സാർത്തോവിൻ്റെ കുത്സിതചിന്തകൾ – 6

“മനുഷ്യരെ മെനക്കെടുത്താതെ ഈ കിളവൻമാർക്ക് വീട്ടിലിരുന്നൂടെ?”

ഷട്ടിൽ ബാഡ്മിൻ്റൺ കോർട്ടിൽ ഒപ്പം കളിക്കുന്ന അമ്പതൊക്കെ കടന്ന സീനിയർ കളിക്കാരെ നോക്കി അന്ന് ഇരുപത്തഞ്ചുകാരനായിരുന്ന അയാൾ മനസിൽ ശാപവാക്കുകൾ ഉരുവിട്ടു.

ബാഡ്മിൻ്റൺ കോർട്ടിൽ പ്രായമായവരെ പാർട്ട്ണറാക്കിയുള്ള കളി അത്ര സുഖകരമല്ല. അതിന് ചുരുങ്ങിയ അപവാദങ്ങളുണ്ടാകാമെങ്കിലും, തീർച്ചയായും ചെറുപ്പക്കാരോടൊപ്പം കളിക്കാനുള്ള ശാരീരികക്ഷമത അവർക്ക് ഫലത്തിൽ കുറവായിരിക്കും. അതിന് അതിൻ്റേതായ ബുദ്ധിമുട്ട് വരുമെന്നതിനാൽ പ്രായമുള്ളവരുടെ പങ്കാളിത്തം കഴിവതും ഒഴിവാക്കാനായി ഞാൻ ശ്രദ്ധിച്ചിരുന്നു. എതിർ ടീമിൽ പോലും, പ്രായമുള്ളവരോ കളിയിൽ ശൈശവദശയിലുള്ളവരോ വന്നാൽ സഹകളിക്കാരോട് ഞാനെന്നും അസഹിഷ്ണത പ്രകടിപ്പിച്ചിരുന്നു.

അൻപതുകൾ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് പ്രായം മനുഷ്യനിൽ വരുത്തുന്ന മാറ്റങ്ങളേക്കുറിച്ച് ഏകദേശ ധാരണ കിട്ടിത്തുടങ്ങിയത്. മനസ് ഇരുപതുകളിൽ തന്നെ നിൽക്കുന്നുണ്ടെങ്കിലും ശരീരം അതിനൊപ്പം ഒട്ടും തന്നെ എത്തുന്നില്ല എന്ന തിരിച്ചറിവ് സമ്മർദ്ദമായി. പശ്ചാത്താപമായി. ഇന്നത്തെ അമ്പതുകാർ വരെ എൻ്റെ നേരെ മെല്ലെ മുറുമുറുക്കാൻ തുടങ്ങുകയും മുട്ടുകൾ പണിമുടക്കിലേക്ക് പ്രവേശിക്കുകയും ചെയ്തതോടെ, 55 വർഷത്തോളം ഒപ്പം കൊണ്ടുനടന്ന റാക്കറ്റുകൾ സ്റ്റോർ റൂമിൻ്റെ അറകളിൽ സ്മാരകമായി സൂക്ഷിക്കാൻ ഞാൻ നിർബ്ബന്ധിതനായി.

ഞാൻ കളി നിറുത്തി.

കാലത്തിൻ്റെ കാവ്യനീതി അതാണ്.
പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കും.
അതൊരു പ്രകൃതി നിയമമാണ്.

പ്രായം എന്നത് വെറും നമ്പർ എന്നൊക്കെ ആലങ്കാരികമായി പറയാമെങ്കിലും ആത്യന്തികമായി അതൊരു വലിയ സത്യമാണ്.
എത്ര ഉയരമുള്ള മതിലിലോ മരത്തിലോ കയറി താഴേക്ക് ചാടാൻ കെല്പുണ്ടായിരുന്ന ആ ഒരു ഇന്നലെകളിൽ നിന്ന്, ഒരേസമയം ഇരുകാലുകളും ഭൂമിയിൽ നിന്ന് ഒരിഞ്ചു പോലും ഉയർത്താൻ കഴിയാത്ത ഇന്നിൽ നിന്നും, നാളെ ഭാവിയിൽ തന്നിൽ വന്ന് ഭവിച്ചേക്കാവുന്ന അവശതകളുടെ വ്യാപ്‌തി അയാളുടെ മനസിലൂടെ പായാറുണ്ട്.

പത്ത് സ്റ്റെപ്പ് ഓടുകയെന്നത് അചിന്തനീയം! ഒരു കിലോമീറ്റർ നടക്കുക എന്നത് വേദനാജനകം!

ചലന സ്വതന്ത്ര്യം അനുനിമിഷം കുറഞ്ഞു കുറഞ്ഞ് വരുന്നത്, സന്ധികളിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ ഏറെക്കുറെ നഷ്‌ടപ്പെട്ട് വരുന്നത്, അടിവസ്ത്രം ധരിക്കാൻ പോലും ഒരു താങ്ങ് ആവശ്യമായി വരുന്നത്, മാർഗ്ഗതടസ്സമായി തറയിൽ കിടക്കുന്ന ഒന്നോരണ്ടോ ഇഞ്ച് മാത്രം ഉയരമുള്ള ഒന്നിനെപ്പോലും മറികടക്കാൻ പാദങ്ങൾക്ക് ഏറെ ആയാസപ്പെടേണ്ടി വരുന്നത്, കുളിക്കുമ്പോൾ പുറത്തും പാദങ്ങളിലുമൊന്ന് സോപ്പ് തേക്കാൻ പോലുമുള്ള സ്വാധീനം കൈകൾക്ക് നഷ്‌ടപ്പെടുന്നത്, പാദങ്ങളിലെ നഖങ്ങൾ വെട്ടാൻ, ഷൂ ധരിക്കാൻ, ഏറെ പ്രയാസപ്പെടേണ്ടി വരുന്നത്, അല്പം അകലെ നിൽക്കുന്ന ഒരാളേയോ അക്ഷരങ്ങളേയോ തിരിച്ചറിയാൻ ആയാസപ്പെടേണ്ടി വരുന്നത്, മറ്റൊരാൾ പറയുന്നത് വ്യക്തമായി കേൾക്കാൻ കഴിയാതാവുന്നത്, വഴിയിൽ യാദൃശ്ചികമായി കണ്ടുമുട്ടുന്ന, മുമ്പ് ഏറെ പരിചിതനായിരുന്ന ഒരാളെ ഓർമ്മിച്ചെടുക്കാൻ കഴിയാതെ വരുന്നത്, അയാളെ തിരിച്ചറിഞ്ഞു എന്ന ഭാവേന അയാളോട് സംസാരിക്കേണ്ടി വരുന്നത്, അയാൾ പോയിക്കഴിഞ്ഞ് അയാൾ ആരെന്ന് ചിന്തിച്ച് തല പുകയ്ക്കേണ്ടി വരുന്നത്, ചിരപരിചിതമായ വഴികളും സ്വന്തം വീട്ടിലേക്കുള്ള വഴികൾ പോലും ചില ഘട്ടങ്ങളിൽ മറന്നുപോകുന്നത്, നേരിട്ട് ക്ഷണിച്ച കല്യാണം പോലുള്ള ചടങ്ങുകൾക്ക് പോകാൻ മറന്ന് പോകുന്നത്, ജന്മദിനം, വിവാഹ മരണ വാർഷിക ദിനങ്ങൾ മറന്ന് പോകേണ്ടി വരുന്നത്, ഒപ്പം യാത്ര ചെയ്യുന്ന മകളേയും ഭാര്യയേയുമൊക്കെ പ്രത്യേക ഘട്ടങ്ങളിൽ വഴിയിൽ മറന്നുപോകുന്നത്. ഇതൊക്കെ നമ്മുടെ ഫിനിഷിംഗ് പോയിൻ്റിലേക്കുള്ള ശക്തവും വ്യക്തവുമായ സൂചനകളാണ്.

ഞാൻ കണ്ടെത്തിയ ഒരു തീയറിയുണ്ട്. മനുഷ്യ ജീവിതത്തെ 20 വർഷങ്ങൾ വീതമുള്ള നാല് ഘട്ടങ്ങളായി തരം തിരിക്കാം. അഞ്ചാം ഘട്ടത്തിലേക്ക് എത്തിപ്പെടാൻ കഴിയുന്നവർ വിരളം! അപ്പോൾ നാലാം സ്‌റ്റേജിൽ നിൽക്കുന്ന ഒരാൾക്ക് പിന്നീട് ലഭിക്കാവുന്നത് വെറും 20 വർഷങ്ങൾ! ആ കണക്കിൽ എനിക്കവശേഷിക്കുന്നത് വെറും 14 വർഷങ്ങൾ! പക്ഷെ മനസ് മടുക്കാതെ, നിരാശരാകാതെ ഫിനിഷിംഗ് പോയിൻ്റിലേക്ക് സധൈര്യം നടന്നെത്തുക എന്നതല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും നമ്മുടെ മുമ്പിലില്ല എന്നതും തിരിച്ചറിയപ്പെടേണ്ടതാണ്.

എങ്കിലും, കവിഭാഷയിൽ പറഞ്ഞാൽ മനുഷ്യൻ്റെ ജീവിതത്തിൽ മരണം വരെ യാതൊരു മാറ്റവുമില്ലാതെ തുടരുന്നത് ഒന്നുമാത്രം. അത് “മാന്ത്രികക്കുതിര”യായി പായുന്ന സ്വന്തം മനസ് തന്നെ!

(തെറ്റിദ്ധരിക്കരുത്. ആരെയും നിരുത്സാഹപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല ഈ കുറിപ്പ്. അടുത്ത കുത്സിതത്തിൽ ഞാനിതിനെ എങ്ങനെയൊക്കെയാണ് മറികടന്നത് എന്ന് വായിക്കാം.)

എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം സ്വദേശിയെങ്കിലും ഇപ്പോൾ തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ താമസിക്കുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് റാപ്പിഡ് റസ്പോണ്ട്സ് ആന്റ് റസ്ക്യൂ ഫോഴ്സിൽ (RRRF) നിന്നും അസിസ്റ്റന്റ് കമാണ്ടന്റ് (ഡി വൈ എസ് പി) ആയി 2017 ൽ വിരമിച്ചു. 2011- 16 ൽ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിന്റെ സെക്യൂരിറ്റി ഇൻസ്പെക്ടർ ആയിരുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച സാർത്തോവിൻ്റെ സുവിശേഷം എന്നൊരു ഓർമ്മക്കുറിപ്പും എൻ്റെ സഞ്ചാരം എന്നൊരു യാത്രാവിവരണവും എഴുതിയിട്ടുണ്ട്. അഞ്ച് കഥാസമാഹാരങ്ങളിൽ കഥകളും ഉൾപ്പെട്ടിട്ടുണ്ട്.