കാട് കാതിൽ പറഞ്ഞത് – 18

സർപ്പസൗന്ദര്യലഹരി

തിരുവനന്തപുരത്തു നിന്നും അതിരപ്പിള്ളിയിലേക്കുള്ള ഒരു കാർ യാത്രയാണ്. കൂടെ എൻ്റെ പ്രിയ സുഹൃത്തും വനം വകുപ്പ് ജീവനക്കാരനുമായ വള്ളക്കടവ് റഷീദും വാവ സുരേഷുമുണ്ട്. നിരവധി സീരിയൽ കഥകളും ഗാനങ്ങളുമൊക്കെ എഴുതുന്ന സഹൃദയനായിരുന്ന റഷീദ് ഇന്ന് ജീവിച്ചിരിപ്പില്ല. വാവയുമായി ഉറ്റ സൗഹൃദം. ഞാൻ ജോലി ചെയ്തിടത്തൊക്കെ രണ്ടുപേരും വന്നിട്ടുണ്ട്. ഇക്കുറി ഒരുചാക്ക് പാമ്പുകളുമായാണ് ഞങ്ങളുടെ യാത്ര.

ഇടക്ക് വാവ പറഞ്ഞു. “അതിലൊന്ന് സ്വർണ്ണ നാഗമാണ് സാർ. അദ്ദേഹത്തിന് നല്ല നിറമുണ്ട് !”.

പിന്നീടങ്ങോട്ട് എൻ്റെ സംഭാഷണത്തിൻ്റെ ഒഴുക്ക് മുറിയുന്നതുകണ്ട് റഷീദ് ഇടപ്പെട്ടു.

“എന്തുപറ്റി ? വർത്താനത്തിൻ്റെ ഫ്ലോ പോയല്ലോ ?”

പിടിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടപ്പോൾ ഞാൻ കാര്യം പറഞ്ഞു. ” സ്വർണ്ണ നാഗത്തെ കാണണം !”

ചാക്കിൽ കുറെയേറെ പാമ്പുകളുണ്ട്. അതിലൊന്നിനെ റോഡിൽവെച്ച് പുറത്തെടുക്കുക ദുഷ്ക്കരമാണ് എന്നറിയാം. വാവ സുരേഷ് പുറത്തിറങ്ങിയാൽത്തന്നെ ആളുകൂടും എന്നും എന്നുറപ്പാണ്. എന്നാലും 5-6 മണിക്കൂർ കഴിയും വരെ കാത്തിരിക്കാൻ എനിക്ക് വയ്യ. അതാണ് സർപ്പസൗന്ദര്യത്തിൻ്റെ വശീകരണ ശക്തി !

സർപ്പസൗന്ദര്യം ! എന്തൊരുവാക്കാണത് !!

ആദ്യമൊക്കെ അതിനുമുന്നിൽ അമ്പരന്നുനിന്നിട്ടുണ്ട്. ക്ലിയോപാട്രയുടെ ജീവിതം വായ്ച്ചറിഞ്ഞപ്പോഴാണ് അമ്പരപ്പ് ആരാധനയായി മാറിയത്. മാസിഡോണിയൻ മാദക സുന്ദരി. ഈജിപ്തിൻ്റെ മഹാറാണി. യവനദേവതകൾ തോൽക്കുന്ന തെറിച്ച യൗവ്വനം ഫണം വിടർത്തിയ ആ ഉടലഴകിൻ്റെ ദംശനമേറ്റ് എത്രയെത്ര ചക്രവത്തിമാർ ഉന്മാദലഹരിയിലേക്ക് അഗ്‌നിശലഭങ്ങളായി ഉരുകിവീണു ! അവരൊന്നും മരിച്ചു പോവുകയല്ല ചെയ്തത്. രതിനിർവ്വാണമടയുകയായിരുന്നു !!

ഫ്രഞ്ചുകാർ വെടിവച്ചു കൊന്ന ഡച്ച് ചാര നർത്തകി മതാ ഹാരിയെ വായ്ക്കുമ്പോഴും സ്വർണ്ണ നാഗം ചിന്തയിൽ ഫണം വിടർത്തിയാടി. പാമ്പ് ഉറയൂരുമ്പോലെ ഉന്മത്ത രതിദംശനങ്ങളേറ്റ് സ്വന്തം ഉടലൂരിയെറിയാൻ പോലും പൗരുഷങ്ങളെ പ്രേരിപ്പിക്കുന്ന അഴക് ! വാജീകരണത്തിൻ്റെ വിഷചഷകം അറിഞ്ഞുകൊണ്ട് മോന്തിക്കുടിക്കുന്ന പുരുഷ കേസരികൾ ! അവർക്കായി മരണം ചുരത്തുന്ന മാദക സൗന്ദര്യം !! അതിൻ്റെ മലയാളം പേരാണ് സർപ്പസൗന്ദര്യം എന്നത്.

കാർ എൻ്റെ വീട്ടിലേക്ക് വഴിതിരിച്ചുവിട്ടു. മുറ്റത്ത് ചാക്കിറക്കിവെച്ചു. സുരേഷ് ചാക്കിൽ കൈയിട്ടു. ഒരുഗ്രൻ മൂർഖൻ പാമ്പിനെ പുറത്തെടുത്തു. ഉജ്വലിക്കുന്ന മഞ്ഞനിറം. തല കണ്ടില്ലെങ്കിൽ മഞ്ഞച്ചേരയാണ് എന്ന് ആരും തെറ്റിധരിക്കും. തറയിൽ വിട്ടപ്പോൾ അത് ഫണം വിടത്തി നിന്നുതന്നു. ജൂലിയസ് സീസറിനു മുന്നിൽ മുട്ടുകുത്തിനിന്ന് ” ഞാൻ ഈജീപ്തിൻ്റെ റാണി, ഈ ഉടൽ അങ്ങേക്കുള്ളതാണ് ” എന്നു മന്ത്രിച്ച ക്ലിയോപാട്രയെപ്പോലെ അത് ശീൽക്കാരം കൊണ്ട് സംസാരിച്ചു. ശക്തമായ ശീൽക്കാരം പുറപ്പെടുവിക്കുമ്പോൾ അതിൻ്റെ വെള്ളിനെഞ്ച് ഉയരുകയും മർന്നു താഴുകയും ചെയ്തു. ചെറുപ്പത്തിൽ വിട്ടുമുറ്റത്ത്, ഭസ്മം വിതറിയ പിത്തളത്തളികയിൽ നാടോടികൾ കൊണ്ടുവന്നിരുന്ന നാഗദൈവങ്ങൾക്ക് മാത്രമേ ഇത്രക്ക് സ്വർണ്ണ നിറം കണ്ടിരുന്നുള്ളൂ.

പാമ്പുകളെപ്പോലെ മനുഷ്യ വിചാരങ്ങളിൽ വേഷപ്പകർച്ചകൾ ലഭിച്ച ഒരു ജീവിയും ഭൂമിയിലില്ല. മരണഭയം മുതൽ അമരത്വം വരെയും അഴകുമുതൽ അറപ്പു വരെയുമായി പാമ്പുകൾ വ്യാഖ്യാനിക്കപ്പെട്ടു. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും അതിനെ പരാമർശിച്ചു. ഉടൽ പിണയുന്ന പ്രണയ മുഹൂർത്തങ്ങളെ ചിത്രീകരിക്കാൻ കവികളും സിനിമക്കാരും അതിനെ കടംകൊണ്ട്. കുണ്ഡലനിയായി, ജീവാന്മാവിൻ്റെ അടയാളമായിരുന്നു മിസ്റ്റിക്കുകൾക്ക് സർപ്പം. ചിലർക്കത് ശാപവും മരണവും സാത്താനുമായി. മറ്റുചിലർക്ക് ദൈവങ്ങളുടെ കൂട്ടുകാരായി.

അതിരപ്പിള്ളിയിൽ ഡെപ്യൂട്ടി റെയ്ഞ്ചറായി ചാർജ്ജെടുത്ത് അധികം കഴിയുംമുമ്പ് പ്ലാൻ്റേഷൻ കോർപ്പറേഷൻ ഓഫീസിൽ നിന്നും ഒരു ഫോൺ വിളിവന്നു. കിണറ്റിൽ ഒരു രാജവെമ്പാല. ചാലക്കുടിയിൽ നിന്നും രാജവെമ്പാലയെ പിടിച്ച് പരിചയമുള്ള ഒരാളെയും കൂട്ടി അവിടെ ചെന്നു. ഒരു നീളൻ മുളയും കുരുക്കു കയറും ഉപയോഗിച്ച് പാമ്പിനെ പുറത്തെടുക്കുമ്പോൾ വളരെ കുറച്ചുപേരേ കിണറിനു ചുറ്റും ഉണ്ടായിരുന്നുള്ളൂ. പാമ്പിനെ ചാക്കിലാക്കാൻ ഞാൻ തന്നെ പുളയുന്ന ഉടൽ പിടിച്ചുകൊടുക്കേണ്ടിവന്നു.

“കിണറ്റിലായിപ്പോയി, അല്ലെങ്കിൽ 5 മിനിറ്റിൽ തീർന്നേനേ ” എന്ന് ഒരാൾ സാക്ഷ്യം പറയുകയും ചെയ്തു. പാമ്പിനെ കാട്ടിൽ തുറന്നുവിട്ടശേഷം അന്വേഷിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. രാജവെമ്പാലകളുടെ ഒന്നാന്തരം ആവാസ ഇടമാണിത്. മാസത്തിൽ ഒരിക്കലെങ്കിലും ഏതെങ്കിലുമൊക്കെ ബ്ലോക്കുകളിൽ കക്ഷിയെ കാണാറുണ്ട്. തൊഴിലാളികൾ തല്ലിക്കൊല്ലാറുമുണ്ട്.

പിറ്റേന്നുതന്നെ പ്ലാൻ്റേഷൻ മാനേജർ സ്‌ന്തോഷ് സാറിനെ പോയി കണ്ടു. മറ്റു പാമ്പുകളെ ആഹാരമാക്കുന്ന രാജവെമ്പാലകൾ തോട്ടം തൊഴിലാളികളുടെ യഥാർത്ഥ സുഹൃത്തുക്കളാണ് എന്നും കൊല്ലരുത് എന്നും പറഞ്ഞു. ഷെഡ്യൂളും വംശനാശ ഭീഷണിയും ഒന്നും പറയാതെതന്നെ സൗമ്യനായ അദ്ദേഹത്തിന് കാര്യം പിടികിട്ടി. പക്ഷേ സാധാരണക്കാരായ ടാപ്പിങ്ങ് തൊഴിലാളികൾക്ക് സംഗതി ബോധ്യപ്പെടണമല്ലോ. അതുവരെ പാമ്പിനെ കൊല്ലുന്നവർക്ക് ഒരു ദിവസത്തെ കൂലി അധികമായി കിട്ടിയിരുന്നു എന്നതിനാൽ ആ വിരുതന്മാരും തടസ്സവാദം പറയും. അതുകൊണ്ട് തോട്ടത്തിൻ്റെ ബ്ലോക്ക് തലത്തിൽ മൂന്നിടങ്ങളിൽ തൊഴിലാളികളുടെ യോഗം വിളിക്കാം എന്നും അവർക്ക് ഒരു അവബോധനം നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ആ അവബോധനത്തിനാണ് സ്വർണ്ണനാഗവും കൂട്ടുകാരും ഞങ്ങൾക്കൊപ്പം അതിരപ്പിള്ളിക്ക് വരുന്നത്.

വാവ സുരേഷ് വലിയ ജനകൂട്ടത്തെ ആകർഷിച്ചു. തൊഴിലാളികൾക്കൊപ്പം അവരുടെ കുടുംബവും നാട്ടുകാരുമൊക്കെ വന്നിരുന്നു. കാടുകയറരുത് എന്ന് നിർദ്ദേശിച്ചിട്ടും വാവ കത്തിക്കയറി. ചേരയേയും പെരുമ്പാമ്പിനെയും നാട്ടുകാർ തൊട്ടുനോക്കി. പലതരം വിഷപ്പാമ്പുകൾ ചാക്കിൽനിന്ന് പുറത്തുവന്നു. ഫണം വിരിച്ച മൂർഖനെ സുരേഷ് ഉമ്മവെച്ചു. പേനത്തുമ്പിൽ മൂർഖൻ്റെ വിഷമെടുത്ത് സുരേഷ് നക്കിക്കുടിച്ചു. മുറിഞ്ഞു പോയ സ്വന്തംവിരലും ശരീരത്തിലെ വടുക്കലകളും കാട്ടി സർപ്പദംശന കഥകൾ പറഞ്ഞു. അദ്ദേഹത്തിൻ്റെ കയ്യിലിരുന്ന മഞ്ഞനിറക്കാരനും ജനക്കൂട്ടവും അന്തംവിട്ട് കുന്തംവിഴുങ്ങി അതെല്ലാം കേട്ടിരുന്നു. കൂറ്റൻ റബ്ബർ മരങ്ങളുടെ കൊമ്പുകൾ മൂർഖൻ പാമ്പുകളെ അനുകരിച്ച് ഫണം ചലിപ്പിച്ച് പഠിച്ചു. അദ്ദേഹത്തിൻ്റെ ആ പ്രകടനം കാണുമ്പോൾ എൻ്റെ മനസ്സിൽ സംശയത്തിൻ്റെ ഒരു ഫണിനാഗം തലയുയർത്തി ! ഇദ്ദേഹവും സർപ്പസൗന്ദര്യത്തിൻ്റെ വശീകരണത്തിൽ വീണുപോയവനല്ലേ ? ഒരു തരം സർപ്പസൗന്ദര്യ ലഹരി !

അത്ഭുതകരമായിരുന്നു രണ്ടുദിവസത്തെ ആ ക്ലാസിൻ്റെ റിസൾട്ട്. പിന്നീട് പലപ്പോഴും ടാപ്പിങ്ങ് തൊഴിലാളികൾ എൻ്റെ ജീപ്പിന് കൈകാണിച്ച്, ഞങ്ങളുടെ ബ്ലോക്കിൽ ഒരു രാജവെമ്പാലയെ കണ്ടു എന്ന് സന്തോഷത്തോടെ പറഞ്ഞു ! കേരളത്തിലെ സാധാരണക്കാരായ മനുഷ്യരിലേക്ക്, തച്ചുകൊല്ലപ്പെടേണ്ടവയല്ല പാമ്പുകൾ എന്ന അവബോധം എത്ര വേഗത്തിൽ, എത്ര ആഴത്തിൽ എത്തിക്കുന്നതിന് വാവ സുരേഷിന് കഴിയുന്നു എന്നതിൻ്റെ സാക്ഷ്യമായിരുന്നു ആ പ്രതികരണങ്ങൾ !

മനുഷ്യ-വന്യജീവി സംഘർഷത്തെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളുടെ നാടാണ് നമ്മുടേത്. അത് വന പാർശ്വങ്ങളിൽ ചില അരാജക പ്രസ്ഥാനങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ വർഷവും നൂറോളം മനുഷ്യർ ഇങ്ങനെ കൊല്ലപ്പെടുന്നുണ്ട് എന്നത് സത്യമാണ്. എന്നാലതിൽ മുക്കാൽപങ്കും പാമ്പുകടിയേറ്റാണ് എന്നത് പലപ്പോഴും മറച്ചുവെക്കപ്പെടുകയാണ്. മാലിന്യ നിർമ്മാജനത്തിലെ നമ്മുടെ അലംഭാവംമൂലം എലികൾ പെരുകുന്നതും പാമ്പ് കടിക്ക് കാരണമാണ് എന്നത് ആരും ചർച്ച ചെയ്യാറില്ല. എങ്കിലും നവസാമൂഹ്യ മാധ്യമങ്ങൾ, രോഗകാരണങ്ങളെ പറയാതെ വാവ സുരേഷ് എന്ന നാട്ടുചികിത്സകനെക്കുറിച്ച് നന്നായി പറയുന്നുണ്ട്.

വനസേവന കാലത്തിൽ പലപ്പോഴും പാമ്പുകളെ പിടിക്കേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ചും പമ്പയിൽ വെച്ച്. രാജവെമ്പാലകളാണെങ്കിൽ പരിചയ സമ്പന്നരെ വിളിക്കും. അതിരപ്പിള്ളിയിലൊഴികെ എല്ലായിടത്തും സുരേഷിനെത്തന്നെ വിളിച്ചാണ് അവയെ പിടിച്ചത്. കാടിനെക്കുറിച്ചുള്ള എൻ്റെ ഈ കുറിപ്പുകൾക്ക് പ്രേരണ തന്ന പ്രിയ സുഹൃത്ത് കെ.കെ സുനിൽ കുമാറിൻ്റെ നാടായ കോഴിക്കോട് വരെ കാറിൽ പാമ്പുകളുമായി പോയി നിരവധി അവബോധന പരിപാടികൾ ഞങ്ങൾ നടത്തിയിട്ടുണ്ട്. പെരുമഴയത്തു പോലും വാവ സുരേഷിൻ്റെ പ്രകടനം കാണാൻ കടന്നൽക്കൂട് ഇളകിയതുപോലെ തടിച്ചു കൂടിയ ആയിരങ്ങൾ എന്നെ അത്ഭുതപ്പെടുത്തി.

പാമ്പുകളോടുള്ള നമ്മുടെ നോട്ടം സവിശേഷമാണ്. നാഗക്കാവുകളും കളമെഴുത്തും പുളേളാൻ പാട്ടും മുടിയാട്ടവും ഒക്കെയായി അത് പ്രകൃതിയിലേക്കും ചിത്രരചനയിലേക്കും സംഗീതത്തിലേക്കും നാട്യകലയിലേക്കും ഒക്കെ ഇഴഞ്ഞുകയറുന്നുണ്ട്. കുണ്ഡലിപ്പാട്ടിലൂടെ നാരായണ ഗുരുവിൻ്റെ ആധ്യാത്മിക സാഹിത്യത്തിലേക്കും മിസ്റ്റിക്ക് ബിംബങ്ങളായി നാഗങ്ങൾ കടന്നുകയറുന്നുണ്ട്.

ഭാരതത്തിൻ്റെ മണ്ണും മനുഷ്യരും വേദകാലം മുതലേ പാമ്പുകളെ ചേർത്തുപിടിച്ചിട്ടുണ്ട്. കാർഷിക ഭാരതത്തെയും ആധ്യാത്മിക ഭാരതത്തെയും ഒരേപോലെ സഹായിച്ച്, മറ്റ് ജീവരാശികൾക്കൊപ്പം അവയും ഇവിടെ ജീവിച്ചു. യോഗയിലെ പ്രധാനപ്പെട്ട ഒരാസനമാണ് ഭുജങ്കാസനം. രാജ്യത്തിൻ്റെ പല കോണിലും പാമ്പുപിടുത്തക്കാരുടെ വ്യത്യസ്ത ജാതികൾ തന്നെയുണ്ട്. യഥാർത്ഥത്തിൽ, തൻ്റെ പിതാവ് പരീക്ഷിത്ത് പാമ്പുകടിയേറ്റ് മരിച്ചതിൽ കോപാക്രാന്തനായ ജനമേജയ മഹാരാജാവ് പാമ്പുകളെ മുച്ചൂടും മുടിപ്പിക്കാൻ നടത്തുന്ന സർപ്പസത്ര വേദിയിലാണ് ‘അഹിംസ പരമോത് ധർമ്മ’ എന്ന സന്ദേശവുമായി മഹാഭാരതം അവതരിക്കപ്പെടുന്നത് തന്നെ !

അതൊക്കെ പഴയ കഥ. ഇന്ത്യയെ ചൂഷണം ചെയ്ത് തടിച്ചു കൊഴുക്കാൻ വിദേശികൾ എത്തുമ്പോൾ, പാമ്പുകളുടെയും പാമ്പാട്ടികളുടെയും നാട് എന്നാണ് അവർ നമ്മെ പരിഹസിച്ചത്. ആ അപമാനം പോലും ഒരലങ്കാരമാണ് എന്ന് ധരിച്ച കറുത്ത സായപ്പന്മാരും നമുക്കിടയിൽ ഉണ്ടായിരുന്നു. 1962 ൽ അമേരിക്കൻ പ്രധമ വനിത ജാക്വിലിൻ കെന്നഡി ഇന്ത്യയിലെത്തിയപ്പോൾ പ്രധാനമന്ത്രി നെഹ്രു, സ്വന്തം വസതിയിൽ അവർക്കായി ഒരു പാമ്പാട്ടിയെ കൊണ്ടുവന്ന് പ്രകടനം നടത്തിച്ചു. ജാക്വിലിന് പെരുത്ത സന്തോഷമായി. തുടർന്ന് ആ പാമ്പിൻ്റെ മുന്നിലേക്ക് ഒരു കീരിയെ തുറന്നുവിട്ടു. പാമ്പും കീരിയും തമ്മിലുള്ള മരണപ്പോരാട്ടം കണ്ട് ഭയന്ന് അവർ വിടർത്തിപ്പിടിച്ച പ്രധാനമന്ത്രിയുടെ കൈകളിൽ അഭയം പ്രാപിച്ചു. നെഹ്രുവിൻ്റെ അന്നത്തെ ആ ബ്ലാക്ക് ആൻ്റ് വൈറ്റ് ചിരിയിൽ നമുക്കിന്നും അത് വായിച്ചെടുക്കാൻ പറ്റും – സർപ്പസൗന്ദര്യ ലഹരി !

( ഫോട്ടോ കടപ്പാട് : സോഷ്യൽ മീഡിയ & ഓൺലൈൻ )

പിന്നീടിങ്ങോട്ട് എത്രയോ കാലമായി, കാട്ടിൽ കരിമ്പാറയിൽ നിന്നും ചില്ലുപോലത്തെ തെളിനീരൊഴുക്കുകൾ പിറക്കുന്നത് കാണുമ്പോഴൊക്കെ എനിക്ക് ഇന്ത്യൻ വന്യജീവി സംരക്ഷണത്തിൻ്റെ മാതാവായ ഇന്ദിരാഗാന്ധിയെ ഓർമവരും ! നെഹ്രുവിൻ്റെ ആ ചിരിയും !!

കേരളത്തിൻ്റെ സ്നേക്ക് മാൻ വാവ സുരേഷ് ആണെങ്കിലും ഭാരതത്തിൻ്റെ സ്നേക്ക് മാൻ റോമുലസ് വിറ്റേക്കറാണ്. മലയാളികൾ വേണ്ട വിധം മനസ്സിലാക്കിയിട്ടില്ലാത്ത മഹാ പ്രതിഭ. ഉരഗ സംരക്ഷണ രംഗത്തെ ഈ അതികായനെ പത്മശ്രീ നൽകി രാജ്യം ആദരിക്കുമ്പോഴാണ് വാവ സുരേഷിൻ്റെ സുഹൃത്തും അഭ്യുദയകാംഷിയും എന്ന നിലയിൽ ഞാൻ വിറ്റേക്കറെ അറിയാൻ ശ്രമിച്ചത്.

അമേരിക്കൻ ദമ്പതികളുടെ മകനായ വിറ്റേക്കർ 8-ാം വയസ്സിൽ ഇന്ത്യയിലെത്തി. അമേരിക്കൻ പൗരത്വം ഉള്ളതിനാൽ അവരുടെ സൈന്യത്തിൽ ചേർന്നു. അധികം വൈകാതെ സർപ്പ സംരക്ഷകനായ ബിൽ ഹാസ്റ്റിൻ്റെ സർപ്പസദനത്തിൽ( Serpentine) അപ്രൻ്റീസായി ചേർന്നു.

എഴുപതുകളിൽ ഫ്ളോറിഡയിലെ അത്ഭുതമായിരുന്നു ഹാസ്റ്റിൻ്റെ പാമ്പ് പരിരക്ഷണ കേന്ദ്രം. ലോകത്തിൻ്റെ എല്ലാ ഭാഗത്തുനിന്നുമുള്ള പാമ്പുകളെ അദ്ദേഹം പരിപാലിച്ച് പ്രദർശിപ്പിച്ചു. അതിൻ്റെ വിഷം കാഴ്ച്ചക്കാർക്ക് മുന്നിൽ ശേഖരിച്ച് പ്രതിവിഷം നിർമ്മിക്കാൻ നൽകി. ജനക്കൂട്ടത്തെയും ക്യാമറാക്കണ്ണുകളെയും കാണുമ്പോൾ അജ്ഞാതമായ ഒരു ഉന്മാദലഹരിയിലേക്ക് അദ്ദേഹം വഴുതിവീണു – സർപ്പസൗന്ദര്യലഹരി ! അങ്ങനെ രാജവെമ്പാലയും ഗ്രീൻ മാമയും അടക്കമുള്ള പാമ്പുകളുടെ 174 കടി ഹാസ്റ്റിന് ഏറ്റു. ഏറ്റവും അധികം സർപ്പദംശനങ്ങളെ അതിജീവിച്ചതിനുള്ള ഗിന്നസ് ബുക്ക് ലോക റിക്കോഡ് അദ്ദേഹത്തിന് നൽകാൻ തീരുമാനമായി. പക്ഷേ പാമ്പിൻ്റെ കടി തൻ്റെ പിടിപ്പുകേടിൻ്റെയോ അശ്രദ്ധയുടെയോ ഫലമാണ് എന്നുതിരിച്ചറിഞ്ഞ ഹാസ്റ്റ് ആ ബഹുമതി നിഷേധിച്ചു. വിഷം ശേഖരിക്കൽ പോരാഞ്ഞ്, പാമ്പിൻ വിഷം കുറഞ്ഞ ഡോസിൽ നിന്നും വർദ്ധിപ്പിച്ച് സ്വന്തം ശരീരത്തിൽ കുത്തിവെച്ച് അദ്ദേഹം പ്രതിരോധം നേടി. പലപ്പോഴും പാമ്പുകടിയേറ്റവർക്ക് പ്രതിവിഷം കിട്ടാത്ത അവസരങ്ങളിൽ സ്വന്തം രക്തം നൽകി രോഗികളെ രക്ഷിച്ചു ! (ഇത് ശാസ്ത്രീയമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്) എന്തായാലും പ്രശസ്തി കൊണ്ട് അമേരിക്കയിലെ വാവ സുരേഷായിരുന്നു ബിൽ ഹാസ്റ്റ്. അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച അനുഭവ പാരമ്പര്യവുമായി റോമുലസ് വിറ്റേക്കർ ഇന്ത്യയിലെത്തിയ വർഷമാണ് നമ്മുടെ വാവ സുരേഷ് ജനിക്കുന്നത്.

ബിൽ ഫാസ്റ്റ് രാജവെമ്പാലയുമായി ( ഫോട്ടോ കടപ്പാട് : സോഷ്യൽ മീഡിയ & ഓൺലൈൻ )

ഡോ. സാലിം അലി, സഫേർ ഫത്തേഹള്ളി എന്നിവരുമായിച്ചേർന്ന് സൈലൻ്റ് വാലിയിലെ ജൈവവൈവിധ്യ വിസ്മയത്തെ ആദ്യം ലോകത്തോട് പറഞ്ഞുതന്നവരിൽ യുവാവായ വിറ്റേക്കറും ഉണ്ടായിരുന്നു. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിൻ്റെ തുടർച്ചയായി, പാമ്പുപിടുത്തം എന്ന കുലത്തൊഴിൽ നഷ്ടപ്പെട്ട തമിഴ് നാട്ടിലെ ഇരുള ഗോത്രത്തിൻ്റെ സുസ്ഥിര അതിജീവനത്തിനായി മദ്രാസ് സ്നേക്ക് പാർക്ക് തുടങ്ങിയതു മുതൽ ജീവിച്ചിരിക്കുന്ന ആ ഇതിഹാസം എത്രയോ തവണ രാജ്യത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചെന്നൈയിലെ ക്രോക്കഡൈൽ ബാങ്ക് ട്രസ്റ്റിലൂടെ, അഗുമ്പയിലെ മഴക്കാട് ഗവേഷണ സ്ഥാപനത്തിലൂടെ, വംശനാശത്തിൻ്റെ വക്കിലെത്തിയ ചമ്പൽ മുതലകളുടെ സംരക്ഷണ ശ്രമങ്ങളിലൂടെ അദ്ദേഹം രാജ്യത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുന്നു. കർണ്ണാടകയിൽ ഷിമോഗക്കടുത്ത് അഗുമ്പയിൽ വെച്ച് ‘രാജാവും ഞാനും ‘ എന്ന പേരിൽ 1996-ൽ രാജവെമ്പാലയെ കുറിച്ച് എടുത്ത സ്തംഭിപ്പിക്കുന്ന ഡോക്യുമെൻ്ററി അദ്ദേഹത്തെ ആഗോള പ്രശ്സ്തനാക്കുകയും യമ്മി അവാർഡ് നേടിക്കൊടുക്കുകയും ചെയ്തു. അത് അംഗീകാരങ്ങളുടെ ഒരു പെരുമഴത്തുടക്കം മാത്രമായിരുന്നു. ഇന്ന് ലോക പരിസ്ഥിതി വേദികൾ കാതോർക്കുന്ന ശബ്ദമാണ് റോമുലസ് വിറ്റേക്കർ.

Snake Man of India : റോമുലസ് വിറ്റേക്കർ ( ഫോട്ടോ കടപ്പാട് : സോഷ്യൽ മീഡിയ & ഓൺലൈൻ )

അപകട രഹിതമായി പാമ്പുകളെ രക്ഷിച്ച് അവയുടെ വിഷം ശേഖരിച്ച ശേഷം വന്യതയിൽ തുറന്നു വിടുന്ന ഇരുള ഗോത്രക്കാരുടെ സഹകരണ സംഘം ( The Irrula Snake Catchers Industrial Cooperative Society) ഇദ്ദേഹത്തിൻ്റെ മേൽനോട്ടത്തിലാണ് 1974-ൽ ആരംഭിച്ചത്. ഇന്ന് ആ ഗോത്രത്തെയും പാമ്പുകളെയും മാത്രമല്ല, പാമ്പുകടിയേറ്റ പതിനായിരങ്ങളെയും പ്രതിവിഷം നൽകി രക്ഷിക്കുന്ന സ്ഥാപനമാണിത്. ഇവിടുത്തെ പാമ്പുപിടുത്തക്കാരും വിറ്റേക്കർ സാറിൻ്റെ ആദ്യകാല ശിഷ്യന്മാരുമായ വടിവേൽ ഗോപാലനും മാസി സദയ്യനും 2023 -ലെ സാമൂഹ്യ സേവനത്തിനുള്ള പത്മശ്രീ ലഭിക്കുമ്പോൾ അതും റോമിലസ് വിറ്റേക്കർക്ക് രാജ്യം നൽകുന്ന ഗുരുദക്ഷിണയാണ്.

പത്രങ്ങളും ടെലിവിഷനും സാമൂഹ്യ മാധ്യമങ്ങളും വഴി, വാവ സുരേഷ് നടത്തുന്ന സർപ്പ സംരക്ഷണ ശ്രമങ്ങൾ വലിയ രീതിയിലാണ് ജനങ്ങളെ സ്വാധീനിച്ചത്. അവർ പാമ്പുകളെ തല്ലിക്കൊല്ലുന്നത് നിർത്തി വനം വകുപ്പ് ഓഫീസുകളിലേക്ക് ഫോൺ വിളിച്ചുതുടങ്ങി. പരിശീലനം നേടിയ പാമ്പ് പിടുത്തക്കാരുടെ എണ്ണക്കുറവ് ശരിക്കും വകുപ്പിനെ വട്ടംകറിക്കി. കേരളത്തിൻ്റെ തെക്കേ അറ്റത്ത് മൂന്നോ നാലോ ജില്ലകളിൽ മാത്രം സുരേഷിൻ്റെ സേവനം പരിമിതപ്പെടുമ്പോൾ മറ്റു ജില്ലകളിൽ പാമ്പിനും മനുഷ്യർക്കും അപകടം ഉണ്ടാകുന്ന വിധത്തിലും സാമ്പത്തിക ചൂഷണം നടക്കുന്ന രീതിയിലുമാണ് പലപ്പോഴും പാമ്പ് പിടുത്തം നടന്നത്. ഇതവസാനിപ്പിക്കുന്നതിന് സംസ്ഥാന വനം വകുപ്പിന് ഒരാളുടെ മാർഗ്ഗനിർദ്ദേശമേ തേടാനുണ്ടായിരുന്നുള്ളൂ. റോമുലസ് വിറ്റേക്കറുടെ ! അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരമാണ് സർപ്പ (Snake Awareness,Rescue and Protection app)എന്ന ആപ്പും സന്നദ്ധ പ്രവർത്തകർക്കുള്ള പാമ്പുപിടുത്ത പരിശീലനവും നമ്മുടെ സംസ്ഥാനത്ത് നടപ്പാക്കിയത്.

2020- ലാണ് സർപ്പ ആപ്പ് വനം വകുപ്പ് വികസിപ്പിക്കുന്നത്. സന്നദ്ധ പ്രവർത്തകർക്കും വകുപ്പ് ജീവനക്കാർക്കും അടിസ്ഥാന പരിശിലനവും വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള അനുമതിപത്രവും നൽകി 2021 മുതൽ പാമ്പുകളെ സുരക്ഷിതമായി പിടിച്ചു തുടങ്ങി. കൃത്യമായ രേഖപ്പെടുത്തലുകളോടെ 43,000-ൽ അധികം പാമ്പുകളെ ഇങ്ങനെ രക്ഷിച്ചു. 700 ൽ അധികം സന്നദ്ധ പ്രവർത്തകർ അർപ്പണ ബോധത്തോടെ അതിൽ പ്രവർത്തിക്കുന്നു. എവിടെ നിന്ന്, എപ്പോൾ, ഏതെല്ലാം തരം എന്നിങ്ങനെ, വനേതര മേഖലയിലെ പാമ്പുകളുടെ വിന്യാസത്തെക്കുറിച്ചുള്ള കൃത്യതയോടുകൂടിയ രക്ഷാപ്രവർത്തനം.

ഇതിനെ വാവ സുരേഷ് രൂക്ഷമായി വിമർശിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. സർപ്പ ആപ്പിൻ്റെ ആശയം കേരളത്തിന് സമ്മാനിച്ച ഭാരതത്തിൻ്റെ സ്നേക്ക് മാനെ കേരളത്തിൻ്റെ സ്നേക്ക് മാൻ കാണട്ടെ എന്ന ഒരാശയം എനിക്കുണ്ടായി. നമ്മുടെ നാട്ടിലെ സർപ്പ സംരക്ഷണ പ്രവർത്തനങ്ങൾക്ക് അത് വലിയ മുതൽക്കൂട്ടാകും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

അപ്പോഴേക്കും ഏറ്റവും അവസാനമുണ്ടായ ഗുരുതരമായ പാമ്പുകടിയേറ്റ് വാവ സുരേഷിന് ആശുപത്രിയിലായി. കോട്ടയത്ത് വളച്ചാക്കിൽ മൂർഖൻ പാമ്പിനെ ഇടാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ജീവൻ രക്ഷപെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം ഒരു ലോഡ്ജ് മുറിയൽ കഴിയുന്ന സുരേഷിനെ പല തവണ ഞാൻ ചെന്നുകണ്ടു. ഭാരതത്തിൻ്റെ സ്നേക്ക് മാൻ എങ്ങനെയാണ് ശാസ്ത്രലോകം ആദരിക്കുന്ന സർപ്പ സംരക്ഷകനായത് എന്ന് സംസാരിച്ചു. രാജവെമ്പാലയെകുറിച്ചുള്ള ഡോക്യുമെൻ്ററിക്കപ്പുറം അദ്ദേഹത്തെക്കുറിച്ച് വാവക്ക് ഒന്നുമറിയില്ല. നാടിനുവേണ്ടി ഇവർ ഒന്നിക്കണം എന്ന എൻ്റെ ആഗ്രഹത്തെക്കുറിച്ച് കഴിയുമ്പോലെ കാര്യങ്ങൾ പറഞ്ഞു. സർപ്പ ആപ്പ് വൻ വിജയമാണ്. അതിൽ സുരേഷും സഹകരിക്കണം. പൈപ്പും ബാഗും ഉപയോഗിച്ചുള്ള അവരുടെ രീതി ശാസ്ത്രീയമാണ്. വളച്ചാക്കും സിമൻ്റ്ചാക്കും മുളകു ചാക്കുമൊക്കെ പാമ്പിനെ പിടികൂടി ഇടാൻ ഉപയോഗിക്കുന്നത് ഒഴിവായേ മതിയാകൂ. ഒരറ്റം വളഞ്ഞ നീണ്ട കമ്പി ഉപയോഗിക്കുന്നതിനും സുരേഷ് എതിരാണ്. സ്നേഹം തോന്നില്ലത്രേ. അതിവിദഗ്ധനായതിനാൽ സുരേഷ് അത് ഉപയോഗിക്കണമെന്നില്ല. പക്ഷേ സംഗതി ലോകം അംഗീകരിച്ചതും പാമ്പിനും മനുഷ്യനും അപകടം കുറക്കുന്നതുമാണ്. അതിനെയും കണ്ണടച്ച് എതിർക്കരുത്. എന്നോടുള്ള പ്രത്യേക സ്നേഹംമൂലം (എന്നു ഞാൻ കരുതി) അതെല്ലാം അദ്ദേഹം സമ്മതിച്ചു.

റൂമൂലസ് വിറ്റേക്കർ സാർ എന്നെ അറിയില്ല. കോവിഡിന് ശേഷമുള്ള കാലമായതിനാൽ എൺപതുകാരനായ അദ്ദേഹം അഗുമ്പയിൽ ഒതുങ്ങിക്കഴിയുകയാണ്.സർപ്പ ആപ്പിൻ്റെ കോ-ഓർഡിനേറ്റർ മുഹമ്മദ് അൻവർ എന്ന മിടുക്കനായ ഓഫീസറാണ്. അദ്ദേഹവും വൈൽഡ് ലൈഫ് ട്രസ്റ്റിലെ ജോസ് ലൂയിസ് സാറും വിറ്റേക്കർ സാറുമായി ബന്ധപ്പെട്ടു. ”മല മുഹമ്മദിനെത്തേടി വരുന്നോ !” അദ്ദേഹം അത്ഭുതപ്പെട്ടു. ഹൃദയപൂർവം വാവ സുരേഷിനെ സ്വീകരിക്കാൻ അദ്ദേഹം സമ്മതിച്ചു ! ഒന്നുമാത്രം പറഞ്ഞു. “മൂന്ന്, നലുപേർ മാത്രംമതി. മാധ്യമങ്ങളും ഷൂട്ടിങ്ങും ഡെമോൺസ്ട്രേഷനും ഒന്നുംവേണ്ട. സുരേഷുമായി ധാരാളം സംസാരിച്ച് പിരിയാം.”

ആവേശത്തോടെയാണ് അത് ഞാൻ വാവ സുരേഷിനെ അറിയിച്ചത്. സുരേഷിൻ്റെ സൽപ്പേരും പ്രശസ്തിയും മനുഷ്യ- പാമ്പ് സംഘർഷം കുറക്കാൻ കേരള വനം വകുപ്പിന് ഉപയോഗിക്കാനാകണം. പാമ്പിൻ്റെ വിഷം കുടിച്ചു കാണിക്കൽ ( അത് കുറേ കാലമായി ചെയ്യാറില്ല), പിടിച്ച ശേഷമുള്ള സുദീർഘമായ പ്രദർശനം, പാമ്പിൻ്റെ പ്രായം പറയൽ, ആണോ പെണ്ണോ എന്ന പ്രഖ്യാപനം, ഇവയൊക്കെ അശാസ്ത്രീയവും വാസ്തവ വിരുദ്ധവുമായതിനാൽ സുരേഷ് അത് അവസാനിപ്പിക്കണം. പലയിടങ്ങളിലായി വന്യജീവി നിയമപ്രകാരം അദ്ദേഹത്തിൻ്റെ പേരിലുള്ള കേസുകൾ പിൻവലിക്കണം. അങ്ങനെ വാവ സുരേഷിനെ വനം വകുപ്പിൻ്റെ സർപ്പ സംരക്ഷണ ശ്രമങ്ങളുടെ ബ്രാൻ്റ് അംബാസിഡർ ആക്കണം – ഇതായിരുന്നു എൻ്റെ അതിമോഹം !

വാവ സുരേഷ് ( ഫോട്ടോ കടപ്പാട് : സോഷ്യൽ മീഡിയ & ഓൺലൈൻ )

കാര്യങ്ങളുടെ പുരോഗതി വനം വകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരായ ഡോ. പുകഴേന്തി സാറിനെയും ശ്രീ. പ്രമോദ് ജി കൃഷ്ണൻ സാറിനെയും ധരിപ്പിച്ചു. അവർ സന്തോഷപൂർവ്വം എൻ്റെ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു.

വനം ആസ്ഥാനത്തേക്കുള്ള എൻ്റെ അടുത്ത യാത്ര വാവ സുരേഷിനൊപ്പം ആയിരുന്നു. രണ്ട് ഓഫീസർമാരും ഉത്സാഹത്തോടെ ഞങ്ങളെ സ്വീകരിച്ചു. പ്രകടനപരതയില്ലാത്ത ശാസ്ത്രീയ സമീപനം വാവ സുരേഷ് സ്വീകരിച്ചാൽ നാടിന് വലിയ ഗുണമുണ്ടാകുമെന്നും വനം വകുപ്പിന് ഒന്നിച്ചു പ്രവർത്തിക്കാൻ സന്തോഷമേയുള്ളൂ എന്നും അവർ പറഞ്ഞു. വാവ സുരേഷ് സർപ്പ ആപ്പിലെ സന്നദ്ധ പ്രവർത്തകനാകാൻ നിശ്ചിത അപേക്ഷ പൂരിപ്പിച്ച് നൽകി. പുകഴേന്തി സാറാണ് അത് ഏറ്റുവാങ്ങിയത്.

നാല് ദിവസം കഴിഞ്ഞു. വീണ്ടും ശങ്കരൻ തെങ്ങേലെന്ന് ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് സോഷ്യൽ മീഡിയ നോക്കി. വനം വകുപ്പിനെ അടിമുടി വിമർശിച്ചു കൊണ്ട് അദ്ദേഹത്തിൻ്റെ രൂക്ഷമായ അഭിമുഖം വന്നിരിക്കുന്നു ! ഒരു റിട്ടയർ ചെയ്ത ഉദ്യോഗസ്ഥൻ വഴി സ്വാധീനിക്കാൻ ശ്രമിച്ചു എന്നുമുണ്ട് ! മുഖത്തും ഭാവത്തിലും സർപ്പസൗന്ദര്യ ലഹരി!!

ഇത്രയുമൊക്കെ ആയിട്ടും ഞാൻ ശ്രമം ഉപേക്ഷിക്ഷിച്ചില്ല. റോമുലസ് വിറ്റേക്കറെ കാണാൻ നിശ്ചയിച്ച ദിവസമടുത്തിരുന്നു. സുരേഷിനെ നിരന്തരം ഫോൺ വിളിച്ചു. രണ്ട് നമ്പരിലും. പ്രതികരിക്കുന്നില്ല എന്ന് കണ്ടപ്പോൾ നേരിൽ കാണാൻ പോയി. മൂന്നാമത്തെ പ്രാവശ്യമാണ് കാണാനായത്. വകുപ്പിനെതിരെ രൂക്ഷമായി സംസാരിച്ചതിൻ്റെ ഭാവമൊന്നുമില്ല സുരേഷിൻ്റെ മുഖത്ത്. വിറ്റേക്കറെ പോയിക്കാണാൻ അദ്ദേഹം റെഡിയാത്രേ. പക്ഷേ ക്രൂ കൂടെയുണ്ടാകും.! വണ്ടിയും സന്നാഹിങ്ങളുമൊക്കെയായി 10 പേരെങ്കിലും ഉണ്ടാകും !! ഞാൻ അന്തംവിട്ടിരുന്നു.

അദ്ദേഹം ഒരു ചനലിൽ അവതരിപ്പിക്കുന്ന പരിപാടിയുടെ സംവിധായകനും ക്യാമറാമാനും മറ്റ് പരിവാരങ്ങളും ആണ് ഈ ക്രൂ. മലയാളം TV ചാനൽ വ്യൂവർഷിപ്പിൽ പത്തിനും താഴെയാണ് ആ ചാനലിൻ്റെ റേറ്റിങ്ങ്. പക്ഷേ അവരുടെ ഏറ്റവും പോപ്പുലറായ പരിപാടി വാവ സുരേഷിൻ്റേതാണ്. വിറ്റേക്കർ സാർ പറഞ്ഞ കാര്യങ്ങൾ ഒരിക്കൽക്കൂടി ഓർമിപ്പിച്ചു. കൂടുതൽ ആളും ഷൂട്ടിങ്ങുമൊക്കെ അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു എന്ന് കരുതണം ! പ്രോഗ്രാം ഡയറക്ടർ അനുവദിച്ചാൽ ഒറ്റക്ക് വരാം എന്ന് ഒടുവിൽ അദ്ദേഹം സമ്മതിച്ചു.

ഞാൻ പ്രോഗ്രാം ഡയറക്ടറെ കാണാൻ പ്രത്രമോഫീസിൽ പോയി. വിശദമായിത്തന്നെ കാര്യങ്ങൾ പറഞ്ഞു. ‘അപാരമായ കൈയടക്കവും നിസ്വാർത്ഥതയും പൊതു സമ്മതിയുമുള്ള വാവ സുരേഷിന്, വിരലിലെണ്ണാവുന്ന അന്ധവിശ്വാസങ്ങളും ബഡായികളും ഒഴിവാക്കാനായാൽ ഇന്ത്യൻ സർപ്പ സംരക്ഷണത്തിൻ്റെയും ഗവേഷണത്തിൻ്റെയും ശാസ്ത്ര വേദിയിൽ കസേരവലിച്ചിട്ട് ഇരിക്കാനാകും. ഉത്സവപ്പറമ്പുകളിലും ചാനൽ ക്യാമറക്കുമുന്നിലും പെർഫോമിങ്ങ് ആർട്ടിസ്റ്റ് ആകേണ്ട ആളല്ല വാവ സുരേഷ്. വിറ്റേക്കറെ പിൻതുടർന്ന അതിസാധാരണക്കാരെ വരെ രാജ്യം പത്മശ്രീ നൽകി ആദരിക്കുമ്പോൾ കേരളത്തിൻ്റെ വാവ സുരേഷ് തിരസ്ക്കരിക്കപ്പെടരുത്.’ ഞാൻ പറഞ്ഞുതീർത്തു.

അതുകേട്ട് അയാൾ എന്നോട് ക്ഷോഭിച്ചു. വാവ സുരേഷിൻ്റെ ജനപ്രിയത നിങ്ങൾക്കറിയില്ല എന്ന് വിമർശിച്ചു. അയാളുടെ വാക്കിലും ഉടൽ ഭാഷയിലും പുളഞ്ഞുയർന്ന് ഫണം വിടർത്തുന്ന അഹന്തയും അതിമോഹവും ഉണ്ടായിരുന്നു – ഒരു തരം സർപ്പസൗന്ദര്യലഹരി !

അയാളുടെ ചാനലും ഒരുപക്ഷേ അയാളും ജനിക്കും മുമ്പേയുള്ള കാൽനൂറ്റാണ്ടിൻ്റെ ഞങ്ങളുടെ അടുപ്പം എൻ്റെ മനസ്സിലൂടെ കടന്നുപോയി ! അഞ്ച് ദിവസത്തേക്ക് സുരേഷ് മാറിനിന്നാൽ എപ്പിസോഡ് മുടങ്ങും എന്ന അയാളുടെ നിർബന്ധബുദ്ധിയിൽ, കേരളത്തിൻ്റെ ഒരു ഹരിത മുന്നേറ്റ ശ്രമം ദയനീയമായി അവസാനിച്ചു ! എൻ്റെ അതിമോഹത്തിന് വലിയ പിൻതുണതന്ന മഹാനായ റോമുലസ് വിറ്റേക്കർ സാറിനോടും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോരും ക്ഷമാപണം നടത്താൻ ഈ അവസരം വിനിയോഗിക്കുന്നു.

ക്ലിയോപാട്രയും മതാ ഹാരിയും ജാക്വിലിൻ കൊന്നഡിയുമൊക്കെ മാനവചരിത്രത്തിൻ്റെ മൺപൊത്തുകളിൽ മറഞ്ഞു കഴിഞ്ഞു. ആ സ്ഥാനമിന്ന് പോപ്പുലാരിറ്റിയും ചാനൽ റേറ്റിങ്ങും ആത്മപ്രശംസകളും അപഹരിച്ചിരിക്കുന്നു. സെലിബ്രിറ്റി എന്നതും ഇൻഫ്ലുവൻസർ പദവിയുമൊക്കെ ശാസ്ത്രാഭിമുഖ്യത്തെ ആഞ്ഞു കൊത്തുന്ന സർപ്പസൗന്ദര്യലഹരി ആകുന്നതാണ് ഈ സംഭവത്തിൽ എനിക്ക് കാണാനായത്. നിസ്വാർത്ഥരും സേവന തല്പരരുമായ മനുഷ്യരേയും സ്വാർത്ഥമതികൾ നിയന്ത്രിക്കുന്ന കെട്ടകാലമാണിത്. എൻ്റെ വനാനുഭവങ്ങളിൽ സ്വർണ്ണ നാഗത്തെപ്പോലെ തോറ്റുപോയ ഈ പരിശ്രമവും തലയുയർത്തി നിൽക്കുന്നുണ്ട്.

കുട്ടനാട്ടിൽ ജനിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. വനം വകുപ്പിൽ ഫീൽഡ് ഓഫീസറായിരുന്നു. 2021 ൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ തസ്തികയിൽനിന്ന് വിരമിച്ചു. വകുപ്പിൻ്റെ അരണ്യം മാസികയുടെ അസി. എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. നിരവധി ലേഖനങ്ങളും ഡോക്യുമെൻ്ററികളും പത്ര - ദൃശ്യമാധ്യമങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 'ആരണ്യകം' എന്ന പേരിൽ വനം പരിസ്ഥിതി വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട്.