ഗള്‍ഫനുഭവങ്ങള്‍ -13 : കോർപറേറ്റ് ഇന്റര്‍വ്യൂവിന് ജീന്‍സും ടി ഷര്‍ട്ടും ധരിച്ച് പോയവന്‍

ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയായ അറബിക്കഥയില്‍ അടുത്തിടെ അന്തരിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍ വേഷമിട്ട ഒരു കഥാപാത്രം ടോയ്‌ലറ്റില്‍ നിന്നു ഇറങ്ങി വരുമ്പോഴും സ്യൂട്ട് ധരിക്കുന്നതായി കാണിക്കുന്നുണ്ട്. സിനിമയിലുടനീളം ആ കഥാപാത്രം ഇതേ വേഷത്തിലാണ്.

സ്യൂട്ടോ ബ്ലേസറോ ധരിച്ചു കഴിഞ്ഞാല്‍ മാത്രമേ ഒരു എക്‌സിക്യൂട്ടീവ് ലുക് വരുകയുള്ളുവെന്ന ഒരു ധാരണയുടെ ഫലമായാണ് ഇത്തരം ഡ്രസ് സെന്‍സ് ഉണ്ടാകുന്നത്.

ഒരു ജോലിയുടെ അഭിമുഖത്തിന് പോകുമ്പോള്‍ പരമാവധി ഫോര്‍മല്‍ ഡ്രസ് ചെയ്ത് പോകുന്നതാണ് സാധാരണ കണ്ടുവരാറുള്ളത്. വടിവില്‍ തേച്ചുമിനുക്കിയ ലൈന്‍ ഷര്‍ട്ടും, അതിനു പറ്റിയ ടൈയും, പാന്റും ഒപ്പം പോളിഷ് ചെയ്ത് കണ്ണാടി പോലെ തിളങ്ങുന്ന ബ്ലാക് ഷൂവും ഇതെല്ലാമായി അഭിമുഖങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഒരു വല്ലാത്ത ആത്മവിശ്വാസമായിരിക്കും ഉദ്യോഗാര്‍ത്ഥിക്ക് ഉണ്ടാകുക.

എമിറേറ്റ്‌സ് എയര്‍വേസ് പോലുള്ള ഒരു കമ്പനിയില്‍ ജോലിക്ക് പോകുമ്പോള്‍ എന്റെ അനുജന്‍ മേഘനാഥനും മേല്‍പ്പറഞ്ഞതു പോലുള്ള ഡ്രസ് കോഡിലാകും പോകുക എന്ന് കരുതിയെങ്കിലും അന്ന് ഞാന്‍ അന്ധാളിച്ചു പോയി.

മൂന്ന് അഭിമുഖങ്ങള്‍ ഓണ്‍ലൈനായി കഴിഞ്ഞ ശേഷം ഫൈനല്‍ അഭിമുഖത്തിനാണ് നാട്ടില്‍ നിന്നും അവന്‍ ദുബായിയില്‍ എത്തിയത്. എമിറേറ്റ്‌സ് നല്‍കിയ അവരുടെ തന്നെ ടിക്കറ്റിലാണ് ആള്‍ വന്നത്. താമസം, അവര്‍ തന്നെ ഏര്‍പ്പാടാക്കിയ ഹോട്ടലില്‍.

വിമാനത്താവളത്തില്‍ ചെല്ലുകയും അവിടെ നിന്ന് സമീപത്തു തന്നെയുള്ള ഹോട്ടലില്‍ എത്തിച്ചതും ഞാന്‍ തന്നെ, പിറ്റേന്ന് രാവിലെ എത്തി ഇന്റര്‍വ്യൂ നടക്കുന്ന ഹെഡ്ഡോഫിസിലേക്ക് എത്തിക്കാനുള്ള ചുമതലയും ഞാന്‍ ഏറ്റെടുത്തു.

രാവിലെ ഹോട്ടലില്‍ എത്തി, ട്രാഫിക്കുള്ളതിനാല്‍ അല്പം നേരത്തെ തന്നെ ഇറങ്ങിക്കോളാന്‍ അവന് ഉപദേശവും നല്‍കി. പോവാം എന്ന് അവന്‍ പറഞ്ഞപ്പോള്‍ വേഷം ടി ഷര്‍ട്ടും ജീന്‍സുമായിരുന്നു.

ഇനി എവിടുന്നാ വേഷം മാറുന്നത്, അവരുടെ ഓഫീസില്‍ ചെന്നിട്ടോ ? -ഞാന്‍ ചോദിച്ചു.

ഇനി എന്ത് വേഷം മാറാന്‍ ? ഇതാണ് വേഷം. അവന്‍ വളരെ നിഷ്‌കളങ്കമായി പറഞ്ഞു.

എമിറേറ്റ്‌സ് ഒരു നമ്പര്‍ വണ്‍ എയര്‍വേസ് കമ്പനിയാണ്. അവര്‍ അഭിമുഖത്തിന് വരുമ്പോള്‍ ഡ്രസ് കോഡിനെ കുറിച്ച് പറഞ്ഞിട്ടുണ്ടാവും, നീ അത് മിസ് ചെയ്തതാണ്. ഇ മെയില്‍ ശരിക്കും വായിച്ചു നോക്കിയോ… ?

ഇല്ല, അതിലൊന്നും ഒന്നും പറഞ്ഞിട്ടില്ല, തീയതി, സമയം, സ്ഥലം ഇതു മാത്രമേ അതില്‍ പറഞ്ഞിട്ടുള്ളു.

രണ്ട് മൂന്നു മള്‍ട്ടിനാഷണല്‍ കമ്പനിയിലൊക്കെ ഫസിലിറ്റി മാനേജരായി ജോലി ചെയ്തിട്ടും ഇപ്പഴും അവനൊരു പ്രഫഷണലിസം വന്നില്ലല്ലോ എന്ന് ഞാന്‍ പരിതപിച്ചു.

ജീന്‍സും ടി ഷര്‍ട്ടുമിട്ട് ആരും ജോലിയുടെ അഭിമുഖത്തിന് പോയ ചരിത്രമില്ല. മേഘാ.. ഞാന്‍ പറഞ്ഞു.

പിന്നെ, മാര്‍ക് സക്കര്‍ബര്‍ഗ് വന്ന ശേഷം അതൊക്കെ മാറി.. ടി ഷര്‍ട്ടും ജീന്‍സും യുഎസ്സ് ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളിലും ഇപ്പോള്‍ ഫോര്‍മല്‍ ഡ്രസ്സായി മാറി..

പക്ഷേ, യുഎഇയില്‍ അങ്ങിനെയല്ല. ഡ്രസ്സൊക്കെ അവര്‍ ശ്രദ്ധിക്കും. ഞാന്‍ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു.

ഞങ്ങള്‍ തമ്മിലുള്ള തര്‍ക്കം നീളുന്നതിന്നിടെ ഇന്റര്‍വ്യൂവിനുള്ള സമയം അടുത്തു. ചെറുപ്പകാലം മുതല്‍ക്കുള്ള അവന്റെ നിലപാടുകള്‍ അറിയാമെന്നതിനാല്‍ വലിയ തര്‍ക്കത്തിന് ഞാന്‍ നിന്നില്ല.

ടി ഷര്‍ട്ടും ജീന്‍സും ധരിച്ച് കാറിന്റെ മുന്‍ സീറ്റില്‍ വന്നിരുന്ന അവനെ ഞാന്‍ രണ്ടു മൂന്നു വട്ടം രൂക്ഷമായി നോക്കി. പിന്നെ, എന്തെലുമാകട്ടെ എന്നു പറഞ്ഞു എമിറേറ്റ്‌സിന്റെ ഹെഡ്ഡോഫീസിലെത്തിച്ചു.

മൂന്നു നാലു മണിക്കൂര്‍ കഴിഞ്ഞ് അവന്റെ മെസേജ് എത്തി, ഇന്റര്‍വ്യൂ കഴിഞ്ഞു, ഞാന്‍ ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തി.

ദെയ് രയിലെ ഓഫിസിലായിരുന്നു ഞാന്‍. നീ റെസ്റ്റ് എടുക്ക്.. വൈകീട്ട് വരാം. തിരിച്ച് എപ്പൊഴാ ഫ്‌ളൈറ്റ്?

പുലര്‍ച്ചെയാണ്, രാത്രി 12 കഴിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യണം. അവന്‍ പറഞ്ഞു.

ഇന്റര്‍വ്യൂ എങ്ങിനെയായിരുന്ന് ഞാന്‍ ചോദിച്ചില്ല, അവന്‍ പറഞ്ഞതുമില്ല..

വൈകീട്ട് ഞാന്‍ ഹോട്ടല്‍ റൂമില്‍ ചെല്ലുമ്പോള്‍ അവന്‍ ലാപ് ടോപില്‍ നിലവില്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഏതോ മീറ്റിംഗിലാണ്.

അരമണിക്കൂര്‍ കഴിഞ്ഞ് അതെല്ലാം അവസാനിപ്പിച്ച ശേഷം അവന്‍ വന്നു.

എന്താ പരിപാടി. ചേട്ടാ. കറങ്ങാനൊന്നും സമയമില്ല, ചേച്ചിയേയും പിള്ളേഴ്സിനേയും ഒന്നു കാണാം. അത്താഴം കഴിച്ച ശേഷം മടങ്ങാം..

അവന്‍ പരിപാടി പറഞ്ഞു.

ശരി, എന്നു മാത്രം ഞാന്‍ പറഞ്ഞു

കാറില്‍ ഖിസൈസിലെ വീട്ടിലേക്ക് പോകുമ്പോള്‍ ഞാന്‍ ചോദിച്ചു.

എങ്ങിനെയുണ്ടായിരുന്നു ഇന്റര്‍വ്യൂ..?

നന്നായിരുന്നു, അവര്‍ സാറ്റിസ്‌ഫൈഡാണ്..
ഓഫര്‍ ലെറ്റര്‍ അടുത്തയാഴ്ച മെയില്‍ അയയ്ക്കുമെന്ന് പറഞ്ഞു.

ഓഹോ.. അഭിമുഖം കഴിഞ്ഞപ്പോഴെ ജോലി അവര്‍ ഉറപ്പിച്ചു പറഞ്ഞോ.. ?

യേസ്. ഞാന്‍ ഒരു പ്രസന്റേഷന്‍ തയ്യാറാക്കിയിരുന്നു. പഴയ കമ്പനിയിലും നിലവിലെ കമ്പനിയിലും എക്‌സിക്യൂട്ട് ചെയ്ത ചില പ്രൊജക്ടുകള്‍ അതിലുണ്ടായിരുന്നു.

ഇന്‍ഫോസിസ്, വിപ്രോ, ഷെല്‍… പേരെടുത്ത കമ്പനികളാണ്. പക്ഷേ, മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഒരു കമ്പനിയിലും നില്‍ക്കില്ല.. ഇങ്ങിനെ ഹോപ് ചെയ്യുന്നവരെ എമിറേറ്റ്‌സ് എടുക്കുമോ..? ഞാന്‍ ചോദിച്ചു.

എടുത്തല്ലോ, കൂടുതല്‍ കരിയര്‍ പ്രോസ്‌പെക്ടസ് ഉണ്ടെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് പോകുന്നതില്‍ ആരും തെറ്റു കാണുന്നില്ല.. അവന്‍ പറഞ്ഞു.

അതൊക്കെ പോട്ടെ, ടി ഷര്‍ട്ടും ജീന്‍സും ഇട്ടു വന്നതിനെ അവര്‍ ചോദ്യം ചെയ്തില്ലേ.. ?

അവര്‍ ചോദിച്ചു, എന്താണ് ഈ അറ്റയറില്‍ എന്ന്.. ഞാന്‍ പറഞ്ഞു, അയാം മോര്‍ കംഫര്‍ട്ടബിള്‍ വിത്ത് ദിസ് എന്ന്..

പിന്നെ അതിനെ കുറിച്ചൊന്നും പരാമര്‍ശം ഉണ്ടായില്ല.. ചേട്ടാ, എമിറേറ്റ്‌സ് ഒരു പക്കാ പ്രഫഷണല്‍ കമ്പനിയാണ്. ഉദ്യോഗാര്‍ത്ഥിയെ എടുക്കുമ്പോള്‍ അയാള്‍ കമ്പനിക്ക് വര്‍ത്തുള്ളയാളാണോ എന്നു മാത്രമേ അവര്‍ നോക്കുകയുള്ളു, അവന്റെ ക്വാളിഫിക്കേഷന്‍, എക്‌സ്പീരിയന്‍സ്, വിഷന്‍.. അല്ലാതെ, അവന്‍ ടി ഷര്‍ട്ടാണോ, ബ്ലേയ്‌സറാണോ, സ്യൂട്ടാണോ ധരിച്ചിരിക്കുന്നതെന്നും അവര്‍ നോക്കില്ല..

എമിറേറ്റ്‌സിന് ഡ്രസ് കോഡുണ്ട്, അത് അതില്‍ ജോയിന്‍ ചെയ്ത ശേഷം മാത്രമേയുള്ളു. അഭിമുഖത്തിന്റെ ക്രൈറ്റീരിയ ഡ്രസ് അല്ല..

അവിടെ ഒരു തര്‍ക്കത്തിന് സ്‌കോപില്ലാത്തതിനാലും ഓഫര്‍ ലെറ്റര്‍ ഉടനെ അയയ്ക്കുമെന്ന് പറഞ്ഞതിനാലും ആ വിഷയത്തിന് അവിടെ പൂര്‍ണവിരാമമായി.

താമസിയാതെ അവന്‍ മടങ്ങിയെത്തി എമിറേറ്റ്‌സില്‍ ജോയിന്‍ ചെയ്തു. പതിവു പോലെ മറ്റൊരു എംഎന്‍സിയില്‍ നിന്ന് ഓഫര്‍ വന്നപ്പോള്‍ പ്രവാസം മതിയാക്കി അവന്‍ ബാംഗ്ലൂരിലേക്ക് പോയി.

പക്ഷേ, ജീന്‍സും ടി ഷര്‍ട്ടും കാഷ്വല്‍ ഡ്രസ്സാണെന്നും ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ കോട്ടും സ്യൂട്ടും വേണമെന്നുമുള്ള എന്റെ ധാരണകള്‍ക്ക് വലിയൊരു തിരുത്തല്‍ അവന്‍ വരുത്തിവെച്ചു. ഇന്നും അഭിമുഖങ്ങള്‍ക്ക് തയ്യാറെടുക്കുന്ന പല സുഹൃത്തുക്കളോടും അനുജന്റെ നേര്‍ അനുഭവ കഥ ഞാന്‍ വിവരിക്കാറുണ്ട്. പക്ഷേ, ആരെങ്കിലും അങ്ങിനെ ജീന്‍സും ടി ഷര്‍ട്ടും ധരിച്ച് അഭിമുഖത്തിനു പോയതായി എന്റെ അറിവിലില്ല.. മേഘനാഥനൊഴികെ.!