രണ്ട് കവിതകൾ

പുസ്തകം

വായിക്കുവാനെടുത്തുവെച്ചു
പതിവുപോലാ പുസ്തകം
ഒന്നുമൊന്നും മനസ്സിലായില്ല
കണ്ണിലേക്ക്
പാഞ്ഞുകയറുന്നുറുമ്പുകൾ

എന്തു തോന്നി
പുസ്തകം നല്ലതോ
ചീത്തയോ
വന്നു ചോദിപ്പു,
അരികിലാരോ

ഇനിയും
വായിച്ചില്ലതെന്ന്
പറയുവാനാവാതെ,
ഞാനെടുത്തു പുണരുന്നു
വീണ്ടുമാ പുസ്തകം

പ്രാണൻ

ഒരു കുഞ്ഞുറുമ്പുവന്നെന്റെ
നെഞ്ചിൽ കടിച്ചുതൂങ്ങി,
പണ്ടെപ്പൊഴോ ഞാൻ
മണ്ണോടരച്ചുചേർത്ത
ഒരു കുഞ്ഞുറുമ്പിന്റെ
പ്രാണനാകാം.

കണ്ണൂർജില്ലയിൽ ചെങ്ങളായി പഞ്ചായത്തിലെ നിടുവാലൂർ സ്വദേശി. രണ്ട് കവിതാസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ജി. എസ്. ടി വകുപ്പിൽ കണ്ണൂരിൽ ജോലി ചെയ്യുന്നു.