ഷാർജയിൽ തുടങ്ങിയ അക്വേറിയം കാണാനണ് .ഭാര്യയും മകളുമായി ഒരു അവധി ദിനം ഇറങ്ങിയത്. ടാക്സി നോക്കി വെയിലു കൊണ്ട് കുറച്ചു നേരം നിന്നു. അല്പം കഴിഞ്ഞ ശേഷമാണ് ഒരു ടാക്സി കണ്ണിൽപ്പെട്ടത്.
ഗൾഫിൽ കാറില്ലാതെ ഒരു കുടുംബവുമായി ജീവിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ടാക്സിയെ ആശ്രയിക്കാം. പക്ഷേ , ചൂടുകാലത്ത് പകലും മറ്റെല്ലാ കാലത്തും രാത്രിയും ടാക്സിക്സിയെ ആശ്രയിക്കേണ്ടി വരുന്നത് പേടി സ്വപ്നമാണ്.
ഗൾഫ് ജീവിതം തുടങ്ങിയ കാലത്ത് ,ഡ്രൈവിംഗ് ലൈസൻസോ , സ്വന്തമായി കാറോ ഇല്ലാതെ എവിടെയെങ്കിലും കുടുംബമുമായി പോകേണ്ടി വന്നവർ രാത്രിയിൽ പരിചിതമല്ലാത്ത ഇടത്ത് പെട്ടുപോയാൽ … പണി കിട്ടിയത് തന്നെ.
ടാക്സിയിൽ അക്വേറിയത്തിലേക്ക്. പണം നൽകി പുറത്തിറങ്ങുമ്പോൾ മടങ്ങാനും ടാക്സികൾ ലഭ്യമാകും എന്ന് ഉറപ്പായിരുന്നു. മകൾ വളരെ ആവേശത്തിലായിരുന്നു . ദുബായി മാളിലേയും അറ്റ്ലാൻ്റിസ് എന്ന പഞ്ച നക്ഷത്ര റിസോർട്ടിലേയും അക്വേറിയങ്ങൾ സന്ദർശിച്ചിട്ടുള്ള എനിക്ക് വലിയ വിസ്മയമൊന്നും അനുഭവപ്പെട്ടില്ല.
കൊമ്പൻ സ്രാവും , നീരാളിയും , നക്ഷത്ര തിരണ്ടിയും … എല്ലാം കണ്ട് നടന്ന് . ഇടയ്ക്ക് ലഘു ഭക്ഷണവും കഴിച്ച് ഷാർജ അയ്യേറിയത്തിനു പുറത്തിറങ്ങിയപ്പോൾ സമയം രാത്രി ഒമ്പത് കഴിഞ്ഞിരുന്നു.
അക്വേറിയം കാണാൻ വന്നവർ അവരവരുടെ സ്വന്തം കാറുകളിൽ മടങ്ങുന്നത് നോക്കി നിന്നു.
ഡ്രൈവിംഗ്് ലൈസൻസ് എടുത്ത് സ്വന്തം കാറു വാങ്ങേണ്ടതിൻ്റെ ആവശ്യകത ഭാര്യ ഓർമ്മിപ്പിച്ചു. കൂട്ടുകാരിയുടെ പപ്പയുടെ കാറിൻ്റെ ബ്രാൻഡും നിറവും മകൾ പറഞ്ഞു തന്നു. നമ്മുടെ കാറിന് വെളുത്ത നിറം മതിയെന്നായിരുന്നു മകളുടെ നിർദ്ദേശം
ഉടനെ തന്നെ അതെല്ലാം സംഭവിക്കുമെന്ന് ഞാൻ ഇരുവർക്കും ഉറപ്പ് നൽകി.
ഇപ്പോൾ വീട്ടിൽ പോകണമെങ്കിൽ ഒരു ടാക്സി വരണമെന്നും . അല്ലങ്കിൽ അക്വേറിയത്തിൽ തന്നെ ഇരിക്കേണ്ടി വരുമെന്നും അവരെ ഞാൻ ഓർമ്മിപ്പിച്ചു.
കുറച്ചു നേരം റിസപ്ഷൻ ഭാഗത്ത് ടാക്സി നോക്കി കാത്തിരുന്നു. അക്വേറിയത്തിൻ്റെ മാനേജ്മെൻ്റ് സ്റ്റാഫുകളെല്ലാം പോയപ്പോൾ സെക്യൂരിറ്റിയോടൊപ്പം ഞങ്ങൾ തനിച്ചായി. ഒടുവിൽ മുഷിഞ്ഞപ്പോൾ പതുക്കെ നടക്കാൻ ഞങ്ങൾ ആരിരിച്ചു
പാർക്കിംഗ് ലോട്ടും പ്രധാന കവാടവും പിന്നിട്ട് റോഡിലേക്ക് .
ടാക്സികൾ ഏതെങ്കിലും എത്തുമെന്ന് ഉറപ്പുണ്ടായിരുന്ന പ്രതീക്ഷ താമസിയാതെ അസ്തമിച്ചു.
അക്വേറിയത്തിലേക്കുള്ള റോഡിൽ തെരുവു വിളക്കുകൾ ഉണ്ടായിരുന്നുവെങ്കിലും ഒന്നും തന്നെ പ്രകാശിക്കുന്നുണ്ടായിരുന്നില്ല
ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിടുന്നതേയുള്ളു. റോഡും വിജനം. ഇതുവഴി ഇങ്ങിനെ നടക്കുന്നത് സെയ്ഫ് ആണോ ? ഭാര്യയുടെ ഭയം കലർന്ന സംശയം.
അല്പ ദൂരം കൂടി നടന്നാൽ മെയിൻ റോഡിലെത്തും. അവിടെ ടാക്സികൾ ധാരാളം ലഭിക്കും അങ്ങിനെ പേടിക്കുകയെന്നും വേണ്ട. ഞാൻ ധൈര്യം പകർന്നു നൽകി.
പെട്ടു പോയതിൻ്റെ വിഷമം എനിക്കുണ്ടായിരുന്നു. അകോറിയത്തിൽ നിന്നും ഞങ്ങൾ താമസിക്കുന്ന റോളയിലേക്ക് ആറോ ഏഴോ കിലോ മീറ്ററുകൾ മാത്രം. നടന്നാൽ പോലും ഒന്നൊന്നര മണിക്കൂർ. നമ്മൾക്ക് പതുക്കെ വർത്തമാനം പറഞ്ഞ് നടക്കാം . ഭക്ഷണം കഴിച്ചതിനാൽ വിശപ്പുമില്ല … ഞാൻ അവരോട് ആശ്വാസ വാക്കുകൾ പറഞ്ഞു. ഇതിന്നിടയിൽ രണ്ട് ടാക്സികൾ ഞങ്ങളെ കടന്നു പോയി രണ്ടിലും ആളുകൾ ഉണ്ടായിരുന്നു.
അടുത്ത ഒരു ടാക്സി കാലിയായി ഉടനെ വരുമെന് ഞാൻ പ്രവചിച്ചു.
പറഞ്ഞു തീർന്നതും ഒരു കാർ ഞങ്ങളുടെ സമീപം വന്നു നിന്നു.
കാറിൻ്റെ ചില്ലുകൾ താഴ്ത്തി വാഹനം ഓടിച്ചിരുന്നയാൾ ചോദിച്ചു.
അസ്ലാമു അലൈക്കും
ഭായി ജാൻ ആപ് ലോക് കിതർ ജാനേ കാ ?
വാ അലെക്കും അസ്സലാം
റോള …
സലാം മടക്കി ഞാൻ മറുപടി നൽകി.
അന്തർ ആവോ .. മേ ഛോഡേഗാ
ഞാൻ അയാളെ അടിമുടി നോക്കി. പഠാനാണ്. നല്ല തടിയും പൊക്കവും
വേണ്ട. കയറണ്ട. ഭാര്യ പറഞ്ഞു. പരിചയമില്ലാത്ത ഒരാളുടെ കാറിൽ അസമയത്ത്… വേണ്ട .
നമ്മുക്ക് വേറേ ടാക്സി കിട്ടും …
ഇതിന്നിടയിൽ അയാൾ ഡോർ തുറന്നു തന്നു.
അങ്ങിനെ പേടിക്കേണ്ട. ഷാർജ സെയ്ഫാണ് .. ഇയാൾ നമ്മൾക്ക് ഒരു ലിഫ്റ്റ് തരുകയാണ്. കള്ള ടാക്സിയാണ്. ഇത് , ഇവിടെ പതിവ് സർവ്വീസ് ആണ്. വാ കയറ് . ഞാൻ പറഞ്ഞു.
ഒന്നു കൂടി ആലോചിച്ചിട്ട് മതി. … ടാക്സി കിട്ടുമായിരിക്കും. ഭാര്യ എന്നെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നു.
ഇപ്പോൾ ഒരു ടാക്സി വരുമെന്ന് ഞാൻ പ്രവചിച്ചില്ലെ ഉടനെ തന്നെ കാർ വന്നില്ലേ … ദൈവം മാലാഖയെ പോലെ അയച്ചതാണ്.
ഇയാളെ കണ്ടിട്ട് മലാഖയാണെന്ന് എനിക്ക് തോന്നുന്നില്ല… പേടിയാണ് തോന്നുന്നത്.ഭാര്യ പറഞ്ഞു
ഞാൻ അയാളോട് റേറ്റ് ചോദിച്ചു.
പിന്നീട് കശപിശയകരുതല്ലോ ?
ബാബാ ..റേറ്റ് .കുഛ് നഹി. മുഫ്ത് മേം ജായേംഗേ .. മേരാ കാം ഫിനിഷ് ഹോഗയാ .. അഭി ഘർ ജാനേ ക
മേരാ ഘർ റോളാ മേ ഹും
ദൈവത്തെ വിളിച്ച് കയറിക്കോ .. ഞാൻ ഭാര്യയോടായി പറഞ്ഞു. പിന്നിലെ ഡോർ ഞാൻ തുറന്നു അവർ രണ്ടു പേരും മടിച്ചു മടിച്ചു കയറി. ഞാൻ മുന്നിലും കയറി.
അക്വേറിയത്തിൽ പോയതും ടാക്സി കിട്ടാതിരുന്നതും ഒക്കെ ഞാൻ അയാൾക്ക് മുന്നിൽ വിശദീകരിച്ചു.
ഫാമിലിയായി ഒരാൾ റോഡിനു വശം ചേർന്ന് നടക്കുന്നത് കണ്ട് അയാൾ സഹായിക്കുകയായിരുന്നുവെന്നും .തനിക്ക് ഭാര്യയും മൂന്ന് പെൺമക്കളും ഉണ്ടെന്നും എല്ലാം അയാൾ വിസ്തരിച്ചു പറഞ്ഞു.
ഞാൻ മലബാറിയാണോയെന്ന് അയാൾ ചോദിച്ചു.
ചന്ദ്രികാ സോപ്പിൻ്റെ മണം തിരിച്ചറിഞ്ഞാണ് ആ ചോദ്യമെന്നും അയാളുടെ ബാച്ചിലർ അക്കമൊഡേഷനിൽ ഒരാൾ മലബാറിയാണെന്നും അയാളുടെ സോപ്പിൻ്റെ മണം ഇതാണെന്നും വേണ്ട, മതി , പോകാം എന്നൊക്കെയുള്ള വാക്കുകൾ സംസാരിക്കുന്നത് കേട്ടപ്പോൾ നിങ്ങൾ മലബാറിയാണെന്ന് മനസ്സിലായെന്നും അയാൾ പറഞ്ഞു.
വർത്തമാനത്തിന്നിടെ കാർ റോളയിലെത്തി. ഡേ ടു ഡേ സൂപ്പർ മാർക്കറ്റിനു മുന്നിൽ ഞങ്ങൾ കറങ്ങി.
പണം ഒന്നും ആവശ്യപ്പട്ടിലെങ്കിലും അങ്ങോട് പോയപ്പോൾ നൽകിയ ടാക്സി ഫെയറിനേക്കാളും കൂടിയ തുക ഞാൻ അയാൾക്ക് നീട്ടി.
അയാൾ അത് സ്നേഹത്തോടെ അത് നിരസിച്ചു. ഞാൻ വീണ്ടും നിർബന്ധിച്ചു. അയാൾ വഴങ്ങിയില്ല.
ഞാൻ നന്ദി പറഞ്ഞു. അയാൾ ബൈ പറഞ്ഞു കാർ ഓടിച്ചു പോയി.
ഭാര്യ ദൈവത്തിനു നന്ദി പറഞ്ഞു. സുരക്ഷിതമായി എത്തിച്ചതിന്.
ഒത്ത തടിയും പൊക്കവും വലിയ താടിയും ഉള്ള ആ പഠാൻ മാലാഖയ്ക്ക് വീണ്ടും വീണ്ടും ഞാൻ മനസ്സിൽ നന്ദി പറഞ്ഞു കൊണ്ടേയിരുന്നു.