നിന്നെക്കുറിച്ചുള്ള ചിന്തകൾ
എന്നിൽ കോറിയിട്ടതാര്?
ഭയമില്ലാതിഷ്ടം ചൊല്ലി നീയെത്തും
ഇഷ്ടങ്ങൾക്ക് മറയായ് ഞാൻ
നീർത്തിയ കോപകമ്പളം
നിൻമുന്നിൽ നിഷ്പ്രഭമാകും
നീയെൻ പാതിയെപ്പോൽ
സ്നേഹപരിലാളനങ്ങളിൽ
മെരുങ്ങില്ല
നിൻമൊഴികളിൽ
മറുമൊഴിക്കിടമില്ല
കുഞ്ഞുമിഴിത്തുമ്പുകളിൽ
കണ്ണുനീർ മുത്തുകളുതിരാതെ
കുഞ്ഞുമക്കൾക്കിനിയും
സ്നേഹശാസനകൾ
പകരേണ്ടതുണ്ട്
ആത്മസുഹൃത്തുമായ്
പായാരം പങ്കിടാൻ
നാളുകൾ നീളെ വേണം
പ്രണയതല്പമൊരുക്കിയെനിക്കായ്
നീ കാത്തിരിക്ക…
ഒടുവിലൊരു ഗാഢനിദ്രയിൽ
ചുടുചുംബനത്താലുണർത്തി
കൊതുമ്പുവഞ്ചിയിലേറ്റി
ചെന്താമരമലരുകൾക്കിടയിലൂടെ
മെല്ലെ തുഴഞ്ഞു നീങ്ങുമെങ്കിൽ
പരിഭവമേതുമില്ലാതെ
നിന്നോടൊത്ത്, നിന്നിലലിഞ്ഞു
ഞാൻ യാത്രയാകും
സ്വർഗ്ഗനരകത്തിലേക്കാ യാത്രയെന്ന
ചിന്ത എന്നിലില്ല
അവ ഞാനഭിരമിച്ചയീ ഭൂമിയിലെന്നും
എന്നിലെയാമോദങ്ങൾ സ്വയം
പരുവപ്പെടുത്തിയതെന്നുമുള്ള
അനുഭവപാഠം ജ്ഞാതമാകില്ല നിനക്ക്
നിന്നോടൊത്തുള്ള യാത്ര
അനന്തനീലിമയിലൊരുജ്ജ്വല
താരമായെന്നെ രൂപാന്തരപ്പെടുത്തി
അവിടൊരു മിന്നാമിനുങ്ങിൻ വെളിച്ചം
പൊഴിച്ചാണെന്റെ മടക്കമെങ്കിലീ
ജന്മം സഫലം…