നാട്ടില്‍ ഗതി പിടിക്കാതെയും പിടിച്ചു നില്ക്കാനാവാതേയും വന്നപ്പോൾ പ്രവാസ ഭൂമികയിലേക്ക് ചേക്കേറിയവരുടെ പട്ടിക വലുതാണ്.
ഗള്‍ഫിലെത്തി ജോലിയൊക്കെ തരപ്പെടുത്തി ജീവിച്ചു തുടങ്ങി പച്ചപിടിച്ച് വരുമ്പോഴേക്കും അനിയന്ത്രിതമായ ചെലവു വരുകയും തുടര്‍ന്ന് വായ്പകളുടേയും ക്രെഡിറ്റ് കാര്‍ഡുകളുടേയും വലയില്‍ അകപ്പെട്ട് വലയിൻ വിധിക്കപ്പെട്ടവരായും ഇക്കൂട്ടർ മാറും.
നാട്ടിലെ ജോലി മതിയാക്കി ഗള്‍ഫിലെത്തി ചെറിയ ബിസിനസ് സംരംഭം തുടങ്ങി പിന്നീട് കഠിന പ്രയത്നവും ഭാഗ്യവുമൊക്കെയായി ചിലർ രക്ഷപ്പെടുന്നു. മറ്റു ചിലർ ഇതേ പോലെ സംരംഭം തുടങ്ങി കുത്തുപാളയെടുക്കുന്നു.
ചിലരെ ബിസിനസ് പങ്കാളി ചതിക്കുന്നു. കുറച്ചു പേർ ജയിലിലാകുന്നു. മറ്റു ചിലർ വന്നപോലെ വെറും കൈയ്യും വീശി മടങ്ങുന്നു. .. ആ നിര നീളുന്നു.
നാട്ടില്‍ നിന്നും ഇത്തരത്തില്‍ കുടിയേറിയ സംരംഭകനാണ് വിനോദ്. വിനോദിനെ ഞാന്‍ ആദ്യം കാണുന്നത് ഒരു ബിസിനസ് മീറ്റിലാണ്.
ബര്‍മുഡയും ടീ ഷര്‍ട്ടും ധരിച്ച് ബിസിനസ് മീറ്റിലെത്തിയതിനാല് പലരും ആ വ്യക്തിയെ ശ്രദ്ധിച്ചു. തനിക്കിണങ്ങാത്ത കോട്ടും വലിയ ടൈയും ധരിച്ചെത്തിയ ചിലരൊക്കെ ബർമുഡക്കാരനെ നോക്കി നെറ്റി ചുളിച്ചു.
വിരസമായ പല പ്രഭാഷണങ്ങൾക്കൊടുവിൽ അദ്ദേഹത്തിന് സംസാരിക്കാന്‍ അവസരം ലഭിച്ചു. മൈക്കില്‍ അമേരിക്കന്‍ അക്സന്റില്‍ അയാള്‍ സ്വയം പരിചയപ്പെടുത്തി. പെനിസില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിസിനസ് ഡെവലപ്മെന്റില്‍ സ്കോളര്‍ഷിപ്പോടെ എംബിഎ ചെയ്തിറങ്ങിയതും യുഎഇയില്‍ പെട്രോളിയം കമ്പനികളുമായി ചേര്‍ന്ന് ഇന്നവേറ്റീവ് പ്രൊജക്ടുകള്‍ തയ്യാറാക്കി വരുന്നതും എല്ലാം അദ്ദേഹം വിശദീകരിച്ചു.
ബിസിനസ് സീക്രട്ടുകളും തന്ത്രങ്ങളും കൈവശമുണ്ടെന്നും അമേരിക്കയിലെ ടോപ് കമ്പനികളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഭാഗ്യം തേടി ഗള്‍ഫിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം നെറ്റി ചുളിച്ച പലരും അദ്ദേഹത്തിന്റെ വാക് ചാതുര്യം കേട്ട് മയങ്ങി.
മീറ്റ് അവസാനിച്ചപ്പോള്‍ വെളുത്ത ബര്‍മുഡയും നീല ടീ ഷര്‍ട്ടും ധരിച്ച അയാളെ നിരവധി പേര് പൊതിഞ്ഞു. ബിസിനസ് കാര്‍ഡുകള്‍ കൈമാറി. ഇറങ്ങാന്‍ നേരം കാര്‍ പാര്‍ക്കിംഗില്‍ വെച്ചാണ് ഞങ്ങള്‍ തമ്മില്‍ കണ്ടത്.
പറഞ്ഞു വന്നപ്പോള്‍ ഏതോ വഴി ഞങ്ങള്‍ക്കും പരസ്പരം അറിയാവുന്ന പരിചയക്കാരുമുണ്ടായി. സൗഹൃദം വളര്‍ന്നു.
ഇടയ്ക്ക് കാണും. ചില ബിഗ് ഷോട്ടുകളെ എനിക്ക് പരിചയപ്പെടുത്തി തന്നു. മൾട്ടി മില്യൺ പ്രോഫിറ്റുള്ള കമ്പനി ഒരു സംരഭകനുമൊത്ത് തുടങ്ങുന്നതായും ,ചർച്ചകൾ പുരോഗമിക്കുന്നതും എല്ലാം ഇടയ്ക്ക് അപ്ഡേറ്റ് ചെയ്യും. എല്ലാം മില്യൺ ദിർഹംസ് ഡീലുകൾ..
മഹാമാരിയുടെ കാലത്തെ ലോക് ഡൗൺ ,നിയന്ത്രണങ്ങൾ ഒക്കെ വന്ന ഇടവേളയിൽ പലരുമായും ബന്ധം കൈമോശം വന്നു. ചിലർ നാട്ടിൽ അകപ്പെട്ടു. മറ്റു ചിലർ ബിസിനസ്സ് നിർത്തി നാട്ടിലേക്ക് മടങ്ങി.
ഇക്കൂട്ടത്തിൽ വിനോദിനെ കുറിച്ചും ഒരറിവും ഇല്ലാതായി. ഫോണില്‍ വിളിച്ചാല്‍ ലഭ്യമല്ലെന്ന സന്ദേശം. അടുത്തറിയാവുന്ന പലരോടും ചോദിച്ചു. ഇതേ വിവരം തന്നെ.
കുറേ നാളുകള്‍ കടന്നു പോയി. ഒരിക്കല്‍ സേവ് ചെയ്യാത്ത ഒരു നമ്പരില്‍ നിന്ന് കോള്‍. മറുതലയ്ക്കല്‍ –
ഇത് വിനോദാണ് മനസ്സിലായോ. ?
വര്‍ഷം രണ്ടു കഴിഞ്ഞിരിക്കുന്നു. ശബ്ദത്തിന് വലിയ മാറ്റമൊന്നുമില്ല. പക്ഷേ. പഴയ ആ ജോഷ് അത് ശബ്ദത്തിലുണ്ട്. വളരെ ഹാപ്പിയായി ഇരിക്കുന്നുവെന്ന തോന്നലുളവാക്കുന്ന കുശലങ്ങള്‍.
തുടര്‍ന്ന് അദ്ദേഹം കാര്യത്തിലേക്ക് കടന്നു. ‘കമ്പനി പൂട്ടി. അജ്മാന് ഫ്രീ സോണില്‍ ലൈസന്‍സ് ഇനത്തിലും പിഴയായും പണം അടയ്ക്കണം. യാത്രാ രേഖകള്‍ ഇല്ലാതെ നാട്ടില്‍ പോകാനാകില്ല. ‘
‘ചതിക്കാന്‍ ഒരു പാര്‍ട്ണര്‍ ഇല്ലാഞ്ഞിട്ടും, പണം തരാതെ കബളിപ്പിച്ച കസ്റ്റമര്‍ ഇല്ലാതിരിന്നിട്ടും എന്തു പറ്റി.. എവിടെയാ പിഴച്ചത്. ? ‘
‘ഒന്നും പറ്റിയില്ല. ഇടയ്ക്ക് ചെറിയൊരു ആരോഗ്യ പ്രശ്നം. ഒരു സ്ട്രോക്ക് വന്നു. തളര്‍ന്നു പോയി ഒരു വശം. ഭാര്യയേയും മക്കളേയും നാട്ടിലേക്ക് അയച്ചു. ഇവിടെ വിദ്യാഭ്യാസച്ചെലവിനും ടു ബെഡ്റൂം ഫ്ളാറ്റിനും പണമില്ലാതായി. ഇപ്പോള്‍ ബാച്ലര് അക്കൊമഡേഷനില്‍ ബെഡ് സ്പേസില്‍. ‘
അപ്പോള്‍ ഔഡി ക്യൂ 7 ?
ഞാൻ അദ്ദേഹത്തിൻ്റെ ആഡംബര കാറിനെ കുറിച്ച് ചോദിച്ചു.
‘അതൊക്കെ കിട്ടിയ കാശിന്കൊടുത്തു. വാടക കുടിശ്ശിക നല്കി. ഇപ്പോള്‍ ഒരു ഒരു ലക്ഷം ദിര്‍ഹം വേണം. വീസ പുതുക്കണം ഓഫീസ് വാടക കുടിശ്ശിക തീര്‍ക്കണം.
കടം വീട്ടണം, ക്രെഡിറ്റ് കാര്‍ഡ്, വായ്പകള്‍ അതൊക്കെ പിന്നീട്. ഇപ്പോള്‍ രണ്ടു വര്‍ഷത്തെ ലൈസന്‍സ് ഫീ ഈ വര്‍ഷത്തെ ഫീ, വീസ ചെലവ്, ആശുപത്രിയിലായതിന്റെ ചില കടങ്ങള്‍…’ വിനോദ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
‘എന്തുകൊണ്ട് രണ്ടു വര്‍ഷക്കാലം ഫോണ്‍ വിളിയോ നേരിട്ടു കാണലോ ഉണ്ടായില്ല.?’ എന്റെ ചോദ്യത്തിന് അല്പ നേരത്തേക്ക് മൗനമായിരുന്നു ഉത്തരം.
‘ഇപ്പോള്‍ അതൊക്കെ പറയാന്‍ ശേഷിയില്ല. പറ്റുമെങ്കില്‍ പണം കണ്ടെത്താന്‍ സഹായിക്കണം. ഒരു ലക്ഷം ദിര്‍ഹമെങ്കിലും ഉടനെ വേണം. മറ്റുകടങ്ങള്‍ എല്ലാം ചേര്‍ത്ത് മൂന്നര ലക്ഷത്തോളം വരും. അതിന് സാവകാശം ഉണ്ടാക്കാം. ‘
‘ഇപ്പോള്‍ ആരോഗ്യ സ്ഥിതി എങ്ങിനെ. ?’
‘കുഴപ്പമില്ല. മരുന്നിലാണ് ഓടുന്നത്. ‘
‘നാട്ടിലേക്ക് പോകാമായിരുന്നില്ലേ..? ചികിത്സ കഴിഞ്ഞ് തിരിച്ച് വരാമായിരുന്നല്ലോ.. ‘
‘അതിന് പാസ്പോര്‍ട്ട് വേറൊരുവന്റെ കൈയ്യിലായിരുന്നു. പണം നല്‍കിയതിന് ജാമ്യം. അവന്റെ പണം കൂടി കൊടുത്തിട്ട് വേണം, പുതിയ വീസ അടിക്കാന്‍. ‘
വിനോദിന്റെ ഫോണ്‍ പെട്ടെന്ന് കട്ടായി. തിരിച്ച് വിളിച്ചെങ്കിലും പിന്നീട് ആ ഫോണ്‍ ശബ്ദിച്ചില്ല. ചാര്‍ജ് തീര്ന്നതാകുമെന്ന് വിചാരിച്ചു.
വിനോദിനു വേണ്ടി ചിലരോടെല്ലാം സംസാരിച്ചു. എന്നാല്‍, പലരും സഹായത്തിന് ഒരുക്കമായിരുന്നില്ല. തരാമെന്ന് പറഞ്ഞവരാകട്ടെ ആയിരം, അഞ്ഞൂറൊക്കെയാണ് ഓഫര്‍ ചെയ്തത്.
പിന്നീടും വിനോദിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അന്ന് വിളിച്ച ആ നമ്പരിൽ നിന്ന് സ്വിച്ച്ഡ് ഓഫ് എന്ന സന്ദേശമാണ് വന്നുകൊണ്ടിരുന്നത്. വിനോദിന്റെ കുടുംബത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നിട് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹം ജയിൽ വാസത്തിലായിരുന്നുവെന്ന് അറിഞ്ഞു. പുറത്തിറങ്ങിയെങ്കിലും യാത്രാവിലക്കിൽ പെട്ട് കിടക്കുകയാണെന്നും അറിഞ്ഞു.
ശിഷ്ടജീവിതകാലം മുഴുവന്‍ പ്രവാസ ഭൂമിയില്‍. നാട് ഇനി പഴയകാല ഓര്‍മയില്‍ മാത്രം.
പിന്നേയും നാളുകള്‍ കടന്നു പോയി. ചുട്ടുപഴുത്ത മണല്‍ക്കാറ്റേറ്റ് കാരയ്ക്കകള്‍ വീണ്ടും പഴുത്തു.
ഒരിക്കല്‍ ഒരു ലോജിസ്റ്റിക് കമ്പനിയുടെ വെയര്‍ഹൗസില്‍ ബിസിനസ് ആവശ്യത്തിനായി ചെല്ലുമ്പോള്‍ സെയില്‍സ് സെക്ഷനില്‍ ഇരിക്കുന്ന വ്യക്തിയെ ശ്രദ്ധിച്ചു. ബുള്‍ഗാന്‍ താടി നരച്ച്, മെലിഞ്ഞുണങ്ങി, മുഖത്ത് ഖനിഭവിച്ച ദുഖത്തിന്റെ സ്ഥായിഭാവവുമായി ഒരാള്‍. പരസ്പരം കണ്ടിട്ട് നാലു വര്‍ഷം കഴിഞ്ഞിരിക്കുന്നു, എന്നാലും ആ മുഖം അത്ര പെട്ടെന്ന് മറക്കാനാവില്ല.
വിനോദ്.
കണ്ടുപിടിക്കപ്പെട്ടതിന്റെ ജാള്യതയോടെ പഴയ ആ ജോഷൊന്നുമില്ലാതെ.
‘എന്താ ഇവിടെ… ?
എന്ന മറുചോദ്യവുമായി.എന്റെ സാന്നിദ്ധ്യം ഒട്ടും രസിക്കാത്ത വിനോദ്.
‘എങ്ങിനെയുണ്ട്. ജോലിയൊക്കെ?’
‘ആ… അങ്ങിനെ പോകുന്നു. വീസയില്ല. പത്താകയില്ല. ഖുബ്ബൂസു വാങ്ങാനുള്ള ശമ്പളം ലഭിക്കും. ‘
‘എന്താ പിന്നെ വിളിക്കാതിരുന്നത്. ? പാസ്പോര്‍ട്ട് മടക്കി വാങ്ങി നല്‍കാം. പണം സ്വരൂപിക്കാം. നാട്ടിലേക്ക് പോവേണ്ടേ..? യാത്രാവിലക്ക് മാറ്റേണ്ടേ.. ?
‘വേണ്ട..രണ്ട് വര്‍ഷം മുമ്പ് അമ്മ മരിച്ചു. അന്ന് പോവാന്‍ കഴിഞ്ഞില്ല. ഇനി പാസ്പോര്‍ട്ടൊന്നും വേണ്ട. ‘
‘അപ്പോള്‍, ഭാര്യ, കുടുംബം..?’
‘അവര്‍ ഇടയ്ക്ക് വരും. ഇപ്പോള്‍ മകള്‍ക്ക് ഇവിടെ ജോലിയായി. അവളുടെ സ്പോണ്സര്ഷിപ്പില് ഭാര്യയെ കൊണ്ടുവരാനാകും. അതുമതി. നാട്ടിലേക്ക് ഇനിയില്ല. മരിച്ചാല്‍ ഇവിടെ. ഈ മണ്ണില്‍ അടക്കിയാല്‍ മതി. ശരീരം ഇവിടെ ട്രാപ്പിലായി. ആത്മാവും ഇവിടെയൊക്കെ തന്നെ ഗതികിട്ടാതെ അലയട്ടെ. ‘
എന്നും എപ്പോഴും പോസീറ്റീവായി മാത്രം സംസാരിച്ചിരുന്ന വിനോദിന്റെ കണ്ണുകളില്‍ ജീവന് ചത്തുമലച്ചു കിടക്കുമ്പോലെ എനിക്ക് തോന്നി. ‘മില്യണ്‍സ് ‘സ്വപ്നങ്ങൾ എന്നേയ്ക്കുമായി കുഴിച്ചു മൂടിയ കണ്ണുകൾ