ഉപ്പും നനവും

കൂറ്റൻ പാറക്കെട്ടിന് മുകളിൽ, നിലാവ് പുതച്ചുനിന്ന സെലീനയുടെ ശരീരത്തിലൂടെ കടൽക്കാറ്റ് അലസമായി ഒഴുകി നടന്നു. താഴെ, ഉയരത്തിൽ പൊങ്ങുന്ന തിരമാലകൾ കറുത്ത പാറക്കെട്ടിലേക്ക് വെള്ളനുരകൾ വാരിയെറിഞ്ഞ് പരിഹാസച്ചിരി വിതറി. കറുത്ത പാറകളുടെ മൗനത്തിനുമേൽ നീലക്കടൽ നൂറ്റാണ്ടുകളായി നടത്തുന്ന അധിനിവേശം പോലെ അതൊരു കാലത്തിന്റെ ആവർത്തിക്കുന്ന സാക്ഷ്യമായി അവൾക്ക് തോന്നി. അവളുടെ കണ്ണുകൾ ചുറ്റുമൊന്നു കറങ്ങി. ഉന്മാദം നുരഞ്ഞുയർന്ന ആഘോഷത്തിന്റെ അവശിഷ്ടങ്ങളിൽ അവ നങ്കൂരമിട്ടു. ചിതറിക്കിടക്കുന്ന ഭക്ഷണപ്പൊതികൾ. ശൂന്യമായ കോക്ക് കുപ്പികൾ. മഞ്ഞുറഞ്ഞ ഗ്ലാസുകളിൽ വറ്റാതെ കിടക്കുന്ന ‘കോന്യാക്കി’ന്റെ മണം. അവൾ വസ്‌ത്രങ്ങൾ ഒന്നൊന്നായി എടുത്തണിഞ്ഞു. ഉപ്പും നനവും ആവാഹിച്ച തണുപ്പ് ശരീരത്തിൽ പതിഞ്ഞു. പിന്നെ രാക്കുളിരിനെ വകഞ്ഞുമാറ്റി നിർമ്മലമായ ഉറക്കത്തിൽ മുങ്ങിക്കിടന്ന കെവിനെ നോക്കി. ആ നിമിഷം പഴയ ഓർമ്മകൾ തിരമാലകളെ പോലെ അവളുടെ മുറിവുകളിലേക്ക് ഇരച്ചു കയറി.

ഞായറാഴ്ച കുർബാന കഴിഞ്ഞയുടൻ, പാലപ്പുറം മൈതാനത്തിന്റെ ഓരത്തു കൂടി അവൾസ്‌കൂൾ ഗ്രൗണ്ടിലേക്ക് കുതിച്ചിരുന്നു. മത്തായി മാഷും കുട്ടികളും ഇതിനകം പരിശീലനം തുടങ്ങിയിരുന്നു. സ്റ്റാർട്ടിംഗ് ലൈനിൽ തയ്യാറായി നിൽക്കുന്ന, കുട്ടികളോടൊപ്പം അവളും സ്ഥാനം പിടിച്ചു. ശരീരം മുന്നോട്ടാഞ്ഞു. വിരലുകൾ മണ്ണിൽ അമർത്തി. ശ്വാസം അടക്കിപ്പിടിച്ചു. വായുവിനെ കീറി വിസിലിൽ മുഴങ്ങിയതും സെലീനയെ ട്രാക്കിൽ അവശേഷിപ്പിച്ച് കുട്ടികൾ ഓടി അകന്നു.
സെലീനയുടെ അരികിലൂടെ ഒരു കാറ്റ് അസ്വസ്ഥതയോടെ ഒഴുകിപ്പോയി. അവൾ വയറിൽ കൈയമർത്തി പുളഞ്ഞു നിന്നു.

“സെലീന, എന്തു പറ്റി? മത്തായി മാഷ് ആശങ്കയോടെ അടുത്തേക്ക് വന്നു.

“ഒന്നുമില്ല. അത് പിന്നെ…” അവൾ തലകുനിച്ചു നിന്നു.

ഒരു നിമിഷം അവളെ ശ്രദ്ധിച്ച മത്തായി മാഷ്, ഗേൾസ് റൂമിൽ പോയി വിശ്രമിക്കാൻ ആവശ്യപ്പെട്ടു. ഹെഡ്മാസ്‌റ്റർ തോമസ് മാഷിന്റെ മുറിക്കു മുന്നിലൂടെ അവൾ ഗേൾസ് മുറിയിലേക്ക് കടന്നു. ഗേൾസ് റൂമിലെ നിശബ്ദതയിൽ വേദന അവളിലേക്ക് ഉരുണ്ടിറങ്ങി. തുടയിടുക്കുകളിലൂടെ ചൂടാർന്നൊരു തുള്ളി കനിഞ്ഞിറങ്ങുന്നത് അവളറിഞ്ഞു. ബാത്ത്റൂമിൽ നിന്നെത്തിയ അവൾ, മുഖം കൈകളിൽ ഒളിപ്പിച്ചു ബഞ്ചിലേക്ക് കമിഴ്‌ന്നു മയങ്ങി.

തുടയിടുക്കകളിലൂടെ പാഞ്ഞു നടന്ന വിരൽച്ചൂടിൽ അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. തോമസ് മാഷ് അവളെ വരിഞ്ഞുമുറുക്കി നെഞ്ചോട് ചേർത്തു. പുകയിലക്കറ പുരണ്ട ചുണ്ടുകൾ കവളിലമർത്തി, സ്വകാര്യതയുടെ ഇരുളിലേക്ക് നൂണ്ടിറങ്ങിയ വിരലുകളെ അവൾ വിറച്ചുകൊണ്ട് തടയാൻ വെമ്പി.

“സാറെനിക്ക്… പിരീഡ്സാണ്.” വേദനയും ഭയവും പിടഞ്ഞ വാക്കുകളെ മുറിച്ചുകൊണ്ട്, അവളുടെ നിസ്സഹായതയുടെ മേൽ വിരലുകൾ ഇഴഞ്ഞു. ചെളിച്ചോപ്പാർന്ന കറപറ്റിയ വിരലുകൾ, വെളുത്ത കർച്ചീഫിൽ അവ്യക്തമായ പാടുകൾ സൃഷ്ടിച്ചു അയാൾ നടന്നു പോയി. കർക്കശമായ നോട്ടത്തിനും കല്ലുപോലെ കടുത്ത മൗനത്തിനുമിടയിൽ അവൾ പേടിയോടെ ചെറുചുരുളായി കിടന്നു.

സെലീന പാറക്കെട്ടിനു മേൽ മുഷ്ടി അമർത്തി എഴുന്നേറ്റു. തന്നെ വേട്ടയാടിയ ചരിത്രത്തിനു മുകളിലൂടെയെന്ന പോലെ അവൾ ആകാശത്തേക്ക് നോക്കി.

“മാധ്യമപ്പട്ടാളം സെലീനയെ അന്വേഷിച്ച് ഓടിത്തളരട്ടെ.” വെറുപ്പിന്റെ നനവുള്ള സ്വരത്തിലവൾ കിതച്ചു. നിലാവിന്റെ വെള്ളിവെളിച്ചം ഊതിക്കെടുത്താനെത്തിയ കാർമേഘങ്ങൾ ആകാശക്കോണിൽ പതുങ്ങി നിന്നു.

ലോക നരവംശശാസ്‌ത്ര കോൺഗ്രസ്സിന്റെ മികച്ച ഗവേഷണപ്രബന്ധത്തിനുള്ള അവാർഡിനായി അവളുടെ പേര് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനും അന്താരാഷ്ട്ര കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള ക്ഷണവും അവളെ തേടിയെത്തിയിരിക്കുന്നു.

സെലീന, കണ്ണുകളടച്ചു. തിരമാലകളോട് ശബ്ദം താഴ്ത്തി അവൾ പറഞ്ഞു.

“പത്രങ്ങൾ നാലുവരിക്കോളം അച്ചുനിരത്തും: ‘ദളിത് പെൺകുട്ടിക്ക് അന്താരാഷ്ട്ര പുരസ്‌കാരം.’ സെലീന വെറും ഒരു പേരല്ലാതെയാകും. അവളുടെ ജാതിമുദ്രയിൽ സംവരണം ചെയ്യപ്പെടും. അതിനു മുമ്പും പിമ്പുമുള്ള ചരിത്രം ഒരു കോളത്തിലും ഒതുങ്ങില്ല.” അവൾ പൊട്ടിച്ചിരിച്ചു. ആക്രോശിക്കുന്ന തിരമാലകളുടെ അടിത്തട്ടിൽ മൗനമായി കിടക്കുന്ന കറുത്തശിലയിലേക്ക് അവളിൽ ഒളിച്ചു പാർത്ത ചിന്തകൾ വേരുകളായി ആഴ്ന്നിറങ്ങി.

തൊഴിലും അന്നവും തേടി, മതത്തിന്റെ അതിർത്തി കടന്നെത്തിയ തന്റെ വല്യപ്പൂപ്പനെ സ്വീകരിച്ച പാരമ്പര്യ കണ്ണിയിലാണ് തോമസ് മാഷിന്റെ സ്ഥാനം. കിടക്കാൻ കൂരയും പണിയെടുക്കാൻ റബ്ബർത്തോട്ടവും വിശപ്പടക്കാൻ അടുക്കളത്തിണ്ണയും ഔദാര്യമായി തന്നതിന്റെ ഈടിന്, തോമസ് മാഷ് കൈക്കലാക്കിയത് വിധവയായ തന്റെ അമ്മയുടെ സൗന്ദര്യമാണെന്ന കുശുകുശുപ്പ് അവളും പലവട്ടം കേട്ടിരുന്നു. തേങ്ങാപ്പുരകളിലെ ഗന്ധമുറ്റിയ ഇരുട്ടിലും വീടിന്റെ ആളൊഴിഞ്ഞ കോണുകളും തോമസ് മാഷിന്റെ നിഴലിനെ പേടിച്ചിരുന്നു. ആ ഭയത്തിന്റെ ചരിത്രം അവളുടെ ഉള്ളിൽ മാത്രം പൂട്ടിവച്ച രഹസ്യമായിരുന്നു.

ആ ഭീതിയുടെ ഇരുൾപ്പടർപ്പുകൾക്കിടയിലാണ് തോമസ് മാഷിന്റെ ഇളയമകൻ, കെവിൻ തോമസ്, സന്തോഷത്തിന്റെ മണിമുഴക്കവുമായി എത്തുന്നത്. കശുമാങ്ങാത്തോട്ടങ്ങളിൽ പായുന്ന കാറ്റിലും കല്ലർകണ്ടിതോട്ടിന്റെ തെളിനീരിലും പള്ളിക്കൊയറിന്റെ ഈണത്തിലും അവൻ അവളുടെ ലോകത്ത് ഹർഷമുത്തുകൾ വിതറി. അവൻ പ്രണയത്തിന്റെ വാതിലുകൾ തുറന്ന നാളുകളിലൊക്കെ, കുളിപ്പുരയുടെ ഓലച്ചീന്തിനുള്ളിൽ തിരുകിവച്ച കണ്ണാടിക്കു മുമ്പിൽ അവൾ തപസ്സിരുന്നു.
തുളുമ്പുന്ന മാറിടങ്ങളിലും അതിരു കവിഞ്ഞ നിതംബത്തിലൂടെയും അവളുടെ വിരലുകൾ ചലിക്കും. ഒടുവിൽ കറുത്ത തൊലിപ്പുറത്ത് വിരലോടിച്ചു മനസ്സിൽ പറയും

“ഈ കറുമ്പിയിൽ അവൻ തേടുന്നത് കേവലം മാംസദളങ്ങളുടെ വശ്യതയായിരിക്കാം. “

ജാതിയുടെയുടെയും സമ്പന്നതയുടെയും അതിരുകൾക്കപ്പുറം, സ്വന്തം തൊലിക്കറുപ്പിനു ചുറ്റും അവൾ തന്നെയൊരു അദൃശ്യമതിൽ പണിതുയർത്തിയിരുന്നു. തോമസ്മാഷിന്റെ മനംപിരട്ടുന്ന നിഴലുകൾക്കപ്പുറത്തേക്ക് വളരണം എന്നൊരു വാശി മാത്രമായിരുന്നു അവളെ മുന്നോട്ടു നയിച്ചത്. കന്യാസ്ത്രീകളുടെ കരുതലിലും വാശിയുടെ കരുത്തിലുമാണ് അവൾ അറിവിന്റെ ഓരോ പടികളും ചവിട്ടിക്കയറിയത്. ജാതിബോധവും ജനിതക പൂർവികതയും ആധാരമാക്കി അവൾ തയ്യാറാക്കിയ ഗവേഷണപ്രബന്ധം നരവംശകോൺഫറൻസിലേക്ക് അയക്കുമ്പോൾ കെവിൻ പറഞ്ഞിരുന്നു:

“നിനക്ക് അവാർഡ് ഉറപ്പാ. എന്തിനാ നീ എന്നെ ഇങ്ങനെ അവഗണിക്കുന്നത്?”

അപ്പോഴും ചിരിച്ചുകൊണ്ട് അവൾ അവനിൽ നിന്നു ഒഴിഞ്ഞുമാറുകയായിരുന്നു.

“നീ ഒരു സുന്ദരി നസ്രാണിപ്പെണ്ണിനെ കെട്ട്. ഈ കറുമ്പിയെ വിട്ടേക്ക്.”

അവൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിൽക്കുന്നത് ഓർത്ത് അവൾ പാറപ്പുറത്തിരുന്ന് നിലാവിനെ നോക്കി പുഞ്ചിരിച്ചു.

അവാർഡ് കിട്ടിയ വിവരം ആദ്യം വിളിച്ചറിയിച്ചത് കെവിൻ ആയിരുന്നു.

“സൺറൈസ് ചാനലിന്റെ ചീഫ് ഡയറക്ടർ മിസ്റ്റർ കെവിൻ തോമസിന് ഇന്ന് എന്റെ വക ഒരു ട്രീറ്റ്.” അവൾ കിലുങ്ങിച്ചിരിച്ചു.

“സ്ഥലം പറയൂ. ഞാനൊരുക്കാം. പക്ഷേ ഒരു നിബന്ധനയുണ്ട്.” കെവിൻ ആവേശത്തിമർപ്പിൽ പറഞ്ഞു..

“എന്താണ്?”

“ആദ്യ അഭിമുഖം എനിക്ക്.”

“മം. ഞാൻ പറയുന്ന സ്ഥലത്ത് എത്തിയാൽ, മാത്രം. ഇന്ന് നിനക്ക് മാത്രമുള്ള ഒരെക്സ്ക്ലൂസീവ് അഭിമുഖം.”

കടലോരത്തോട് ചേർന്ന പാറപ്പുറത്ത് അവർ ചേർന്നിരുന്നു. കടൽക്കാറ്റിന്റെ ഹുങ്കാരത്തിനും തിരമാലകളുടെ ആക്രോശങ്ങൾക്കിടയിൽ അവരുടെ ഇടയിൽ അപൂർവ്വമായ നിശബ്‌ദത പൂത്തു. പതഞ്ഞു പൊന്തിയ ‘കോന്യാക്കി’ന്റെ വശ്യത അവൻ ചുണ്ടോടടുപ്പിച്ചപ്പോൾ, അവൾ ഉപ്പ് രസമുള്ള തിരമാലകളിൽ കണ്ണുകളൂന്നി. പ്രണയമെഴുതിയെഴുതി നീണ്ടുപോയ അദ്ധ്യായങ്ങൾ തുറന്നുവച്ചു, അവൻ അവളെ നോക്കി, കൈനീട്ടിപ്പിടിച്ചു. ‘കോന്യാക്കി’ന്റെ മണം പടർന്ന അന്തരീക്ഷത്തിൽ അവൾ പാറയുടെ വക്കിലേക്ക് നടന്നു. ഉടയാടകകൾ അഴിച്ചെറിഞ്ഞ് നിലാവിന്റെ വെള്ളിനൂലുകൾ നെയ്ത വസ്‌ത്രം പുതച്ചു. നിലാവിന്റെയും നിശീഥത്തിന്റെയും പുത്രിയെപ്പോലെ അവനു മുമ്പിൽ നിന്നു.

“കെവിൻ, ഈ കറുപ്പിനോടുള്ള ആർത്തി, ഇന്ന് ആവോളം രുചിച്ചോളൂ.”

ഒരു നിമിഷം പകച്ചുപോയ അവന്റെ കൈ അവളുടെ കവിളിൽ ആഞ്ഞു പതിച്ചു. കെവിൻ പാറപ്പുറത്ത് കമിഴ്ന്നു കിടന്നു എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ചിന്തകളെ കുടഞ്ഞെറിഞ്ഞ്, സെലീന, പാറപ്പുറത്തു നിന്നെഴുന്നേറ്റു. തിണർത്തുനിൽക്കുന്ന കവിളിൽ അവൾ തടവി. വേദനയുണ്ടായിരുന്നു. പക്ഷേ വർഷങ്ങളായി ഉള്ളിൽ കിടന്ന ഒരു ഭയം അതിലും വലിയ ശബ്ദത്തോടെ തകർന്നുവീഴുകയായിരുന്നു. ചുണ്ടിൽ പ്രണയം കിനിഞ്ഞിറങ്ങിയ പുഞ്ചിരി ഉദിച്ചു. ആ പുഞ്ചിരിയിൽ തോമസ് മാഷ് അവളിൽ പണിതുയർത്തിയ ഓരോ ഭയവും, ഓരോ അപമാനവും, ഓരോ ഇരുണ്ട ഓർമ്മയും ഒന്നൊന്നായി അഴിഞ്ഞുവീണു.

അവൾ വീണ്ടും അവനരികിൽ വന്നിരുന്നു. നെറ്റിയിൽ മൃദുവായി ചുണ്ടുകളമർത്തി. കെവിൻ കണ്ണുതുറന്നു. കണ്ണുകളിൽ കാമമില്ലായിരുന്നു പകരം അവളെ നഷ്‌ടപ്പെടുമോ എന്ന ഭയം മാത്രം നിഴലിച്ചു. നക്ഷത്രങ്ങൾക്ക് കീഴെ അവൾ അവനെ തന്നോളം പുണർന്നു. വർഷങ്ങളായി പിശുക്കിവച്ച പ്രണയം അവനിലേക്ക് തുറന്നുവിട്ടു. കെവിന്റെ കൈത്തണ്ടയിൽ തലചായ്ച്ചു ആകാശം നോക്കി കിടക്കുമ്പോൾ അവൾ മനസ്സിൽ പറഞ്ഞു:

“തന്റെ പ്രബന്ധത്തിൽ ഒരു തിരുത്തൽ വരുത്താനുണ്ട്.”

“അതിക്രമം ജനിതകമല്ല; അധികാരം അതിനെ പാരമ്പര്യമാക്കുന്നു.”

തോമസ്മാഷിന്റെ കാമവിഷലിപ്തമായ ജനിതകമല്ല കെവിനുള്ളത്.

നാണം അടർന്നു വീണ പാടുകളുമായി അവൾ, താൻ ഏൽപ്പിച്ച അവന്റെ ഹൃദയ മുറിവുകളിൽ മുട്ടുകുത്തിയിരുന്നു.