അങ്ങനെയാണ്
അടുക്കളയൊരു സാമ്രാജ്യമായത് …
അവഗണിക്കപ്പെട്ടപ്പോൾ
അവമതിക്കപ്പെട്ടപ്പോൾ
അവഹേളിക്കപ്പെട്ടപ്പോൾ
സംശയിക്കപ്പെട്ടപ്പോൾ
സ്വന്തം പാചകപ്പുരയിൽ ഇഷ്ടങ്ങൾ പാചകം ചെയ്തവൾ ….!
കഥകൾ കവിതകൾ ചിത്രങ്ങൾ …
ഉപ്പും മധുരവും പുളിയും ചവർപ്പും
അളവു തെറ്റാതെ പാകപ്പെട്ടു
ആവി പോകാതെ
ചൂടാറാതെ
തനിക്കായി വിളമ്പുമ്പോൾ
അടുക്കള നിശ്ശബ്ദനിലവിളികൾ മറി കടന്നു…
അലക്കുകല്ലിൽ മറന്ന കവിതകളുടെയും
കിടപ്പറയിൽ മറന്ന കഥകളുടെയും
രുചിഭേദങ്ങൾ നിറഞ്ഞ അടുക്കളയിപ്പോൾ
ഒരു സാമ്രാജ്യമാണ് ..
രുചി നഷ്ടപ്പെട്ടവരുടെ
രുചിക്കൂട്ടുകൾ തേടുന്നവരുടെ
രുചി പരീക്ഷകരുടെ സാമ്രാജ്യം …
അവൾ
ആർക്കും ഇഷ്ടരുചികൾ പാകം ചെയ്യാവുന്ന
ചുവരുകളില്ലാത്ത
അടുക്കളസാമ്രാജ്യത്തിലെ രാജകുമാരി !
മനസ്സെന്ന അടുക്കളയിലെ
രുചിക്കൂട്ടുകളുടെ രാജകുമാരി !