കന്യാ വനമംഗളേ …
സൈരന്ധ്രിയിലെ ഇരുമ്പ് തൂക്കുനടപ്പാലത്തിലിരുന്ന് അങ്ങുതാഴേക്ക് നോക്കുമ്പോൾ ഇളംനീലച്ചില്ലുപോലെ ജലമൊഴുകിയതത്രയും എൻ്റെ ഉള്ളിലൂടെയായിരുന്നു. അപാരമായ രണ്ട് കരിമ്പാറകൾക്ക് നടുവിലൂടെ, രണ്ട് മല്ലന്മാരെ പരിഗണിക്കാതെ പുഞ്ചിരിച്ചെത്തുന്ന പെണ്ണൊരുത്തിയെപ്പോലെ കുന്തിപ്പുഴ ഒഴുകിയെത്തുകയാണ്. പോക്കുവെയിൽ നേരത്ത്, ഇരുപുറവുമുള്ള വനച്ചാർത്തുകളിൽ നിന്നും ഇളംകാറ്റിൽ പാറിവീഴുന്ന ഇലകൾ, മഞ്ഞയും പച്ചയും തവിട്ടും വർണ്ണക്കടലാസ് തുണ്ടുകൾക്കിടയിലൂടെ നാടകീയമായെത്തുന്ന ഒരു സർക്കസ്സ് കലാകാരിയുടെ പരിവേഷം പുഴക്ക് നൽകുന്നുണ്ടാകും!
നാലു പതിറ്റാണ്ടിനപ്പുറം, മലയാളക്കരയുടെ ഒരു ഹരിതോന്മാദത്തിൻ്റെ ആർത്തലപ്പുകളുടെ ശക്തിയിൽ മരണത്തിലേക്ക് വീഴാതെ രക്ഷപ്പെട്ട ഒരു സർക്കസ് കലാകാരി തന്നെയല്ലേ കുന്തിപ്പുഴ ? ഓരോ തവണ അവിടെ പോയ് വരുമ്പോഴും അറിയുന്നുണ്ടായിരുന്നു – ഇത്രക്ക് എന്നേ പ്രകമ്പനം കൊള്ളിച്ചിട്ടുള്ള വന പരിസരങ്ങൾ മറ്റൊരിടത്തും ഉണ്ടായിട്ടില്ല !
വനപാലകൻ എന്ന നിലയിൽ ഞാൻ ജോലി ചെയ്തിട്ടില്ലാത്ത സൈലൻ്റ് വാലിയെക്കുറിച്ചുള്ള ഓർമക്കുറിപ്പാണിത് ! മഹാനക്ഷത്രങ്ങൾ ഒത്തൊഴുകുന്ന ക്ഷീരപഥത്തെക്കുറിച്ച് പറയാനുള്ള കേവലനായ മനുഷ്യൻ്റെ ശ്രമംപോലെ ഒന്നാണിത് എന്നറിയാം. ഊമയെന്ന് ലോകം തെറ്റിധരിച്ച ഒരുവൾ കാതിൽ പറഞ്ഞുകൊണ്ടേയിരുന്ന കാര്യങ്ങൾ ഇവിടെയല്ലെങ്കിൽ പിന്നെ എവിടെപറയും ? സത്യത്തിൽ, നേരിൽ കാണുന്നതിനും എത്രയോ മുമ്പേ സന്ദേശങ്ങളിലൂടെ അടുത്തുപോയ ഒരുവളോടുള്ള പാരവശ്യമായിരുന്നു ആ കുഞ്ഞുമഴക്കാട് ആദ്യയാത്രക്കുമുമ്പേ എന്നിൽ സൃഷ്ടിച്ചെടുത്തത്. 2018-ലെ മഹാപ്രളയത്തിൽ തകർന്നു പോകുന്നതുവരെ, സൈലൻ്റ് വാലിയിലെ തൂക്കുനടപ്പാലത്തിൻ്റെ തൊട്ടിലാട്ടം, വൈലൻ്റായ ഓർമകളുടെ ഒരു മുങ്ങിപ്പൊങ്ങലിലേക്ക് ഓരോ തവണയും എന്നേ കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്.
ഒരുപാട് പേർ കാമിക്കുകയും അതിലേറെപ്പേർ ചേർത്തു പിടിക്കുകയും ചെയ്ത സൈലൻ്റ് വാലിയോടുള്ള തീവ്രപ്രണയം താലോലിച്ചിരുന്ന അറുപതുകളിലെയും എഴുപതുകളിലേയും ചെറുപ്പക്കാരിൽ ഇളമുറക്കാരനായ ഒരു ചെക്കൻ മാത്രമായിരുന്നു ഞാൻ. എങ്കിലും എന്നേ വനംവകുപ്പിൽ എത്തിച്ചത് ആ വന്യതയേക്കുറിച്ചുള്ള ഭാവനാചിത്രമായിരുന്നു. സ്വന്തം നാട്ടിൽ റവന്യു വകുപ്പിലെ ജോലി മതിയാക്കി വനം വകുപ്പിലേക്ക് കൂടുമാറാൻ പ്രേരിപ്പിച്ച ആദ്യ ഘടകം വായിച്ചറിഞ്ഞ ആ തണൽപ്പച്ചയായിരുന്നു.
സൈലൻ്റ് വാലിയിലേക്കുള്ള ആദ്യയാത്ര അവിടം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമാണ്. മണ്ണാർക്കാട്ടുനിന്നും വണ്ടി ആനമൂളിയിലെത്തി അട്ടപ്പാടിച്ചുരത്തിൻ്റെ ഹെയർപിൻ വളവുകൾ കയറുമ്പോഴേ സൈലൻ്റ് വാലിയെ രക്ഷിക്കാനായി മൃണാളിനി സാരാഭായ് അണിഞ്ഞ കാൽച്ചിലമ്പു പോലെ എൻ്റെ ഹൃദയം തുള്ളിക്കൊണ്ടിരുന്നു. സൈലൻ്റ് വാലിയിൽ ഉയരാനിരുന്ന കൂറ്റൻ ഡാമിൽ ജലസമാധിയിലാകുമായിരുന്ന മഹാവൃക്ഷങ്ങൾ പിന്നീട് പലപ്പോഴും ആ അനുഗ്രഹീത നർത്തകിയെ അനുകരിച്ച് തെക്കൻകാറ്റിൻ്റെ താളത്തിൽ ആനന്ദനൃത്തം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് !
ലോകമാകെയും കാടും പ്രകൃതിയും സംരക്ഷിക്കാൻ വേണ്ടി ചെറുത്തുനില്പുകൾ അരങ്ങേറിയിട്ടുണ്ട്. അവയിൽ നല്ലപങ്കും ആ നാശത്തിൻ്റെ പ്രത്യക്ഷ ഇരകൾ നടത്തിയതാണ്. മരങ്ങളെ രക്ഷിക്കാൻ ഖജാരിയയിലെ ബിഷ്ണോയികൾ നടത്തിയ ആത്മാഹൂതി മുതൽ പ്രസിഡൻ്റ് ഫ്രാങ്ക്ളിൻ പിയേഴ്സിന് റെഡ് ഇന്ത്യൻ മൂപ്പൻ നൽകിയ സന്ദേശം വരെയും ബ്രൂണോ മാൻസറുടെ പിൻതുണയോടെ മലേഷ്യയിലെ സറാവാക്ക് ഗോത്രക്കാർ നടത്തിയ ചെറുത്തുനിൽപ്പ് മുതൽ നർമ്മദയിലെ ഡാം വിരുദ്ധ സഹനസമരം വരെയും ആ പട്ടിക നീളുന്നുണ്ട്.
പക്ഷേ സൈലൻ്റ് വാലിയിൽ വനനാശത്തിൻ്റെ ഇരകളാകുവാൻ മനുഷ്യരുണ്ടായിരുന്നില്ല. അതിസമ്പുഷ്ടമായ മഴക്കാടും അതിലെ ജന്തു -സസ്യ ജാതികളും മാത്രം. അതിലൊന്ന് എന്ന പ്രത്യേകത മാത്രമായിരുന്നു സിംഹവാലൻ കുരങ്ങൻ്റേത്. എന്നിട്ടും ഇന്നാട് പച്ചപ്പിൻ്റെ കൊടിക്കപ്പലായി അവനെ ഏറ്റെടുത്തു. കണ്ണീരിൽ വീണ ഗോമേദകം പോലെ തിളങ്ങിയ അവയുടെ കണ്ണുകളിൽ കടമ്മനിട്ടയുടെ ക്രൗര്യമല്ല, സുഗതകുമാരിയുടെ ഉള്ളുലക്കുന്ന യാചനയാണ് കേരളം വായ്ച്ചെടുത്തത്.
2009-ലാണ്, തിരുവനന്തപുരത്ത് തച്ചോട്ടുകാവിൽ അഭയയുടെ നാലുകെട്ടിൽ, നടുമുറ്റത്തെ മഴകണ്ടിരിക്കുമ്പോൾ സുഗതകുമാരി ടീച്ചർ നനുത്ത സ്വരത്തിൽ സംസാരിച്ചുകൊണ്ടേയിരുന്നു. SERT ക്കുവേണ്ടി ടീച്ചറുടെ കവിതയേയും ജീവിതത്തേയും കുറിച്ച് ഒരു ഡോക്യുമെൻ്ററി ഫിലിം തയ്യാറാക്കണം. സ്ക്രിപ്റ്റ് ഒരുക്കാൻ ആവശ്യമുള്ളതത്രയും എൻ്റെ കൈവശമുണ്ട്. എന്നിട്ടും നാല് ദിവസം പകൽ മുഴുവൻ ടീച്ചർക്കൊപ്പം ചിലവഴിച്ചത് സൈലൻ്റ് വാലി സമരപ്രവാഹത്തെ കുന്തിപ്പുഴയിൽ നിന്ന് കൈക്കുമ്പിളിൽ എന്നപോലെ, നേരിൽ കോരിക്കുടിക്കാനായിരുന്നു. അക്കാലം ഓർത്തെടുത്തപ്പോൾ ടീച്ചർ ആർദ്രമായ ഒരു തെളിനീരൊഴുക്കായിത്തീർന്നു. മനുഷ്യ ചരിത്രത്തിൽ മുമ്പ് ഉണ്ടായിട്ടില്ലാത്ത, ഇനി ഉണ്ടാകാൻ സാധ്യതയില്ലാത്ത, കവിതയേക്കാൾ സുന്ദരമായ ഒരു പ്രകൃതിസംരക്ഷണ സമര വിജയത്തിൻ്റെ നാൾവഴിയാണ് മല്ലീശ്വരൻമുടി പോലെ മുന്നിൽ തെളിയുന്നത്. അപ്പോൾ ടീച്ചറുടെ കണ്ണിൽക്കണ്ട ആ ഹരിതജ്വാല, എൻ്റെ സൈലൻ്റ് വാലിയോടുള്ള കാല്പനികമായ ചാപല്യത്തെ തൂവൽപോലെ ലഘുവാക്കി മാറ്റി.
ആ ലാഘവത്തിൻ്റെ ആവേഗത്തിൽ തയ്യാറാക്കിയ “സുഗതകുമാരി – കവിതയും കാലവും ” എന്ന ഡോക്യുമെൻ്ററി ഫിലിം, തിരുവന്തപുരത്ത് കലാഭവൻ തീയേറ്ററിൽ ആദ്യപ്രദർശനത്തിന് എന്തുമ്പോൾ കാഴ്ച്ചക്കാരായി ONV യും ടീച്ചറും അന്നത്തെ വിദ്യാഭ്യാസമന്ത്രി M.A.ബേബിയും അടക്കം വലിയൊരു സദസ് ഉണ്ടായിരുന്നു. ‘എഴുത്തിന് നല്ല ഒഴുക്കുണ്ടല്ലോ’ എന്ന് പലരും അഭിനന്ദിച്ച് കൈപിടിച്ച് കുലുക്കി. എന്ത് പറയാൻ ? ഞാൻ പുഞ്ചിരിച്ചു. അവർക്ക്, എൻ്റെ ഉള്ളിൽ കൗമാരത്തിലേ ഒഴുകിത്തുടങ്ങിയ കുന്തിപ്പുഴയേ അറിയില്ലല്ലോ !
ഇടതൂർന്ന മുടിയിലെ ഹെയർപിന്നുകളിൽ പരതുന്ന സ്നേഹം തുളുമ്പുന്ന ഒരു വിരൽനഖമായി ബസ്സ് മുക്കാലിയിലേക്ക് കാടുകയറിക്കൊണ്ടിരുന്നു. എട്ടു കിലോമീറ്ററിൽ 12 ഹെയർ പിന്നുകളുണ്ട്. വരക്കല്ലിനെ ചുറ്റി വണ്ടി ചുരം കയറുമ്പോൾ കരിമ്പാറയിൽ കുന്തമുന രാകുന്ന കടമ്മനിട്ടക്കവിതയിലെ കാട്ടാളൻ്റെ ശീലാണ് മനസ്സിലെത്തിയത്.
1981 ൽ ചങ്ങനാശ്ശേരി NSS ഹിന്ദു കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് യഥാർത്ഥ സൈലൻ്റ് വാലിയെ ഞാൻ അറിയുന്നത്. അതിനു മുമ്പേ വൈദ്യുതി എന്ന മഹാസൗഭാഗ്യത്തെ മനുഷ്യനിൽനിന്ന് തട്ടിയകറ്റാൻ പിറന്ന വില്ലനായി സിംഹവാലൻ കുരങ്ങിനെ മനോരമയും ദേശാഭിമാനിയും പരിചയപ്പെടുത്തിയിരുന്നു. കുരങ്ങാണോ മനുഷ്യനാണോ വേണ്ടത് എന്ന ചോദ്യത്തിനു മുന്നിൽ ഞാൻ കട്ടക്ക്നിന്നത് മനുഷ്യനൊപ്പമായിരുന്നു.
കോളേജിനു പുറത്ത് NSS ൻ്റെ വായനശാലയിൽ പല പത്രങ്ങളും മാസികകളും ഉണ്ട്. അവയിലൂടെയാണ് നീലഗിരി മലകളുടെയും പാലക്കാടിൻ്റെയും ഇടയിൽ കഷ്ടിച്ച് 90 ചതുരശ്ര കിലോമീറ്റർ മാത്രം വരുന്ന യഥാർത്ഥ സൈലൻ്റ് വാലിയെ ഞാൻ പരിചയപ്പെടുന്നത്. വിപരീത ദിശകളിലേക്ക് നോക്കി നിൽക്കുന്നു എന്ന് തോന്നിപ്പിക്കുന്ന മനോരമയും ദേശാഭിമാനിയും ആർത്തിയുടെ ഒരേ വീക്ഷണമുള്ളവരാണ് എന്ന് ബോധ്യപ്പെടുകയായിരുന്നു. അവർക്കും ഭരണകൂടത്തിനുമെതിരെ N.V.കൃഷ്ണവാര്യർ മുതൽ ശാസ്ത്ര സാഹിത്യ പരിഷത്തിലെ തെരുവുനാടക കലാകാരന്മാർ വരെയുള്ള ഒരു ചെറുസൈന്യം കുറച്ചു കുരങ്ങന്മാരെ കൂട്ടുപിടിച്ച് ധർമ്മയുദ്ധം ചെയ്യുന്നത് അമ്പരപ്പോടെ കണ്ടു ! സമരോത്സുകമായ ഒരു കൗമാരത്തെ തീപിടിപ്പിക്കുവാൻ പോകുന്നതത്രയും അവരുടെ ആ ഹരിതസമര വാർത്തകൾ മലയാളക്കരക്ക് നൽകിയിരുന്നു.
സൈലൻ്റ് വാലി ഒരു പെൺ വിജയത്തിൻ്റെ കഥയായിരുന്നോ ? കുന്തി, സൈരന്ധ്രി, ഭവാനി, ജ്യോതി വെങ്കിടാചലം, Dr.ശാന്തി, സുഗതകുമാരി, മൃണാളിനി സാരാഭായ്, ഇന്ദിരാഗാന്ധി …. പെൺപേരുകളുടെ ഒരു വലിയനിര അവിടെയുണ്ട്. ഇക്കോ-ഫെമിനിസം എന്ന തത്വചിന്താ – ഹരിത രാഷ്ട്രീയപദ്ധതി സൈലൻ്റ് വാലി സമരത്തിൻ്റെ സമപ്രായക്കാരിയാണ് എന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ? മണ്ണും പെണ്ണും, പുരുഷ കേന്ദ്രീകൃതമായ ഒരു രാഷ്ട്രീയ- കമ്പോള വ്യവസ്ഥക്കു കീഴിൽ പറിച്ചുകീറപ്പെടുമെന്നും ആ തത്വചിന്ത ലോകത്തിനെ പഠിപ്പിക്കുന്നുണ്ടല്ലോ. പക്ഷേ മണ്ണിനും പെണ്ണിനും ഒപ്പം നിൽക്കാൻ അലിവുള്ള ഒരു ജനത ഉണ്ടെങ്കിൽ ചൂഷണശ്രമങ്ങളെ അതിജീവിക്കാം എന്ന, കാലം എന്നേക്കുമായി ഇവിടെ സ്ഥാപിച്ചുപോയ അതിർത്തിക്കല്ല് കാണാതെയുള്ള പരിദേവനങ്ങൾ ഒരുതരം പാരിസ്ഥിതിക കാപട്യമാണ്.
ജസ്റ്റീസ് K.സുകുമാരനെപ്പോലെ ഒരതികായൻ മുന്നിൽ നിന്ന് വ്യവഹാരം നടത്തിയിട്ടും കോടതിയിൽ തോറ്റുപോയ കേസായിരുന്നു സൈലൻ്റ് വാലി സംരക്ഷണം. മുഖ്യ മാധ്യമങ്ങളും പ്ലാനിങ്ങ് ബോർഡും ഇടതു – വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങളും കേരള മുഖ്യമന്ത്രി ഇ.കെ നായനാരും പ്രധാനമന്ത്രി മുറാർജി ദേശാശിയും ഈ കാടിന് വധം വിധിച്ചതാണ്. ഭരണഘടനയുടെ നാലു തൂണുകളും ഒന്നിച്ച് ഉദരത്തിൽ ആഞ്ഞുപതിച്ചിട്ടും അലസാത്ത ഈ വനഗർഭം, സുന്ദരമായ ഒരു കുഞ്ഞുദേശീയോദ്യാനത്തിന് ജന്മം നൽകി ! പരമമായ നോവിൻ്റെയും തിരസ്ക്കാരത്തിൻ്റെയും ഒടുവിൽ പിറന്ന ആ അത്ഭുത ശിശുവിനെ കാണാനാണ് നാം അവിടേക്ക് പോകേണ്ടത് !
രവി ഖസാക്കിൽ വണ്ടിയിറങ്ങിയതുപോലെയാണ് മുക്കാലിയിൽ കാലൂന്നിയത് ! എത്ര പരിചിതമാണിവിടം !!
മുക്കവലക്ക് സമീപം രണ്ടുമൂന്നു ചെറുകടകൾ. നേരേ മുന്നിലേക്ക് പോയാൽ വരണ്ടുണങ്ങിയ അട്ടപ്പാടിയിലെത്താം. ഇടത്തേക്കുള്ള വഴി പൊട്ടിപ്പൊളിഞ്ഞതാണ്. അനാദിയായ കാലം 50 ലക്ഷം വർഷമായി അതിലേ നടന്നുപോയിട്ടുണ്ട്. അവിടെയാണ് പെൺകിളി വേട്ടയാടപ്പെടുന്നതു കണ്ട ഒരു പുതുമനുഷ്യൻ മാനിഷാദ പാടിയത്. അവിടെയാണ് ഉള്ളതെല്ലാം അഞ്ചാണുങ്ങൾക്ക് വീതിച്ചുനൽകിയ സൈരന്ധ്രി പത്രംകഴുകി തളർന്നിരുന്നത്. അവിടെയാണ് ഒരു മഴക്കാടിൻ്റെ അളവില്ലാത്ത ജൈവോർജപ്രവാഹത്തിൽ അണകെട്ടി 120 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിച്ച് കേരളത്തെ വികസിപ്പിച്ചുകളയാം എന്ന് KSEB തീരുമാനിച്ചത്.
ഭരണകൂടം കണ്ട പാറയിടുക്കിലെ ഡാം സൈറ്റ് മാത്രമായിരുന്നില്ല സൈലൻ്റ് വാലി. 1820 കളിൽ റോബർട്ട് വാട്ടാണ് പഠനങ്ങൾക്കായി ഉദകമണ്ഡലത്തിൽ നിന്നും ഇവിടേക്ക് ആദ്യമായി നടന്നിറങ്ങിയത്. ആ വനമധ്യത്തിലൂടെ ന്യൂയോർക്ക് സുവോളജിക്കൽ സൊസൈറ്റിയിലെ ശാസ്ത്രജ്ഞനായ സ്റ്റീവൻ ഗ്രീൻ 1971-72 കാലത്ത് നടത്തിയ ഒരു യാത്രയിലെ വിസ്മയ കാഴ്ചകകളാണ് തുടർന്ന് ഈ അത്ഭുതവനത്തെ അറിയാൻ ഇടയാക്കിയത്. അടുത്ത ഊഴം സാലിം അലിയുടേയും സാഫർ ഫത്തേഹള്ളിയുടേതുമായിരുന്നു. പ്രൊഫ. M.K.പ്രസാദും ഡോ. V.S.വിജയനുമൊക്കെ ആ വനവിസ്മയത്തെ ആഴത്തിൽ പഠിക്കാൻ ശ്രമിച്ച് അമ്പരന്നവരായിരുന്നു.
സൈലൻ്റ് വാലിയിൽ കാലവും മനുഷ്യനും തൊടാത്ത ജൈവ വൈവിധ്യമുണ്ട് എന്ന് ശാസ്ത്രകാരന്മാർ പറഞ്ഞപ്പോൾ KSEB യുടെ മുഖംമൂടിയണിഞ്ഞ ഡാം നിർമ്മാണ ലോബി ഭയന്നു പോയിരുന്നു. അവർ വൻമരങ്ങൾ നിറഞ്ഞ കാടിന് തീയിട്ടു. അസ്ഥികളും തലയോടും ചിതറിയ ഒരു ചുടുകാട്ടിലൂടെ പോകും പോലെയാണ് കത്തിക്കരിഞ്ഞ വൻമരങ്ങളുടെ മായാമുദ്രകളുള്ള ഈ വനമേഖലയിലുടെയുള്ള യാത്ര.
ആ മുറിവു മറയ്ക്കാൻ തേക്കും യൂക്കാലിയും നട്ടുള്ള പ്ലാൻ്റേഷൻ ശ്രമം നടന്നതിൻ്റെ ബാക്കിപത്രവും ഇവിടെ മുന്നിലെത്തും. ഒരുകൂട്ടർ ജൈവസമ്പത്ത് എന്നാൽ വൻമരങ്ങളാണ് എന്നു കരുതുന്നു. വേറൊരു വിഭാഗം, തേക്കും യൂക്കാലിയും മഴക്കാടിൻ്റെ മാറിൽ നട്ട് വനവത്ക്കരണത്തിൻ്റെ മേനിക്കണക്ക് പറയുന്നു. രതിവൈകൃത ശില്പങ്ങൾ നിറഞ്ഞ ഗോപുരനട പിന്നിട്ട് ഏതോ മഹാക്ഷേത്രത്തിലേക്ക് കടക്കുന്ന പ്രതീതിയാണ് ഉള്ളിൽ ഉണർന്നത്. കേരളത്തിൻ്റെ ഹരിത സാക്ഷരതയുടെ ആശാൻ പള്ളിക്കൂടവും കലാശാലയുമാണ് നാം കാണുവാൻ പോകുന്ന ഈ വിശുദ്ധ ഗേഹം.
മുക്കാലിയിലെ വനംവകുപ്പ് ഓഫീസിനു പിന്നിൽ ഭവാനിപ്പുഴ സമൃദ്ധമായി ഒഴുകുന്നുണ്ട്. വലിയ ഉരുളൻ കല്ലുകളെ ഭവാനി കുഞ്ഞുങ്ങളെപ്പോലെ താലോലിച്ച് കുളിപ്പിച്ചെടുക്കുന്നത് നോക്കി നിന്നാൽ പുഴയുടെ തണുപ്പത്രയും ഉള്ളിൽകിട്ടും! കാവേരിയമ്മയുമായി ചേർന്ന് തമിഴ് മക്കളുടെ വയലുകളിലേക്ക് പോകാനുള്ള ഒരു ദേഹണ്ണക്കാരിയുടെ തിരക്കത്രയും ആ ഒഴുക്കിലുണ്ട്. വനംവകുപ്പ് ഓഫീസിലെ അനുമതിവാങ്ങി ജീപ്പുപിടിച്ചുവേണം അന്ന് ഉൾക്കാട്ടിലേക്ക് പോകാൻ. (ഇന്ന് EDC യുടെ മിനിബസ്സ് സർവ്വീസുമുണ്ട്). ഇരുപുറവുമുള്ള കുറച്ചു വീടുകൾ പിന്നിട്ട് താന്നിച്ചുവട് എത്തിയാൽ വനപ്രവേശനമായി. മുന്നോട്ടു പോകുമ്പോൾ കാടിന് കാപ്പിപ്പൂക്കളുടെ മണം കൈവരും. ബാബ ബുദാൻ മക്കയിൽ പോയി മടങ്ങു മ്പോൾ ജീവൻ പണയംവെച്ച് അരപ്പട്ടയിൽ ഒളിച്ചു കടത്തിയ ഏഴ് കാപ്പിക്കുരുവിൻ്റെ സന്തതികളെ 1847-ൽ തന്നെ വാളക്കാട് ഭാഗത്ത് കോളനിവാഴ്ചക്കാർ നട്ടുപിടിപ്പിച്ചിരുന്നു. കാട് എന്നാൽ മുറിക്കാനുള്ള മരങ്ങളും കൊല്ലാനുള്ള മൃഗങ്ങളും വെട്ടിച്ചുട്ട് കൃഷി ഇറക്കാനുള്ള മണ്ണുമാണെന്ന ധാരണ KSEB ക്കുമുമ്പും പിന്നീടും ഇവിടെയുണ്ട്.
അരുകുപാറയിൽ ജീപ്പ് നിർത്തി. റോഡ് സൈഡിലുള്ള അതികായനായ നീരാൽ ( Cassine kedaranathii) കാണാനാണ്. ഈ മഹാവൃക്ഷത്തിന് പുതിയ തലമുറ തീരെ കുറവാണ്. വായപിളർന്ന് ശീർഷാസനത്തിൽ നിൽക്കുന്ന ഒരു രാക്ഷസനെപ്പോലെ ചുവട്ടിൽ വലിയ പോടുള്ള ആ മരം കാണപ്പെട്ടു. ( പിന്നീട് ഇത് കടപുഴകി. അതിൻ്റെ രണ്ട് കഷണങ്ങൾ വനം ആസ്ഥാനത്തും KFRI ലും സൂക്ഷിച്ചിട്ടുണ്ട് )
സൈലൻ്റ് വാലിയുടെ സംരക്ഷണ ഗാഥ പോലെ വൻമരങ്ങൾ മുതൽ ചെറുതൈകൾക്ക് വരെ ആർത്തു വളരാൻ പാകമായ മണ്ണാണിത്. ആകാശം മുട്ടെ വളരുന്ന കരിങ്കാരയും കമ്പകവും കൽരുദ്രാക്ഷവും മുതൽ എത്രയോ തരം ഇത്തിരിക്കുഞ്ഞൻ ഓർക്കിഡികൾ വരെ.
വന്മരങ്ങളുടെ നിര കാണുമ്പോൾ ഈ വിസ്മയഭൂമിയെ സംരക്ഷിക്കാൻ അണിനിരന്നവരെ ഓർത്തുപോയി. M.S.സ്വാമിനാഥൻ, മാധവ് ഗാഡ്ഗിൽ , അനന്തമൂർത്തി, MGK മേനോൻ, K.V.സുരേന്ദ്രനാഥ്, M.P. പരമേശ്വരൻ, S.ശർമ്മ, സുബ്രഹ്മണ്യം സ്വാമി , K.N രാജ്, KPS മേനോൻ … സർക്കാർ നിലപാടിനു മുന്നിൽ വനം വകുപ്പും ഒരു നിശബ്ദതാഴ്വര ആയിരുന്നു. ഒരു യുവശബ്ദം പക്ഷേ പരിസ്ഥിതി പ്രവർത്തകർക്ക് ആവേശം വിതറി- PN ഉണ്ണികൃഷ്ണൻ സാർ…തണൽതന്ന മഹാവൃക്ഷങ്ങൾക്ക് പ്രണാമം. പരാമർശങ്ങളിൽ വിട്ടുപോയവരോട് ക്ഷമാപണം…
പിന്നീടൊരിക്കൽ പരിസ്ഥിതി അവബോധന പരിശീലനത്തിനായി വന്ന് ഈ മരച്ചുവട്ടിൽ അട്ടകടികൊണ്ട് ചോരയൊലിപ്പിച്ച് നിൽക്കുമ്പോൾ Dr.സതീഷ് ചന്ദ്രൻ നായർ എന്ന മരം പെയ്യുന്നത് അന്തിച്ച് നോക്കിനിന്നു ! നന്താവനത്തെ ഒറ്റനില വീടിൻ്റെ വരാന്തയിൽവെച്ച് ബോധേശ്വരൻ്റെ മകൾ ബോധമണ്ഡലത്തിൽ കുറിച്ചിട്ട പേരാണിത്. “എന്നേക്കാൾ ചെറുപ്പമാണ് സതീഷ്, എന്നിട്ടും വനം – പരിസ്ഥിതിയുടെ കാര്യത്തിൽ എൻ്റെ ഗുരു” !
ടീച്ചറിൻ്റെ ആ ഏകവചനമാണ് അന്ന് മൂന്നുദിവസം നിർത്താതെ ബഹുവചനങ്ങളിൽ സൈലൻ്റ് വാലി സമരത്തെയും വനസംരക്ഷണത്തിൻ്റെ അനിവാര്യതയേയും പരിചയപ്പെടുത്തിയത്. യൗവനത്തുടക്കത്തിലേ കാടുകയറിപ്പോയ ആ ജന്മം ഞങ്ങളെ പശ്ചിമഘട്ടത്തിൻ്റെ മലമടക്കുകളിൽ പിറക്കുന്ന കേരളീയ ഭൂമിശാസ്ത്രത്തിലേക്കും രാഷ്ടീയചരിത്രത്തിലേക്കും ഒരു മഹാനിഘണ്ടു തിന്നു തീർത്ത വെള്ളിമീനിൻ്റെ (Silverfish) തിളക്കത്തോടെ, കൂട്ടിക്കൊണ്ടുപോയി. ശാസ്ത്രാവബോധത്തിൻ്റെയും സർഗ്ഗവാസനകളുടെയും രണ്ട് തലച്ചോർപാതികളെയും പ്രകൃതി സംരക്ഷണത്തിനായി വിളക്കിചേർത്ത സൈലൻ്റ് വാലി സൂത്രവാക്യങ്ങളിലൊന്നാണ് ആ പേര്. മനുഷ്യ മസ്തിഷ്ക്കത്തിൻ്റെ ഈ ദ്വന്തത്തെ രണ്ടിടങ്ങളിലേക്ക് പകുത്തെറിയാൻ ഭരണകൂടത്തിന് കഴിയുന്നതിനാലാണ് പല പാരിസ്ഥിതിക സമരങ്ങളും ഇന്ന് കുമ്മാട്ടിക്കൂത്തുകളായി മാറിപ്പോയത്.
പന്തംതോടുമുതൽ ഇനിയങ്ങോട്ട് നിങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ നൂൽത്തുമ്പികളും രത്നമൂട്ടകളും പ്രത്യക്ഷപ്പെടും. ശലഭങ്ങളും കാട്ടുകിളികളും അതിന് മത്സരിച്ചു തുടങ്ങും. വൻമരങ്ങളുടെ നെഞ്ചിൽ പടർന്ന പച്ചപ്പായലുകൾ മിന്നുന്ന നീർത്തുള്ളികൾ വച്ചുനീട്ടുന്നുണ്ടാകും. സഹജീവനത്തിൻ്റെ ഇതൾക്കുമ്പിൾ വിടർത്തി ഓർക്കിഡ് പൂവുകൾ പ്രത്യക്ഷപ്പെടും. പ്രകൃതിയുടെ ശ്രീകോവിലുനു മുന്നിലേക്ക് നിങ്ങൾ ആനയിക്കപ്പെടുകയാണ്.
അരുകുമ്പാറയിൽ എത്തിയാൽ വിശ്വാസത്തിലുള്ള ഏതെങ്കിലും ദൈവത്തെ ഒന്ന് മനസ്സിൽ കാണണം. അവിശ്വാസിയെങ്കിൽ സൈലൻ്റ് വാലിയുടെ സംരക്ഷണ സമര നായകരുടെ മുൻനിഴലായും കാവൽക്കണ്ണായും അലഞ്ഞിരുന്ന ഈ കാടിൻ്റെ ഗോത്രപുത്രൻ ലച്ചിയപ്പനെ ഓർത്താലും മതി ! അപ്പോൾ ആകാശം പിളർക്കുന്ന വെടിപ്ലാവിൻ്റെ വിടർന്നു നിറഞ്ഞ കൊമ്പുകളിലൂടെ സമരവിജയ ഘോഷയാത്ര കടന്നുവരും ! സിംഹവാലൻ കൂട്ടമാണ് !! ഇവിടെ വന്നപ്പോഴൊക്കെ ഇവരെ കണ്ടേ മടങ്ങിയിട്ടുള്ളൂ. കാടിനെ സ്നേഹിക്കുന്നവരെ അറിയാനുള്ള എന്ത് ഒടിയൻ വിദ്യയാണ് ഇവരിലുള്ളത് ?
മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് മാത്രമല്ല, മനസ്സുകളിലേക്കും ഊർന്നിറങ്ങാൻ ഇവർക്കാവും എന്നതിന് മലയാള ഭാഷാവൃക്ഷം തന്നെയാണ് സാക്ഷ്യം. കവിതകൾ, ലേഘനങ്ങൾ, കുറിപ്പുകൾ, തെരുവു നാടകങ്ങൾ, നാടൻ പാട്ടുകൾ …. ഇവനും ഈ കാടും ഇന്നാടിന് ഹരതി കലാ-സാഹിത്യ പ്രസ്ഥാനം പോലും ഒരുക്കിതന്നിട്ടുണ്ട്. ആ രംഗത്ത് ശാസ്ത്ര സാഹിത്യ പരിഷത്ത് വഹിച്ച പങ്ക് മഹത്തരമാണ്. ONV കുറുപ്പ്, വിഷ്ണുനായാണൻ നമ്പൂതിരി, അയ്യപ്പ പണിക്കർ, ബഷീർ, വൈലോപ്പിള്ളി, S.K.പൊറ്റക്കാട്, O.V.വിജയൻ, അഴിക്കോട് … ആ സപര്യയിൽ അണിനിരന്ന മഹാരഥന്മാർക്ക് പ്രണാമം പറയാതെ ഈ കാട്ടിലൂടെ ആർക്കാണ് കടന്നുപോകാനാവുക ?
ചോലവനങ്ങൾ മുതൽ നിത്യഹരത വനവിന്യാസം വരെ അമ്പരപ്പിക്കുന്ന വനവിന്യാസത്തിൻ്റെ ഒരു കുഞ്ഞൻ ഷോക്കേസ് ആണിത്. അതിലെ ഒരു അടയാളവാക്യം മാത്രമാണ് സിംഹവാലൻ കുരങ്ങ്.
ഇവിടേക്കുള്ള യാത്രയിൽ നമുക്ക് അകമ്പടി വരുന്നത് മിക്കവാറും കാടിൻ്റെ മക്കൾ തന്നെയാവും. ശിവലിംഗത്തിൻ്റെ രൂപസാദൃശ്യമുള്ള മല്ലീശ്വരൻ മുടുക്കു ചുറ്റുമാണ് ഇവിടത്തെ ഗോത്രവാസികൾ പുലരുന്നത്. 144 ഊരുകളുടെ ഇടമായാണ് അട്ടപ്പാടി വനങ്ങൾ മുമ്പ് അറിയപ്പെട്ടിരുന്നത്. ഇരുളർ, മുഡുഗർ, കുറുമ്പർ എന്നിവരാണ് ഗോത്രങ്ങൾ. അവരുടെ എല്ലാ ഊരുകളിൽ നിന്ന് നോക്കിയാലും മല്ലീശ്വരൻ മുടി കാണാം. പവിത്രമാണ് അവർക്കാ മല. ശിവരാത്രി ദിവസം മാത്രം വലിയ ആചാരാനുഷ്ടാനങ്ങളോടെ അവർ മല്ലീശ്വരൻ മുടിയിലേക്ക് കെട്ടുനിറച്ച് കയറിപ്പോകും.
സന്ദർശകരുടെ സൈലൻ്റ് വാലി യാത്ര അവസാനിക്കുന്നത് സൈരന്ധ്രിയിൽ കുന്തിപ്പുഴയുടെ തീരത്താണ്. നീലഗിരിയുടെ മടിയിലെ കോഴിപ്പാറ ചോലവനങ്ങളിൽ ഒത്തുകൂടിയ ജലബിന്ദുക്കളുടെ യൗവ്വനമാണ് മുന്നിൽ തെളിഞ്ഞൊഴുകുന്നത്. 23 കിലോമീറ്റർ മനുഷ്യ സ്പർശമില്ലാതെയുള്ള പ്രവാഹം ! മുക്കാലിയിൽ നിന്നും ഇവിടേക്കും 23 കിലോമീറ്ററിൻ്റെ അകലമുണ്ട്. പുണ്യ പാപങ്ങളുടെ മധ്യബിന്ദു പോലെ സൈരന്ധ്രി നിലകൊള്ളുന്നു. പ്രവേശന കമാനം കടന്ന് മുന്നോട്ടു വരുമ്പോൾ റോഡ് അവസാനിക്കും. (എൻ്റെ ആദ്യയാത്ര ഇവിടെ അവസാനിച്ചു) ഇവിടെ KSEB ഉദ്യോഗസ്ഥർക്കായി മുമ്പ് തയ്യാറാക്കിയ ഷെഡ്ഡിലാണ് സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർ ഇപ്പോൾ താമസിക്കുന്നത്. പിന്നീട് പല തവണ ഇവിടെ താമസിച്ചിട്ടുണ്ട്. ദേശീയോദ്യാനത്തിൻ്റെ ആകാശദൃശ്യം കാണാൻ ടവ്വറും ഉദ്ഘാടന സ്തൂപവും ഇന്നിവിടെയുണ്ട്.
ടവറിലേക്കുള്ള പടവുകൾ കയറുമ്പോൾ കുന്തിപ്പുഴയിലൂടെ അലഞ്ഞെത്തിയ കാറ്റ് ചിലപ്പോൾ നമ്മെ ചേർത്തുപിടിക്കും. അതിന് നിങ്ങളുടെ കാതിൽ മൂളാൻ ഒരു പേരേ ഉണ്ടാകാറുള്ളു – ഇന്ദിരാഗാന്ധി !! അലഹബാദിലെ ആനന്ദഭവൻ എന്ന മൂകഭവനത്തിലെ ബാല്യം മുതലേ പ്രകൃതിയോടിണങ്ങിയ പ്രിയദർശിനി. ആദ്യ ലോക പരിസ്ഥിതി വേദിയായ സ്റ്റോക്ക്ഹോം (1972) മുതൽ എണ്ണമറ്റ ചിന്തകളും പ്രവർത്തികളും നിയമങ്ങളും കൊണ്ട് ഹരിത വനിതയായിത്തീർന്ന ഇന്ദിരാജി. അമ്മയുടേതിന് തുല്യമായ ആ കാരുണ്യത്തിൻ്റെ മടിയിലിരുന്നാണ് നമ്മുടെ ദേശീയ വനം – വന്യജീവി നയങ്ങളും നിയമങ്ങളും വളർച്ച നേടിയത്. പട്ടിണിയുടെയും ദാരിദ്രത്തിൻ്റെയും നടുവിൽ പോലും, ലോകത്തെ അമ്പരപ്പിച്ച് പച്ചപ്പിനു കാവലായത് !!
ഫോറസ്ട്രി ഇഫർമേഷൻ ബ്യൂറോയിൽ ജോലി ചെയ്യുമ്പോൾ പല തവണ ഇവിടേക്ക് വന്നു. ഓരോ വരവിലും സംസം കണറിലെ പുണ്യജലം കുടിച്ച മരുഭൂമിയിലെ തീർത്ഥാടകനെപ്പോലെ ആത്മഹർഷം അനുഭവിച്ചു. ഒരിക്കൽ, ഒരിക്കൽ മാത്രം ഫോട്ടോഗ്രഫിക്കായി പൂച്ചപ്പാറ വരെ പോയി മടങ്ങിപ്പോന്നു. ഈ കന്യാവനത്തെ അസ്പർശ്യമായി നിലനിർത്താൻ പരമാവധി ശ്രമിക്കുന്ന ഇവിടുത്തെ വനപാലകരോട് നീതി പുലർത്താൻ ഞാനും ശ്രമിച്ചിട്ടുണ്ട്. അവരുടെ ത്യാഗനിർഭരമായ സേവനത്തിന് ബിഗ് സല്യൂട്ട്.
ശ്രീ. ബിനോയ് വിശ്വം വനം മന്ത്രിയായിരിക്കുമ്പോഴാണ്. പ്രശസ്തമായ ഹരിത കവിതകൾ സംഗീതം നൽകി ഓഡിയോ കാസറ്റിലാക്കാൻ അദ്ദേഹത്തിൻ്റ നിർദ്ദേശം വന്നു. പ്രശസ്തരുടെ രണ്ടു വീതം കവിതകൾ നിർദ്ദേശിച്ചത് ഞാനാണ്. അതിൽനിന്നും ചിലത് അംഗീകരിക്കുമ്പോൾ വനം വകുപ്പ് മേധാവിയായിരുന്ന TM മനോഹരൻ സാർ പറഞ്ഞു.
”ഇയാൾ സാഹിത്യകാരനല്ലേ, ഒരു പാട്ട് എഴുതടോ !!”
അമ്പരന്നുപോയി ! സാഹിത്യകാരനാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ആരും അങ്ങനെ പറഞ്ഞിട്ടുമില്ല. അനുഗ്രഹംപോലെ അത് പറഞ്ഞ അദ്ദേഹത്തെ നിഷേധിക്കാൻ ആകുമായിരുന്നില്ല. അങ്ങനെ ONV, സുഗത കുമാരി ടീച്ചർ, മുല്ലനേഴി , P.K.ഗോപി തുടങ്ങിയ മഹാപ്രതിഭകളുടെ ഒരു നിരയുടെ കവിതകൾക്കൊപ്പം ഈ എളിയവൻ്റെയും ഒരു ഗാനം “കാടിൻ്റെ ഗീതങ്ങളിൽ ” ഉൾപ്പെട്ടു. അത് എഴുതാനിരുന്നപ്പോൾ നിറവനത്തിലൂടെ കുന്തിപ്പുഴ എന്നപോലെ വരികൾ പേനയിൽ നിന്നും പേപ്പറിലേക്ക് നീലനിറത്തിൽ ഒഴുകിയെത്തി ….
”വനപുണ്യമേ –
സൈലൻ്റ് വാലീ…
കന്യാ വനമംഗളേ –
സൈലൻ്റ് വാലീ…. “