ജലസ്മരണകൾ

ജലമൊഴിഞ്ഞേറെയും വറ്റിവരണ്ടൊരീ
പുഴയുടെ ഓരത്തു കാട്ടുചെമ്പോത്തുകൾ
ഇണതേടിയെത്തുന്നു, രക്താഭിസാന്ദ്രമാം
മിഴികളിൽ കാമമിളകിത്തിളയ്ക്കുന്നു.

സജല, സചഞ്ചല താരുണ്യ ഭംഗിയാ-
ളൊഴുകിയുണർത്തിയ മന്വന്തരങ്ങളിൽ
ഖനിയിലൊളിപ്പിച്ച സുന്ദര യാമങ്ങൾ  
വിമല വൈഡൂര്യസ്‌മൃതികളായ് മാറിയോ?

ജലമുകുളങ്ങളിൽ ഇന്ദ്രനീലദ്യുതി
ചപലസൗന്ദര്യം നിറച്ചപകലുകൾ,
കനവിൻ ചിരാതുകൾ കത്തും മിഴികളിൽ
കരിനീല കാന്തമെഴുതിയ രാവുകൾ,  

വിരഹ വിവശയായ് കുഞ്ഞിളം തെന്നലിൽ
പ്രണയ സന്ദേശം കുറിച്ചിട്ട നാളുകൾ,
തിര ലാസ്യമാടി, തീരത്തിൻ നിഗൂഢമാം
മറുകിലൊരിക്കിളിപ്പൂ വിരിയിച്ചനാൾ,

നഖമുനപ്പാടിൻ വസന്തങ്ങളിൽ നേർത്ത
മധുരോപഹാരമായ് മോഹം കിനിഞ്ഞനാൾ,
പെരുമഴയെത്തിത്തുടിച്ചു മദിച്ചൊരീ
കരകളെ നക്കിത്തുടച്ചു രമിച്ചനാൾ,

മറുകരയൊന്നിച്ചു നീന്തിപ്പുലർച്ചതൻ
മണലിൽ തളർന്നു മയങ്ങിക്കിടന്നനാൾ,
സജലസമൃദ്ധമിക്കാട്ടുതേനോർമ്മകൾ
മധുരം നിറയ്ക്കുന്നു പാനപാത്രങ്ങളിൽ!

തിര പോറലേല്പിച്ചുപേക്ഷിച്ചൊരായിരം
മുറിവുകൾ മണ്ണിൽ വിധുരഗീതങ്ങളായ്
പടരുന്നതിൻ മന്ദ്ര നാദോപധാരകൾ
മതിയുണർന്നീടുവാൻ നിന്നിലുണരുവാൻ.

ഒരു ചുംബനത്തിന്റെ ചാലകത്തിൽക്കൂടി
ഒഴുകിയെത്തുന്നോരീ വിദ്യുത്പ്രവാഹത്തിൽ
സുകൃതമിക്കാരിരുമ്പിന്ദ്രജാലം പോലെ
പുതുകാന്തവീചി പൊഴിക്കുന്നു ചുറ്റിലും!

നിറയുന്നു ശുഷ്കമീ ശാഖോപശാഖയിൽ
കുളിരുള്ള താപപുഷ്പങ്ങൾ സഹസ്രങ്ങൾ.
കരതലത്തിൽ നീ മയങ്ങുന്നു പുഞ്ചിരി-
ക്കുമിളകളെന്നെപ്പൊതിയുന്നു നിർദ്ദയം. 

പുനലൂരിൽ ജനനം, തൃശൂർ, ആനന്ദ് (ഗുജറാത്ത്) എന്നീ ഇടങ്ങളിൽ വിദ്യാഭ്യാസം. 2012 മുതൽ കവിതകൾ എഴുതിവരുന്നു. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.