പ്രകൃതിയുടെ സ്പന്ദനങ്ങൾ

പെരുമഴക്കാലത്തിന്റെ ഈറനണിഞ്ഞ സായാഹ്നത്തിൽ, ഗേറ്റിനു മുന്നിലെ ഇലകൾ വീണുകിടക്കുന്ന ഇടവഴിയിലേക്ക് നോക്കി ഏറെ നേരം നിന്നു. വയസ്സ് അമ്പത് കഴിഞ്ഞു; ജീവിതത്തിന്റെ കറുപ്പും വെളുപ്പും കണ്ടറിഞ്ഞ കാലത്തിനിപ്പുറം ഇടവഴിയിലെ മൺമതിലിൽ വളർന്നു നിൽക്കുന്ന മഷിചെടികളിലേക്ക് നോക്കി. ജീവിതത്തിലൊരിക്കലും മായ്ക്കാനാവാതെ മനസിൽ കോറിയിട്ട പെൻസിൽ വരകളോർത്ത് നെടുവീർപ്പിട്ടു. പ്രകൃതി ഓരോ ഋതുവിലും തന്റെ ഭാവങ്ങൾ മാറ്റുന്നതുപോലെ, മനുഷ്യന്റെ ജീവിതത്തിലും എത്രയോ ഭാവങ്ങളാണ് മാറിമറിയുന്നതെന്നോർത്തു.

മഴ കനത്തപ്പോൾ വീടിനു മുന്നിലെ വലിയ വാകമരം ഒന്നുകൂടി കുനിഞ്ഞു. വർഷങ്ങളായി അതിന്റെ  വേരുകൾ മണ്ണിനെ മുറുകെപ്പിടിച്ചിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് വീശുന്ന കാറ്റിൽ അതിന്റെ ചില്ലകൾ അങ്ങോട്ടുമിങ്ങോട്ടും ആടിയുലഞ്ഞു. പക്ഷേ, എത്ര കോടമഞ്ഞും കൊടുങ്കാറ്റും അടിച്ചാലും ആ വേരുകൾ ഭൂമിയുടെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടേയിരുന്നു. പക്ഷേ ഒരു പ്രായത്തിനപ്പുറം മനുഷ്യൻ വേരുകൾ മറക്കുകയും വേരുകൾ ബാധ്യതയാണെന്ന് കരുതുകയും ചെയ്യുന്നത് പോലെ തോന്നി.

ചെറുപ്പത്തിന്റെ പ്രൗഢിയിൽ പച്ചപ്പാർന്നു നിൽക്കുമ്പോൾ ആരും വേരുകളുടെ ബലത്തെക്കുറിച്ചു ബലഹീനതകളെ കുറിച്ചും ഓർക്കാറില്ല. ആകാശത്തിലേക്ക് ഉയർന്നുനിൽക്കുന്ന ചില്ലകളിലും ഇലകളിലുമാണ് എല്ലാവരുടെയും കണ്ണ്. എന്നാൽ ജീവിതത്തിന്റെ വേനലുകൾ കടുക്കുമ്പോഴാണ്, അതേ സ്ഥാനത്ത് നമ്മൾ വേരുകളായി മാറുമ്പോളാണ് ഭൂമിയുടെ അടിത്തട്ടിൽ നിന്ന് ഈർപ്പം തേടി  ഒരിക്കൽ നെട്ടോട്ടമോടിയ വേരുകളുടെ യഥാർത്ഥ വേദന സ്വയമറിഞ്ഞ്  തുടങ്ങുന്നത്. ചിന്തകൾ വേരുകളിലേക്ക് മാത്രമായി ചുരുങ്ങുന്നത്.

കൈയിലിരുന്ന ജോലിയും സമ്പാദ്യവും പെട്ടെന്നൊരു ദിവസം നഷ്ടപ്പെട്ടപ്പോൾ, ചുറ്റും നിന്നവരിൽ പലരും പച്ചപ്പ് തേടി മറ്റു ചില്ലകളിലേക്ക് ചേക്കേറി. അന്ന് ഒറ്റപ്പെട്ടുപോയ തടിയ്ക്ക് തണലായത് ആരും കാണാത്ത ആ വേരുകളുടെ ഉറപ്പായിരുന്നു— അധ്വാനവും ആത്മവിശ്വാസവും നിറഞ്ഞ ചെറിയൊരു മനസ്സമാധാനം.

പെട്ടെന്നാണ് ആകാശത്ത് പെരുമഴയ്ക്ക് വിരാമമിട്ട് സൂര്യന്റെ നേരിയൊരു കീറ് തെളിഞ്ഞത്. മേഘക്കൂട്ടങ്ങൾക്കിടയിലൂടെ പ്രകാശം പരന്നപ്പോൾ, ഇലത്തുമ്പുകളിൽ തങ്ങിനിന്ന മഴത്തുള്ളികൾ വജ്രക്കല്ലുകൾ പോലെ തിളങ്ങി. പ്രകൃതി ഒരേസമയം എത്ര ക്രൂരവും മനോഹരവുമാണ്! കുറച്ചു മുമ്പ് സർവ്വതും തകർത്തെറിയുമെന്ന് തോന്നിപ്പിച്ച കറുത്ത മേഘങ്ങൾ തന്നെ, ഇപ്പോൾ ഭൂമിയെ കുളിരണിയിച്ച് ശാന്തമാക്കിയിരിക്കുന്നതെന്നോർത്തു. മനുഷ്യരിലാണ് വേദനയുടെ മാത്രം ഭാവങ്ങൾ ഉള്ളതെന്ന് തോന്നി.

മനുഷ്യന്റെ കണ്ണുനീരിനും ഈ ഇലത്തുമ്പിലെ തുളളികളുടെ അതേ സ്വഭാവമാണ്. ദുഃഖത്തിന്റെ കറുത്ത കാർമേഘങ്ങൾ മനസ്സിൽ നിറയുമ്പോൾ എല്ലാം അവസാനിച്ചു എന്ന് തോന്നും. പക്ഷേ, ആ കണ്ണുനീർ തോരുമ്പോൾ ഉള്ളിൽ പുതിയൊരു പ്രഭാതം ഉദയം ചെയ്യും. ഇന്നലകളിലെ കൊടുങ്കാറ്റുകൾ തളർത്തിയതുകൊണ്ട് മാത്രം ആരും വറ്റിവരണ്ടുപോകുന്നില്ല. ഓരോ കൊടുംവേനലിനു ശേഷവും മണ്ണിൽ നിന്ന് ഒരു തുളുമ്പൽ പോലെ പുതിയ നാമ്പുകൾ മുളപൊട്ടുക തന്നെ ചെയ്യുമായിരിക്കും. എവിടെയും തൊടാതെ അലഞ്ഞു തിരിയുന്ന ചിന്തകളിൽ പല കാലങ്ങൾ വന്നു പോകുന്നതറിഞ്ഞു..

ഉമ്മറ മുറ്റത്ത് വീണ പഴുത്ത പ്ലാവില മണ്ണ് തെറിച്ച് കിടക്കുന്നതിന്റെ മുകളിലൂടെ എന്തോ തിരഞ്ഞ് കൊണ്ട് ഒരു കുനിയനുറുമ്പ് ഓടി നടക്കണത് നോക്കിയിരുന്നു. ഒരു പക്ഷേ പണ്ടെന്നോ നഷ്ടപെട്ട അതിന്റെ ഭൂതകാലമാവാം അത് തിരയുന്നതെന്ന് തോന്നി.

മുറ്റത്തേക്ക് വീണുകിടക്കുന്ന വാകപ്പൂക്കളിലേക്ക് നോക്കി ചെറുതായി പുഞ്ചിരിച്ചു. പ്രകൃതി ഓരോ ദിവസവും മനുഷ്യനെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം പൂത്തു നിൽക്കുമ്പോൾ തന്നെ ഒരു പക്ഷേ പൊഴിഞ്ഞു പോയേക്കാം എന്ന് തന്നെയാണെന്ന് തോന്നി. അതൊരു തിരിച്ചറിവാണ്; എന്തുതന്നെയായാലും, ഒരു ഭാവവും ഇവിടെ ശാശ്വതമല്ല. രാത്രിയുടെ ഇരുട്ടുകിണറിനൊടുവിൽ പുലരിയുടെ വെളിച്ചം വരികതന്നെ ചെയ്യുമായിരിക്കും.

കിഴക്ക് ഉദിക്കാത്ത നാളുകളൂം പടിഞ്ഞാറസ്തമിക്കാത്ത വൈകുന്നേരങ്ങളും വരാത്തിടത്തോളം കാലം പ്രകൃതിയും മനുഷ്യനൂം വിവിധ ഋതുഭേദങ്ങളിലൂടെ തുടരുക തന്നെ ചെയ്യുമെന്ന് തോന്നി. ഓരോ കാലത്തും ഓരോ മനൂഷ്യർ അവരവരുടെ ജീവിതത്തോട് മല്ലിട്ട് അവഗണനയുടെ ചൂടും പരിഗണനയുടെയും ഇളംതണുപ്പുമറിഞ്ഞ് പെരുമഴക്കാലങ്ങൾ താണ്ടി വേനൽചൂടിലുരുകി ഒലിച്ച് മണ്ണോട് ചേരുന്നു.

പിടിച്ചടക്കിയതൂം സ്വന്തമാക്കിയതുമെല്ലാം ഇവിടെ തന്നെ ഉപേക്ഷിച്ച് ശൂന്യമായ കൈകളോടെ മണ്ണിലേക്ക് മടങ്ങുന്നു. അതിനിടയിൽ ചെയ്തുകൂട്ടിയതൊക്കെയും പലരുടെയും ഉള്ളിലെ വേദനയൂം ഓർമ്മയുമായി കുറച്ചുകാലം ബാക്കിയാവുന്നു. മറവിയുടെ മോന്തായം നരച്ച ഇരുൾ പലരുടെയും ഉള്ളിൽ പരന്നു തുടങ്ങുന്നു. ഞാൻ എന്താണെന്നും ആരാണെന്നും തിരിച്ചറിയാനും മറ്റുള്ളവരെ ബോധ്യപെടുത്താനും വേണ്ടി മാത്രം ജീവിച്ച് കാലം കഴിച്ചവർ മണ്ണിനടിയിൽ പുഴുവരിച്ച് കിടക്കുന്നു.

ഒരിക്കലോടിയതിൽ പാതി ദൂരം പോലും വേണ്ടി വരില്ല അത്തറ് പൂശിയ ശരീരത്തിൽ പുഴുവരിക്കാനെന്ന് ജീവിച്ചിരിക്കെ ചിന്തിക്കാത്തവർ ലോകം വെട്ടി പിടിക്കാനുള്ള തിരക്കിൽ ജീവിക്കാനുള്ള സമയം നഷ്ടപെടുത്തുന്നതിനെ കുറിച്ചോർത്ത് അല്പനേരമിരുന്നു. കർക്കടകത്തിലെ മഴക്കോളുമായി പടിഞ്ഞാറ് മാനം ഇരുളുന്നത് കണ്ടു. മെല്ലെ ചാറിയെത്തിയ മഴ തൊടികയിലൂടെ ഓടി വന്ന് മുറ്റത്തേക്ക് കയറി മേൽപുര വഴി വീടിന്റെ പിറക് വശത്തേക്ക് ഓടി പോയി. നനഞ്ഞ മൂറ്റത്തേക്ക് കാറ്റിൽ വാകമരത്തിന്റെ ഇലകൾ പൊഴിഞ്ഞു വീണു.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് താമസം. എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. നോവലുകളും ചെറുകഥകളുമുൾപെടെ ഇരുനൂറോളം കൃതികൾ എഴുതിയിട്ടുണ്ട്. ആത്മബലി എന്നൊരു നോവൽ പുസ്തകരൂപത്തിൽ വിപണിയിലുണ്ട്.