിടെയെത്തി. നീ ഇവിടെയെവിടെയെങ്കിലും ഉണ്ടാകുമെന്നറിയാം, ഏതായാലും കണ്ടുപിടിച്ചല്ലോ.

.ടാ നീ എന്തുവാ.. ഇപ്പോ കെട്ടിയെടുത്തേ..? അവിടെ നിന്നാല്‍ പോരേ.. ? ബിസിനസ് നടത്താന്‍ ദുബൈയിലേ സ്ഥലമുള്ളോ.. ?

അതല്ലടാ. ഇവിടല്ലേ പുളപ്പ് ..പിന്നെ. നിങ്ങളൊക്കെ ഇവിടെയുള്ളപ്പോള്‍ എനിക്ക് അവിടെ എന്താഘോഷം ..?

അതൊക്കെ പോട്ടെ, എന്താ നിൻ്റെ പദ്ധതി. ?

ആദ്യം രണ്ടാഴ്ച അടിച്ചു പൊളി.. കാര്‍ന്നോര് ചോദിക്കുമ്പോള്‍ ബിസിനസ് മീറ്റാണെന്നും മറ്റും തള്ളിവിടാം.
പിന്നെ, ഒരു ട്രേഡിംഗ് ലൈസന്‍സ് ഒപ്പിക്കണം ഒപ്പിക്കണം. വീസ അടിക്കണം, ഓഫീസ് എടുക്കണം. റിസപ്ഷനിസ്റ്റിനെ വെയ്ക്കണം. അങ്ങിനെ ചില പ്ലാനുകള്‍ ഉണ്ട്.

കാര്‍ന്നോര് നിന്നെ ട്രാക് ചെയ്യും. അങ്ങേര് അഴിച്ചുവിടുമെന്ന് നിനക്ക് തോന്നുണ്ടോ. ?

ഓ. എന്ത് ട്രാക്കിംഗ്..? അവിടെ പുള്ളിക്ക് സ്വന്തം ബിസിനസ് നോക്കാന്‍ ടൈം ഇല്ല. അതിനിടയ്ക്കാ എന്റെ കാര്യം .പണം അങ്ങേര് അക്കൗണ്ടില്‍ ഇട്ടു തരും. പോരേ ?
‘നീ കൊണ്ടെ തുലയ്ക്ക് എന്നൊരു പ്രാക്കും’ തന്നിട്ടുണ്ട്. അതുകൊണ്ട്. തുലയ്ക്കാന്‍ തന്നെയാ തീരുമാനം.
വണ്ടി നേരേ വിട് ഏവിടാന്നുവെച്ചാ. നാലു കെട്ടോ, അന്തപ്പുരമോ എവിടായാലും വേണ്ടീലാ.
നമ്മുടെ പത്തനംതിട്ടയിലെ ആംബിയന്‍സ് കിട്ടണം..
അവിടെ , ഓണ്‍ ദ റോക്‌സില്‍ രണ്ടെണ്ണം പിടിപ്പിച്ചു കഴിഞ്ഞാല്‍ .. ബ്രേയിന്‍ സ്‌ട്രോംമിംഗ് സെഷന്‍.

എന്നു വെച്ചാല്‍.. ?

ടാ മണ്ടാ. എന്തു ബിസിനസ് ചെയ്യണം എന്ന കൂലങ്കഷമായ ചര്‍ച്ച.. ഐ മീന്‍.. ്‌ട്രേഡിംഗ്, ഓര്‍ റിയല്‍ എസ്റ്റേറ്റ്. അതല്ല.. ഇനി ‘ജേക്കബിൻ്റെ സ്വർഗരാജ്യം’ പോലെ സ്‌ക്രാപ് എങ്കില്‍, പണ്ടാരം അതും. എനിക്ക് കാശ് ഉണ്ടാക്കണം. പെട്ടെന്ന്. ശതകോടി ക്ലബ്ബിൽ എത്തണം. അതിന് എന്തിനും തയ്യാറായാണ് വന്നിരിക്കുന്നത്. നോക്കി നിൽക്കാതേ , വണ്ടി പോട്ടെ..
പിന്നെ , മച്ചാ. ഈ ഹോണ്ട സിറ്റി.
മാറ്റണം.. എസ് യുവി വേണം. താമസിയാതെ ഔഡി ക്യു സെവനിലേക്ക് മാറണം.

നിന്റെ കാര്‍ന്നോര് അതിനും ചേര്‍ത്ത് പണം അയയ്ക്കുമോ.. ?

നോക്കട്ടെ.. എല്ലാം ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്.
നിന്റെ പെര്‍ഫ്യൂം ബിസിനസ് എങ്ങിനെ.?
അറേബ്യന്‍ അത്തര്‍ കയറ്റി അയച്ച് നീ കോടീശ്വരനായെന്നാ നാട്ടില്‍ സംസാരം.

ഓ എവിടാ? , ആളുകള്‍ക്ക് പറയാന്‍ കഥകള്‍ മെനയാം.. പിഴച്ചുപോകുന്നളിയാ.
ലോക്കല്‍ പെര്‍ഫ്യും വാങ്ങി ആഫ്രിക്കയിലേക്ക് അയയ്ക്കുന്നു. ക്രെഡിറ്റാണ്. പണം തിരിച്ചു വരാന്‍ മൂന്നു നാലു മാസം എടുക്കും. അപ്പൊഴേക്കും റീ- ഇന്‍വെസ്റ്റ്‌മെന്റിന് പണം വേണം. ലാഭം എന്നുള്ളത്. ഒരു മാതിരി മരുഭൂമിയിലെ മരീചിക പോലെ ഇങ്ങനെ കിടക്കും. അടുത്തെത്തും.. അകന്നു പോകും.. വീണ്ടും അടുത്തെത്തിയെന്നും തോന്നും പിന്നേയും അകന്നു പോകും.

ഓ.. തള്ള്… ,
മതി, ബിസിനസ് സെന്റിമെന്റ്‌സ്.. കാശുള്ളവനെല്ലാം ഈ ഇല്ലാ കഥ പറയും. ആരും ഒന്നും ചോദിക്കത്തില്ലല്ലോ..

ഹോണ്ടാ സിറ്റി ഹോട്ടലിന്റെ പാര്‍ക്കിംഗ് ലോട്ടിലെത്തി.

കിളികളുടെ ശബ്ദം കേള്‍ക്കുന്നുണ്ടല്ലോ..? ഇവിടെ കിളിയും കിളിക്കൂടും ഒക്കെയുണ്ടോ.. ?

എല്ലാമുണ്ടടെ, വേടന്‍മാരില്ലാത്ത കുറവേ ഉണ്ടായിരുന്നുള്ളു. ഇനിയിപ്പം നീ വന്നല്ലോ. വേട്ട തുടങ്ങാം..

ലഹരിയുടെ നുര പൊട്ടി . മണിക്കൂറുകൾ പാഞ്ഞു പോയി.

നേരം പുലരുന്നതേയുണ്ടായിരുന്നുള്ളു. ലഹരി മൂത്ത രാത്രിയുടെ ബാക്കിപത്രമായി ടെര്‍മിനല്‍ ത്രീയുടെ മുന്നിലാണ്. കാത്തിരിക്കുന്നത് ഷോണിൻ്റെ പപ്പയെ. രാത്രി വൈകി ഹോട്ടലില്‍ നിന്ന് ഇറങ്ങിയപ്പോഴേ അവൻ അല്പം ഓവറായിരുന്നു. വണ്ടി എടുത്തേ അടങ്ങു.. ലൈസൻസ് ഇല്ല , പോരെങ്കിൽ മദ്യപിച്ചിട്ടുമുണ്ട്. വാശി. കപ്പാസിറ്റിയും പിന്നെ ഈഗോയും .വരുന്നിടത്ത് വെച്ച് കാണാമെന്ന് പറഞ്ഞ് വണ്ടി ഓടിച്ചു.
റൂമിലേക്ക് വരുന്ന വഴി. പെട്രോള്‍ പമ്പില്‍ വെച്ച് മറ്റൊരുത്തൻ്റെ വലിയ വണ്ടിയിൽ ഒന്ന് ഉരസി . വാക്കേറ്റം. അവൻ വിരലുകൊണ്ട് എന്തോ അനാവശ്യ ആംഗ്യം കാണിച്ചു. നാട്ടിലാണെന്ന തോന്നലിൽ ചില തെറി വിളികള്‍.

അഞ്ചു മിനിറ്റ് കഴിഞ്ഞില്ല.. പോലീസ് വന്നു പൊക്കി. വണ്ടി ഓടിച്ചിരുന്നവന്‍ മദ്യപിച്ചു. ജാമ്യമില്ലാ കേസ്. അങ്ങിനെ അകത്താണ്. വിവരം സൗദിയിലുള പപ്പയെ അറിയിച്ചു. അങ്ങേര് വരുകയാണ്. കൂടെയുണ്ടായിരുന്നെങ്കിലും ബിയര്‍ മാത്രം അടിച്ചിരുന്നതിനാല്‍ ആള്‍ക്കഹോളിന്റെ അളവ് കാര്യമായി ഇല്ലായിരുന്നു. അതു കൊണ്ട് അവർ വിട്ടു. മുന്തിയ മദ്യം കണക്കില്ലാതെ അകത്താക്കിയ അവൻ അഴിക്കുള്ളിലും . പപ്പാ വന്നാൽ കാശ് പൊടിയും കച്ചവടത്തിന് വന്നവൻ കച്ചവടം ചെയ്യണം. കൈയ്യിലിരിപ്പും ,കാശിൻ്റെ നെഗളിപ്പുമാകരുത് അവൻ്റെ മൂലധനം . അറേബ്യയിലെ സുഗന്ധദ്രവ്യങ്ങളുടെ മോഹിപ്പിക്കുന്ന മണത്തിനു പിന്നിൽ വെയിലത്ത് വിയർപ്പ് ഇറ്റിയതിൻ്റെ ഗന്ധവും ഉണ്ട്. അപ്പനപ്പൂപ്പൻമാർ ഉണ്ടാക്കിയത് ഇങ്ങിനെ ആവിയാക്കാനുള്ളതാണോ ? അകത്ത് കിടക്കണം അവൻ. പഠിക്കണം ചില പാഠങ്ങൾ.

കേസും ഫൈനും എല്ലാം കഴിഞ്ഞാലും ഡീപോര്‍ട്ടാണെന്നാ കേട്ടത്. ഷോണേ , നീ ബൈ ബൈ ദുബൈ പറഞ്ഞ് തിരിച്ച് നാട്ടിലേക്ക് പറന്നോ… നിനക്ക് ഈ പ്രവാസ ഭൂമിയൊന്നും പറഞ്ഞിട്ടില്ല. നിനക്ക് നല്ലത് ആ പത്തനംതിട്ട തന്നെയാണ്. അവിടാകുമ്പോള്‍ പപ്പാ അയച്ചു തരുന്ന എണ്ണിയാൽ തീരാത്ത പണം എടുത്ത് അന്തപ്പുരമോ അരക്കില്ലമോ പണിത് അർമാദിക്കാം. കിളിയും കിളിക്കൂടും തേടി ഒരു വേടനെപ്പോലെ അലയാം. ഇവിടെ ഊ ദും അത്തറുമൊക്കെ വിറ്റ് ഒരു പാവം പിഴച്ച് പൊയ്ക്കോട്ടെ…