
അനുകമ്പയെ
അരുംകൊലചെയ്യണം
പച്ച മരത്തിൽ
കൊത്തിവെച്ചു
മനുഷ്യദൈവത്തെ;
ദുഷ്ടശില്പികൾ…
ദാരുണവേഷംകൊണ്ടൊരു
ഓമനശില്പം…
കൊത്തുളി അയവിനു, നനവിനു
രക്തം ചീറ്റീ ശില്പം…
ദൈവശരീരം;
പടംപൊഴിച്ചിറങ്ങിവന്ന
അവതാരങ്ങൾ…
പഴയദൈവങ്ങൾ
ഭൂമിയിൽഉപേക്ഷിച്ചുപോവുന്നു
വൃദ്ധചർമ്മങ്ങൾ…
ദുഷ്ടശില്പികൾ
കൊത്തിവെച്ചു
മിശിഹയെന്ന തിരുവെഴുത്ത്…
ജീവനസാരം;
പുനർജനിക്കാനൊരു
മൃത്യുവാഞ്ഛ…
സ്ത്രീകളുടെ ഒപ്പാരി…
കുരിശിൽ
ഒരു വിഷാദരോഗിയുടെഅലമുറ:
“മനുഷ്യൻ പച്ചമരത്തോട്
ഇപ്രകാരം ചെയ്താൽ ….”
അനശ്വരം;
കുടിലബോധം
ദുഷ്ടശില്പികൾ
കുരിശിലാവാഹിച്ചു;
ആത്മരോദനം –
സ്ത്രീയിൽ ജനിച്ചവനു
സ്ത്രീയിൽ ജനിക്കാത്തവന്റെ
സിംഹാസനത്തിൻ
നേരവകാശം…
നോക്കൂ
അവർ പച്ചമരത്തിൽ
കൊത്തിവെച്ച
അനുപമശില്പം;
മരക്കുരിശ്…
മുൾക്കിരീടം
പാകപ്പെട്ട മുള്ളാണി…
യാതനയുടെ തിരുശേഷിപ്പ്…
അപ്പനു മുന്നേ ജനിച്ച പുത്രനെന്ന പഴി…
ദേവാലയാങ്കണത്തിൽ
കെട്ടിയിട്ട ആട്ടിൻകൂട്ടം
കൂട്ടിൽ കുറുകുന്ന പ്രാവുകൾ…
ശില്പഭംഗിക്കു വേണം
വാങ്മയ മൃത്യുസാധകം…
ആദിപാപം ആത്മബോധം
ശില്പം
നിത്യനരകം ഉറപ്പാക്കിയോ….
ദുഷ്ട ശില്പികൾ;
ഭൂതഗണങ്ങൾ…
പരിചാരകർ…
പരീശന്മാർ…
അൽത്താരയുടെ
അധിപന്മാർ…
തള്ളിപ്പറയാൻ അനുഗാമികൾ…
കുറ്റാരോപണങ്ങൾ…
കള്ളസാക്ഷികൾ…
ഉച്ചത്തിൽകൂവുന്ന പൂവൻകോഴി…
വിചാരണ..
വിധിയും
കൈകഴുകലും;
കല്ലെറിയാൻ
ആത്മരോഷമുള്ള
ആൾക്കൂട്ടം വേണം
ദൈവത്തിന്റെയും
മനുഷ്യന്റെയും
ശത്രുവായ് വിധിക്കാൻ
നല്ല ന്യായാധിപന്മാർവേ ണം
തെളിവുകൾ തൂക്കിനോക്കാൻ
നിയമജ്ഞന്മാർ വേണം
ഹൃദയം കുത്തി തുളക്കാൻ
മനക്കരുത്തുള്ള പടയാളികൾ വേണം
ആണയിടാൻ
അലിവുള്ള മനസാക്ഷി വേണം
ആക്രോശങ്ങളിൽ
ഇമ്പമുള്ള മുദ്രകൾവേണം
രക്തത്തിനായ്
മുറവിളി വേണം
ചതിമെനയാൻ
ഇരുട്ടു വേണം
അശരീരികൾക്ക്
ചിറകുള്ള പ്രകാശംവേണം;
എത്ര ആയാസകരം
ഒരു പച്ചമരത്തിൽ
രക്താഭിശപ്തന്റെ
അമൂർത്തരൂപം
കാലാതിവർത്തിയായ്
കൊത്തിവയ്ക്കുക;
അതിന്റെ വേരുകൾ
എത്രയെത്ര രഹസ്യ വഴികളിലൂടെ
ഭൂമിയുടെ അകക്കാമ്പോളമെത്തണം…
ആജ്ഞകളിലെ
മൃദുത്വം…
ഇച്ഛയിലെ
ധാരാളിത്തം…
നിശബ്ദതയിൽ
വളർത്തിയെടുത്ത
വെളിപാടുകളുടെ ധൂർത്ത്…
കലഹപ്രിയരായ മനുഷ്യർക്കിടയിൽ
സന്ദേഹിയാണ്
ഓരോ ആൾദൈവവും…
നിശബ്ദതയുടെ
ഗഹനതയിൽ
ഒരു നന്മമരത്തിനും
കാരിരുമ്പിന്റെ
കാതലുണ്ടാവില്ല;
പാപബോധം പരമസുകൃതം
എത്ര വിനീതം അതിൻ ശില്പ ചാരുത…
പക്ഷികളുടെ കാഷ്ഠത്തിൽ നിന്നും
ഒരു പവിഴദ്വീപ് പിറക്കുന്ന പോലെ
തിന്മയിൽ നിന്നും പിറക്കും
മിശിഹയുടെ തിരുരൂപം
തിരുഹൃദയം;
വീണ്ടും പാപികളെപോറ്റാൻ
ഭൂമിക്ക് ഭാരമായ്
പാമരത്വം പേറാൻ
ഒരു പരമാത്മാവ്…
പരിഹസിക്കണം ഉച്ചസ്ഥായിയിൽ…
തിളങ്ങണം
മഹത്വപ്പെട്ടവന്റെ മുൾക്കിരീടം…
ശില്പമായാൽ വിഭ്രമിപ്പിക്കണം
വിപരീതങ്ങളെ…
പച്ചമരത്തിലല്ലാതെ
മനുഷ്യജീവിതത്തിന്റ
ദുഷിപ്പ്
മറ്റെവിടെ കൊത്തിവെയ്ക്കും…
ഗൊൽഗോഥാ കുന്നിനുമേലെ
മയിൽമാലാഖക്കൊപ്പം
ഏഴ് * വിശുദ്ധമാലഖമാർ
ആകാശമേഘങ്ങൾ വകഞ്ഞ്
ഉന്മത്തരായശില്പികൾക്കുമേൽ
അനുഗ്രഹം നേർന്നു:
ദുഷ്ടശില്പികളേ
സ്വസ്തി…
നിങ്ങളൾ മിത്രശില്പികൾ…
നിങ്ങൾ കൊത്തിവെച്ചു
പച്ചമരത്തിൽ
അനുകമ്പയെ ഗാഢമായ്
നോവിക്കുന്ന നിഗൂഢഭാവം;
ഗൂഢനന്മ…
* നന്മയും തിന്മയും വിധിക്കുന്ന യസീദി മാലാഖമാർ .









