ഞാൻ ഇതല്ല എന്ന തോന്നലിനെക്കുറിച്ച്

“സത്യത്തിൽ ഞാൻ ഇതല്ല… പ്രസവസമയത്ത് ഏതോ ഹോസ്പിറ്റലിൽ വെച്ച് നഴ്സുമാർക്ക് കുഞ്ഞിനെ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയതാണ്. ശരിക്കും ഞാൻ നല്ല വെളുത്ത് സുന്ദരനായ ഏതോ ഒരു കോടീശ്വരന്റെ മകനാണ്. ഈ കാണുന്ന രൂപമൊന്നുമല്ല എന്റേത്..” ഏതോ ഒരു സിനിമയിൽ സലിം കുമാർ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നതാണ്. ഹിറ്റായൊരു തമാശ. എന്നാൽ കാര്യമൊട്ടുമില്ലാത്ത തമാശയല്ലതാനും. നമ്മൾ ജീവിക്കുന്ന ജീവിതത്തിന്റെ തൃപ്തിക്കുറവ് ആവോളമില്ലേ ഇതിൽ? എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെ ആയിപ്പോയത് എന്ന് ശപിച്ചുകൊണ്ട് ജീവിതം തള്ളിനീക്കുന്നവരുടെ ചിന്തകളെ വല്ലാതെ തൊടുന്നുണ്ട് ഈ വാക്യങ്ങൾ.

പേരിട്ടു വിളിക്കാൻ കഴിയാത്ത ചില സങ്കടങ്ങളുണ്ട്. അതൊരു മരണത്തിന്റെയോ വേർപാടിന്റെയോ വേദനയല്ല. തീർച്ചയായും അതിന് അതിന്റേതായ ഒരു ശൂന്യതയുണ്ട്. അതൊരു രോഗം സ്ഥിരീകരിക്കുമ്പോഴുള്ള ഞെട്ടലോ തകർച്ചച്ചയോ അല്ല. ഇത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. നമുക്ക് ജീവിക്കാൻ കഴിയാതെ പോയ, എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയ മറ്റൊരു ജീവിതത്തെക്കുറിച്ചുള്ള വിലാപമാണത്. സാഹചര്യങ്ങൾ അനുകൂലമായിരുന്നെങ്കിൽ നാം എത്തിപ്പെടുമായിരുന്ന മറ്റൊരു വലിയ ലോകത്തെക്കുറിച്ചുള്ള ഓർമ്മകൾ നമ്മെ വേട്ടയാടുന്നുണ്ട്. ചിലപ്പോൾ വളരെ തീവ്രമായി. മറ്റു ചിലപ്പോൾ മങ്ങിയ ഓർമ്മയുടെ രൂപത്തിൽ.

ഈ സങ്കടത്തെ മറ്റൊരാൾക്ക് പറഞ്ഞുമനസ്സിലാക്കിക്കൊടുക്കുക എന്നത് എളുപ്പമല്ല. കാരണം നമുക്ക് നഷ്ടമായി എന്ന് നാം കരുതുന്നത് ഒരിക്കലും നമ്മുടെ കൈകളിൽ ഉണ്ടായിരുന്ന ഒന്നല്ല. അതൊരുപക്ഷെ നാം നെയ്തുകൂട്ടിയ ചില സ്വപ്നങ്ങളാകാം. ഭാവിയിൽ നാം എത്തിപ്പെടുമെന്ന് കരുതിയ ഒരു ലക്ഷ്യമാകാം. അല്ലെങ്കിൽ സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നെങ്കിൽ നാം ആയിത്തീരുമായിരുന്ന മറ്റൊരു വ്യക്തിത്വമാകാം. നമുക്ക് തിരഞ്ഞെടുക്കാൻ കഴിയാതെ പോയ തൊഴിലാകാം. രോഗങ്ങളോടും മാനസികാഘാതങ്ങളോടും പൊരുതി തീർത്ത യുവത്വത്തെക്കുറിച്ചോർത്തുള്ള നിരാശയാകാം. നിലനിർത്താൻ കഴിയാതെ പോയ ബന്ധങ്ങളെക്കുറിച്ചോർത്തുള്ള വിലാപമാകാം. വലിയ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ, വെറും അതിജീവനത്തിനായി മാത്രം പാഴാക്കിയ വർഷങ്ങളെക്കുറിച്ചോർത്തുള്ള വേദനയാകാം.

നഷ്ടങ്ങൾക്കൊക്കെയും യാഥാർത്ഥ്യത്തിന്റെ മുഖമുണ്ട് എന്നുതന്നെ നാം കരുതുന്നു. അതിന് വ്യക്തമായ ഒരു രൂപം ഇല്ലെങ്കിൽ കൂടി. അതിന് ഒരു തുടക്കമോ ഒരു ശവസംസ്കാര ചടങ്ങോ ഇല്ല. കലണ്ടറിൽ അടയാളപ്പെടുത്താൻ ഒരു തീയതിയുമില്ല. സങ്കടം പ്രകടിപ്പിക്കാൻ സമൂഹം നിശ്ചയിച്ച ആചാരങ്ങളുമില്ല. താൻ കൊതിച്ച ജീവിതം ഇന്നത്തോടെ അവസാനിച്ചു എന്ന് കൃത്യമായി പറയാൻ ഒരു നിമിഷം നമുക്ക് കണ്ടെത്താൻ കഴിയില്ല. മറ്റ് പലതിലൂടെയുമാണ് നാം ആ നഷ്ടത്തെ തിരിച്ചറിയുന്നത്. ഒരു സുഹൃത്തിന്റെ വിജയം കാണുമ്പോൾ, നിരന്തരം മാറ്റിവെക്കപ്പെടുന്ന നമ്മുടെ ആഗ്രഹത്തിന്റെ, സ്വപ്നത്തിന്റെ ഗതി ഓർക്കുമ്പോൾ ഒക്കയും വലിയ നിരാശ വന്നുമൂടുന്നു. അപ്പോഴൊക്കെ സ്വയം ചോദിക്കാൻ ഭയപ്പെടുന്ന ഒരു ചോദ്യമായി ഈ സങ്കടം മാറും. വെറുതെ ജീവിച്ചു തീർക്കാൻ വേണ്ടി മാത്രം ജീവിതത്തിന്റെ ഇത്രയും വലിയൊരു ഭാഗം നഷ്ടപ്പെടുത്തിയല്ലോ എന്ന ചോദ്യം നമ്മെ തുറിച്ചുനോക്കും.

ഇതിനൊരു മറുവശമുണ്ടെന്ന് നാം കാണണം. ആ ചോദ്യത്തെച്ചൊല്ലി സങ്കടപ്പെടുന്നത് നിലവിലെ നമ്മുടെ ജീവിതം ഒന്നിനും കൊള്ളാത്തതാണെന്ന് സ്ഥാപിക്കാനല്ല. നഷ്ടപ്പെട്ട ജീവിതം തികച്ചും കുറ്റമറ്റതായിരുന്നു എന്ന് അവകാശപ്പെടാനുമല്ല. മറിച്ച് നമ്മുടെ ചുറ്റുപാടുകളും സാഹചര്യങ്ങളും നമ്മുടെ ജീവിതത്തെ എത്രമാത്രം പരിമിതപ്പെടുത്തി എന്ന് തിരിച്ചറിയുവാൻ വേണ്ടി മാത്രമാണത്. പല വാതിലുകളും നമുക്ക് മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടു എന്ന സത്യം അംഗീകരിക്കുകയേ നിവൃത്തിയുള്ളു. ആ തിരിച്ചറിവ് വേദനയുണ്ടാക്കും. അതിനർത്ഥം നാം സ്വാർത്ഥരാണെന്നോ നന്ദിയില്ലാത്തവരാണെന്നോ അല്ല. നമ്മൾ എവിടെയോ കുടുങ്ങിക്കിടക്കുകയാണെന്നും അത് അർത്ഥമാക്കുന്നില്ല. മറിച്ച്, ജീവിതം നമ്മിൽ നിന്ന് എന്തൊക്കെയോ കവർന്നെടുത്തു എന്ന സത്യം നാം ഉറക്കെ പറയുകയാണ്. ആ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുകയാണ്.

ജീവിക്കാൻ കഴിയാതെ പോയ ജീവിതത്തെക്കുറിച്ച് ഒരാൾ സങ്കടപ്പെടുമ്പോൾ ചുറ്റുമുള്ളവർ അസ്വസ്ഥരാകും. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ അവർ നമ്മെ ഉപദേശിക്കും. പഴയ കാര്യങ്ങൾ ആലോചിച്ച് വിഷമിക്കരുതെന്ന് പറയും. ഇതിലും വലിയ ദുരന്തങ്ങൾ സംഭവിക്കാതിരുന്നതിൽ ആശ്വസിക്കാൻ ആവശ്യപ്പെടും. ഈ പ്രതികരണങ്ങൾ പലപ്പോഴും സഹായിക്കണമെന്ന നല്ല ഉദ്ദേശത്തോടെയാകാം. പക്ഷെ പെട്ടെന്ന് പരിഹരിക്കാൻ കഴിയാത്ത സങ്കടങ്ങളെ അഭിമുഖീകരിക്കാൻ സമൂഹത്തിനും സാധിക്കുന്നില്ല എന്നാണ് ഇത് കാണിക്കുന്നത്.

വിഷാദരോഗം അഥവാ [Depression] കാരണം എനിക്ക് ഒരുപാട് വർഷങ്ങൾ നഷ്ടപ്പെട്ടു എന്ന് ഒരാൾ പറഞ്ഞാൽ ‘നീ അതിൽ നിന്നും പുറത്തുവന്നല്ലോ, അതിൽ സന്തോഷിക്ക്’ എന്നാകും സമൂഹം പറയുക. വിട്ടുമാറാത്ത രോഗങ്ങൾ [Chronic illness] കാരണം തന്റെ ജീവിതം നഷ്ടപ്പെട്ടല്ലോ എന്ന് സങ്കടപ്പെടുന്ന ഒരാളോട്, ലോകത്ത് എല്ലാവർക്കും അവരുടേതായ ബുദ്ധിമുട്ടുകൾ ഉണ്ടല്ലോ എന്ന് പറഞ്ഞ് ആ സങ്കടത്തെ അവർ ലഘൂകരിക്കും. സ്വന്തം കുട്ടിക്കാലം നഷ്ടപ്പെട്ടല്ലോ എന്നോർത്ത് വിലപിക്കുന്ന ഒരാളോട്, ആ നഷ്ടങ്ങളെക്കുറിച്ച് പൂർണ്ണമായി സംസാരിക്കാൻ അവസരം നൽകുന്നതിന് മുൻപ് തന്നെ അതിന് കാരണക്കാരായ മാതാപിതാക്കളോട് ക്ഷമിക്കാൻ സമൂഹം ആവശ്യപ്പെടും. ഈ ഓരോ സാഹചര്യത്തിലും ഒരു യാഥാർത്ഥ്യത്തെ ഉപയോഗിച്ച് മറ്റൊരു യാഥാർത്ഥ്യത്തെ ഇല്ലാതാക്കാനാണ് സമൂഹം ശ്രമിക്കുന്നത്.

കൃതജ്ഞതയും സങ്കടവും ഒരിക്കലും വിപരീത പദങ്ങളല്ല. ആളുകളെ നമുക്ക് ആത്മാർത്ഥമായി സ്നേഹിക്കാം. അതേസമയം അവർക്ക് നമുക്ക് നൽകാൻ കഴിയാതെ പോയ കാര്യങ്ങളെക്കുറിച്ചോർത്ത് നമുക്ക് സങ്കടപ്പെടുകയും ചെയ്യാം. പ്രതിസന്ധികളെ അതിജീവിച്ചതിൽ നമുക്ക് അഭിമാനിക്കാം. വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നതിൽ നമുക്ക് രോഷവും തോന്നാം. നാം പടുത്തുയർത്തിയ ഈ ജീവിതത്തെ നമുക്ക് വിലമതിക്കാം. എന്നാൽ നമ്മുടെ തിരഞ്ഞെടുപ്പുകളെ ഇല്ലാതാക്കിയ സാഹചര്യങ്ങളെക്കുറിച്ചോർത്ത് നമുക്ക് വിലപിക്കുകയും ചെയ്യാം. ഒരു സത്യം ഒരിക്കലും മറ്റൊരു സത്യത്തെ റദ്ദാക്കുന്നില്ല. രണ്ടും അവിടെ തന്നെയുണ്ട്.

എല്ലാത്തിലും നന്ദി കണ്ടെത്തണം എന്ന സമൂഹത്തിന്റെ നിർബന്ധം പലപ്പോഴും ഒരുതരം വൈകാരിക അച്ചടക്കമായി മാറാറുണ്ട്. മറ്റുള്ളവർക്ക് കേൾക്കാൻ സുഖമുള്ള കാര്യങ്ങൾ മാത്രം പ്രകടിപ്പിക്കുക. അല്ലാത്തവ മറച്ചുവെക്കുക. സങ്കടങ്ങളെ നിഷേധിച്ചതുകൊണ്ട് മാത്രം അവ ഇല്ലാതാകുന്നില്ല. അവ ഉള്ളിലേക്ക് തന്നെ തിരിയും. അത് ലജ്ജയായും, സ്വയം പഴിചാരലായും, മരവിപ്പായും, ദേഷ്യമായും, എപ്പോഴും മറ്റുള്ളവരെക്കാൾ പിന്നിലാണെന്ന തോന്നലായും മാറും. ഒടുവിൽ പഴയ കാര്യങ്ങൾ മറക്കാൻ കഴിയാത്തതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നമെന്ന് നാം തന്നെ വിശ്വസിക്കാൻ തുടങ്ങും. എന്നാൽ യഥാർത്ഥ പ്രശ്നം അതല്ല. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തുറന്നുപറയാൻ ആരും നമുക്ക് ഒരിടം നൽകിയില്ല എന്നതാണ് സത്യം. അതാണ് ഏറ്റവും വലിയ ദുരന്തം.

നമ്മുടെ ആഗ്രഹങ്ങളും ഇതുപോലെ തന്നെ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കൂടുതൽ സുരക്ഷിതമായ ഒരു കുട്ടിക്കാലം, ആരോഗ്യമുള്ള ഒരു ശരീരം, കൃത്യമായ പരിചരണം, കൂടുതൽ അവസരങ്ങൾ എന്നിവയൊക്കെ ആഗ്രഹിക്കുന്നത് തെറ്റല്ല. അത് സാധ്യമാകാതെ പോയാൽ  നാം സ്നേഹിക്കുന്ന ആളുകളെ തള്ളിപ്പറയേണ്ടതില്ല. നമുക്ക് യാതൊരു കുറവുകളുമില്ലാത്ത പൂർണ്ണമായ ഒരു ജീവിതം ലഭിക്കേണ്ടതായിരുന്നു എന്ന ചിന്ത അഹങ്കാരമല്ല. പലപ്പോഴും അതൊരു സാധാരണ മനുഷ്യന്റെ ആവശ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് മാത്രമാണ്. നമുക്ക് ലഭിക്കാതെ പോയവയെക്കുറിച്ച് ആഗ്രഹിക്കുന്നത് നമ്മുടെ കൂടെനിന്നവരോടുള്ള വിശ്വാസവഞ്ചനയല്ല. മറിച്ച്, സ്നേഹവും പ്രതികൂല സാഹചര്യങ്ങളിൽ ആ സ്നേഹത്തിന് നൽകാൻ കഴിഞ്ഞ കാര്യങ്ങളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള സത്യസന്ധമായ ഒരു വിലയിരുത്തലാണ്.

പലരെ സംബന്ധിച്ചും അതിജീവനം എന്നത് അപകടങ്ങൾക്കും തിരിച്ചുവരവിനും ഇടയിലുള്ള ചെറിയ ഇടവേളയല്ല. അത് അവരുടെ ജീവിതത്തിന്റെ അടിസ്ഥാന ഘടനയായി മാറുന്നു. സുരക്ഷിതമായിരിക്കാൻ രോഗലക്ഷണങ്ങളെ നിയന്ത്രിക്കാൻ, വരാനിരിക്കുന്ന തടസ്സങ്ങളെ മുൻകൂട്ടി കാണാൻ, തകർച്ചകളിൽ നിന്ന് കരകയറാൻ, സിസ്റ്റങ്ങളോട് പൊരുതാൻ,  വേണ്ടി മാത്രമാണ് അവരുടെ ഊർജ്ജം മുഴുവൻ ചിലവാകുന്നത്. മറ്റുള്ളവർ വലിയ സാധ്യതകൾ എന്ന് വിളിക്കുന്ന ജീവിതം, നമ്മെ സംബന്ധിച്ച് അടിസ്ഥാന ആവശ്യങ്ങൾ പോലും ഉറപ്പില്ലാത്ത ഒന്നായിരിക്കാം.

പുറത്തുനിന്ന് നോക്കുന്ന ഒരാൾക്ക് ഇത് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. അവർ കാണുന്നത് നമ്മുടെ നേട്ടങ്ങൾ മാത്രമാണ്. അതിന് പിന്നിലെ വലിയ അധ്വാനം അവർ കാണുന്നില്ല. ബിരുദം, ജോലി, കുടുംബം, അല്ലെങ്കിൽ പ്രശ്നങ്ങളില്ലാതെ കടന്നുപോയ ഒരു ദിവസം ഇതൊക്കെ കാണുമ്പോൾ മറ്റെല്ലാവർക്കും ലഭിച്ച അതേ സാഹചര്യങ്ങൾ നമുക്കും ലഭിച്ചിരുന്നു എന്ന് അവർ തെറ്റിദ്ധരിക്കുന്നു. കടുത്ത ക്ഷീണമുള്ളപ്പോഴും തീരുമാനങ്ങൾ എടുക്കാൻ നാം കാണിച്ച പരിശ്രമം അവർ കാണുന്നില്ല. ഭയത്തിനിടയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ നാം നടത്തിയ ശ്രമങ്ങൾ അവർ അറിയുന്നില്ല. ഓരോ തകർച്ചയ്ക്ക് ശേഷവും വീണ്ടും തുടങ്ങാൻ നാം കാണിച്ച ധൈര്യം അവർക്ക് മനസ്സിലാകില്ല. ശാരീരികമായും മാനസികമായും തളർന്നിരിക്കുമ്പോഴും ദൈനംദിന കാര്യങ്ങൾ ചെയ്തുതീർക്കാൻ നാം എത്രമാത്രം പാടുപെട്ടു എന്ന് അവർ ഒരിക്കലും അറിയുന്നില്ല.

അതിജീവനം ഒരു വലിയ നേട്ടമാണെങ്കിലും അതിന് വലിയൊരു വില കൊടുക്കേണ്ടി വരുന്നുണ്ട്. അത് നമ്മുടെ സമയവും ഭാവനയും ശ്രദ്ധയും വിശ്വാസവുമെല്ലാം കാർന്നുതിന്നുന്നു. ഭാവി എന്നത് എപ്പോഴും അനിശ്ചിതത്വങ്ങൾ നിറഞ്ഞതായത് കൊണ്ട് തന്നെ, എന്ത് കാര്യവും മുൻകൂട്ടി പ്ലാൻ ചെയ്യുന്നത് അപകടകരമാണെന്ന് അത് നമ്മെ പഠിപ്പിക്കുന്നു. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് മാത്രം മുൻഗണന നൽകാൻ അത് നമ്മെ ശീലിപ്പിക്കുന്നു. സന്തോഷിക്കുന്നത് ഒരു വലിയ റിസ്ക് ആണെന്നും, വലിയ ലക്ഷ്യങ്ങൾ അപ്രായോഗികമാണെന്നും, വിശ്രമം നമുക്ക് അർഹതയില്ലാത്തതാണെന്നും അത് നമ്മെ വിശ്വസിപ്പിക്കുന്നു.

ഗൾഫിലെ മണലാരണ്യത്തിൽ ജീവിതത്തിന്റെ സിംഹഭാഗവും ഹോമിച്ച ഒരു പ്രവാസിയുടെ കാര്യം എടുക്കാം. അയാൾക്ക് ഒരുപക്ഷെ മികച്ച ഒരു സംഗീതജ്ഞനോ ബിസിനസ്സുകാരനോ ആകണമെന്നായിരിക്കും ആഗ്രഹം. എന്നാൽ കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ അയാളെ മറ്റൊരു വഴിയിലൂടെ നടത്തി. പെങ്ങളുടെ വിവാഹം, വീടുപണി, അനിയന്റെ പഠനം…. എല്ലാം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തുമ്പോൾ അയാൾക്ക് നഷ്ടമായത് സ്വന്തം ജീവിതം തന്നെയാണ്. അതുപോലെ, കുടുംബത്തിന് വേണ്ടി സ്വന്തം സ്വപ്നങ്ങൾ ഉപേക്ഷിച്ച എത്രയോ സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. ഇതൊക്കെയും  അതിജീവനത്തിനുവേണ്ടിയായിരുന്നു. .

പിന്നീട് തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് ഇതിൽ കൂടുതൽ എന്തെങ്കിലും ചെയ്യാമായിരുന്നില്ലേ എന്ന് നാം ചിന്തിക്കും. അന്ന് ജീവിക്കാൻ കഴിയാതെ പോയ ജീവിതത്തിന്റെ മാനദണ്ഡങ്ങൾ വെച്ചുകൊണ്ട് നാം നമ്മുടെ ഭൂതകാലത്തെ വിലയിരുത്തും. ഭയത്തിന്റെയും രോഗത്തിന്റെയും സാഹചര്യങ്ങളിൽ നാം നേടിയെടുത്ത കാര്യങ്ങളെ പൂർണ്ണ സുരക്ഷിതത്വവും പിന്തുണയും ഉണ്ടായിരുന്നെങ്കിൽ നാം നേടിയെടുക്കുമായിരുന്ന കാര്യങ്ങളുമായി നാം താരതമ്യം ചെയ്യും. ഈ താരതമ്യം പലപ്പോഴും വളരെ ക്രൂരമാണ്. നമ്മുടെ പരിമിതികളെ അതൊരു വ്യക്തിത്വ വൈകല്യമായി കാണുന്നു. നാം അന്ന് അനുഭവിച്ച കടുത്ത സമ്മർദ്ദങ്ങളെ അത് പൂർണ്ണമായും അവഗണിക്കുന്നു.

എന്നാൽ സങ്കടങ്ങൾക്ക് ഇതൊരു പുതിയ കാഴ്ചപ്പാട് നൽകുന്നു. അതിജീവനം എന്നത് ഒരു വീരകഥയായി മാറ്റേണ്ടതില്ല. അത് വളരെ എളുപ്പമായിരുന്നു എന്ന് നടിക്കേണ്ടതുമില്ല. ആ നഷ്ടങ്ങളെക്കുറിച്ച് പറയുന്നത് നാം നേടിയെടുത്ത വിജയങ്ങളുടെ തിളക്കം കുറയ്ക്കുന്നില്ല. മറിച്ച് നാം നേടിയെടുത്ത യഥാർത്ഥ സാഹചര്യങ്ങളെ തിരിച്ചറിയാൻ അത് നമ്മെ സഹായിക്കുന്നു. അങ്ങനെ പൂർണ്ണമായ യാഥാർത്ഥ്യത്തെ മനസ്സിലാക്കുന്നു.

അമേരിക്കൻ ഫാമിലി തെറാപ്പിസ്റ്റും മനഃശാസ്ത്രജ്ഞനുമായ പോളിൻ ബോസ്സ് ഈ വിഷയത്തിൽ കാര്യമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. വ്യക്തതയില്ലാത്ത നഷ്ടങ്ങൾ (Ambiguous loss) എന്നാണ് പോളിൻ ഇതിനെ വിശേഷിപ്പിക്കുന്നത്. ചില നഷ്ടങ്ങൾക്ക് കൃത്യമായ അതിരുകളില്ല. ഒരു വ്യക്തി ശാരീരികമായി ഇവിടെയുണ്ട്. പക്ഷെ മാനസികമായി പൂർണ്ണമായും മാറിയിരിക്കുന്നു. അത് സമൂഹത്തിന് മുന്നിൽ അടയാളപ്പെടുത്താൻ ഒരു സംഭവവുമില്ല. നമുക്ക് ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയാതെ പോയ ആ ഭാവിയും ഇത്തരത്തിലുള്ള ഒരു നഷ്ടമാണ്. ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. കാരണം നാം യഥാർത്ഥത്തിൽ എന്തിനെക്കുറിച്ചാണ് സങ്കടപ്പെടുന്നതെന്ന് നമുക്ക് തന്നെ ഉറപ്പില്ല. അതിനെക്കുറിച്ച് സങ്കടപ്പെടാൻ നമുക്ക് അവകാശമുണ്ടോ എന്ന് പോലും നാം സംശയിക്കുന്നു.

ഒരു ഭാവിയും ആരും നമുക്ക് ഉറപ്പുനൽകുന്നില്ല. ലഭിക്കാതെ പോയതിനെക്കുറിച്ച് നാം കൂടുതൽ മോഹിപ്പിക്കുന്ന രീതിയിൽ ചിന്തിക്കാം. നാം സങ്കൽപ്പിച്ച ആ ജീവിതത്തിൽ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകില്ല എന്ന് നാം വെറുതെ വിശ്വസിച്ചേക്കാം. സാഹചര്യങ്ങൾ മാറിയിരുന്നെങ്കിൽ നാം ആരാകുമായിരുന്നു എന്നോ എന്തൊക്കെ സംഭവിക്കുമായിരുന്നു എന്നോ നമുക്ക് ഒരിക്കലും ഉറപ്പിച്ചു പറയാൻ കഴിയില്ല. പക്ഷെ ആ അനിശ്ചിതത്വം നമ്മുടെ സങ്കടങ്ങളെ ഇല്ലാതാക്കുന്നില്ല. ആ നഷ്ടപ്പെട്ട ജീവിതം തികച്ചും കുറ്റമറ്റതായിരുന്നു എന്ന് തെളിയിക്കേണ്ട ആവശ്യം നമുക്കില്ല. അത് നമുക്ക് ലഭിച്ചില്ല എന്ന് സങ്കടപ്പെടാൻ യാതൊരു തെളിവുകളുടെയും ആവശ്യവുമില്ല.

പലപ്പോഴും നാം സങ്കടപ്പെടുന്നത് ഒരു പ്രത്യേക നേട്ടം കൈവരിക്കാൻ കഴിയാത്തതിലല്ല. മറിച്ച് നമുക്ക് യഥാർത്ഥത്തിൽ എന്താണ് വേണ്ടതെന്ന് കണ്ടെത്താൻ സഹായിക്കുന്ന സാഹചര്യങ്ങൾ നമുക്ക് ലഭിച്ചില്ലല്ലോ എന്നോർത്താണ്. പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ, തകർച്ചകളിൽ വലിയ അപകടങ്ങളില്ലാതെ പരാജയപ്പെടാൻ, യാത്രയുടെ ദിശ മാറ്റാൻ, അസാധാരണമായിരിക്കാൻ ശ്രമിക്കാതെ തികച്ചും സാധാരണക്കാരനായി ജീവിക്കാൻ…  ഈ സ്വാതന്ത്ര്യങ്ങൾ നഷ്ടപ്പെട്ടതിലാണ് നാം വിലപിക്കുന്നത്. എപ്പോഴും പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുന്നതിന് പകരം സ്വയം വളരാൻ ഊർജ്ജം ചിലവഴിക്കാൻ കഴിയാതെ പോയല്ലോ എന്ന് നാം സങ്കടപ്പെടുന്നു.

ഈ വ്യത്യാസം വളരെ പ്രധാനപ്പെട്ടതാണ്. നാം സങ്കൽപ്പിച്ച ഒരു പ്രത്യേക ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ, ഉദാഹരണത്തിന് ഒരു പ്രത്യേക തൊഴിൽ അല്ലെങ്കിൽ ഒരു പ്രത്യേക ബന്ധം, ആ ജീവിതം തീർച്ചയായും സംഭവിക്കുമായിരുന്നു എന്ന് തെളിയിക്കാനുള്ള ശ്രമത്തിൽ നാം കുടുങ്ങിപ്പോകും. എന്നാൽ ആ ലക്ഷ്യങ്ങൾക്ക് പിന്നിൽ അതിനേക്കാൾ വലിയൊരു നഷ്ടമുണ്ട്. സുരക്ഷിതത്വം, സമയം, ആരോഗ്യം, പിന്തുണ, പുതിയ സാധ്യതകൾ എന്നിവയുടെയൊക്കെ അഭാവം. ഇത്തരം അനുകൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ നാം എന്ത് ചെയ്യുമായിരുന്നു എന്ന് നമുക്ക് കൃത്യമായി അറിയില്ലായിരിക്കാം. എങ്കിലും അതൊന്നും നമുക്ക് ലഭിച്ചില്ലല്ലോ എന്ന് ഓർത്ത് സങ്കടപ്പെടാൻ നമുക്ക് തീർച്ചയായും അവകാശമുണ്ട്.

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഈ സങ്കടം വീണ്ടും വീണ്ടും ഉയർന്നുവന്നേക്കാം. പഴയ നഷ്ടങ്ങളെ അവ വീണ്ടും ഓർമ്മിപ്പിക്കും. അതിനർത്ഥം നാം ആ സങ്കടങ്ങളെ പൂർണ്ണമായും മറികടന്നിട്ടില്ല എന്നോ നാം പരാജയപ്പെട്ടു എന്നോ അല്ല. മറിച്ച് ജീവിതത്തിന്റെ പുതിയൊരു തലത്തിൽ നിന്ന് നാം ആ പഴയ ചരിത്രത്തെ വീണ്ടും അഭിമുഖീകരിക്കുകയാണ് എന്ന് മാത്രം. ഒരു പ്രായത്തിൽ നാം നഷ്ടപ്പെട്ട കുട്ടിക്കാലത്തെക്കുറിച്ച് സങ്കടപ്പെടുന്നു. മറ്റൊരു പ്രായത്തിൽ ആ കുട്ടിക്കാലം നമ്മുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. നമ്മൾ മാറുന്നതിനനുസരിച്ച് നമ്മുടെ സങ്കടങ്ങളുടെ രൂപവും മാറുന്നു.

സങ്കടത്തെക്കുറിച്ചം വിലാപത്തെ (grief and bereavement) കുറിച്ചും ഗേവഷണം നടത്തിയ അമേരിക്കൻ മനഃശാസ്ത്രജ്ഞനായ റോബർട്ട് നീമെയർ, അർത്ഥങ്ങൾ പുനർനിർമ്മിക്കുക (Meaning reconstruction) എന്ന ആശയം മുന്നോട്ടുവെക്കുന്നു. ഒരു വലിയ നഷ്ടത്തിന് ശേഷം നാം നമ്മെത്തന്നെ മനസ്സിലാക്കുന്ന രീതിയാണിത്. എന്താണ് സംഭവിച്ചതെന്ന് മാത്രമല്ല, അതിനുശേഷം നാം ആരായി മാറി എന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. എല്ലാ ദുരന്തങ്ങളിലും ഒരു നന്മയുണ്ട് എന്ന് കണ്ടെത്തുന്നതല്ല ഇത്. യാതൊരു പാഠങ്ങളും ഉൾക്കൊള്ളാൻ കഴിയാത്ത ചില കടുത്ത അനുഭവങ്ങൾ ജീവിതത്തിലുണ്ട്. കടുത്ത മാനസിക ആഘാതം (trauma)നമ്മെ കൂടുതൽ സഹാനുഭൂതിയുള്ളവരാക്കി എന്നത് കൊണ്ട് മാത്രം ആ അനുഭവം ന്യായീകരിക്കപ്പെടുന്നില്ല. വിട്ടുമാറാത്ത രോഗങ്ങൾ നമ്മെ ക്ഷമ പഠിപ്പിച്ചു എന്നത് ഒരു ന്യായീകരണമല്ല. ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞ കുട്ടിക്കാലം നമ്മെ പ്രതിസന്ധികളെ നേരിടാൻ പ്രാപ്തരാക്കി എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല. വേദനിപ്പിക്കുന്ന ഒരു അനുഭവം നമ്മെ പരുവപ്പെടുത്തി എന്ന് പറയുന്നതും, ആ അനുഭവം നമുക്ക് നൽകേണ്ടതായിരുന്നു എന്ന് പറയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

ഈ അനുഭവങ്ങൾക്കുള്ള അർത്ഥം ഒരുപക്ഷെ പിന്നീട് നമുക്ക് പിടികിട്ടിയേക്കാം. അതൊരു ഒറ്റ ഉത്തരമായിരിക്കില്ല. നാം ഇപ്പോൾ എന്തിനെയൊക്കെ സ്നേഹിക്കുന്നു എന്നതിലൂടെ, നമ്മുടെ പരിമിതികളെ നാം എങ്ങനെ മനസ്സിലാക്കുന്നു എന്നതിലൂടെ, മറ്റുള്ളവർക്ക് നാം നൽകുന്ന പരിഗണനയിലൂടെയൊക്കെ നാം ആ പഴയ അനുഭവങ്ങൾക്ക് പുതിയ അർത്ഥതലം കണ്ടെത്തും. പക്ഷെ ഈ അർത്ഥം ഒരു ആശ്വാസസമ്മാനമായി നമുക്ക് നൽകാൻ ആർക്കും കഴിയില്ല. അത് നാം തന്നെ ഉണ്ടാക്കിയെടുക്കേണ്ട ഒന്നാണ്. അത് മറ്റാർക്കും നമ്മിൽ നിന്ന് നിർബന്ധപൂർവ്വം പിടിച്ചുവാങ്ങാനും കഴിയില്ല.

ജീവിക്കാൻ കഴിയാതെ പോയ ജീവിതത്തെക്കുറിച്ച് വിലപിക്കുന്നത് ഈ പുനർനിർമ്മാണത്തിന്റെ ഭാഗമാണ്. കാരണം സ്വയം കുറ്റപ്പെടുത്തലുകളിൽ നിന്ന് മാറി പുതിയൊരു കഥ രചിക്കാൻ അത് നമ്മെ സഹായിക്കും. ഞാൻ വേണ്ടത്ര പരിശ്രമിച്ചില്ല എന്ന് നാം നമ്മെത്തന്നെ കുറ്റപ്പെടുത്തിയിരിക്കാം. എന്നാൽ യഥാർത്ഥ കഥ അതല്ല. സാധാരണ നിലയിലുള്ള പരിശ്രമങ്ങൾ പോലും അസാധ്യമാക്കുന്ന സാഹചര്യങ്ങളെ അതിജീവിക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു എന്നതാകും കൂടുതൽ ശരിയായ കഥ. ഞാൻ എന്റെ വർഷങ്ങൾ വെറുതെ പാഴാക്കി എന്ന് നാം പറഞ്ഞേക്കാം. എന്നാൽ മറ്റാരും കാണാത്ത ഒരു യാഥാർത്ഥ്യത്തോട് പൊരുതുകയായിരുന്നു ആ വർഷങ്ങളിൽ നാം. ഈ പുതിയ കഥ ഒരിക്കലും നമ്മുടെ ഉത്തരവാദിത്തങ്ങളെ ഇല്ലാതാക്കുന്നില്ല. മറിച്ച് അത് എല്ലാത്തിനെയും കൃത്യമായ ഒരു പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.

പശ്ചാത്തലം പലതിനെയും മാറ്റിയെഴുതുന്നു. നമ്മുടെ ഭൂതകാലം രൂപപ്പെട്ടത് നമ്മുടെ അലസത കൊണ്ടല്ല മറിച്ച് നമ്മുടെ പരിമിതികൾ കൊണ്ടാണെങ്കിൽ പിന്നെ ഞാൻ എന്തുകൊണ്ട് കൂടുതൽ ഒന്നും ചെയ്തില്ല എന്ന ചോദ്യത്തിന് പ്രസക്തിയില്ല. പകരം ആ ചോദ്യം ഇങ്ങനെ മാറും. ഞാൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ വെച്ച് നോക്കുമ്പോൾ അന്ന് എന്തൊക്കെ സാധ്യമായിരുന്നു? എനിക്ക് ഇപ്പോൾ ലഭിച്ച അറിവുകൾ വെച്ച് നോക്കുമ്പോൾ ഇന്ന് എന്തൊക്കെ സാധ്യമാണ്? ഇതാണ് ശരിയായ ചോദ്യം.

ജീവിക്കാൻ കഴിയാതെ പോയ ജീവിതത്തിന്റെ ഏറ്റവും ക്രൂരമായ ഫലങ്ങളിലൊന്ന് എപ്പോഴും മറ്റുള്ളവരെക്കാൾ പിന്നിലാണെന്ന തോന്നലാണ്. സമൂഹത്തിന്റെ സമയക്രമങ്ങളുമായി നാം നമ്മുടെ ജീവിതത്തെ അളക്കുന്നു. ഒരു പ്രത്യേക പ്രായത്തിൽ ജോലി, വീട്, ബിരുദം, സാമ്പത്തിക ഭദ്രത ഇവയൊക്കെ സ്വന്തമാക്കിയോ എന്ന് താരതമ്യപ്പെടുത്തുന്നു. മറ്റെല്ലാവരും ജീവിതം ആഘോഷിക്കുമ്പോൾ നാം മാത്രം എവിടെയോ കുടുങ്ങിപ്പോയി എന്ന് നാം വിശ്വസിക്കുന്നു.

ഈ സമയക്രമങ്ങൾ എപ്പോഴും ഒരു സുരക്ഷിതമായ ശരീരം, മതിയായ പിന്തുണ, കൃത്യമായ ശ്രദ്ധ, സുരക്ഷിതമായ ഭാവി എന്നിവ ഉണ്ടെന്ന് സങ്കൽപ്പിച്ചാണ് ഉണ്ടാക്കിയിട്ടുള്ളത്. എല്ലാവർക്കും ഒരേപോലെ അവസരങ്ങൾ ലഭിക്കുമെന്നും ഒരേ പരിശ്രമത്തിന് എല്ലാവർക്കും ഒരേ ഫലം ലഭിക്കുമെന്നും ഉള്ള വിശ്വാസമാണ് കാരണം. ഈ സമയക്രമം പാലിക്കാൻ കഴിയാതെ വരുമ്പോൾ സമൂഹത്തിന്റെ ഒരു മാനദണ്ഡത്തെ നാം ഒരു വ്യക്തിപരമായ പരാജയമായി കണക്കാക്കും. അതൊരു വലിയ തെറ്റാണ്.

എല്ലാ മനുഷ്യരുടെയും ജീവിതം ഒരേ അളവുകോൽ വെച്ച് അളക്കാൻ കഴിയില്ല. രോഗിയായി പത്ത് വർഷം ചിലവഴിച്ച ഒരാൾ വെറുതെ പത്ത് വർഷം പാഴാക്കിയതല്ല. ആ വർഷങ്ങളിൽ അയാളുടെ പരിശ്രമങ്ങൾ ഉണ്ടായിരുന്നു. ബന്ധങ്ങൾ ഉണ്ടായിരുന്നു. നിരാശകൾ ഉണ്ടായിരുന്നു. പരിചരണങ്ങൾ ഉണ്ടായിരുന്നു. മറ്റാർക്കും കാണാൻ കഴിയാത്ത വളർച്ചകൾ ഉണ്ടായിരുന്നു. ആ സമയത്തിന് അതിന്റേതായ അർത്ഥം ഉണ്ടായിരുന്നു. എന്നാൽ അത് വെച്ചുകൊണ്ട് ലഭിക്കാതെ പോയതിനെക്കുറിച്ച് സങ്കടപ്പെടാതിരിക്കാൻ കഴിയില്ല.

പുറമെ കാണുന്ന നേട്ടങ്ങൾ മാത്രം എണ്ണുന്നതിന് പകരം ആരും കാണാത്ത നമ്മുടെ അദൃശ്യമായ അധ്വാനങ്ങളെ കൂടി കണക്കിലെടുക്കണം. എന്ത് ചെയ്യാൻ പരാജയപ്പെട്ടു എന്ന് ചോദിക്കുന്നതിന് പകരം എന്തൊക്കെ പ്രതിസന്ധികളാണ് നാം നേരിട്ടത് എന്ന് ചോദിക്കണം. പരിമിതികളെ നമ്മുടെ ദൗർബല്യമായി കാണുന്നതിന് പകരം അതിൽ ഏതാണ് നമ്മുടേത് എന്നും ഏതാണ് രോഗങ്ങൾ, ആഘാതങ്ങൾ, ദാരിദ്ര്യം, പിന്തുണയില്ലായ്മ എന്നിവ കാരണം നമ്മുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടത് എന്നും കൃത്യമായി വേർതിരിച്ചറിയണം. ഇത്തരം ചോദ്യങ്ങൾ ഒരുപക്ഷെ പെട്ടെന്ന് ആശ്വാസം നൽകിയേക്കില്ല. പക്ഷെ അത് നമ്മെക്കുറിച്ചുള്ള വിലയിരുത്തലുകൾ കൂടുതൽ സത്യസന്ധമാക്കും.

സങ്കടങ്ങൾക്ക് എപ്പോഴും ഉപദേശങ്ങളല്ല ആവശ്യം. അതുകേൾക്കാൻ ഒരാൾ വേണം. ഒരു സാക്ഷി. തെറ്റുകൾ തിരുത്താനോ, ഓരോ വേദനകളെയും ചോദ്യം ചെയ്യാനോ, പെട്ടെന്ന് തന്നെ പ്രതീക്ഷകൾ നൽകാനോ അയാൾ ശ്രമിക്കേണ്ടതില്ല. നഷ്ടപ്പെട്ടതിന് വലിയ അർത്ഥമുണ്ടായിരുന്നു എന്നും അതിന്റെ അഭാവം ഇപ്പോഴും വേദനിപ്പിക്കുന്നുണ്ടെന്നും ആ സാക്ഷി അംഗീകരിച്ചാൽ മതി.

സ്വന്തം ദുരിതങ്ങൾക്ക് എപ്പോഴും ഒരു വിശദീകരണം ആളുകൾ ആഗ്രഹിക്കുന്നില്ല. പക്ഷെ ആ സങ്കടങ്ങളിൽ നിന്ന് ഓടിയൊളിക്കാത്ത ഒരാളെ അവർക്ക് ആവശ്യമുണ്ട്. നമ്മുടെ വ്യക്തിജീവിതത്തിലും ഇത് തന്നെയാണ് സത്യം. നീ അങ്ങനെ ചിന്തിക്കാൻ പാടില്ല, പഴയതൊക്കെ മറക്കണം എന്നൊക്കെ ആളുകൾ പറയുമ്പോൾ, നമ്മുടെ സ്വന്തം ചിന്തകളെപ്പോലും നാം സംശയിക്കാൻ തുടങ്ങും. എന്നാൽ നമ്മുടെ സങ്കടങ്ങളെ ഒരാൾ ശ്രദ്ധയോടെ കേൾക്കുമ്പോൾ, അതുവരെ ഉള്ളിലൊതുക്കിയ പല വികാരങ്ങൾക്കും നമുക്ക് വാക്കുകൾ കണ്ടെത്താൻ കഴിയും. കേൾവിക്ക് വലിയ ശക്തിയുണ്ട്.

എല്ലാ വ്യക്തികൾക്കും എല്ലാ സങ്കടങ്ങളും ഉൾക്കൊള്ളാൻ കഴിയില്ല എന്നതും ഒരു സത്യമാണ്. ചില ബന്ധങ്ങൾക്ക് നമുക്ക് ആവശ്യമായ പിന്തുണ നൽകാൻ കഴിഞ്ഞേക്കില്ല. നമ്മുടെ വികാരങ്ങളെ തെറ്റിദ്ധരിക്കാതെ കേൾക്കാൻ കഴിയുന്ന ഒരു തെറാപ്പിസ്റ്റിനെയോ സുഹൃത്തിനെയോ അല്ലെങ്കിൽ ഒരു സമൂഹത്തെയോ കണ്ടെത്താൻ ചിലപ്പോൾ സമയമെടുത്തേക്കാം. മികച്ച പിന്തുണ നൽകുക എന്നാൽ നാം പറയുന്ന എല്ലാ കാര്യങ്ങളെയും കണ്ണടച്ച് വിശ്വസിക്കുക എന്നല്ല. മറിച്ച് നമ്മുടെ സങ്കടങ്ങളെ വെറും സഹതാപമായി തള്ളിക്കളയാതെ ഗൗരവമായി എടുക്കുക എന്നതാണ്.

കെയർഗിവർമാർക്കും തെറാപ്പിസ്റ്റുകൾക്കും ഈ തിരിച്ചറിവ് വളരെ പ്രധാനമാണ്. നഷ്ടങ്ങളെ അംഗീകരിക്കുന്നതിന് മുൻപ് തന്നെ എല്ലാം മറക്കാൻ ആവശ്യപ്പെടുന്നത് പലപ്പോഴും ഒരുതരം നിർബന്ധിക്കലായി മാറും. സങ്കടങ്ങളെ വേഗം മറികടക്കാൻ പ്രേരിപ്പിക്കുമ്പോൾ മറ്റുള്ളവർക്ക് കേൾക്കാൻ സുഖമുള്ള കാര്യങ്ങൾ പറയുമ്പോൾ മാത്രമേ തങ്ങളുടെ വേദനകൾക്ക് വിലയുള്ളൂ എന്ന് അവർ വിശ്വസിക്കാൻ തുടങ്ങും. ആളുകളെ വേഗത്തിൽ മുന്നോട്ട് നയിക്കുന്നതിന് പകരം ആദ്യം അവർ പറയാൻ ശ്രമിക്കുന്ന സത്യങ്ങളെ കേൾക്കുകയാണ് വേണ്ടത്. ‘നോക്കൂ, നിനക്ക് ഇപ്പോഴും എന്തൊക്കെ ചെയ്യാൻ കഴിയും’ എന്ന് പറയുന്നതിന് പകരം, ‘നിനക്ക് നഷ്ടമായത് എന്താണെന്ന് ഞാൻ മനസ്സിലാക്കുന്നു, അത് എത്രമാത്രം വലുതാണെന്നും എനിക്കറിയാം’ എന്ന് പറയുന്നതാണ് അവർക്ക് നൽകാവുന്ന ഏറ്റവും വലിയ ആശ്വാസം.

ഈ അദൃശ്യമായ ദുഃഖത്തിന് നാം തന്നെ ഒരു രൂപം നൽകേണ്ടതുണ്ട്. ഗ്രാമത്തിലെ ഇടവഴികളിലൂടെ ഒറ്റയ്ക്കൊരു സായാഹ്നയാത്ര, ഒരു ദീർഘമായ നടത്തം, പഴയ നമ്മൾക്ക് ഒരു കത്തെഴുതാം, നമ്മെ മനസ്സിലാക്കുന്ന ഒരാളോട് സംസാരിക്കാം. ഒരു കവിതയെഴുതാം. അതുമല്ലെങ്കിൽ നഷ്ടങ്ങളെ ഓർക്കാൻ വേണ്ടി മാത്രം കുറച്ചു സമയം നീക്കിവെക്കാം. പല മാർഗങ്ങളിൽ തനിക്ക് അനുയോജ്യമായത് നാം തന്നെ കണ്ടെത്തണം.

നാം സങ്കൽപ്പിച്ച ആ ജീവിതത്തോട് ഒരു വലിയ വിടവാങ്ങൽ നടത്തുകയല്ല ഇതിന്റെ ഉദ്ദേശം. ആ ജീവിതത്തിൽ നിന്ന് നമുക്ക് പൂർണ്ണമായും വിട്ടുനിൽക്കാൻ കഴിഞ്ഞേക്കില്ല. നമ്മുടെ പഴയ സ്വപ്നങ്ങളെല്ലാം അസാധ്യമാണെന്ന് നാം വിശ്വസിക്കേണ്ടതുമില്ല. ചില സ്വപ്നങ്ങളുടെ രൂപം മാറിയേക്കാം. ചിലത് ഇപ്പോഴും അർത്ഥവത്തായി തുടർന്നേക്കാം. മറ്റ് ചിലത് നാം ഉപേക്ഷിക്കേണ്ടി വന്നേക്കാം. ഈ വ്യത്യാസം മനസ്സിലാക്കാൻ ഇത്തരം ചില നിമിഷങ്ങൾ നമ്മെ സഹായിക്കും.

നമുക്ക് നഷ്ടമായത് എന്താണെന്ന് പേരുചൊല്ലി വിളിക്കാം. അതൊരു പ്രത്യേക അവസരം മാത്രമല്ല. അത് സാധ്യമാക്കുമായിരുന്ന സുരക്ഷിതത്വം, സമയം, ഊർജ്ജം, പിന്തുണ എന്നിവയൊക്കെയാകാം. നാം സഹിച്ച കാര്യങ്ങളെക്കുറിച്ച് നമുക്ക് പറയാം. നമുക്ക് സഹിക്കാൻ കഴിയാതെ പോയ കാര്യങ്ങളെക്കുറിച്ചും. ആരെങ്കിലും അതൊന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന് നാം എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നും നമുക്ക് ഓർക്കാം. ഇപ്പോഴും ബാക്കിയുള്ളവയെക്കുറിച്ചും നാം ചിന്തിക്കണം. അത് വെറുതെ ഒരു നന്ദി പ്രകടിപ്പിക്കാൻ വേണ്ടിയല്ല. മറിച്ച് നിലവിലെ അവസ്ഥയെക്കുറിച്ചുള്ള സത്യസന്ധമായ ഒരു വിലയിരുത്തലിനായി വേണ്ടിയാവാം. ഇപ്പോൾ നമ്മെ സന്തോഷിപ്പിക്കുന്നത് എന്താണ്? ഏത് തരത്തിലുള്ള ബന്ധങ്ങളാണ് ഇനി സാധ്യമാകുക? ഇവയൊക്കെ നാം തന്നെ കണ്ടെത്തണം.

ജീവിതത്തിന്റെ വലിയൊരു ഭാഗം വെറും അതിജീവനത്തിനായി ചിലവഴിച്ചതുകൊണ്ട് പുതിയ ആഗ്രഹങ്ങൾ നമുക്ക് അപരിചിതമായി തോന്നാം. എന്ത് ആഗ്രഹിക്കണമെന്നോ പഴയ കാര്യങ്ങളെ എങ്ങനെ ന്യായീകരിക്കണമെന്നോ നമുക്കറിയാമായിരിക്കും. പക്ഷെ ഇപ്പോൾ യഥാർത്ഥത്തിൽ നമുക്ക് എന്താണ് വേണ്ടതെന്ന് നമുക്കറിയില്ല. അതിന് പെട്ടെന്നൊരു ഉത്തരം കണ്ടെത്താൻ ശ്രമിക്കേണ്ടതില്ല. പുതിയ കാര്യങ്ങളെക്കുറിച്ചുള്ള ഒരു അന്വേഷണം തന്നെ വലിയൊരു തുടക്കമാണ്.

ജീവിക്കാൻ കഴിയാതെ പോയ ജീവിതത്തെക്കുറിച്ച് സങ്കടപ്പെടുന്നത് എപ്പോഴും നിരാശകളിൽ തന്നെ തളച്ചിടപ്പെടാനല്ല. അതോടൊപ്പം സങ്കടങ്ങളെല്ലാം പെട്ടെന്ന് അവസാനിക്കുമെന്നും നാം പുതിയൊരു മനുഷ്യനായി മാറുമെന്നും ഇതിനർത്ഥമില്ല. മറ്റൊരു ലോകത്തേക്ക് തുറക്കുമെന്ന് നാം പ്രതീക്ഷിച്ച ആ വാതിൽ ഒരിക്കലും തുറക്കില്ല എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ ജീവിക്കാൻ പഠിക്കുക എന്നതാണ് ഇത്. അത് അത്ര എളുപ്പമല്ല.

പഴയ ആ വേദന നാം ഇപ്പോഴും അറിഞ്ഞേക്കാം. നാം ഇപ്പോഴും പലതും ആഗ്രഹിച്ചേക്കാം. എന്നാൽ ആ സങ്കടം നമ്മുടെ ലജ്ജയെ ഇല്ലാതാക്കും. ചില ദൂരങ്ങൾ നമുക്ക് ഒരിക്കലും താണ്ടാൻ കഴിയില്ല എന്ന് നാം അംഗീകരിച്ചു കഴിഞ്ഞാൽ, ആ ദൂരം താണ്ടാൻ കഴിയാത്തതിന്റെ പേരിൽ നാം നമ്മെത്തന്നെ ശിക്ഷിക്കുന്നത് നിർത്തും. നമ്മുടെ ഭൂതകാലം നമ്മുടെ കഴിവുകേടിന്റെ തെളിവായി കാണാതെ തന്നെ നമുക്ക് അതിനെ ഓർക്കാൻ കഴിയും. അതൊരു വലിയ ആശ്വാസമാണ്.

എനിക്ക് ഇതിലും വലിയ ആളാകാമായിരുന്നു എന്ന ചിന്തയിൽ നിന്നും, ആരും കാണാത്തത്ര വലിയ ഭാരം ഞാൻ ചുമന്നിരുന്നു എന്ന തിരിച്ചറിവിലേക്കുള്ള മാറ്റമാണത്. ഞാൻ എന്റെ ജീവിതം പാഴാക്കി എന്നതിൽ നിന്നും എന്റെ ജീവിതം ഒരുപാട് പരിമിതികൾ നിറഞ്ഞതായിരുന്നു, അതിനെക്കുറിച്ച് സങ്കടപ്പെടാൻ എനിക്ക് അവകാശമുണ്ട് എന്ന വിശ്വാസത്തിലേക്കുള്ള മാറ്റം. ഞാൻ എങ്ങനെയും മറ്റുള്ളവർക്കൊപ്പം എത്തണം എന്ന ഓട്ടത്തിൽ നിന്നും നിലവിൽ എന്റെ ജീവിതത്തിൽ എനിക്ക് പ്രാധാന്യമുള്ളത് എന്താണ് എന്ന ചോദ്യത്തിലേക്കുള്ള മാറ്റം. ഈ മാറ്റം അനിവാര്യമാണ്.

വേദന നിറഞ്ഞ കഥയ്ക്ക് നൽകുന്ന സന്തോഷകരമായ ഒരു ക്ലൈമാക്സല്ല ഇത്. മറിച്ച് കൂടുതൽ വിശാലമായ ഒരു അർത്ഥമാണ്. ഇപ്പോൾ നമുക്ക് ലഭ്യമായ ഈ ജീവിതം, നാം പണ്ട് സങ്കൽപ്പിച്ച ജീവിതം പോലെ ആയിരിക്കില്ല. അതിന് ഒരുപാട് പരിമിതികൾ ഉണ്ടാകാം. അവയെ നിഷേധിക്കുന്നതിന് പകരം അംഗീകരിക്കുകയാണ് വേണ്ടത്. അതിൽ ഒരുപാട് അർത്ഥങ്ങൾ കണ്ടെത്താൻ കഴിയും. നല്ല ബന്ധങ്ങൾ. സന്തോഷങ്ങൾ. സമൂഹത്തിനായുള്ള സംഭാവനകൾ. ഒപ്പം പുതിയ അത്ഭുതങ്ങളും. ചിലപ്പോൾ വീണ്ടും പഴയത് പോലെ അതിജീവനത്തിന്റെ നാളുകൾ വന്നേക്കാം. അതും ഒരു പരാജയമല്ല.

ആഗ്രഹങ്ങളെ ഒരു തെറ്റായി കാണുന്നത് നിർത്തുക. നിങ്ങളുടെ ജീവിതം മറ്റുള്ളവരെക്കാൾ ബുദ്ധിമുട്ടുള്ളതായിരുന്നു എന്നതിൽ നിങ്ങൾ ലജ്ജിക്കേണ്ടതില്ല. ആ നഷ്ടങ്ങളെ നിങ്ങൾ ഒരു സമ്മാനമായി കാണേണ്ടതുമില്ല. നിങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾ നിങ്ങളുടെ എല്ലാ നഷ്ടങ്ങൾക്കും പകരമാകുമെന്നും നിങ്ങൾ വിശ്വസിക്കേണ്ടതില്ല. നിങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാതെ പോയ ആ വഴികളെക്കുറിച്ചോർത്ത് സങ്കടപ്പെടാൻ നിങ്ങൾക്ക് പൂർണ്ണ അവകാശമുണ്ട്.

ഒരുപക്ഷെ, കുറച്ചു കഴിയുമ്പോൾ പുതിയ സാധ്യതകൾ തുറന്നുവന്നേക്കാം. അത് നിങ്ങൾ സങ്കടങ്ങളെ പൂർണ്ണമായും തോൽപ്പിച്ചത് കൊണ്ടല്ല. മറിച്ച് ആ സങ്കടങ്ങളെ ആരെങ്കിലും ശ്രദ്ധയോടെ കേട്ടതുകൊണ്ടാണ്. നമ്മുടെ ഭൂതകാലവുമായി കലഹിക്കാൻ ചിലവഴിക്കുന്ന ഊർജ്ജം ഇപ്പോൾ ബാക്കിയുള്ളവയെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കും. ഒരു ചെറിയ പ്രതീക്ഷ നമ്മളിൽ തളിരിടും. ജീവിതം നമുക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ നൽകണം എന്ന വാശിയല്ല അത്. മറിച്ച് ഇനി എന്ത് എത്രമാത്രം വളരും എന്നറിയാനുള്ള ഒരു തുറന്ന മനസ്സാണ്.

എനിക്ക് ജീവിക്കാൻ കഴിയാതെ പോയ ആ ജീവിതത്തെക്കുറിച്ച് ഞാൻ സങ്കടപ്പെടുമ്പോൾ ഞാൻ എന്റെ നിലവിലെ ജീവിതത്തെ തള്ളിപ്പറയുകയല്ല. മറിച്ച് ആ രണ്ട് ജീവിതങ്ങൾക്കും ഇടയിലുള്ള വലിയ ദൂരത്തിന്റെ പേരിൽ ഞാൻ എന്നെത്തന്നെ ശിക്ഷിക്കുന്നത് നിർത്തുക മാത്രമാണ്. എനിക്ക് നഷ്ടമായവ ഞാൻ ഓർക്കുന്നു. അതോടൊപ്പം ആ വലിയ ശൂന്യതയെ അതിജീവിച്ച ആ പഴയ എന്നെയും ഞാൻ ഓർക്കുന്നു. ആ വ്യക്തിക്ക് വേണ്ടത് സ്നേഹവും അനുകമ്പയുമാണ്. അല്ലാതെ അപ്രായോഗികമായ ഉപദേശങ്ങളല്ല.

സങ്കടങ്ങൾക്കപ്പുറത്തും ഒരു ജീവിതമുണ്ട്. യാതൊരു നഷ്ടങ്ങളും സംഭവിക്കാത്ത ഒരു ജീവിതമല്ല അത്. നാം പണ്ട് സങ്കൽപ്പിച്ച അതേ ജീവിതവുമല്ല. അതിന്റേതായ പരിമിതികളും പുതിയ സാധ്യതകളും ആരും പ്രതീക്ഷിക്കാത്ത സൗന്ദര്യവുമുള്ള മറ്റൊരു ജീവിതം. അത് നമ്മുടെ നഷ്ടങ്ങളെ ഒരിക്കലും മായ്ച്ചുകളയില്ല. അത് നമ്മോട് ആവശ്യപ്പെടുന്നത് ഒന്നേയുള്ളൂ. ഇപ്പോൾ ബാക്കിയുള്ളവയെ സത്യസന്ധതയോടും കരുതലോടെയും കൂടി ചേർത്തുപിടിക്കുക.

ഈ ജീവിതം ഇപ്പോഴും നമ്മുടേതാണ്. അത് ജീവിച്ചു തീർക്കാനുള്ളതാണ്.  യഥാർത്ഥമായി. സത്യസന്ധമായി. സ്നേഹത്തോടെ. പൂർണ്ണതയോടെ. അതാണ് നമുക്ക് നമ്മളോട് തന്നെ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നീതി. ഒരുപക്ഷെ അത്രമാത്രം.

ഫുൾബ്രൈറ്റ് ഫെലോഷിപ്പ് നേടി അമേരിക്കയിൽ പഠനഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. സംസ്ഥാന അധ്യാപക അവാർഡ് ഉൾപ്പെടെ വിവിധ പുരസ്‌കാരങ്ങൾ. പാപുസ്തകസമിതി, ഇംഗ്ലീഷ് സ്‌റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് ഇവയിൽ അംഗം. ന്യൂഡൽഹി, ചെന്നൈ, മുംബൈ, ബംഗ്ലൂർ, കൂർഗ്, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ ശിൽപ്പശാലകൾക്ക് നേതൃത്വം നൽകി. ജീവിതത്തിൻ്റെ ആൽക്കെമി, പെൺഡ്രൈവ്, കടലിനപ്പുറത്തെ ക്ലാസ്മുറികൾ തുടങ്ങി പത്ത് കൃതികൾ.