സ്വപ്നപ്പടർപ്പുകൾ

കവിത
എൻ്റെ സ്വപ്നങ്ങൾക്കു
പടർന്നു കയറാനുള്ള
ആകാശവള്ളി

പകൽച്ചൂടിൽ വേകാതെ
മഴത്തണുപ്പിൽ ചീയാതെ
തീക്ഷ്ണാനുഭവങ്ങളുടെ
കൂർത്ത മുളപൊട്ടലുകളിൽ
അവ തളിർത്ത്
പടരുന്നു

മുറിവേറ്റ അക്ഷരങ്ങളിൽ
ഞാൻ തുന്നിക്കൂട്ടുന്ന
ആത്മാവിൻ്റെ
ഉൻമാദകൽപ്പനകൾ
പ്രണയച്ചുവപ്പുകൾ
വിരഹപ്പൊള്ളലുകൾ
വിഷാദമൂർച്ഛകളെല്ലാം
വായനക്കാരൻ്റെ
ഹൃദയത്തിൽ
പകർത്തിയെഴുതപ്പെടുന്നു

പിന്നീട്
നനഞ്ഞ മണ്ണിലേക്ക്
ആണ്ടുപോയ
ഇലകളുടെ
ഉയർത്തെഴുന്നേൽപ്പ് പോലെ
ഓരോ വായനയിൽ നിന്നും
പടരുന്ന ആകാശവള്ളികളിൽ
കവിത
പുതിയ നിർമ്മിതികളുടെ
അസംഖ്യം പൊടിപ്പുകളാകുന്നു 

കൽപ്പകഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ ടീച്ചർ . കഥകളും ,കവിതകളും എഴുതാറുണ്ട്