പെൺബുദ്ധൻ

നേരം വെളുക്കെ
ചിരിക്കുന്നതിനു മുമ്പായിരുന്നു
കദീശച്ചയുടെ
ഇറങ്ങിപ്പോക്ക്.

ഉറക്കച്ചടവിൽ
മെഴുകുതിരി
കത്തിക്കവെ
വഴികളിൽ
ഉരുകിത്തീർന്നവയിൽ ഒന്ന്
എന്നും എൻ്റെ
പേര് വിളിച്ചു കൊണ്ടേയിരിക്കും

കറുത്ത വസ്ത്രത്തിനുള്ള്
കറപുരളാത്ത
അൻപിനുറവ
വെടിഞ്ഞ്
പുകമഞ്ഞുപുതച്ച്
അവൾ
ഒടുങ്ങിപ്പോയി !

നോമ്പ് നാളിലെ
തരിക്കഞ്ഞിയും
പത്തിരിയും ബീഫും
ചിരി നിറഞ്ഞ
ചിന്ത പൊതിഞ്ഞ
 വഴി കനത്ത്
എല്ലാം മൗനം വരച്ച
കറുത്തൊരാകാശമായി !

ഒറ്റയാൾപട,
അണ്ണാൻ പരുന്ത്
പല്ലിയുറുമ്പ് പോൽ
മക്കളെപ്പെറ്റുപോറ്റി
പെരുമ തീർത്ത
പെൺബുദ്ധനിവൾ !

പാതിവഴിയിൽ
തനിച്ചാക്കി
കടന്നുപോയവൻ്റെ
കരിമ്പുകയേറ്റു വെളുത്തവൾ !

വിറ കൊള്ളി
പുകഞ്ഞു തീർന്ന
മൺചുമരിലെ നിഴലനക്കങ്ങളിൽ,
നേരം നെടൂളാൻ്റെ
ഒച്ചയോടൊത്ത്
മഴയ്ക്കൊപ്പം
മുങ്ങി നിവരുമ്പോൾ ,
മുള്ളൻപന്നി തുരുതുരാ
പൊഴിച്ച മുള്ളുകൾ
ചേമ്പിലകളെ അപ്പാടെ
മുറിവേൽപ്പിക്കുമ്പോൾ,
അവൾ കുന്നിറങ്ങി
വരുന്നുണ്ട് !

ആരുമില്ലെന്നരികിലെന്ന്
ആവനാഴിയിലെ
ഓരോ സ്നേഹശരവും
വായുവിൽ
വൃഥാവിലാകെ
നിലാവിൽ
നീലയാമിനിയിൽ
എൻ്റെ മുന്നിലിതാ
അവൾ !

എൻ്റെ നിറുകയിൽ
കൈവച്ച്
മൃദുമന്ദഹാസത്തോടെ
മൊഴിഞ്ഞു! !

” നൻമയുണ്ടാവട്ടെ “

കവി, നിരൂപകൻ ,നടൻ , മലപ്പുറം ജില്ലയിൽ കെ യം ഹയർ സെക്കൻ്ററി സ്‌ക്കൂളിൽ അധ്യാപകൻ . നിരവധി ആനുകാലികളിൽ കഥ , കവിത , നിരൂപണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .