കാട് കാതിൽ പറഞ്ഞത് – 5

വയറ്റുകണ്ണികൾ

അതിരപ്പിള്ളി കാടുകളിലേക്ക് ഞാനും ഇടവപ്പാതിയും ഒന്നിച്ചാണ് കടന്നു ചെന്നത്. 2012 ജൂൺ മാസത്തിൽ. ജോയിൻ ചെയ്ത്,അടുത്ത രണ്ട് മൂന്നു ദിവസം ഇടക്ക് മാത്രം മഴയുണ്ടായിരുന്നു. ഞാൻ വനാതിർത്തികളും ക്യാമ്പ് ഷെഡ്ഡുകളും അയൽ ഫോറസ്റ്റ് സ്റ്റേഷനുകളും സന്ദർശിച്ചു. വേട്ടക്കാർക്കും കാട്ടുമൃഗങ്ങൾക്കും സ്റ്റേഷൻ, റെയ്ഞ്ച്, ഡിവിഷൻ അതിർത്തികൾ ബാധകമല്ലാത്തതിനാൽ സ്റ്റേഷനുകളുടെ ഏകോപനം ഒഴിച്ചുകൂടാൻ പാടില്ലാത്തതാണ്.

ആനമുടിയിലെ ചോലവനങ്ങളിൽ തുടങ്ങി, മാങ്കുളവും ഇടമലയാറും വാഴച്ചാലും കടന്ന്, ഷോളയാറിലും കോടനാട്ടുമൊക്കെ എത്തുന്ന, കേരളത്തിലെ ഏറ്റവും വലിയ വന തുടർച്ചയുടെ ഭാഗമാണ് അതിരപ്പിള്ളി വനങ്ങളും. ഞങ്ങളുടെ വനമേഖലയുടെ പടിഞ്ഞാറൻ അതിർത്തി ചാലക്കുടിപ്പുഴയാണ്. പുഴയോരത്തുള്ള ഊളാശ്ശേരി ആൻ്റി പോച്ചിങ്ങ് ക്യാമ്പ് ഷെഡ്ഡിന് തൊട്ടടുത്താണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ഞങ്ങൾ വെള്ളച്ചാട്ടം കാണുന്നത് ജനങ്ങൾ തിങ്ങിക്കൂടുന്നതിൻ്റെ മറുകരയിൽ നിന്നാണ്!

കാട്ടിൽനിന്ന് നാടിനെ നോക്കുമ്പോഴുള്ള കാഴ്ച വാക്കുകൾക്ക് അപ്പുറമുള്ള ഒരു സത്യദർശനമാണ്. പല തവണ, പൊന്നമ്പലമേട്ടിൽ നിന്ന് ശബരിമലയിലേക്ക് നോക്കി തൊഴുമ്പോഴും ഇരവികുളത്തു നിന്ന് മൂന്നാറിനെ കാണുമ്പോഴും, അഗസ്ത്യാർകൂടത്തിൽ നിന്ന് തലസ്ഥാനം കാണുമ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. ആർപ്പിൻ്റെയും അലറി വിളിയുടെയും ക്യാമറാ ഷൂട്ടിൻ്റെയും മത-രാഷ്ട്രീയ താല്പര്യങ്ങളുടെ കുത്തൊഴുക്കിന്റെയും ഒരു വനക്രീഡാ പരിസരം കേരളത്തിലുണ്ട്. ഒരുപാടുപേർ അവിടെ തിങ്ങിനിറഞ്ഞ് ആക്രോശം മുഴക്കുന്നുമുണ്ട്. എന്നാൽ മറുകരയിലുള്ളവരാണ്, അഥവാ മറുവശത്ത് നിൽക്കാൻ വിധിക്കപ്പെട്ടവരാണ് വനപാലകർ ! നാവില്ലാത്ത പ്രകൃതിക്കും മിണ്ടാപ്രാണികൾക്കും ഒപ്പം നിൽക്കാൻ വേണ്ടി ഉപേക്ഷിക്കപ്പെട്ടവരാണ് അവർ. പക്ഷേ അവരുടെ അക്കരെ നിന്നുള്ള ആ നോട്ടവും വിരൽ ചൂണ്ടലും, ഇരമ്പിയാർക്കുന്ന വെള്ളച്ചാട്ടത്തിലേക്ക് കാൽവഴുതാതിരിക്കാനുള്ള മുന്നറിയിപ്പാണ് എന്ന് ആരും തിരിച്ചറിയുന്നില്ല. അതിരപ്പിള്ളിയും അത്തരമൊരിടമാണ്.

വന്നതിൻ്റെ അഞ്ചാം ദിവസം, രാവിലെ ജനറൽ ഡയറിയിൽ ഡ്യൂട്ടി നിച്ഛയിച്ചെഴുതി സ്റ്റാഫിനെ നിയോഗിക്കുന്ന രീതി മുടങ്ങി. പെരുമഴയാണ്. എട്ടുമണിക്കും നേരം പുലരാത്തതുപോലെ, മഴക്കാറിൻ്റെ കരിമ്പടത്തിനുള്ളിലാണ് ഇന്നാട്. ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. ചുറ്റും റബ്ബർ മരങ്ങൾ മഴയിൽക്കുളിച്ച്, കാറ്റില്ലാതിരുന്നിട്ടും ചെറുതായി ചാഞ്ചാടുന്നുണ്ട്. ഇന്ന് വെട്ടുകൊള്ളുകയും ചോരയൂറ്റുകയും ചെയ്യാതെ രക്ഷപെട്ടതിൻ്റെ ആഹ്ളാദപ്രകടനമാണോ ?

ഉച്ചയ്ക്കും മഴതന്നെ. റോഡിലൂടെ വന്നിരുന്ന വണ്ടികളും കാണാതായി. “റബ്ബർ വീണ് റോഡ് ബ്ലോക്കാണ് ” വാച്ചർ ഗോപാലൻ പ്രവചിച്ചു. അവധി കഴിഞ്ഞ് 11 മണിക്ക് മടങ്ങി വരാറുള്ള സ്റ്റാഫും, അവധിക്ക് വീട്ടിൽ പോകേണ്ടവരും കുടുങ്ങി. അയ്യമ്പുഴക്കിപ്പുറം പലയിടത്തും റബ്ബർ മരങ്ങൾ വഴിയിലേക്ക് പിടന്നുവീണിരിക്കുന്നു. ആമസോണിലെ പെരുമഴ അതിരപ്പിള്ളിയിൽ കണ്ടിട്ടുള്ള ബ്രസീലുകാരൻ്റെ നിർവ്വാണം ! – ജനനീ ജന്മഭൂമിശ്ച …!!

രാത്രിമഴ ത്രിപുടതാളത്തിലായിരുന്നു. മെസ്സ് ആയി പ്രവർത്തിക്കുന്ന ചെറിയ കോൺക്രീറ്റ് കെട്ടിടത്തിലെ ഒരു മുറിയാണ് എൻ്റേത്. കരണ്ട് ഉച്ചക്കേ പോയി. മെഴുകുതിരി വെട്ടത്തിൻ എല്ലാവരും അത്താഴം കഴിച്ചു. പാതിരക്കു ശേഷം ആകാശം പിളർന്നൊഴുകുന്ന പെരുമഴയായിരുന്നു. ഇവിടെ കാടിനുള്ളിൽ ആദിവാസികളും കുടിയേക്കാരോ ഇല്ലാത്തത് ഭാഗ്യം. അല്ലെങ്കിൽ രാത്രി തന്നെ രക്ഷാപ്രവർത്തവുമായെത്തി അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കേണ്ടി വന്നേനെ.

നേരം പുലർന്നിട്ടില്ല. ഡൈനിങ്ങ് ഹാളിലെ തട്ടുംമുട്ടും കേട്ട് കതക് തുറന്നു. വാച്ചർ ഗോപാലന് പ്രസവവേദന പോലെ ഒരു വെപ്രാളം!

“കല്ലേമുട്ടി, കല്ലേമുട്ടി “

ഉറക്കെ പറഞ്ഞു കൊണ്ട് അയാൾ മെസ്സിലെ ചാക്കുകൾ പെറുക്കി എടുക്കുകയാണ്. എനിക്കൊന്നും മനസ്സിലായില്ല . അപ്പോൾ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജു വിശദീകരിച്ചു.

” ഊത്ത … ഊത്തമീൻ കയറിയിട്ടുണ്ട് , സാർ വരുന്നോ ?”

ഞാൻ കുട്ടനാട്ടുകാരനാണ്. അവിടെ ഇടവപ്പാതിയിൽ വലയും കൂടും നിറയെ മീൻ കിട്ടുന്ന ‘”ഊത്ത ” എന്ന, ഒരു ദിവസത്തെ ആറ്റുമീൻചാകര എനിക്കറിയാം. അതിനാൽ ഗോപാലൻ്റെ വിങ്ങൽ എനിക്കും പകർന്നു കിട്ടി.

ജീപ്പെടുത്ത് ഞങ്ങൾ കാട്ടിലേക്ക് തിരിച്ചു. ചാറ്റമഴയേ ഉള്ളൂ. എങ്കിലും ഉറവകളിലൂടെ മണ്ണ് ചുരന്ന് രാത്രിമഴയുടെ വെള്ളം പരന്ന് ചാലിലേക്കൊഴുകുന്നു. ജീപ്പിനുമുന്നിൽ, ചെറുമഴ വകവയ്ക്കാതെ മുന്നോട്ടുകുതിക്കുന്ന കുറെ മനുഷ്യർ ! സ്ത്രീകളും കുട്ടികളും ഒക്കെയുണ്ട് . എല്ലാവരുടെ കയ്യിലും പ്ലാസ്റ്റിക്ക് ചാക്കുകൾ ! അവർ റബ്ബർ തോട്ടത്തിൻ്റെ അതിരിലെ കാട്ടുചാലുകളുടെ വക്കിലേക്ക് ചിതറിയോടുകയാണ്! ജീപ്പ് മുന്നോട്ടു പോകുംതോറും, റബ്ബർ തോട്ടത്തിലൂടെ ഓടുന്നവരുടെ എണ്ണം എന്നെ അമ്പരപ്പിച്ചു. എൻ്റെ കുട്ടനാടൻ അനുഭവം ഒരു തൊട്ടാവാടിയെപ്പോലെ കൈതൊഴുത് പിൻവാങ്ങുകയാണ് എന്ന് ഞാനറിഞ്ഞു. ഞാൻ കണ്ടിട്ടുള്ള ഊത്തകയറ്റമല്ല ഇത് !

വണ്ടി നിർത്തും മുമ്പേ ഗോപലൻ ചാടിയിറങ്ങി മീൻപിടുത്തം തുടങ്ങി. ഒഴുക്കുവെള്ളത്തിനെതിരെ നീന്തിപ്പിടഞ്ഞെത്തുന്ന മീനുകളാണ് എവിടെയും! തോട്ടംതൊഴിലാളികൾ അവിടെയും ഇവിടെയും അതിനെ പെറുക്കി ചാക്കിലാക്കിക്കൊണ്ടിരുന്നു. മഴക്കാലത്ത്, വെളിച്ചമുള്ള സ്ഥലത്തേക്ക് ഈയലുകൾ പാറിവരുന്നതുപോലെ, ചാലക്കുടിപ്പുഴയുടെ നിഗൂഢതയിൽ നിന്നും കല്ലേമുട്ടികൾ പറ്റംപറ്റമായി മഴവെളളപ്പാച്ചിലിലൂടെ മുകളിലേക്ക് പണിപ്പെട്ട് നീന്തിക്കയറി വരുന്നു. ഗോപാലൻ്റെ ഒരു ചാക്ക് നിറഞ്ഞു കഴിഞ്ഞു!

ഞാനും ഒരു മീനിനെ പിടികൂടി. തള്ളവിരലിനെക്കാൾ അല്പംകൂടി വണ്ണവും മൂന്നു നാലിഞ്ച് നീളവും ഉണ്ടതിന്. കല്ലേമുട്ടി, കല്ലേനക്കി എന്നൊക്കെ പ്രാദേശികമായി വിളിക്കുന്ന ഞെഴു എന്ന മീനാണിത്. ചെമ്പുരാശി വീണ ദുർബലമായ ശരീരം കയ്യിലിരുന്ന് പുളയ്ക്കുകയാണ്. താഴേക്ക് താഴ്ന്ന ചുണ്ടുകളും വലിയ കണ്ണുകളിലെ വെളുത്ത വലയവും പെട്ടെന്ന് ശ്രദ്ധിക്കപ്പെടും.

അത് ചുണ്ടനക്കിയും നീന്തൽച്ചിറക് വീശിയും, നളൻ്റെ കയ്യിലകപ്പെട്ട ഹംസത്തേപ്പോലെ, “കുലമിതഖിലവും അറുതിവന്നിതു”
എന്നു വിലപിക്കുകയാണെന്ന് എനിക്കുതോന്നി !

പെട്ടെന്നാണ് ഇവിടുത്തെ ആദ്യ ദർശനത്തിലെ കാട്ടുപോത്തിൻ്റെ കാര്യം ഓർത്തത്. ( ചരാചരാദി തൈലം എന്ന അധ്യായത്തിൽ പറഞ്ഞിരുന്നു ) കൈയിലിരിക്കുന്ന മീനിൻ്റെ വയറുഭാഗത്ത് പിടിച്ചിരുന്ന അണിവിരലിൽ ഒരു തരിപ്പ് തോന്നി. ഈ മീൻ വയറ്റുകണ്ണിയല്ലേ ? അതേ, ഇതു മാത്രമല്ല, റബ്ബർ തോട്ടത്തിൽ ആളുകൾ ഓടിനടന്ന് പിടിച്ച് ചാക്കിലാക്കുന്ന മീനുകൾ ഇത്രയും വയറ്റുകണ്ണികളാവും! ധർമ്മ യുദ്ധത്തിനുശേഷം കുന്തിയുടെ മക്കൾ നടത്തിയ ഉത്തരായാനം പോലെ പേറ്റുപെണ്ണുങ്ങളുടെ ഒരു മഹായാനം !!

ഓരോ നാട്ടിലെയും തനത് ജീവരാശികൾ അന്നാടിൻ്റെ ഭൗമ- കാലാവസ്ഥാ സവിശേഷതകളുടെയും ജൈവപ്രകൃതിയുടെയും സന്തതികളും വക്താക്കളും ആയിരിക്കും. ഞെഴു എന്ന മത്സ്യവും അത്തരത്തിലൊന്നാണ്. അതിൻ്റെ ജീവതദുരന്തകഥ, ഒരർഥത്തിൽ കേരളം എത്തപ്പെട്ടിരിക്കുന്ന പാരിസ്ഥിതിക തകർച്ചയുടെ കഥ കൂടിയാണ്.

ചാലക്കുടിപ്പുഴയുടെ സ്വന്തം മീനാണ് ഞെഴു. സ്ഥാനീയനെന്നോ പ്രാദേശികവാസി എന്നോ പറയാവുന്ന (Endemic) മത്സ്യം. 100 കി. മീറ്ററിലധികം നീളമുള്ള ഒരു ലക്ഷത്തിനടുത്ത് പുഴകൾ ലോകത്തുണ്ട്. അതിലൊന്നാണ് 144 കി.മീ. ഉള്ള ചാലക്കുടിപ്പുഴ. അതിൽ ലോകത്ത് മറ്റെങ്ങുമില്ലാത്ത ഒരു മത്സ്യജാതി ഉണ്ട് എന്നത് ആരെയാണ് അത്ഭുതപ്പെടുത്താതിരിക്കുക ! അതാണ് ഞെഴു. ( ചാലക്കുടിപ്പുഴയിൽ ഇന്നും പെരിയാറിലേക്കും വേമ്പനാട്ട് കായൽ വഴി പമ്പ, അച്ചൻകോവിൽ എന്നിവയിലേക്കും ചെന്നെത്താം എന്നതിനാലായിരിക്കണം, ഞെഴുവിൻ്റെ തീരെച്ചെറിയ സാന്നിധ്യം ഈ പുഴകളിലുമുണ്ട് ).

Garra എന്ന മത്സ്യ കുടുംബത്തിലെ അംഗമാണ് ഞെഴു. ചാലക്കുടിപ്പുഴയിൽ ജീവിക്കാൻ വേണ്ടി പ്രകൃതി സൃഷ്ടിച്ചവൻ. ശക്തമായ ഒഴുക്കും നിറയെ പാറക്കൂട്ടങ്ങളും ഉള്ള പുഴയാണിത്. ഒഴുക്കിൽപ്പെട്ട് പോകാതിരിക്കാനും ഒഴുക്കിനെതിരെ നീന്തിക്കയറാനും താഴോട്ടു വളഞ്ഞ ചുണ്ട് ഇവനെ സഹായിക്കും. ആ ചുണ്ടുകൊണ്ട് കല്ലിൽ കടിച്ചുപിടിച്ചു കിടക്കുന്നതിനാലാണ് ഇന്നാട്ടുകാർ ഇവനെ കല്ലേനക്കി എന്ന് വിളിക്കുന്നത്.

നമ്മുടെ പുഴകളിൽ നിന്നുമാറി സ്ഥിതിചെയ്യുന്ന വയലുകളും ഉൾനാടൻ ചെറുതടങ്ങളും, ജൈവസമ്പത്തും പോഷക ഭക്ഷണവും ഏറെയുള്ള ഇടങ്ങളാണ്. പ്രകൃതിയുടെ ഈ രഹസ്യം ഞെഴു അടക്കം “ഊത്ത ” എന്ന പ്രതിഭാസത്തിൽ പങ്കെടുക്കുന്ന മീനുകളുടെ ജനിതക ബോധത്തിൽ പ്രകൃതി തുന്നിച്ചേർത്തിട്ടുണ്ട്! കാലവർഷ മഴയിൽ ഈ ജലാശയങ്ങൾ നിറഞ്ഞ് പുഴയിലേക്ക് നീർച്ചാലുകൾ രൂപപ്പെടും എന്ന ബോധവും ഇവർക്ക് ലഭിച്ചിട്ടുണ്ടാകണം. കാലവർഷം തുടങ്ങുമ്പോൾ തിരക്കിട്ട് ബീജസങ്കലനം നടത്തി ഈ മീനുകൾ ഗർഭംധരിക്കും. മുകൾപ്രദേശത്തുള്ള തടങ്ങളിലേക്ക്, ജലമാർഗ്ഗം സൃഷ്ടിച്ച് പറമ്പുകളിലൂടെ പുഴയിലേക്ക് പുതുമഴയുടെ വെള്ളം ഒഴുകുമ്പോൾ, ലക്ഷക്കണക്കിന് “ഊത്ത ” മീനുകൾ വയറ്റിൽ വളരുന്ന മുട്ടയുംപേറി ഉൾത്തടങ്ങളിലേക്ക് പേറ്റുജാഥ നടത്തും! പ്രജ്ഞയിൽ പ്രകൃതി കുറിച്ച ഈറ്റില്ല തടങ്ങളിലെത്തി അവർ മുട്ടയിട്ട്, അവിടെ ധാരാളമുള്ള പുതുഭക്ഷണം നൽകി മക്കളെ പോറ്റും !!

അപ്പോഴേക്കും മഴ കുറഞ്ഞ് പുഴയിലേക്കുള്ള നീർവഴി വറ്റിപ്പോയിരിക്കും. പക്ഷേ മീനുകൾ, മക്കളുമായി ഉൾത്തടങ്ങളിൽ ആഘോഷപൂർവം ജീവിക്കും. നാലര മാസത്തിനു ശേഷം കൃതൃമായി തുലാമഴ ഇടിവെട്ടിപ്പെയ്യുമെന്നും, മക്കളെയും കൂട്ടി ചാലക്കുടിപ്പുഴയിലേക്ക് മടങ്ങാനുള്ള നീർച്ചാലുകൾ അപ്പോൾ തുറന്നു കിട്ടുമെന്നും, ഈ മീനുകളെ പ്രകൃതി പഠിപ്പിച്ചിട്ടുണ്ട്! അത് വിശ്വസിച്ച് മുകളിലേക്ക് കയറിവരുന്ന കല്ലേമുട്ടികളിലൊന്നാണ് എൻ്റെ കയ്യിലിരുന്ന് കെഞ്ചുന്നത് !!

എൻ്റെ മനസ്സിലേക്ക് അപ്പോൾ അതിരപ്പിള്ളി ജലപാതം പോലെ ഒരു വെളിപാടിൻ്റെ ജലസ്തംഭം ആഞ്ഞുപതിച്ചു ! അതിൽനിന്നും പുകപോലെ ആകാശം മുട്ടെ ഉയർന്ന ഓർമകളുടെ ജലകണ വിസ്ഫോടനം, എന്നെ ആകെ നനച്ചും കുളിർപ്പിച്ചും കുട്ടനാടൻ കൗമാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി…

മുട്ടാർ എന്ന പുഴയോര ഗ്രാമമാണ് എൻ്റേത്. വീട്ടിലെ രണ്ട് വള്ളങ്ങളിൽ ഒന്നിൽ 8-10 പേർക്ക് സുഖമായി കയറാവുന്നതാണ്. 3-4 തുഴകളും എപ്പോഴും സജ്ജമായിരിക്കും. എത്ര രാത്രികളിലാണ് കിതച്ചോടി വന്ന അയൽക്കാർ വാതിലിൽ മുട്ടിവിളിച്ചിട്ടുള്ളത്!

” പെണ്ണിന് നോവ് തുടങ്ങി, വള്ളം വേണം !”

നാല് കിലോമീറ്റർ വള്ളം തഴഞ്ഞു പോയാലേ കിടങ്ങറയിലെ റോഡിലെത്തൂ. തുഴകളുമെടുത്ത് വള്ളത്തിലേക്കോടും. വയറ്റുകണ്ണിക്ക് കൂട്ടായി രണ്ടു സ്ത്രീകൾ കാണും. തുഴയാൻ ഞങ്ങൾ മൂന്നാല് പേർ.

വയറ്റുകണ്ണി വള്ളത്തിൽ കിടന്ന് പുളയുകയാണ്. അവൾക്ക് മാത്രമല്ല, ആഞ്ഞാഞ്ഞ് തുഴയുന്ന ഞങ്ങൾക്കും അപ്പോൾ കണ്ണീരടക്കാൻ കഴിയാറില്ല !

ചിലപ്പോൾ പെണ്ണിൻ്റെ കാൽക്കലിരിക്കുന്ന അമ്മച്ചി നെഞ്ചത്തലച്ച് നിലവിളിക്കും.

” പുണ്യാളച്ചോ …, നീർക്കുടം പൊട്ടി! “

അതുകേട്ട് ഞങ്ങളുടെ വിയർപ്പുഗ്രന്ഥികളും പൊട്ടിപ്പിളരും! വയറ്റുകണ്ണി അരയ്ക്കുതാഴെയും ഞങ്ങൾ അടിമുടിയും നനഞ്ഞുകുതിരും !!
ഇപ്പോൾ പിടഞ്ഞു പാഞ്ഞുവരുന്ന ഈ മീനുകളെപ്പോലെ, പേറ്റിടംതേടി ഞങ്ങളുടെ വള്ളം, ആറ്റുവെള്ളം തെറിപ്പിച്ച് കുതിക്കും!!

ഒടുവിൽ, അവരെ കിടങ്ങറയിൽനിന്നും അംബാസിഡർ ടാക്സിയിൽ കയറ്റി ചങ്ങനാശ്ശേരിക്ക് യാത്രയാക്കും! എന്നിട്ട്, എത്ര തവണയാണ്, സുഖപ്രസവം കഴിഞ്ഞ പെണ്ണിനെപ്പോലെ, പേശികൾ നുറുങ്ങിയതറിയാതെ, ആനന്ദലഹരിയിൽ സ്വയം മറന്ന് വള്ളം തുഴഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോയിട്ടുള്ളത് !! തുഴയിലെ പിടി അയയുന്നതുപോലെ എൻ്റെ കൈ അയഞ്ഞപ്പോൾ, ഉള്ളംകൈയിലിരുന്ന വയറ്റുകണ്ണി കല്ലേമുട്ടി വെള്ളത്തിലേക്ക് ഊർന്നു വീണു !

എൻ്റെ വീട്ടുമുറ്റത്തടക്കം കുട്ടനാട്ടിലാകെ റോഡുകൾ വന്നിരിക്കുന്നു. പ്രസവത്തിന് വളരെ മുമ്പുതന്നെ അന്നാട്ടിലെ വയറ്റുകണ്ണികൾ സുരക്ഷിത കേന്ദ്രങ്ങളിൽ ഇന്ന് പ്രസവത്തിനെത്തുന്നു. പക്ഷേ, ചാലക്കുടിപ്പുഴയിലെ വയറ്റുകണ്ണികളുടെ ഈറ്റില്ലത്തിലേക്കുള്ള നീർച്ചാൽ വഴികൾ, താളംതെറ്റിയ ഇടവപ്പാതിയും തുലാമഴയും എന്നേക്കുമായി അടച്ചുകളഞ്ഞു. അവരിന്ന്, പഴയപോലെ ആദ്യ മഴയിൽ ബീജസങ്കലനം നടത്താനും, ഉൾത്തടങ്ങളിലേക്ക് പെരുമഴവെള്ളത്തിൽ ഇരമ്പിയെത്താനും മറന്നുപോയിരിക്കുന്നു. അങ്ങനെ സാവധാനം IUCN ൻ്റെ വംശനാശ ഭീഷണിയുടെ ചുവപ്പൻ പട്ടികയിലൂടെ (Red list) ഞെഴു മീനുകൾ ചരിത്രത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു !!

ഊത്തപിടുത്തം അന്ന് നിരോധിച്ചിരുന്നില്ല എന്നാണ് ഓർമ. ഞങ്ങൾ ജീപ്പിൽ മടങ്ങുമ്പോഴും ഗോപാലൻ കല്ലേമുട്ടിക്കു പിന്നാലെ ഓടിക്കൊണ്ടിരുന്നു…

പി കെ സുരേന്ദ്രനാഥനാശാരി IFS ( Rtd .)
മുൻ മുഖ്യ വനപാലകൻ

ആകെ ഒരാശ്വാസം, നിധി കാക്കുന്ന ഭൂതത്തെപ്പോലെ കുറച്ച് സർക്കാർ വനഭൂമിയും കുറച്ചു വന്യമൃഗങ്ങളെയും സംരക്ഷിക്കുന്ന വകുപ്പ് എന്നതിനപ്പുറം പ്രവർത്തിക്കാൻ വനം വകുപ്പിന് കഴിയുന്നുണ്ട് എന്നതാണ്. ചാലക്കുടി പുഴയുടെ സ്വന്തം ഞെഴുവിനെ ശാസ്ത്രലോകം തിരിച്ചറിഞ്ഞതും അങ്ങനെയാണ്. അത്തരം പഠന- ഗവേഷണങ്ങൾക്ക് ചരിത്രപരമായ തീരുമാനങ്ങളെടുത്ത വനം വകുപ്പ് തലവന്മാരിൽ അഗ്രഗണ്യനായ, എന്നോട് ഒരുപാട് വാത്സല്യം പുലർത്തിയിരുന്ന, മുൻ PCCF, അന്തരിച്ച ശ്രീ. പി. കെ സുരേന്ദ്രനാഥൻ ആശാരിയുടെ പേരാണ് ഞെഴു മത്സ്യത്തിന് ശാസ്ത്ര സമൂഹം ചാർത്തിക്കൊടുത്തത് – Garra surendranathanii

കുട്ടനാട്ടിൽ ജനിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. വനം വകുപ്പിൽ ഫീൽഡ് ഓഫീസറായിരുന്നു. 2021 ൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ തസ്തികയിൽനിന്ന് വിരമിച്ചു. വകുപ്പിൻ്റെ അരണ്യം മാസികയുടെ അസി. എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. നിരവധി ലേഖനങ്ങളും ഡോക്യുമെൻ്ററികളും പത്ര - ദൃശ്യമാധ്യമങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 'ആരണ്യകം' എന്ന പേരിൽ വനം പരിസ്ഥിതി വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട്.