പണ്ട് നടന്നൊരു സംഭവമാണ്. സാഹിത്യാദി പരഭൂ(ദൂ)ഷണ കേന്ദ്രങ്ങള്‍ വാമൊഴിയായി പറഞ്ഞു നടക്കുന്ന ഒരു സംഭവം.
ഒരിക്കല്‍ കാജാ ബീഡിയും മുറുക്കാന്‍ ചെല്ലവും തമ്മില്‍ കണ്ടു മുട്ടി.. കൈ കൊണ്ട് തെറുത്ത കാജാബീഡി ചാരനിറത്തിലുള്ള പുക ആകാശത്തേക്ക് തുരുതുരാ ചുരുളുകള്‍ ഊതിവിട്ട് രസിച്ചു.
ചുണ്ണാമ്പുതേച്ചു നാലായി മടക്കിയ വെറ്റില കത്തിക്ക് അരിഞ്ഞ അടയ്ക്കാചീളുകളുടെ ഇടയിൽ പെട്ട് അവയുടെ കൂര്‍ത്ത മുനകളേറ്റ് ചോരയുമായി ഒലിച്ചിറങ്ങി.. മുറുക്കാന്‍ ചെല്ലം അതുകണ്ട് കുലുങ്ങിച്ചിരിച്ചു.
മേളിലും താഴേയും വരികളില്‍ ഇടവിട്ട് ഇപ്പോള്‍ താഴെവീഴുമെന്ന നിലയിലുള്ള പല്ലുകള്‍ തമ്മില്‍ നോക്കി ചിരിച്ചു പലകഥകളും പറഞ്ഞു. ബീഡിപ്പുകയുടെ കറയും മുറുക്കാന്‍ കറയും പരസ്പരം കണ്ട് സലാം പറഞ്ഞു.
ഈ കൂടിക്കാഴ്ചയ്ക്കു പിന്നില്‍ ഒരണയുടെ ഒരു പോസ്റ്റ് കാര്‍ഡ് ദല്ലാല് പണിയെടുത്തിരുന്നു.
കാജാബിഡിയുടെ ഉടയോന് കൊല്ലത്ത് കസബ പോലീസ് സ്റ്റേഷനില്‍ റിമാന്‍ഡ് തടവിലായിരുന്നു. കുറ്റം -ദിവാന് രാമസ്വാമിഅയ്യര്ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് നഗരത്തില്‍ പ്രകടനം നടത്തി.
അവിടെ കിടന്നപ്പോള്‍ ഒരു കത്തെഴുതി. മൂന്നു വരി മാത്രം. -വിജാതീയ യുവതിയെ സ്നേഹിക്കുന്നു. എന്തുചെയ്യണമെന്ന് അറിയിക്കണം. നേരില്‍ കണ്ടാല്‍ കൊള്ളാം.
മഷി പടര്‍ന്ന കത്ത് മുന്‍ ദിവാന് മണ്‍റോ സായിപ്പിന്റെ തൊഴിലാളിയായ അഞ്ചലോട്ടക്കാരന് മുഖേന ചെമ്മണ് പാതകള്‍ താണ്ടി പൊക്കാളിയും കരിനിലങ്ങളും കടന്ന് കുട്ടനാട്ടെത്തി.. വെറ്റിലയില്‍ ചുണ്ണാമ്പു തേച്ച വിരലുകള്‍ കത്ത് വാങ്ങി വായിച്ചു.
വരട്ടെ കാജാബീഡിക്കാരന്., ജാമ്യം കിട്ടിയ അങ്ങേര് ബീഡിപ്പുകയൂതി ഏതോ കാളവണ്ടി കയറി കുട്ടനാട്ടിലെ പാടത്തിന്റെ കരയെത്തി.. മുറുക്കാന്‍ ചെല്ലവുമായി മറുകരയില്‍ നിന്നും മറ്റേ മൂപ്പരുമെത്തി.
വര്‍ത്തമാനം .. വര്‍ത്തമാനം.. വര്‍ത്തമാനം. നാടന്‍ പെണ്ണുങ്ങളുടെ അഴകും പാടവരമ്പത്തെ കൊറ്റികളും തോട്ടിലെ താറാവുകളും ഞണ്ടുകറിയുടെ സ്വാദും, പാത്തുമ്മയുടെ ആടും, പരീക്കുട്ടിയുടെ കടാപ്പുറവും തലയോലപ്പറമ്പിലെ ചന്ത വിശേഷങ്ങളും എന്നു വേണ്ട ഒരായിരം വിഷയങ്ങള്‍ സംസാരിച്ച് .. ബിഡി വലിച്ചു രസിച്ചും പുകയൂതിയും മുറുക്കാന്‍ ചവച്ചും നീട്ടിത്തുപ്പിയും മണിക്കൂറുകള്‍..
ഒടുവില്‍ കെട്ടിപ്പിടിച്ച് ഇരുവരും പിരിഞ്ഞപ്പോള്‍ .. ആ കത്തിലെഴുതിയ വിജാതീയ യുവതിയുമായുള്ള പ്രണയം മാത്രം സംസാരിച്ചില്ല.. ബീഡിക്കാരനും മുറുക്കാന്‍ കാരനും അത് മറന്നു പോയിരുന്നു..
ഞാന്‍ ഇതൊക്കെ എന്തിനാ ഇവിടെ പറയുന്നത്. ?
ഇതാണ് കുഴപ്പം. വിഷയം അജണ്ട വെച്ച് സംസാരിക്കാന്‍ ഇറങ്ങിയാലും മലയാളികള്‍ ഇങ്ങിനെയാ.. കാട് കയറും. എന്നിട്ട് വന്ന വഴിയും പോകേണ്ട വഴിയും മറക്കും. പിന്നെ എങ്ങോട്ടെങ്കിലും പോകും.
സ്വാതന്ത്ര്യ സമരത്തിന് ജയിലില്‍ കിടന്ന ബഷീര്‍ കുട്ടനാട്ടിലേക്ക് കത്തെഴുതിയത് ബ്രിട്ടീഷ്കാരുടെയും രാമസ്വാമിയുടേയും ശമ്പളം പറ്റുന്ന പോലീസിന്റെ ക്രൂരപീഡനം വിവരിക്കാനായിരുന്നില്ല. വിജാതീയ യുവതിയുമായി സ്നേഹത്തിലാണെന്ന് തകഴിച്ചേട്ടനോട് പറയാനാണ്. ഉപദേശം കൊടുക്കാന്‍ തകഴിച്ചേട്ടന് ബഷീറിനെ പോലെ പ്രണയമൊന്നും ഉണ്ടായിരുന്നില്ല. കാത്തയുമായി കരിക്കാടി കുടിച്ച് കഴിഞ്ഞു കൂടുകയാണ്. കറുത്തമ്മയേയും പരീക്കുട്ടിയേയും തമ്മില്‍ അഗാധമായി പ്രണയിപ്പിച്ച ഒരു തെറ്റേ മൂപ്പര് ചെയ്തിട്ടുള്ളു.. ഇനി, ആ കടുംപ്രണയത്തിന്റെ കാരണഭൂതനായതുകൊണ്ടാകാം.. ബഷീര്‍ തകഴിച്ചേട്ടനെ പ്രണയവിഷയത്തില്‍ ഉപദേശം ലഭിക്കാനായി സമീപിച്ചത്. ആയിരിക്കാം. ലോജിക്കുണ്ട്.
എന്നാല്‍, ഇരുവരും കണ്ടപ്പോളാകട്ടെ.. പ്രണയത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. കുട്ടനാടും കപ്പയും കരീമീനും, ചെത്തുകള്ളും അണ്ഡകടാഹത്തിലെ ഇതരകാര്യങ്ങളും സംസാരിച്ച് മതിമറന്ന് തിരിച്ചു പോന്നു.
പ്രവാസികളും ഏതാണ്ട് ഇതുപോലെയാണ്. പഠിച്ചതൊന്ന് ,പണി മറ്റൊന്ന്. കാശ് ഉണ്ടാക്കാൻ വന്ന് ഒടുവിൽ കടം ഉണ്ടാക്കി മടങ്ങും. കമ്പ്യൂട്ടര്‍ പഠിച്ച് വന്നവന് കമ്പി വളയ്ക്കുന്ന പണിയായിരിക്കും കിട്ടുക. നാട്ടിൽ തമ്മിൽ കാണാത്തവനൊക്കെ മറുനാട്ടിൽ പരസ്പരം കണ്ടുമുട്ടും. കാജാ ബീഡിയും മുറുക്കാൻ ചെല്ലവും പോലെ.
വരുന്നത് യുഎഇയിലെ അജ്മാനിലേക്കാണെങ്കിലും പറയുന്നത് ദുബായിലാണെന്നാണ്. ദുബായില്‍ നിന്നും ഒന്നാഞ്ഞു നടന്നാല്‍ മറ്റൊരു എമിറേറ്റായ അജ്മാനിലത്തും. അതും ശരിയാണ്. പിന്നെ ഒരു കാര്യം, നാട്ടുകാര്‍ക്ക് ആകെ ആറിയാവുന്നത് ദുബായിയാണ്. പ്രവാസികളെ അതിന്റെ പേരില്‍ കുറ്റം പറഞ്ഞിട്ടു ഒരു കാര്യമില്ല.
പാവാട വേണം, മേലാട വേണം എന്ന ഹിറ്റ് പാട്ട് അങ്ങാടിയെന്ന സിനിമയ്ക്കു വേണ്ടി ബിച്ചു തിരുമല എഴുതിയപ്പോള്‍ അബുദാബിക്കാരന് പുതുമണവാളന് നിക്കാഹിന് ഒരുങ്ങിവരുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അബുദാബിക്കൊന്നും ആ പഴയ ഡിമാന്‍ഡുമില്ല.. ബുര്‍ജ് ഖലീഫയും ഷോപ്പിംഗ് ഫെസ്റ്റിവലും ഒക്കെ വന്നതോടെ ദുബായ് വേറെ ലെവലായി.
ഓ പിന്നെയും. ഏതോ കാട്ടിലേക്കാണ് എന്റെ യാത്ര.. അജണ്ടയിലില്ലാത്ത കാര്യങ്ങള്‍ സംസാരിക്കാന്‍ വലിയ താല്പര്യമാ.. അജണ്ടയിലുള്ള വിഷയം നാലുവരിയിലൊതുക്കുകയും ചെയ്യും.
ഇനി ഏതായാലും വിഷയത്തിലേക്ക് വരാം. എന്റെ പരിചയക്കാരൻ യുഎഇയില്‍ ഒരു ഡാന്‍സ് പഠന കേന്ദ്രം നടത്തുകയാണ്. കോവിഡ് കാലത്ത് പലര്‍ക്കും പണികിട്ടിയ പോലെ കക്ഷിക്കും കിട്ടി എട്ടിന്റെ പണി. ഓണ്‍ലൈന്‍ ക്ലാസുകളാണ് ഏവര്‍ക്കും പഥ്യം. വാടക കൊടുത്ത് ഇരിക്കുകയും ആളുകള്‍ വരാതിരിക്കുകയും ചെയ്താല്‍… ആകെ കുഴയും. അതുകൊണ്ട് ഫെയ്സ്ബുക്കില്‍ ഒരു പരസ്യം കൊടുത്തു. പരിചയമുള്ള ഒരു ഗ്രാഫിക് ഡിസൈനറാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. ഭരതനാട്യ നര്‍ത്തകിയുടെ മനോഹരമായ വളയിട്ട കൈകള്‍ . പരിചയ സമ്പന്നരായ നൃത്താദ്ധ്യാപികമാര് ക്ലാസുകള്‍ എടുക്കുന്നു ഫോണ്‍ നമ്പറും അഡ്രസും .പച്ച മലയാളത്തില്‍ വളരെ സിംപിള്‍.. പരസ്യം വന്ന് താമസിയാതെ വിളികളുടെ പ്രവാഹമായി.
വിളിക്കുന്നവരില്‍ ഭൂരിഭാഗവും പാക്കിസ്ഥാനികളും ആഫ്രിക്കന്‍, അറബ് വംശജരുമാണ്. അറബിയും ഉറുദുവും വലിയ വശമില്ലാത്ത ആള് കുഴങ്ങി. എടാ നമ്മുടെ ദക്ഷിണേന്ത്യയുടെ അഭിമാനമായ ഭരതനാട്യം പഠിക്കാന്‍ ഇവര്‍ക്കൊക്കെ ഇത്രയും താല്പര്യമോ..
ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷിലൊക്കെ മറുപടി നല്കി. ഫീസിന്റെ കാര്യത്തിലൊക്കെ തര്‍ക്കം വന്നെങ്കിലും വിളിച്ച പലരും നിങ്ങള്‍ സ്ഥാപനം അടയ്ക്കുന്ന ടൈം എപ്പോഴാണെന്ന ചോദ്യത്തോടെയാണ് കോള്‍ അവസാനിപ്പിക്കുന്നത്. മൂപ്പര്‍ക്ക് വലിയ സംശയമായി. അപ്പോഴാണ് ആളുടെ അനുജന് ജോലി കഴിഞ്ഞ് നൃത്ത വിദ്യാലയത്തില്‍ എത്തിയത്. അടുത്ത കോള്‍ വന്നപ്പോള്‍ അദ്ദേഹമാണ് അറ്റന്‍ഡ് ചെയ്തത്.
ഭയ്യാ.. ആപ്കാ പാര്‍ലര്‍ കബ് തക് ചാലൂ ഹെ..
പാര്‍ലർ ? ക്യാ പാർലർ ?
ദിസ് ഇസ് ഡാന്‍സ് സ്കൂള്‍
ക്യാ ഭായ് ഡാന്‍സ് സ്കൂള്‍. ?
മേനേ സോച്ചാ .. യേ പാർലർ ഹെ ..
നഹി. യേ ഡാന്‍സ് സ്കൂള്‍ ഹൈ.
ഫോണ്‍ കട്ടായി.
ഇരുവരും ചേര്‍ന്ന് എന്താ സംഭവിച്ചതെന്ന് മനസിലാക്കാന്‍ ശ്രമം ആരംഭിച്ചു. പോസ്റ്ററിലെ പരസ്യത്തില്‍ വല്ല മസാജ് പാര്‍ലറിന്റേയും നമ്പറായിരിക്കും നല്‍കിയിരിക്കുന്നത്. ഡിസൈനര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കിയതുമാണ്.
രണ്ടു പേരും ഫേസ്ബൂക്ക് തുറന്നു. കമന്റ് ബോക്സിലും സമാനമായ ചോദ്യങ്ങളാണ്. ഫോണ്‍ നമ്പര്‍ കൊടുത്തിരിക്കുന്നത് മാറ്റമില്ല.. തങ്ങളുടേത് തന്നെ.
ഈ സമയം, അവിടെയുണ്ടായിരുന്ന കെട്ടിടത്തിന്റെ നാഥൂറാണ് കാര്യം പറഞ്ഞു കൊടുത്തത്. വിളിച്ചവര്ക്കാര്ക്കും മലയാളം അറിയില്ല. ശരിയാണ്. അവര്‍ കണ്ടത്. വളയിട്ട രണ്ടു കൈകള്‍ മാത്രം. മലബാറി മസാജ് പാര്‍ലര്‍ ആണെന്ന് ഇവറ്റകള് വിചാരിച്ചു. സംഭവം.. അത്രേയുള്ളു.
ഇതുകേട്ട് ഇരുവരും വാ പൊളിച്ചു. അടുത്ത ഫോണ്‍ വിളി വന്നു.
ചേട്ടന്റെ ഫോണിലേക്ക് വീണ്ടും കോൾ ..
തോം തോം തോം ഒരു മുറൈ വന്ത് പാര്‍ത്തായ..
റിംഗ് ടോണ്‍.. ഉച്ചത്തിലടിക്കുന്നു.
അനുജന് പറഞ്ഞു. ആ പോസ്റ്റര്‍ ഇപ്പോള്‍ തന്നെ മാറ്റിക്കോ . പിന്നെ കഴിയുമെങ്കില്‍ ആ റിംഗ് ടോണും , മൊത്തത്തില്‍ ഒരുവശപ്പിശകുണ്ട്.
അപ്പോള്‍ തന്നെ പോസ്റ്റര്‍ മാറ്റി.. പിന്നാലെ നാഗവല്ലിയുടെ ഡാന്‍സ് ട്യൂണും.
മാടമ്പള്ളിയിലെ യക്ഷി അങ്ങിനെ ഒഴിഞ്ഞുപോയി. ആശ്വാസം..
ഓഫീസ് കാര്യങ്ങളൊക്കെ നോക്കി നടത്തുന്ന ജേഷ്ഠത്തിയുടെ ആത്മഗതം അല്പം ഉച്ചത്തില്‍ പുറത്തു വന്നു.
വളയിട്ട കൈകള്‍ കണ്ടാല്‍ മലബാറി മസാജ് പാര്‍ലറാണെന്ന് ചിന്തിക്കുന്ന മറ്റൊരു പറ്റം പ്രവാസികളുടെ അവസ്ഥ.. ദയനീയം.
തിരികെ കാറിനടുത്തേക്ക് അയാള്‍ നടന്നു ചെന്നപ്പോള്‍ സൈഡ് വിന്‍ഡോ നിറയെ മസാജ് പാര്‍ലറുകളുടെ വിസിറ്റിംഗ് കാര്‍ഡുകളാല്‍ അലങ്കരിച്ചു വെച്ചിരുന്നു.. ഇവ വലിച്ചെടുത്ത് നിലത്തേക്കെറിഞ്ഞാല് ബല്‍ദിയ പിടികൂടും. കടലാസ് മാലിന്യം വലിച്ചെറിയാന്‍ പാടില്ല. തൊട്ടടുത്തൊന്നും വേസ്റ്റ് ബിന്നും ഇല്ല. പിന്നെ, മദാലസ ചിത്രങ്ങളാല്‍ അലങ്കരിച്ചിരുന്ന കാര്‍ഡുകള്‍ എല്ലാം പോക്കറ്റിലിട്ട് അയാള്‍ നടന്നകന്നു.