ഗൾഫനുഭവങ്ങൾ -22 : പ്രവാസം – കഥ തുടരുന്നു …

അല്‍ ഖൂസിലെ ലേബര്‍ ക്യാമ്പിലെ സൂപ്പര്‍വൈസറുടെ പണിയില്‍ നിന്നും ഒരു മാറ്റം അനിവാര്യമായിരിക്കുന്നു.. ബംഗ്ലാദേശികളേയും പാക്കിസ്ഥാനികളേയും ഒക്കെ മേയ്ക്കുക അത്ര എളുപ്പമല്ല.

ജോലി രാജിവെയ്ക്കണമെന്ന് ആലോചിച്ചത് എത്രവട്ടമാണെന്ന് അയാൾക്കു പോലും അറിയില്ല. ഒരോ ദിവസവും ഇന്ന് അവസാനം എന്ന് കരുതും. പിന്നേയും രാവാകും പിറ്റേന്ന് നേരം വെളുക്കും. ഇവറ്റകളേയും തെളിച്ചുകൊണ്ട് പിന്നേയും കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലേക്ക്..

ലേബര്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയെന്നാല്‍ മനുഷ്യക്കച്ചവടം ചെയ്യുന്നവരുടെ ഒരു ഏര്‍പ്പാടാണ്. തൊഴിലാളികളെ ഒരോ സൈറ്റിലേക്കും ആവശ്യമുള്ളത്രയും അയയ്ക്കുക. ഇവരുടെ ബസ്സിന്റെ പിന്നാലെ പോകുക. ഒരോരുത്തരും നിശ്ചിത ഇടങ്ങളില്‍ ഇറങ്ങിയോ എന്ന് ഉറപ്പു വരുത്തുക.

ഹെല്‍മെറ്റ്, ഗ്ലൗസ്, ബൂട്ട്, സുരക്ഷാ സംവിധാനങ്ങള്‍… ഒരു നൂറുകൂട്ടം വിഷയം വേറേ.. ഒരുത്തന്‍ ഗ്ലൗസ് ഇട്ടിരുന്നില്ല .. അതിനിടയിലാണ് ബല്‍ദിയ ഇന്‍സ്‌പെക്ഷന്‍. ഫൈന്‍ അടിച്ചത് മുവ്വായിരം ദിര്‍ഹം. ഗ്ലൗസിന് വില പത്ത് ദിര്‍ഹമായിരുന്നു. പഴി അയാൾക്കായിരുന്നു. ശമ്പളത്തില്‍ നിന്ന് പത്തു പ്രാവശ്യമായി ആ ഫൈന്‍ തിരിച്ചുപിടിക്കുമെന്നായിരുന്നു മാനേജറുടെ ഭീഷണി. ഇതൊഴിവാക്കാന്‍ ജിഎമ്മിന്റെ മുന്നില്‍ ചെന്ന് നിന്ന് പലതും പറഞ്ഞുനോക്കി. ഒടുവില്‍ പാതി അയാളുടെ തലയിലായി. പാതി കമ്പനിയും ഏറ്റു.

എന്നാല്‍, പിന്നീട് അയാൾ അറിഞ്ഞു. . ബല്‍ദിയ തന്നെ ഫൈന്‍ പാതി ഒഴിവാക്കിക്കൊടുത്തുവെന്ന്.. പക്ഷേ, അയാളുടെ പാതിക്ക് ഒരു മാറ്റവുമില്ലായിരുന്നു.. അത് കൃത്യമായി ശമ്പളത്തില്‍ നിന്ന് പിടിച്ചു.പത്തു മാസം.

അന്നേ, ഈ കമ്പനിയില്‍ ഇനി തുടരില്ലെന്ന് അയാൾ ശപഥം ചെയ്തതാണ്. പിന്നേയും രാവുവെളുത്തപ്പോള്‍ പതിവു പോലെ പണിക്കിറങ്ങി.

പകലിന് ചൂടുകൂടുന്നത് അറിയണമെങ്കില്‍ പുറത്തിറങ്ങണം. മാനേജര്‍മാര്‍ ശീതികരിച്ച മുറികളില്‍ ഇരുന്ന് ഉണ്ടും കുടിച്ചും ചീര്‍ത്തവരാണ്. കരിവാളിച്ച മുഖം കണ്ണാടിയില്‍ കണ്ടപ്പോള്‍ അയാൾക്ക് തന്നോട് തന്നെ അവജ്ഞ തോന്നി. അല്‍ ഖൂസിലെ ചൂടിന് കാഠിന്യമേറും. കാരണം. അവിടെ ജീവിക്കുന്ന പാവം തൊഴിലാളികളുടെ മനസ്സിന്റെ ചൂടും ഈ അന്തരീക്ഷമാകെ പടരുന്നുണ്ട്. ഇടയ്‌ക്കൊരിക്കല്‍ ലേബേഴ്‌സിന്റെ ഒ.ടി ബാറ്റ മേടിക്കാനായി ദെയ് രയിലെ ക്രീക്കിനു സമീപമുള്ള ഓഫീസില്‍ എത്തിയപ്പോള്‍ ഈ മാനേജര്‍ ഏസിയുടെ കൂളിംഗ് സിസ്റ്റത്തെ ചൊല്ലി മെയിന്റന്‍സ് ടീമിനോട് കയര്‍ക്കുന്നത് കണ്ടു. മാനേജറുടെ ടൈയും കോട്ടും ഊരി കറങ്ങുന്ന കസേരയുടെ പിന്നില്‍ ചാര്‍ത്തിയിട്ടുണ്ടായിരുന്നു.

പുറത്തെ ചൂടിൽ നിന്നും വന്നതിനാൽ മാനേജറെ കാണും മുമ്പ് തണുത്ത വെള്ളം കുടിക്കാനായി അയാൾ പോയി.

കൂളറിലെ തണുത്ത വെള്ളം രണ്ട് മൂന്ന് ഗ്ലാസ് കുടിക്കുന്നത് മാനേജർ കണ്ണാടി ക്യാബിനുള്ളിലൂടെ കണ്ടെന്ന് തോന്നി.

ക്യാബിനുളളിൽ ചെന്നപ്പോൾ മാനേജർ ചോദിച്ചു

“ക്യാ ബാഹര്‍ ഗര്‍മി ഹേ.. ?”

അയാൾ പറഞ്ഞു. “നഹി.. ജ്യാദാ നഹി..

“തൊ ജ്യാദാ പിയാ ക്യാ ? “

അതിന് അയാൾ ഉത്തരം പറഞ്ഞില്ല. ഓ.ടിയുടെ ബാറ്റ വാങ്ങി പുറത്തേക്ക് പോകുന്നതിനിടെ മാനേജർ വിളിച്ചു പറഞ്ഞു.

“അഷ്‌റഫ് തുമാരാ നയാ ടിക്കറ്റ് മിലാ.. ദോ റഡാര്‍ .. ആഠ് സൗ ഹോഗയാ.. “

അതായത് അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് അറുന്നൂറു പിടിക്കുമെന്ന് സാരം. തണുത്ത വെള്ളം കുടിച്ചപ്പോൾ ചൂട് കുറയുമെന്ന് കരുതിയതാ, മാനേജറുടെ ട്രാഫിക് ഫൈൻ ഭീഷണി കേട്ടപ്പോൾ പുറത്തെ ചൂട് പോലെയായി അയാളുടെ മനസ്സിലും .

“എങ്കില്‍ നീ കൊണ്ടു പോയ് പുഴുങ്ങിത്തിന്ന്.” പച്ച മലയാളത്തിൽ അയാൾ വിളിച്ചു പറഞ്ഞു.

3000 ശമ്പളം ഉള്ളവന് ആയിരം ട്രാഫിക് ഫൈന്‍.. പിന്നെന്ത് ബാക്കിയുണ്ട്. സൂപ്പര്‍വൈസര്‍ പോസ്റ്റും ഡ്രൈവറുടെ പണിയും. ശമ്പളം കൈയ്യില്‍ എത്തുന്നത് പാതി. ഇത് എന്തൊരു ചതിയാണ് പടച്ചോനെ. !

അയാളുടെ ഉച്ചത്തിലുള്ള ആത്മരോഷം കേട്ടുവന്ന സെയില്‍സിലെ ബിനോയ് ചിരിച്ചു.

“പോട്ടെ.. ഇതൊക്കെ എന്ത്.. എനിക്ക് കിട്ടി ആയിരം ഫൈന്‍. പാര്‍ക്കിംഗും ഉണ്ട്..”

ബിനോയി പറഞ്ഞു

“ഒരു സുലൈമാനി അടിക്കാം. വാടാ.. “

അവർ ഇരുവരും ചുട്ട വെയിലിനെ വകവെയ്ക്കാതെ നടന്നു.

ദെയ് രയിലെ ക്രീക്കില്‍ നിന്ന് ഒരു തണുത്ത കാറ്റ് അടിച്ചു. ബര്‍ദുബായിലെ ഗോള്‍ഡ് സൂക്കുവഴി അറേബ്യന്‍ ഊദിന്റെയും അത്തറിന്റെയും മണവുമായി വന്ന കാറ്റ്..

(കഥ തുടരും )