ആദിയാണെന്നുമെന്നാത്മമന്ത്രാക്ഷരി
ആർദ്രമായുളളിലലിഞ്ഞ നാമാക്ഷരി
ആദിയാണെന്നുമെൻ പ്രാണനാളങ്ങളിൽ
പ്രേമസംഗീതധാരപെയ്യുന്നവൾ….
ആദിയാണാദ്യമെന്നാർത്തനാദങ്ങളിൽ
സാന്ത്വന തന്ത്രികൾ മീട്ടിയ തംബുരു
ആദിയാണെന്നുമെൻ ദുഃഖപർവ്വങ്ങളെ
ആഴിയിലെയ്തു ഹോമിച്ചുനിന്നവൾ…
കൊലവിളിക്കുന്നെൻ കുറ്റപത്രങ്ങളെ
നിലവിളിക്കുന്നെൻ നിത്യസത്യങ്ങളെ
അസുരതാണ്ഡവ താളമേളങ്ങളായ്
അലറിയെത്തുന്ന പ്രേതകാലങ്ങളെ
അതിവിലോലവിലാസഭാവങ്ങളായ്
ഹൃദയപുഷ്പത്തിലേറ്റി ചിരിച്ചവൾ…
അരുണകാന്തിയായെൻ ജീവയാത്രയിൽ
ഹരിത സുന്ദര സ്വപ്നംചമച്ചവൾ
അണയുവാൻപോന്നെന്നിത്തിരി വെട്ടത്തിൽ
തിരികൾനീട്ടി ചിരായുസ്സുനൽകിയോൾ…
അരികിൽവന്നെൻ വിനിദ്രയാമങ്ങളിൽ
അഴക് പെയ്യിച്ച് നർത്തനംചെയ്യുവോൾ
തരളഗാത്രയായെന്നാത്മരാഗത്തെ
ജലതരംഗമായ് തൊട്ടുണർത്തുന്നവൾ..
അലയുമജ്ഞാത പേടിക്കിനാക്കളെ
ഉലയും ജീവിതശുഷ്ക പത്രങ്ങളെ
ഉറവവറ്റിപ്പതിഞ്ഞു പാടുന്നെന്റെ
പുഴകൾ തേടുന്നുറക്കുഗീതങ്ങളെ
അതിവിലോല വിലാസഭാവങ്ങളായ്
തഴുകിയാനന്ദ നാദമാക്കുന്നവൾ
അവളനശ്വര പ്രേമകാവ്യങ്ങളിൽ
അലിയുവാൻവന്ന നിത്യനിലാമഴ …
മിഴികൾ പൂക്കുന്ന പ്രണയസൗഗന്ധികം
മലരുതോല്ക്കുന്ന മന്ദസ്മിതങ്ങളായ്
സകലജന്മവുമെൻ സാരസർവ്വമായ്
സ്മൃതികളിൽ നിത്യതീർത്ഥമാകുന്നവൾ…