അവനവനിസം

അവൻ്റെ  ജനനം സംഭവിച്ചു !

തരക്കേടില്ലാത്ത
കുടുംബത്തിലാണെന്നും
അപ്രകാരം തട്ടുകേടില്ലാതെ
ജീവിക്കാമെന്നും
തലയിൽ വരച്ചു.

അവൻ ജീവിക്കുവാൻ
തീരുമാനിച്ചു !

തമ്മിൽതല്ലാതിരിക്കാൻ
അങ്ങിനെ ആവണമെന്നും
അപ്രകാരം
നല്ലവനായി ജീവിക്കാമെന്നും
തെളിയിച്ചു കാണിച്ചു.

അവൻ മരിക്കുവാൻ തീരുമാനിച്ചു !

തമ്മിൽ ഭേദം
ആവഴിയാണെന്നും
അപ്രകാരം
വിഷമമില്ലാതെ മരിക്കാമെന്നും
തീരുമാനിച്ചുറച്ചു.

തലവര കൊണ്ടതും,
അങ്ങിനെ ആയതും,
ആ വഴിയുമെല്ലാം  
കുറുക്കുവഴികളായിപ്പോയതിനെപ്പറ്റിയുള്ള  
അവൻ്റെ മരണക്കുറിപ്പ്
പോക്കറ്റിൽ നിന്നും കണ്ടെടുത്തു
ചുറ്റും കൂടിനിന്നവർ
ഇങ്ങനെ വായിച്ചു

“അവന് എന്തിൻ്റെ കേടായിരുന്നു ?

പെരുമ്പാവൂരിനടുത്ത് ഐരാപുരത്ത് ജനനം. ഇംഗ്ലണ്ടിൽ നാഷണൽ ഹെൽത്ത് സർവീസിൽ ബിസിനസ്സ് ഇന്റലിജിൻസ് മാനേജരായി ജോലി ചെയ്യുന്നു.