മൗനത്തിന്റെ പരിഭാഷ

എന്നില്‍ തങ്ങി നില്‍ക്കാതെ
നീ ഒഴുകി നീങ്ങുക,
ഒരു മഹാസാഗരം നിനക്കായ്
കാത്തിരിക്കുന്നു.

എന്റെയീ തണലിന്‍ തണുപ്പില്‍
ഇന്ന് പൂപ്പലും പായലും
മരണത്തിന്‍ ജീര്‍ണഗന്ധവും
നിറഞ്ഞിരിക്കുന്നു.

എന്നെ നീ പഴിക്കുക, നിന്‍
പഴികളെല്ലാം വെറും
പാഴാമെന്നിലേക്കൊതുക്കി, നറു
നന്മയാല്‍ നിറയുക.

എന്നെയിനി നീ ഓര്‍ക്കാതിരിക്കുക
ക്രൂരനാം എന്റെയീ ജല്‍പനം
വെറുപ്പിന്നാന്ധ്യമായ്
നിന്നില്‍ പടര്‍ന്നിടട്ടെ.

എന്റെ ഉള്‍ക്കയങ്ങളും, കരിനിഴല്‍
വീഴ്ത്തിയൊരീമഹാവ്യാധിയും,
മറഞ്ഞിരിക്കട്ടെ ഇന്നു
നീ കാണാതെ, അറിയാതെ.

പിന്തിരിഞ്ഞെന്നെ നീ നോക്കാതിരിക്കുക,
നിന്നസാന്നിധ്യം പൊഴിക്കുമീ
കണ്ണുനീര്‍ തുള്ളിയില്‍
ഞാനിന്ന് മുങ്ങി മരിക്കട്ടെ.

ജന്മാന്തരങ്ങളില്‍ നിന്നെ ഒരുവേള
കണ്ടുമുട്ടും വരെ, നിനക്കായ്‌
കാത്തുവയ്ക്കാം ഞാന്‍ എന്റെയീ
ശപിതമൗനത്തിന്‍ പരിഭാഷ.

എന്നില്‍ തങ്ങി നില്‍ക്കാതെ
നീ ഒഴുകി നീങ്ങുക,
ഒരു മഹാസാഗരം നിനക്കായ്
കാത്തിരിക്കുന്നു.

ചേർത്തല ശ്രീ നാരായണ കോളേജിൽ ഫിസിക്സ് അധ്യാപകനാണ്. സ്വന്തം ദേശം പാലക്കാട്. കഥകളും കവിതകളും എഴുതാറുണ്ട് .