കാട് കാതിൽ പറഞ്ഞത് – 10

ബലിക്കാക്കകൾ

വനപാലകർ ബലിക്കാക്കളെപ്പോലെയാണ് എന്ന് എനിക്ക് തോന്നിത്തുടങ്ങിയത് 2018-ൽ ആണ്. പിന്നീട് എപ്പോഴൊക്കെ ബലിക്കാക്കകൾ മുന്നിലെത്തിയോ, അപ്പോഴൊക്കെ ഉള്ളുകൊണ്ടു ഞാൻ ഉൾവനങ്ങളിലേക്ക് പോയിട്ടുണ്ട്.

ഈ ഓർമക്കുറിപ്പ് എഴുതുമ്പോൾ എൻ്റെ അമ്മ വിടപഞ്ഞിട്ട് രണ്ടരമാസമേ ആയിട്ടുള്ളൂ. രണ്ടു മാസംമുമ്പ് പുഴയോരത്തുള്ള കുടുംബവീട്ടിൽ നിലവിളക്കിനും തൂശനിലക്കും മുമ്പിൽ ബലിച്ചോറുമായി ഒരു മുട്ട് നിലത്തുകുത്തി ഇരിക്കുമ്പോൾ കർമ്മി ഓർമിപ്പിക്കുന്നുണ്ടായിരുന്നു.

“മൂന്നാമത്തെ ആ ഉരുള ജ്ഞാതരും അജ്ഞാതരുമായ എല്ലാ പിതാമഹന്മാർക്കുവേണ്ടിയും ഉള്ളതാണ് !”

അവരുടെ രൂപം ഞാൻ സങ്കല്പിച്ചു നോക്കി. നീർപ്പക്ഷികൾ മുതൽ നീലത്തിമിംഗലങ്ങൾ വരെയുള്ള നീണ്ടനിര അത്താഴപ്പട്ടിണിയുടെ ആവലാതിയുമായി എൻ്റെ ബലിച്ചോറുണ്ണാൻ വന്നിരിക്കുന്നു !

ഇലയുമെടുത്ത് നടക്കുമ്പോൾ ചില ബന്ധുക്കൾ മരങ്ങളിലേക്കാണ് നോക്കിയത് – ബലിക്കാക്ക എവിടെ ?

മുന്നിൽ പമ്പയാറ് തെളിഞ്ഞാണ് ഒഴുകുന്നത്. പുളിക്കീഴിനുതാഴെ രണ്ടാറ്റുംകരയിൽ പമ്പയും മണിമലയാറും ഇണചേർന്ന് വീണ്ടും രണ്ടായി പിരിയുന്നുണ്ട്. അതിലൊന്നാണ് എൻ്റെ വീടിനു മുന്നിലുള്ളത്.
മുങ്ങിനിവരാൻ അതിലേക്ക് പടവുകൾ ഇറങ്ങുമ്പോൾ ഓർമകൾ ബലിക്കാക്കകളായി എൻ്റെ തലച്ചോറിൽ കൊത്തിത്തുടങ്ങിയിരുന്നു !

1924 ലെ മഹാപ്രളയത്തിനാണത്രേ അമ്മ ജനിച്ചത്. 99 -ലെ വെള്ളപ്പൊക്കത്തിന് ഏതാനും ദിവസംമുമ്പ്, എന്നു സാക്ഷ്യം പറഞ്ഞത് അമ്മാവനാണ്. കർക്കിടകം ഒന്നിന് അന്ന് പെരുമഴ തുടങ്ങിപോലും. പമ്പ നിറഞ്ഞൊഴുകി പ്രളയജലം കൂടിക്കൂടി വരുമ്പോൾ കിഴക്കൻ ഓതറയിലെ താഴ്ന്ന ഇടങ്ങളിലെ ഓലപ്പുരകളിൽ നിന്നും മനുഷ്യർ മക്കളെയും വാരിയെടുത്ത് ഉറുമ്പുകളെപ്പോലെ മലഞ്ചെരുവുകളിലേക്ക് പാലായനം ചെയ്തിരുന്നു.

കേരളത്തിൻ്റെ മലമടക്കുകളിലെ പുൽമേടുകളെ ആദ്യം Waste land എന്നു വിളിക്കുകയും പിന്നീട് അവിടെ മേഞ്ഞലഞ്ഞിരുന്ന മൃഗങ്ങളെയത്രയും കൊന്നും കൊലവിളിച്ചും പടിയിറക്കിയശേഷം തേയിലയും കാപ്പിയും നട്ടുവളർത്തിയത് വിദേശികളായിരുന്നു. ഹൈറേഞ്ചിൽ മറ്റൊരു യൂറോപ്പ് നിർമ്മിക്കാൻ ശ്രമിച്ച ബ്രിട്ടീഷുകാരെയാണ് പ്രകൃതി അന്ന് ലക്ഷ്യംവെച്ചത് എന്നുതോന്നുന്നു. നൂറ്റാണ്ടുകളിലെ സ്വാതന്ത്ര്യസമര പോരാട്ടംകൊണ്ട് നമുക്ക് സാധിക്കാതിരുന്നത്, പഞ്ചഭൂതങ്ങളിൽ ആദ്യ രണ്ടായുധങ്ങൾകൊണ്ട് രണ്ടാഴ്ചക്കകം കാട് സാധിച്ചെടുത്തു !

മണ്ണിടിച്ചിലും പ്രളയവും ചേർന്ന്, ബ്രിട്ടീഷുകാരൻ്റെ മൂന്നാർ സ്വപ്നങ്ങളെയും കുറേയേറെ മക്കളെയും മണ്ണിട്ടുമൂടി. പള്ളിവാസലിലെ വൈദ്യുതി നിലയവും കുണ്ടളവാലി റെയിൽവേയും ടോപ്സ്റ്റേഷൻ – ബോഡിമെട്ട് റോപ്പ് വേയും ആലുവ – മൂന്നാർ രാജപാതയും, പുൽമേടുകളിൽ വെടിയേറ്റുവീണ വന്യമൃഗങ്ങളുടെ ചോര പുരണ്ട മണ്ണും പാറക്കല്ലും ചെളിവെള്ളവും ചേർന്ന് തുടച്ചുകളഞ്ഞു. മൂന്നാറിനെ മറ്റൊരു സ്വിസ്വർലൻ്റ് ആക്കാനുള്ള ബ്രിട്ടീഷ് പൂതിയും പ്രകൃതിയുടെ കണ്ണീരിലലിഞ്ഞ് മാഞ്ഞുപോയി. മധുരാപുരിയിൽ മുല പറിച്ചെറിഞ്ഞ കണ്ണകിയെപ്പോലെ, മലനാട് മാങ്കുളത്തിനു താഴെ കരിന്തിരിമല പറിച്ചെറിഞ്ഞാണ് കാട്ടിലെ അത്യാചാരക്കാരോട് പകവീട്ടിയത് !

അവളുടെ കണ്ണീർച്ചാലുകളിൽ ഒന്നു മാത്രമായിരുന്നു പമ്പ. ആ പുഴയുടെ കൈയിൽനിന്ന് ജീവനുംകൊണ്ട് രക്ഷപെട്ടവരുടെ കൂട്ടത്തിൽ ഏതാനും ദിവസം മുമ്പുമാത്രം ജനിച്ച എൻ്റെ അമ്മയുമുണ്ടായിരുന്നു. ദിവസങ്ങൾ കഴിഞ്ഞ് പമ്പ കലിയടങ്ങി പിൻവാങ്ങിയത്, ദുരന്തമുഖത്ത് വാകീറി നിലവിളിച്ച അമ്മയുടെ കുഞ്ഞുമുഖം കൂടി കണ്ടിട്ടാകണം…

നൂറു വർഷത്തിനിപ്പുറം എള്ളും പൂവും പുരണ്ട ഒരുപിടി വെള്ളച്ചോറായി ഈ കറുമ്പൻ്റെ വെളുമ്പിയമ്മ ബലിക്കാക്കയെ പ്രതീക്ഷിച്ച് പുഴയ്ക്കരികിലിരിക്കുമ്പോൾ, അതേ പമ്പ, ഓളങ്ങൾ കൊണ്ട് എൻ്റെ പുറത്ത് തലോടുന്നുണ്ടായിരുന്നു.

“എടാ, നീയല്ലേ എൻ്റെ മകളുടെ ബലിക്കാക്ക ?”

മുങ്ങിക്കയറുമ്പോൾ ഞാനുമൊരു ബലിക്കാക്കയാണെന്ന തിരിച്ചറിവിൽ ഉള്ളാകെ നനഞ്ഞിരുന്നു.

2018-ലെ മഹാപ്രളയം ചിങ്ങം ഒന്നിനാണ് തുടങ്ങിയത്. മലയാളിയുടെ പുതുവർഷ ദിനത്തിൽ. സൂര്യനേയും ചന്ദ്രനേയും നോക്കി കലണ്ടർ തയ്യാറാക്കിയ ജനതകൾ ലോകത്ത് പലയിടത്തുമുണ്ട്. മഴയുടെ അടിസ്ഥാനത്തിൽ കലണ്ടർ ചിട്ടപ്പെടുത്തിയവരാണ് മലയാളികൾ. അതിനാൽ നാം ഒരു കൊല്ലത്തെ ഒരു വർഷം (മഴ) എന്നു വിളിച്ചു. അങ്ങനെ ചിങ്ങം ഒന്ന്, അടുത്ത ഒരു കൊല്ലത്തേക്കുള്ള ആദ്യ മഴയുടെ, പുതുവർഷത്തിൻ്റെ ദിവസമായി ! കൊല്ലവർഷത്തെ ഒരു കൊല്ലു വർഷമാക്കാനുള്ള ആ പ്രളയം തുടങ്ങുമ്പോൾ ഞാൻ അരിപ്പ ഫോറസ്റ്റ് ട്രയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടറായിരുന്നു.

കേരളത്തിലെ രണ്ട് വനപരിശീലന കന്ദ്രങ്ങളിൽ ഒന്നാണിത്. മറ്റൊന്ന് വാളയാറിലാണ്. പുതിയതായി സർവ്വീസിൽ പ്രവേശിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കും സർവ്വീസിലുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർക്കും ഡെപ്യൂട്ടി റെയ്ഞ്ചർമാർക്കും ഇടക്കൊക്കെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാർക്കും പരിശീലനം കൊടുക്കുന്ന ഇടങ്ങളാണവ. സുന്ദരമായ വനവിന്യാസമുള്ള, ശ്രദ്ധേയമായ ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ് കളത്തുപ്പുഴക്ക് സമീപം തിരുവനന്തപുരം ജില്ലയിൽ വരുന്ന അരിപ്പ.

അടിയന്തിര ആവശ്യങ്ങൾക്ക് വീട്ടിൽപോയ ചില ട്രയിനികൾ വീട്ടിലും നാട്ടിലും കുടുങ്ങിപ്പോയി എന്നതിനപ്പുറം, പ്രളയം കാര്യമായ രീതിയിൽ ട്രയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിനെ ബാധിച്ചില്ല.

എങ്കിലും കാട്ടിൽ ഞങ്ങളുടെ സഹപ്രവർത്തകർ യുദ്ധമുഖത്തായിരുന്നു. മഹാദുരന്തം ആദ്യം ചെന്നു വെല്ലുവിളിച്ചത് കിഴക്കൻ കാടുകളിലെ വനപാലകരെയാണ്. മലയോരത്തെ മണ്ണിടിച്ചിലും ഉരുൾപൊട്ടലും അവരെ രക്ഷാദൈവങ്ങളാക്കി മാറ്റി. ഉയിരും കൈയിലെടുത്ത് അവർ ഉൾക്കാട്ടിലെ ഊരുകളിലും അടിവാരങ്ങളിലെ ഗ്രാമങ്ങളിലും കിതച്ചെത്തി. ഉടഞ്ഞടിഞ്ഞ മലഞ്ചെരിവുകൾക്കും ഒടിഞ്ഞമർന്ന വൻ മരങ്ങൾക്കും ഇടയിൽ നിന്ന് ചലനമറ്റ നൊമ്പരങ്ങളും സ്പന്ദിക്കുന്ന പ്രതീക്ഷകളും അവർ വീണ്ടെടുത്തു. മാധ്യമങ്ങൾക്കും ക്യാമറകൾക്കും എത്താവുന്നതിനും അപ്പുറത്തായിരുന്നു അപ്പോൾ അവർ.

ഒടുവിൽ മാനവും വഴിയും തെളിഞ്ഞ് ദുരന്തമുഖങ്ങളിൽ പത്രക്കാരും ക്യാമറകളും എത്തിയപ്പോഴേക്കും അവരുടെ ജീവന്മരണ ഇടപെടലുകളുടെ മുട്ടകൾ തട്ടിത്തെറിപ്പിച്ച് ദൗത്യ വിജയത്തിൻ്റെ കൂട്ടിൽ കള്ളിക്കുയിലുകൾ മുട്ടയിട്ടിരുന്നു. ” ദുരന്ത നിവാരണസേനയും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ മഹാദൗത്യം ” എന്ന് പത്രപ്പാണന്മാർ വായ്ത്താരി പാടി !! അപ്പോഴും ബലിക്കാക്കകളെപ്പോലെ ആത്മാവുകളുടെ അവശേഷിപ്പു തേടി വനപാലകർ ദുരന്തമുഖങ്ങളിൽ അലയുന്നുണ്ടായിരുന്നു. (2024 ലെ ചൂരൽമല – മുണ്ടകൈ ദുരന്തത്തിനു മുമ്പാണ് ഈ ലേഖനം എഴുതിയത്. വനപാലകരുടെ പ്രകൃതിദുരന്ത മുഖത്തെ പ്രവർത്തനം സർക്കാരും മാധ്യമങ്ങളും ഇക്കുറി കുറച്ചെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. അത്രയും ആശ്വാസം.)

ചൂരൽമലയിലെ വനപാലകരുടെ രക്ഷാപ്രവർത്തനം

അറുപതോളം ട്രയിനികൾ പ്രളയസമയത്ത് അരിപ്പ ട്രയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. പ്രളയ രക്ഷാപ്രവർത്തനത്തിന് അവരെയും കൊണ്ടുപോകാം എന്ന നിർദ്ദേശം ഞാൻ മുന്നോട്ടു വെച്ചു. അവരുടെ സുരക്ഷ പരിഗണിച്ച് മേലധികാരികൾ ആ നിർദ്ദേശം തള്ളിക്കളഞ്ഞു.

അത് എന്നെ നിരാശപ്പെടുത്തി. വനദുരന്തങ്ങളെ കാണാനും നേരിടാനും ഇവർ ബാധ്യസ്ഥരല്ലേ ? 100 വർഷത്തിൻ്റെ ഇടവേളയാണ് പലപ്പോഴും രണ്ട് മഹാപ്രളയങ്ങൾ തമ്മിലുള്ളതേത്രേ. ഇതിലും വലിയ ഏത് ട്രയിനിങ്ങാണ് ഇവർക്ക് ലഭിക്കേണ്ടത് ?

പ്രളയം പിൻവാങ്ങി ഒരാഴ്ച കഴിഞ്ഞ് സർക്കാർ ഉത്തരവുവന്നു. പ്രളയാനന്തര ദുരിതാശ്വാസത്തിൽ എല്ലാവരും പങ്കാളികളാകണം. വനസേനാ മേധാവിയുടെ അനുബന്ധ ഉത്തരവിൽ വനപരിശീലന കേന്ദ്രത്തെയും ഉൾപ്പെടുത്തിയിരുന്നു. ഞാൻ ഞെട്ടിപ്പോയി – ഒടുവിൽ പതിനാറടിയന്തിരത്തിന് ബലിക്കാക്കയ്ക്ക് വിളിവന്നിരിക്കുന്നു !

ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡെപ്യൂട്ടി ഡയറക്ടർ ജോൺ മാത്യു സാർ , എന്ന്, എവിെടെ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനം നടത്താം എന്ന് ചോദിച്ചപ്പോൾ എനിക്ക് ഒരു സംശയവും ഉണ്ടായില്ല. പമ്പയാറിൻ്റെ തീരത്ത് തിരുവോണ ദിവസം അത് ചെയ്യാം.

“തിരുവോണ ദിവസം ? ”

അദ്ദേഹം ഒന്ന് അമ്പരന്നു എന്നു തോന്നുന്നു !

കടുത്ത പരിശീലത്തിനിടെ ട്രയിനികൾക്ക് കിട്ടുന്ന അവധി ഓരോന്നും അസുലഭ സൗഭാഗ്യമായാണ് അവർ കാണുന്നത്. അതിനിടയിൽ തിരുവോണ ദിവസം… ?

ട്രയിനികളുടെ ക്ഷേമത്തിൽ അതീവ താല്പര്യമുള്ള അദ്ദേഹത്തിൻ്റെ ആശങ്ക ന്യായമായിരുന്നു. പക്ഷേ എനിക്ക് നിർദ്ദേശിക്കാൻ മറ്റൊരു ദിവസം ഉണ്ടായിരുന്നില്ല !

99 -ലെ വെള്ളപ്പൊക്കത്തിനു ശേഷം മലയാളി കാടിനോടും മലകളോടും വന്യജീവികളോടും കാട്ടിയ അത്യാചാരത്തിൻ്റെയും നിരാസത്തിൻ്റെയും കഥ, ഇന്നാട് കണ്ട ഏറ്റവും വലിയ ചൂഷണത്തിൻ്റെയും പൊതുമുതൽ കൊള്ളയുടെയും കഥ കൂടിയാണ്. അതിനു ചൂട്ടുപിടിക്കാൻ എല്ലാ മുന്നണികളും ഉണ്ടായിരുന്നു. അതിന് ഓശാന പാടാൻ പൗരോഹിത്യവും ജാതി – മത സമവാക്യങ്ങളും മുന്നേ നടന്നിരുന്നു. ഒരു നൂറ്റാണ്ടിലെ ആ ഹരിതഹത്യയുടെ ആത്യന്തിക വിളവെടുപ്പുകാണാൻ വന പരിശീലനാർത്ഥികൾ പോകേണ്ടത് തിരുവോണ ദിവസമാണ് ! ഓണം വിളവെടുപ്പിൻ്റെ ഉത്സവമാണ്!!

ആ നിർദ്ദേശം ട്രയിനികൾക്കുമുമ്പിൽ വയ്ക്കാൻ ജോൺ മാത്യു സാർ എന്നെത്തന്നെ ചുമതലപ്പെടുത്തി. എൻ്റെ നിർദ്ദേശത്തെ “യെസ്സ് സർ ” എന്ന് ഗർജ്ജിച്ച് അവർ സ്വീകരിക്കുമ്പോൾ അതിൽ ചില സ്വരങ്ങൾക്ക് ചിലമ്പലുണ്ടായിരുന്നു. പല കണ്ണുകളിലും നന്മയുടെ നനവിൻ്റെ ത്രസ്സിപ്പുണ്ടായിരുന്നു. അവരുടെ ആ വാർകോൾ വിളി പിതാമഹനന്മയുടെ പിണ്ഡനന്ദിപേറുന്ന ബലിക്കാക്കകളുടെ വിളിപോലെ എന്നേ രോമാഞ്ചം കൊള്ളിച്ചു !

എന്തിനാവും മലയാളി ഒരു തോട്ടിപ്പക്ഷിയെ ( Scavenger Bird) പിതാക്കന്മാരുമായി ഇങ്ങനെ ബന്ധിപ്പിച്ചത് ? അതും ബലിക്കാക്ക എന്ന ഓമനപ്പേരിട്ട് ഒരു കാട്ടുകാക്കയെ (Jungle Crow) ?

ഇന്നാടിൻ്റെ നല്ല പങ്കും കാടായിരുന്നു എന്നും ഇന്നത്തെ നിൻ്റെയൊക്കെ സൗഭാഗ്യങ്ങൾക്കു പിന്നിൽ പിതാമഹന്മാരുടെ വിയർപ്പിനൊപ്പം ഇവിടുത്തെ കാടുമുണ്ടായിരുന്നു എന്ന് ഓർമിപ്പിക്കാൻ ആയിരിക്കില്ലേ ? പൂർവ്വപിതാക്കന്മാരിൽ നിന്ന് നിർമ്മലമായി കൈമാറിക്കിട്ടയ പ്രകൃതിയെ മാലിന്യമില്ലാതെ, ഒരു കാക്കയുടെ ശുചിത്വ ജാഗ്രതയോടെ വരും തലമുറകൾക്കായി സൂക്ഷിക്കണം എന്ന് പറയാനാകുമോ ? മുഴുവൻ ഒറ്റക്കു കഴിച്ചാലും വിശപ്പടങ്ങാത്ത ഇത്തിരി ആഹാരം, എല്ലാക്കൂട്ടരേയും വിളിച്ചുകൂട്ടി പങ്കിടുന്ന കാക്കയുടെ പൊതുബോധം കണ്ടു പഠിക്കാനായിരിക്കുമോ ?

ആവും. എന്നാൽ അതിനൊപ്പം മറ്റൊന്നു കൂടിയുണ്ട്. കാക്കകൾക്ക് എണ്ണാൻ കഴിയും എന്നതിനാലാണ് കള്ളിക്കുയിൽ കാക്കക്കൂട്ടിലെ ഒന്നോ രണ്ടോ മുട്ട തട്ടിത്തെറിപ്പിച്ച് അതിൽ നിമിഷാർദ്ധം കൊണ്ട് മുട്ടയിട്ട് പോകുന്നത്. പാത്രത്തിൽ ചുണ്ടെത്തുന്നതിനും താഴെയാണ് വെള്ളമെങ്കിൽ, കല്ലുപെറുക്കിട്ട് വെള്ളം കുടിക്കാനുള്ള tool use മിടുക്കുള്ള അപൂർവ്വ ബുദ്ധിശക്തിയും കാക്കക്കുണ്ട്. എന്നിട്ടും തൻ്റെ മുട്ടയിൽനിന്ന് പ്രകടമായ വ്യത്യാസമുള്ള കുയിലിൻ്റെ മുട്ടക്ക് കാക്ക അടയിരിക്കുന്നത് പ്രകൃതിയുടെ ഒരു മഹാമനസ്കതകൊണ്ടാണ് . കുയിലിന് കൂടുകൂട്ടാനും അടയിരിക്കാനും കഴിയില്ല. അതിൻ്റെ ആഹാരം പഴങ്ങൾ മാത്രമാണ്. കുഞ്ഞുങ്ങൾ പറക്കമുറ്റാൻ പഴങ്ങൾ മതിയാവില്ല. നല്ല ഒന്നാന്തരം നോൺ വെജിറ്റേറിയൻ ഭക്ഷണം വേണം. അതു കണ്ടെത്താനും മക്കളെ തീറ്റി വളർത്താനുമുള്ള കഴിവും ക്ഷമയും പ്രകൃതി കുയിലുകൾക്ക് നൽകിയിട്ടില്ല. പ്രകൃതിയുടെ ആ നിയോഗമാണ് കാക്കകൾ ഏറ്റെടുക്കുന്നത് ! സ്വന്തം മുട്ടകൾ തട്ടിയെറിഞ്ഞ വല്ലവൻ്റെയും സന്തതികൾക്കായി ജീവിക്കാൻ വിധിക്കപ്പെട്ടവർ ! ആ കാക്ക, കുയിലിന്റെ മുട്ടയാണ് തന്റെ കൂട്ടിലുള്ളത് എന്ന് തീർച്ചയായും മനസ്സിലാക്കുന്നുണ്ടാവും .

കേരളത്തിൻ്റെ മലയോരങ്ങളിലാകെ അഴകുള്ള പുള്ളിക്കുയിലുകൾ പാടിപ്പറക്കുന്നുണ്ട്. ആ നീട്ടി നീട്ടിയുള്ള കൂവൽ നാം ഏറ്റെടുക്കുന്നുമുണ്ട്. കാടുകത്തിച്ചും വനം വകുപ്പിൻ്റെ ജീപ്പു കത്തിച്ചും ഉദ്യോഗസ്ഥരേ ബന്ദിയാക്കിയും അവർ കൂവി വിളിക്കുന്നു. ദളിതരും ആദിവാസികളും അടക്കമുള്ള ഭൂരഹിതർക്കു കൂട്ടി അവകാശപ്പെട്ട പൊതുഭൂമി വെട്ടിപ്പിടിച്ചവൻ്റെ കൂവലാണ്. അവർ തട്ടിയുടച്ച ദരിദ്രജീവിതങ്ങൾ ശബ്ദമില്ലാതെ ഉടഞ്ഞ കാക്കമുട്ടപോലെ കേരളത്തിലാകെ പടർന്നൊഴുകിക്കിടപ്പുണ്ട് !

2008-ൽ വയനാട് ചെതലത്ത് 90 ഏക്കർ ഗാന്ധിനഗറിൽ കാട്ടാനയിറങ്ങി. മൂന്ന് കൊമ്പന്മാരാണ്. എൻ്റെ പ്രിയസുഹൃത്ത് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ C.K.സുധാകരനും (പിന്നീട് റെയ്ഞ്ച് ഓഫീസറായി വിരമിച്ചു) സ്റ്റാഫുകളും പടക്കവുമായി ചെന്നു. നാട്ടുകാർ കലിപ്പിലാണ്. വനംവകുപ്പിൻ്റെ ആനയെ ഉടൻ ഓടിക്കണം. പടക്കം പലത് പൊട്ടിയിട്ടും ആനകൾക്ക് കുലുക്കമില്ല.

അമ്മക്കൂട്ടമാണ് ആനകളുടേത്. അതിനാൽത്തന്നെ കുടുംബത്തിനുള്ളിലെ ഇണചേരൽ ഒഴിവാക്കാൻ പ്രായപൂർത്തിയായ ആണുങ്ങളെ കൂട്ടത്തിൽ നിന്ന് പുറത്താക്കും. അവരാണ് ഒറ്റയാന്മാർ. തലതെറിച്ച യുവാക്കൾ, സാമൂഹ്യ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയതിൻ്റെ അതിസമ്മർദ്ദം നേരിടുന്നവർ. അത്തരം യുവാക്കൾ ഒത്തുചേർന്ന് ഗാങ്ങ് ഉണ്ടാക്കാറുണ്ട്. തനി ഭീകര സംഘം ! കാടും കുടുംബവും നഷ്ടപ്പെട്ട അവരാണ് അപ്പുറം നിൽക്കുന്നത് !!

പക്ഷേ ഇപ്പുറം നിൽക്കുന്നതിൽ വനപാലകരെ ഭത്സിക്കുന്നവർ, പൊതുമുതൽ വെട്ടിപ്പിടിച്ചവൻ്റെ സന്തതികളാണ്. വല്യതന്ത വെട്ടിപ്പിടിച്ച ഏക്കറുകളെ നൂറു കൊണ്ട് ഹരിച്ച് സെൻ്റാക്കി അതിനെ ലക്ഷങ്ങൾ കൊണ്ടു ഗുണിച്ച് കോടീശ്വരന്മാരായവർ ! കാടിനേയും വന്യജീവികളേയും വെറുക്കുന്നവർ. വനപാലകനെ ആജന്മ ശത്രുക്കളായി കരുതുന്നവർ. അവരുടെ അസഭ്യങ്ങൾക്ക് ആനയുടെ ആക്രമണത്തെക്കാൾ മൂർച്ചയുണ്ട് !

ഇടക്ക് കൂട്ടത്തിൽ രണ്ടു യുവാക്കൾ വിലക്ക് മറികടന്ന് ആനകളുടെ അടുത്തേക്ക് പോയി. ഒരാന ചിന്നംവിളിച്ച് അവർക്കുനേരേ പിൻതിരിഞ്ഞു വന്നു. തിരിച്ചോടുന്നതിനിടയിൽ അതിലൊരാൾ വീണുപോയി. ആന അയാളെ കൊല്ലുമെന്ന് ഉറപ്പാണ്. കുയിലിൻ്റെ കുഞ്ഞിനുവേണ്ടി കാട്ടുകാക്കയുടെ ഉള്ളിലുണ്ടാകുന്ന ആന്തൽ അദ്ദേഹം അനുഭവിച്ചു കാണും! സുധാകരൻ സാർ ഒരു തൈമരം പിടിച്ചു കുലുക്കി, വീണവനു നേരേ പാഞ്ഞടുക്കുന്ന ആനയുടെ ശ്രദ്ധതിരിച്ചു. അത് അവനെ വിട്ട് അദ്ദേഹത്തിനു നേരേ കുതിച്ചു !!

ആന തുമ്പികൈ കൊണ്ട് അടിക്കാവുന്ന അകലത്തിലെത്തി. രക്ഷയുടെ അവസാന മുനമ്പും അവസാനിക്കുന്നു എന്നറിഞ്ഞ് അദ്ദേഹം തറയിൽ വീണുരുണ്ടു … ഒന്ന് … രണ്ട് … മൂന്ന് കുത്താണ് ഉരുണ്ടു മാറുന്ന ആ മനുഷ്യനു നേർക്ക് ഉണ്ടായത്. അവസാനത്തേത് കഴുത്തിനു ചേർന്നായിരുന്നു. ഭാര്യയുടേയും രണ്ട് പെൺമക്കളുടേയും ഭാഗ്യത്തിന് സുധാകരൻ സാർ തലനാരിഴക്ക് രക്ഷപെട്ടു.

രക്ഷപെടാത്ത വനപാലകരുടെ ചോരയും അന്ത്യശ്വാസവും പല വനപാർശ്വ ഗ്രാമങ്ങളെയും വളക്കൂറുള്ളതാക്കുന്നുണ്ട്. എന്നിട്ടും ബലിക്കാക്കുകളുടെ ചിറകടിക്കല്ല, നെറികേടിൻ്റെയും വനധ്വംസനത്തിൻ്റെയും കുയിൽപ്പാട്ടുകൾക്കാണ് മലയാളക്കര ചെവി കൊടുക്കുന്നത്. അപ്പോഴും വനമണ്ണിന്റെ കനിവിൽ കഴിഞ്ഞിട്ടും അത്യാചാരം കാട്ടിയവരുടെ ജന്മാന്തര കർമ്മഫലങ്ങളുടെ ഒരുപിടി ബലിച്ചോറ്, ആർക്കും വേണ്ടത്തവൻ്റെ പ്രീതിക്ക് പ്രകൃതി വല്ലപ്പോഴും ഒരുക്കി വെച്ചിരിക്കും. അത് എൻ്റെ ട്രയിനികൾക്ക് കാണിച്ചു കൊടുക്കാനാണ് തിരുവോണനാളിലെ യാത്ര.

ട്രയിനികളുമായി യാത്രതിരിക്കുന്നു.

രാവിലെ അരിപ്പ ട്രയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഞങ്ങൾ പുറപ്പെട്ടു. മുൻ നിശ്ചയ പ്രകാരം റാന്നിയിലേക്കാണ് പോയത്. പ്രളയപമ്പയിൽ മരണമുഖത്തോളം മുങ്ങിപ്പൊങ്ങിയ റാന്നിയുടെ മരവിപ്പ് വിട്ടുമാറിയിരുന്നില്ല. പ്രതികാര രുദ്രയായി പമ്പ പരന്നൊഴുകിയ പ്രദേശങ്ങൾ ചെളിമണ്ണ് മൂടിയ പ്രേതനഗരം പോലെ തോന്നിച്ചു. മരങ്ങൾക്കും വീടുകൾക്കും എക്കൽ നിറമായിരുന്നു. കളിമൺ ശില്പങ്ങളാത്തീർന്ന മരങ്ങളാകെ അഴുക്കുപുരണ്ട പ്ലാസ്റ്റിക്ക് തോരണങ്ങളും തുണിത്തൂക്കുകളും നിറഞ്ഞിരുന്നു. റോഡും പറമ്പും പരിസരങ്ങളും അടിഞ്ഞുറഞ്ഞു തുടങ്ങിയ ചെളിക്കുഴമ്പിൽ മൂടിക്കിടന്നു. അഴുക്കിൻ്റെയും ചത്തൊഴുകിപ്പോയ ജീവികളുടെയും വാർന്നൊഴുകിപ്പോയ മനുഷ്യ മദത്തിൻ്റെയും കെട്ടുതുടങ്ങിയ ദുർഗന്ധം പുഴയോരക്കാറ്റിൽ ഒഴുകി വരുന്നുണ്ടായിരുന്നു !

സേവന സന്നദ്ധരായി തീവ്രപളയബാധിത മേഖലയിലിറങ്ങിയ ട്രയിനികൾ ആ ഓണക്കാഴ്ചയിൽ അമ്പരക്കുത് ഞാൻ കണ്ടു. ഞങ്ങൾ വീടുകൾക്കുള്ളിലെ മുട്ടോളം മുങ്ങുന്ന ചെളിക്കുണ്ടുകളിലേക്ക് കടന്നു ചെന്നപ്പോൾ, മരണഭയം വിട്ടുമാറാത്ത മനുഷ്യ ജന്മങ്ങൾ, തൊലിയിൽ പൊതിഞ്ഞ യന്ത്രമനുഷ്യരെപ്പോലെ വീടിൻ്റെ സ്റ്റെയറുകളിൽ നോക്കിനിൽക്കുന്നുണ്ടായിരുന്നു. ഷവലും തൂമ്പയും ഇരുമ്പുചട്ടിയും ഉപയോഗിച്ച് വീടിനുള്ളിൽ അടിഞ്ഞുകൂടിയ ചെളിക്കുഴമ്പ് ഞങ്ങൾ നീക്കം ചെയ്തു . പല വീടുകളുടെയും രണ്ടാം നിലയിലും എക്കൽമണ്ണ് അടിഞ്ഞിരുന്നു.

സാവധാനം എൻ്റെ ട്രയിനികൾ തേച്ചുവെടിപ്പാക്കിയ യൂണിഫോമിട്ട ഉദ്യോഗസ്ഥരിൽനിന്ന് ബലിക്കാക്കകളിലേക്ക് പരകായപ്രവേശം ചെയ്തു. ഷവലുകളും മൺവെട്ടികളും മാറ്റിവെച്ച് കൈകൊണ്ട് അവർ ചീഞ്ഞടിഞ്ഞ ചെളിമണ്ണ് നീക്കിത്തുടങ്ങി. അതിൽ നിന്നും പെറ്റ്ബോട്ടിലുകളും മദ്യക്കുപ്പികളും പ്ലാസ്റ്റിക്ക് കുടൽമാലകളും പുറത്തുവന്നു. സാനിറ്ററി നാപ്കിനുകളും ഗർഭനിരോധന ഉറകളും പാൽകുപ്പികളും കളിപ്പാട്ടങ്ങളും നാറുന്ന മൂത്രസഞ്ചികളും വൃദ്ധരുടെ ഡയപ്പെറുകളും മനുഷ്യാവസ്ഥകളുടെ മാറ്റങ്ങളുടെ ശ്രേണിഭാരവും ചുമന്ന് നിരനിരയായി അവർക്കുമുന്നിലെത്തി കുമ്പസാരിച്ചുകൊണ്ടിരുന്നു ! അവിടങ്ങളിൽ ജീവനുള്ളതായി, ചെളിക്കുണ്ടിൽ തല പൊക്കിയിരുന്ന പാമ്പുകളും വീട്ടുകാരുടെ കണ്ണിൽ പുളച്ചുകൊണ്ടിരുന്ന മരണഭയവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പാമ്പുകളുടെ എണ്ണം അമ്പരപ്പിക്കുന്നതായിരുന്നു. ഓരോ ഗ്രൂപ്പും അവയെ ചാക്കുകളിലേക്ക് ശേഖരിച്ചു. ഇത് മുൻകൂട്ടി കണ്ടിട്ടാവണം,
പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായ ACF Y മുഹമ്മദ് അൻവർ സാർ ബാംഗ്ലൂരിൽ നിന്നുള്ള ചില സർപ്പ സംരക്ഷക സുഹൃത്തുക്കളുമായി ഞങ്ങൾക്കൊപ്പം കൂടി. ജീവനോടെ കിട്ടിയ പാമ്പുകളിൽ നല്ല പങ്കും ഇരുതല മൂരികളായിരുന്നു.

ഉച്ചയായി. ചലിക്കുന്ന കളിമൺ പ്രതിമകളായിത്തീർന്ന എൻ്റെ ട്രയിനികൾ തിരുവോണ ദിവസം പട്ടിണിയാകുമോ എന്ന് ഭയം തോന്നി. എങ്കിൽ എൻ്റെ അതിസാഹസത്തെ അവർ ശപിക്കും. പക്ഷേ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, റാന്നി റെയ്ഞ്ച് ഓഫീസർ അധീഷ് സാർ ഏതാനും കാർഡ് ബോർഡ് പെട്ടികൾ നിറയെ ചോറു പൊതികളുമായെത്തി. പാഥേയം !

ട്രയിനികളുടെ തിരുവോണ സദ്യ

കാക്കകൾക്കുള്ള ബലിച്ചോറാണ് ! അത് പൊതിഞ്ഞ പത്രത്താളുകളിലാകെ പ്രളയദുരന്ത വാർത്തകൾ ഓണസദ്യയുടെ വിഭവങ്ങൾ പോലെ നിരന്നിരിക്കുന്നു. 500 ന് അടുത്തു മരണം. 15 പേരേ കണ്ടെത്താനായില്ല. ശതകോടികളുടെ നഷ്ടം. ഒഴുകിപ്പോയ വീടുകൾക്കും റോഡുകൾക്കും മനുഷ്യാധ്വാനത്തിനും കണക്കില്ല…. ചോര കിനിയുന്ന ചിത്രങ്ങൾ ….

ആ വറ്റുവാരുമ്പോൾ, ആ വാർത്തയും ചിത്രങ്ങളും എള്ളും പൂവുംപോലെ ഞങ്ങളെ തൊട്ടു. നാലുമണി വരെ ശുചീകരണ ദൗത്യം തുടർന്നു. അതിനിടയിൽ SFO ട്രയിനി അരുൺ G നായർ ചെളിയിൽ തെന്നി മൂടിടിച്ചു വീണു. ഉടൻ ആശുപത്രിയിലെത്തിച്ച് പ്രഥമ ചികിത്സ നൽകിയെങ്കിലും നട്ടെല്ലിന് ക്ഷതം സംഭവിച്ചിരുന്നു. ട്രയിനിങ്ങ് മുടങ്ങി.വർഷങ്ങളുടെ തുടർ ചികിത്സ വേണ്ടിവന്നു. ഇപ്പോഴും ട്രയിനിങ്ങ് പൂർത്തിയാക്കാത്തതിൻ്റെ ഇണ്ടാസുകൾക്ക് നടുവിലാണ് അരുൺ.

ട്രയിനികൾക്കൊപ്പം പമ്പയുടെ തീരത്ത്

ട്രയിനിങ്ങ് സെൻ്ററിലേക്ക് മടങ്ങും മുമ്പ് പമ്പയുടെ തീരംവരെ ഞങ്ങൾ പോയി.

ഇരുവശവും മാലിന്യങ്ങളുടെ തവിട്ടു തോരണങ്ങൾ തൂക്കിയ ചെളിച്ചെരുവുകൾക്ക് താഴെ പമ്പ ശാന്തമായി ഒഴുകുന്നു. ഏതോ മഹോത്സവം കഴിഞ്ഞ ചമ്പൽനദിയാണ് അതെന്നു തോന്നി. കാറ്റടിച്ചപ്പോൾ താഴെ പുഴയുടെ മാറിൽ വെള്ളിച്ചില്ലുകൾ തെന്നിമാറുന്നത് കണ്ടു. അവശയായ പമ്പ വിളറിച്ചിരിക്കുകയാണ് ! ഒരു നൂറ്റാണ്ടായി തന്നെ കയ്യേറ്റം ചെയ്തിരുന്ന മക്കളെ കൊന്ന ഏതോ ഭ്രാന്തിത്തള്ളയുടെ അതേ ചിരി !!

എൻ്റെ ഉള്ളിലെ ബലിക്കാക്ക നീട്ടിവിളിച്ചു എന്നുതോന്നി !

മടങ്ങുമ്പോൾ മടുപ്പിക്കുന്ന ഒരു മണം വണ്ടിയിൽ നിറയുന്നുണ്ടായിരുന്നു. അത് ശരീരമാകെ പറ്റിയ ചെളിയുടേതാണോ തൊണ്ടയിൽ തടഞ്ഞ ബലിച്ചോറിൻ്റേതാണോ എന്ന് എനിക്ക് മനസ്സിലായില്ല .

( തിരുവോണ ദിവസം തിരുവനന്തപുരത്തെത്താൻ കഴിയാത്ത ട്രയിനികൾ സംഘടിച്ച് വയനാട്ടിലും പെരിയാറിൻ്റെ തീരത്തും സമാന പ്രവർത്തനങ്ങൾ നടത്തി. വനം വകുപ്പിൻ്റെ 2018-ലെ പ്രളയദുരിതാശ്വാസ പ്രവർത്തനത്തെ വന സേനാ മേധാവിക്കും ചില ഫീൻഡ് ഓഫീസർ മാർക്കും പുരസ്ക്കരം നൽകി സർക്കാർ അംഗീകരിക്കുകയുണ്ടായി ).

കുട്ടനാട്ടിൽ ജനിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. വനം വകുപ്പിൽ ഫീൽഡ് ഓഫീസറായിരുന്നു. 2021 ൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ തസ്തികയിൽനിന്ന് വിരമിച്ചു. വകുപ്പിൻ്റെ അരണ്യം മാസികയുടെ അസി. എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. നിരവധി ലേഖനങ്ങളും ഡോക്യുമെൻ്ററികളും പത്ര - ദൃശ്യമാധ്യമങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 'ആരണ്യകം' എന്ന പേരിൽ വനം പരിസ്ഥിതി വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട്.