അടുപ്പുകാണലിന്റന്ന്
കന്നിമൂലയെന്നാരോ
അടക്കം പറഞ്ഞതിൽ
കുത്തിപ്പൊളിച്ചു
മാറ്റി പണിതതാ..
പാലുകാച്ചലിന്റന്ന്
നിറഞ്ഞു കത്തിയതിൽ
പിന്നെയെന്നിൽ
ഒരു വിറക് കൊള്ളി
പുകഞ്ഞതുപോലുമില്ല
ഗ്യാസടുപ്പും,
ഇൻഡക്ഷൻ കുക്കറും
പൊതിഞ്ഞു കിട്ടിയതിൽ
അടുക്കളഭരണം
മുഴുക്കയുമവരേറ്റെടുത്തു
എന്നിട്ടും മതിവരാതെ
എന്നെ നോക്കുത്തിയാക്കി
അടുക്കളമുറ്റത്തൊരു
അടുപ്പും സ്ഥാനംപിടിച്ചു
ഭക്ഷിക്കും നേരം
രുചിയെ പഴിചാരുമ്പോൾ
ആരും കാണാതെ
ഞാനിന്ന്
ഊറിച്ചിരിക്കാറുണ്ട്
അടുപ്പായിട്ടുപോലും
തണുത്തു വിറക്കും നേരം
വേവ് പാകമായരികിൽ
ഇറക്കിവെക്കപ്പെട്ട
ചോറിൻ ചെമ്പിലും,
കറിചട്ടിയിലും
കിന്നാരം പറഞ്ഞാശ്വാസം
കണ്ടെത്താറാണ്
മോടിയേറിയിട്ടും
തലയെടുപ്പുണ്ടായിട്ടും
ഉപയോഗശൂന്യമാവാൻ
ഞാനെന്തു പിഴച്ചെന്ന്
പലയാവർത്തി
ചിക്കിചികഞ്ഞിട്ടുണ്ട്..!