
ടി അനീഷ് എഴുതിയ പരാജിതനായകർ – തമിഴ് താരരാഷ്ടീയത്തിൻ്റെ കഥ എന്ന പുസ്തകം പേരു സൂചിപ്പിക്കുന്നതുപോലെ തമിഴ്നാട് രാഷ്ടീയത്തിൽ പരാജയപ്പെട്ടു പോയ ചലച്ചിത്ര നടന്മാരെക്കുറിച്ചാണ്. സിനിമയും രാഷ്ട്രീയവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു സംസ്ഥാനമാണല്ലോ തമിഴ്നാട് . സിനിമാതാരങ്ങൾ രാഷ്ട്രീയക്കാരായി വേഷം മാറുന്നതിന് ഒട്ടേറെ ഉദാഹരണങ്ങൾ തമിഴ്നാട്ടിലുണ്ട്. അങ്ങനെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് പരാജയപ്പെട്ടുപോയ ഒരുപറ്റം സിനിമാ താരങ്ങളെപ്പറ്റിയുള്ള സൂക്ഷ്മവും വിശദവുമായ ഒരു പഠനമാണ് മാധ്യമപ്രവർത്തകനായ ടി. അനീഷ് എഴുതിയ പരാജിതനായകർ തമിഴ് താര രാഷ്ട്രീയത്തിൻ്റെ കഥ എന്ന കൃതി.
ജനപ്രിയ, കച്ചവട കലയായ സിനിമയുടെ സ്വാധീനം തമിഴ്നാട് രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പുകളിൽ മത, ജാതി, വർഗ്ഗങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഇവിടെ വിശകലനം ചെയ്യുന്നു. താരങ്ങളുടെ താരപദവി, ജാതി, മതം, പ്രത്യയശാസ്ത്രം എന്നിവയൊക്കെ അവരുടെ രാഷ്ടീയ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നവയാണ്. നാടക- സിനിമ മേഖലകളിൽ നിന്നും കടന്നു വന്നവരാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ മുഖ്യപദവികൾ വഹിച്ചത്. സി എൻ അണ്ണാദുരൈ, എം കരുണാനിധി, എം ജി ആർ, ജയലളിത, എം. കെ സ്റ്റാലിൻ, വിജയ് എന്നിവർ ഉദാഹരണങ്ങളാണ്. കലാകാരന്മാരെ രാഷ്ടീയ പ്രവർത്തകരായി കാണുന്ന ഒരു മനോഭാവം ഇന്നും തമിഴർ ഉപേക്ഷിച്ചിട്ടില്ല. സാമൂഹിക നീതി, യുക്തിചിന്ത, ജാതിവിരുദ്ധത തുടങ്ങിയ ആശയങ്ങളിൽ ഒരു ദ്രാവിഡ രാഷ്ട്ര മാതൃകയായി തമിഴ്നാട് നിലകൊള്ളുന്നതായിട്ടാണ് കാണുന്നത്.

“താരരാഷ്ട്രീയത്തിന്റെ കളിത്തൊട്ടിലും സർവ്വകലാശാലയുമായ തമിഴ്നാട്ടിൽ ഒരു കൂട്ടം താരങ്ങൾ രാഷ്ട്രീയ ഭാഗ്യപരീക്ഷണം നടത്തുന്നതും പരാജയപ്പെടുന്നതും എങ്ങനെയെന്ന് കാണിച്ചുതരുന്ന പുസ്തകം. ഒപ്പം തമിഴകരാഷ്ട്രീയത്തിന്റെ അടിസ്ഥാന മൂല്യങ്ങളോട് അവർ എങ്ങനെ പ്രതിപ്രവർത്തിച്ചു എന്ന് പരിശോധിക്കുകയും ചെയ്യുന്നു. ജനാധിപത്യം എന്ന പരികല്പനയുടെ ആശയപരവും പ്രായോഗികവുമായ പ്രവർത്തനങ്ങളെപ്പറ്റി താൽപര്യപ്പെടുന്ന ഒരാൾക്ക്, ഉൾക്കാഴ്ച നൽകുന്ന രചനയാണിത്.” എന്ന് പി എൻ ഗോപീകൃഷ്ണൻ ഈ പുസ്തകത്തിൻ്റെ അവതാരികയിൽ പറയുന്നുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിൽ പരാജയപ്പെട്ട നടന്മാരിലൂടെ തമിഴ് രാഷ്ട്രീയത്തിൻ്റെ വൈവിധ്യങ്ങളെ വിശകലനം ചെയ്യുവാനാണ് പരാജിതനായകർ എന്ന ഈ പുസ്തകം ശ്രമിക്കുന്നത്.
ശിവാജി ഗണേശൻ, എസ് എസ് രാജേന്ദ്രൻ, കെ ഭാഗ്യരാജ്, ടി രാജേന്ദർ, വിജയകാന്ത്, ശരത്കുമാർ, കമൽഹാസൻ, കാർത്തിക് തുടങ്ങിയ നായകതാരങ്ങളെയും ഹാസ്യ – സ്വഭാവ നടനായ കരുണാസ്, നടനും സംവിധായകനുമായ സീമാൻ എന്നിവരെയുമാണ് ഈ പുസ്തകത്തിലെ വിശകലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയത്തിൽ ഇറങ്ങിയില്ലെങ്കിലും തമിഴരുടെ രാഷ്ട്രീയേച്ഛയെ ഓരോ ഘട്ടത്തിലും ത്വരിപ്പിച്ചു നിർത്തി, ഒടുവിൽ പിൻമടങ്ങിയ സൂപ്പർ താരം രജനികാന്തിനെകുറിച്ചുള്ള അധ്യായവും അനുബന്ധമായി നൽകിയിട്ടുണ്ട്.
നടീനടന്മാരടക്കം നിരവധി ചലച്ചിത്ര പ്രവർത്തകർ വിവിധ രാഷ്ട്രീയ പാർട്ടികളിൽ സജീവമാണ്. എന്നാൽ സ്വന്തമായി രാഷ്ട്രീയ മേൽവിലാസം ഉണ്ടാക്കുകയോ, നേതൃത്വം കയ്യാളുകയോ ചെയ്യാത്ത താരങ്ങളെ ഈ പുസ്തകത്തിൽ പരിഗണിച്ചിട്ടില്ല. ജാത്യാധികാര-പിതൃദായക ഇന്ത്യൻ വ്യവസ്ഥയുടെ പരിച്ഛേദമാണെങ്കിലും, തമിഴ്നാട് രാഷ്ട്രീയം സവർണ്ണവിരുദ്ധ പ്രക്ഷോഭങ്ങളും, പുതുമൈപെൺപോലുള്ള ആശയങ്ങളും കൊണ്ട് പുരോഗമന പ്രത്യയശാസ്ത്രബന്ധിതവുമാണ്. എന്നാൽ സ്ത്രീകളെയോ (ജയലളിത ഒഴികെ) ദളിത് വിഭാഗങ്ങളെയോ പ്രതിനിധീകരിക്കും വിധം ചലച്ചിത്രതാരങ്ങൾ ഉയർന്നുവരികയും ഈ മട്ടിലുള്ള അഭിലാഷങ്ങൾ പരീക്ഷിക്കപ്പെടുകയും ചെയ്തിട്ടില്ല എന്നത് ഈ പുസ്തകം ഉയർത്താനാഗ്രഹിക്കുന്ന വിമർശനവുമാണെന്ന് ടി അനീഷ് ആമുഖത്തിൽ പറയുന്നുണ്ട്.

ഈ പുസ്തകം താര രാഷ്ട്രീയത്തെ കുറിച്ചു പറയുന്നതു പോലെ താരപദവി (Stardom ) യെക്കുറിച്ചും വിശകലനം ചെയ്യുന്നുണ്ട്. ഒരു താരത്തെക്കുറിച്ച് ആരാധകർക്കുള്ള പ്രതീക്ഷകളും താരസ്വരൂപത്തെക്കുറിച്ചുള്ള (Star persona) ഭാവനകളുമാണ് ഒരു താരത്തിൻ്റെ വിപണന മൂല്യത്തെയും വ്യവഹാര സാധ്യതകളെയും നിർണയിക്കുന്നത്. ഇതേ താരമൂല്യമാണ് രാഷ്ട്രീയ പ്രവർത്തിലേക്കുള്ള അവരുടെ വിപണന മൂല്യത്തേയും നിർണ്ണയിക്കുന്നതും. ഏതൊരു താരവും താൻ അവതരിപ്പിക്കുന്ന നിരവധി കഥാപാത്രങ്ങളിലൂടെ തനിക്കു ചുറ്റും ഉയർന്നുവരുന്ന ഒരു പരിവേഷത്തിനുള്ളിലെ ആക്ടർ കൂടിയാണ്. സിനിമയ്ക്കകത്തും പുറത്തും അയാൾ നടത്തുന്ന പ്രവർത്തനങ്ങളാണ് അയാളുടെ താരപദവിയെ മൂല്യവത്താക്കുന്നത്. മാധവപ്രസാദ് ചൂണ്ടിക്കാണിക്കുന്നതുപോലെ താരാരാധനയുടെ ഏറ്റവും ഫലഭൂയിഷ്ഠമായ ഇടം സമൂഹത്തിലുള്ള രാഷ്ട്രീയേച്ഛകളും അതിന്റെ ലക്ഷ്യവും തമ്മിലുള്ള വിടവിലാണ് സ്ഥിതി ചെയ്യുന്നത്. അപ്പോൾ വർഷങ്ങളായി തുടരുന്ന തമിഴ്നാട്ടിലെ ഈ താരാരാധന അവരുടെ രാഷ്ട്രീയ കാമനകളുടെ വിഗ്രഹത്തെത്തേടിയുള്ള അന്വേഷണങ്ങളാണ് കരുതാം.
തമിഴ് രാഷ്ട്രീയത്തെ അക്കാദമികമായി സമീപിച്ചവരില് പ്രമുഖനായ എം എസ് എസ് പാണ്ഡ്യന് The Image Trap: M G Ramachandran in Film and Politics എന്ന ഗ്രന്ഥത്തിലൂടെ സിനിമയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി എങ്ങനെയാണ് എം ജി ആര് തന്റെ രാഷ്ട്രീയ സിംഹാസനത്തെ ഉറപ്പിച്ചത് എന്ന് വിലയിരുത്തുന്നുണ്ട്. തമിഴ് ജനതയുടെ രാഷ്ട്രീയത്തെകുറിച്ചുള്ള ആലോചനകളിൽ അവർ സിനിമാ താരബിംബക്കെണിക്കകത്താണ് എന്ന പൊതുബോധം നിർമ്മിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരം ആഖ്യാനങ്ങളെ വിശകലനം ചെയ്യുകയാണ് ഈ പുസ്തകം.ദ്രാവിഡ രാഷ്ട്രീയം മുന്നോട്ടു വയ്ക്കുകയും പെരിയോറിൻ്റെ സ്വാഭിമാനം, സ്വാതന്ത്ര്യബോധം മുന്നോട്ടു വയ്ക്കുകയും ചെയ്ത രാഷ്ടീയത്തിനാണ് തമിഴ് ജനത ഇരു കൈയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളത്. താരാധനയേക്കാൾ രാഷ്ടീയ ആശയങ്ങൾക്കാണ് തമിഴ് ജനത പ്രാധാന്യം നൽകിയത്.
ശിവാജി ഗണേശൻ്റെ രാഷ്ടീയ പരാജയത്തെക്കുറിച്ച് ഇവിടെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.”പരാജയങ്ങളിൽ തളർന്നുപോകുന്ന, പ്രതിസന്ധികളെ വൈകാരികമായി നേരിടുന്ന ശിവാജിയുടെ രാഷ്ട്രീയ ബോധ്യങ്ങൾ ജനങ്ങളിൽ വിശ്വാസമർപ്പിക്കുന്നതായിരുന്നില്ല,തിരിച്ചും അങ്ങനെതന്നെ. എം.ജി. ആറിനെ തട്ടിച്ചുനോക്കുമ്പോൾ ജീവകാരുണ്യപ്രവർത്തനങ്ങളിൽ വിമനസ്കനാണ് ശിവാജി എന്ന ഒരു ധാരണ സാധാരണക്കാരിലും വ്യാപകമായിരുന്നു. എം.ജി.ആർ സ്വന്തം ആരാധകസംഘങ്ങളെ രാഷ്ട്രീയവത്കരിക്കാനും വോട്ടു ബാങ്കാക്കി പരിവർത്തിപ്പിക്കാനും കാണിച്ച ശുഷ്കാന്തിയോ ജനതയുടെ വിശ്വാസമാർജിക്കാൻ സ്വീകരിച്ച ക്ഷേമ പ്രവർത്തനങ്ങളോ ശിവാജിക്ക് അന്യമായിരുന്നു. അതുകൊണ്ടുതന്നെ അഭ്രപാളികളിലെ നായകത്വം രാഷ്ട്രീയത്തിന്റെ തിരച്ചുഴികളിൽ അദ്ദേഹത്തിന് നിലനിർത്താൻ സാധിച്ചില്ല. വെള്ളിത്തിരയിലെ താരരാജാവായും പരാജയപ്പെട്ട ജനനായകനായുമാണ് തമിഴ്നാട് രാഷ്ട്രീയം ശിവാജി ഗണേശനെ അടയാളപ്പെടുത്തുന്നതെന്നാണ്” ടി അനീഷ് നിരീക്ഷിക്കുന്നത്.

എസ് എസ് രാജേന്ദ്രന് പ്രത്യയശാസ്ത്ര ദൃഢമായ ജീവിതം നയിക്കാൻ സാധിച്ചെങ്കിലും പ്രായോഗിക രാഷ്ട്രീയത്തെ നേരിടാനോ പാർട്ടിയിലെ സ്വാധീനശേഷിയെ നേതൃപരമായി വികസിപ്പിക്കാനോ ചലച്ചിത്രാഭിനയം വഴി ലഭിച്ച ആരാധകവൃന്ദത്തെ രാഷ്ട്രീയ പിന്തുണയായി പരിവർത്തിപ്പിക്കാനോ ഉള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താനോ അദ്ദേഹത്തിന് സാധിക്കാതെ പോയതാണ് രാഷ്ട്രീയ പരാജയത്തിന് കാരണമായി ഇവിടെ പറയുന്നത്. എം ജി ആറിൻ്റെ അനുഗ്രഹവും താരപരിവേഷവും മാത്രം മുതൽമുടക്കായി രാഷ്ടീയത്തിൽ വന്ന ഭാഗ്യരാജിന് വേണ്ടത്ര രാഷ്ട്രീയ ഇടപെടൽ ശേഷിയോ ജനകീയ പ്രതിച്ഛായയോ ഉണ്ടായിരുന്നില്ല. ജനകീയ സമരങ്ങളിലോ സംഘാടനത്തിലോ ശ്രദ്ധിക്കാതെ, രാഷ്ട്രീയ പ്രസ്താവനകളും അതിനിശിതവും വൈകാരികവുമായ പ്രതികരണങ്ങളും ഇറക്കി ജനശ്രദ്ധ ആകർഷിച്ച് ഒരു സംഘടനയെ മുന്നോട്ടുകൊണ്ടുപോകാമെന്ന ലക്ഷ്യബോധം കുറഞ്ഞ രാഷ്ട്രീയാഭിലാഷമായിരുന്നു ടി. രാജേന്ദർ വെച്ചുപുലർത്തിയത്.
ശരത്കുമാറിന് സ്വന്തം താരപ്രതിച്ഛായക്കൊപ്പം സമുദായ വോട്ടുകളിലും ശ്രദ്ധയൂന്നിയെങ്കിലും പലപ്പോഴും നിലനിൽപിനുള്ള രാഷ്ട്രീയം നോക്കേണ്ടതായി വന്നു. രാഷ്ടീയ പ്രത്യയശാസ്ത്രത്തിൻ്റെ പിൻബലമില്ലാതെ ജനങ്ങളുടെ വിശ്വാസം നേടാനാകാതെ ശരത് കുമാർ തമിഴ്നാട് രാഷ്ട്രീയത്തിൽ പരാജയപ്പെടുന്നതായാണ് കാണുന്നത്.ആരാധക സംഘങ്ങളെ ഏകോപിപ്പിക്കാനും അവയുടെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം ചെയ്യാനും നിർണായക അവസരങ്ങളിൽ രാഷ്ട്രീയ നിലപാടുകൾ ശക്തമായി പ്രകടിപ്പിക്കാനും കമൽഹാസൻ ജാഗ്രത കാട്ടി. എന്നാൽ, ‘മക്കൾ നീതി മയ്യ’ത്തെ പ്രായോഗിക രാഷ്ട്രീയത്തിന്റെ ചട്ടക്കൂട്ടിൽ കൊണ്ടുവരാനോ അണികളെ പ്രത്യയശാസ്ത്രബദ്ധമായി രാഷ്ട്രീയവത്കരിക്കാനോ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പരാജയത്തിന് ഇതു കാരണമായി.

വിജയകാന്ത്, കാർത്തിക്, കരുണാസ്, സീമാൻ, രജിനികാന്ത് എന്നിവരുടെ രാഷ്ടീയ ജയ, പരാജയങ്ങളെക്കുറിച്ചും ഇവിടെ വിശദീകരിക്കുന്നുണ്ട്. തമിഴ്നാട് സിനിമാ ലോകത്തെ സ്റ്റൈൽ മന്നനായ രജിനികാന്ത് മൂന്നു ദശകങ്ങളിലധികം കാലം രാഷ്ട്രീയത്തിലേക്കു ഇറങ്ങുമെന്ന് പറഞ്ഞ് ജനങ്ങളെ വിശ്വസിപ്പിച്ചിരുന്നു. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ സിനിമയിലൂടെയും അല്ലാതെയും രജിനികാന്ത് നടത്തിയ വിമർശനം തമിഴ് ജനതയിൽ അദ്ദേഹത്തോടുള്ള ആദരവ് ഉയർത്തിയിരുന്നു. എന്നാൽ പിന്നീട് 2020 നു ശേഷം ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നില്ല എന്നു പ്രഖ്യാപിക്കുകയുണ്ടായി. അങ്ങനെ തമിഴ്നാട് രാഷ്ട്രീയം പ്രതീക്ഷയോടെ കാത്തിരുന്ന ഒരു താരനക്ഷത്രത്തിൻ്റെ രാഷ്ട്രീയ അന്ത്യവും അവർക്കു കാണേണ്ടി വന്നു.

രജിനികാന്തിനു ശേഷം തമിഴ് ജനത മുന്നിൽ കണ്ട ഒരു രാഷ്ട്രീയ താര നക്ഷത്രമാണ് വിജയ്.തമിഴ്നാട്ടിലെ ജാതിപീഡനങ്ങളും സ്ത്രീകൾക്കെതിരെ വർധിക്കുന്ന അതിക്രമങ്ങളും പോലീസ് കസ്റ്റഡി മരണങ്ങളും വ്യാപകമാവുന്ന എൻകൗണ്ടർ കൊലപാതകങ്ങളും സ്റ്റാലിൻ ഭരണകാലത്തുണ്ടായപ്പോൾ പ്രതിപക്ഷങ്ങൾ ഇത് ചോദ്യങ്ങളായി ഉയർത്തിക്കൊണ്ടുവന്നു.ഇതിൽ ചില വിഷയങ്ങളിലാണ് വിജയ് യുടെ തമിഴക വെട്രി കഴകത്തിൻ്റെ രാഷ്ട്രീയ ക്യാമ്പയിനുകൾ ഊന്നുന്നത് എന്നത് സവിശേഷമായി കാണേണ്ടതുണ്ട്. ഇക്കാര്യങ്ങളിലെ ഭരണകൂട പരാജയങ്ങളെ രാഷ്ട്രീയമായി ഉയർത്തിക്കാട്ടുകയും മറുവശത്ത് പ്രത്യയശാസ്ത്രപരമായി സംഘപരിവാറിനെയും ബി.ജെ പിയെയും എതിർക്കുകയും ചെയ്യുകയെന്ന തന്ത്രം വിജയ് സ്വീകരിച്ചു.ഇത്തരം വിഷയങ്ങൾ ജനങ്ങളിലേക്കെത്തിച്ചതാണ് വിജയ് നേതൃത്വം നൽകിയ തമിഴക വെട്രി കഴകത്തിൻ്റെ വിജയത്തിനു കാരണമായത്. വിജയ് തൻ്റെ താരപദവി ഉപയോഗിച്ച് തമിഴ്നാട് രാഷ്ടീയത്തിലെ പോരായ്മകളും സ്റ്റാലിൻ ഭരണകൂടത്തെ വിമർശിച്ചതുമെല്ലാം തൻ്റെ വിജയത്തിനു കാരണമായി. കത്തി,സർക്കാർ, മെർസൽ പോലെയുള്ള സിനിമകളിലൂടെ തൻ്റെ രാഷ്ട്രീയം വിജയ് ആവിഷ്കരിക്കുകയും ചെയ്തു. തമിഴ്നാട് രാഷ്ട്രീയം താരപദവിയിലൂടെ വിജയിച്ച ഒരു തലൈവനെ കണ്ടെത്തിയിരിക്കുന്നു.
ടി അനീഷിൻ്റെ പരാജിതനായകർ – തമിഴ് താരരാഷ്ട്രീയത്തിൻ്റെ കഥ എന്ന പുസ്തകം തമിഴ്നാട് രാഷ്ടീയത്തിൽ പരാജയപ്പെട്ടു പോയ ചലച്ചിത്ര നടന്മാരെക്കുറിച്ചാണ്. കൂടാതെ തമിഴ്നാട് രാഷ്ട്രീയത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. അതേ സമയം തമിഴ്നാട്ടിലെ പ്രഗത്ഭരായ നടന്മാരുടെ താരപദവിയേയും അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തേയും ഇതിൽ വിശകലനം ചെയ്യുന്നു. താരപദവി, തമിഴ് രാഷ്ട്രീയം, ജാതിരാഷ്ട്രീയം, ചലച്ചിത്ര ചരിത്രം, സാംസ്കാരിക ചരിത്രം എന്നിങ്ങനെ വിവിധ വൈജ്ഞാനികശാഖകളുമായി കണ്ണി ചേർന്നു കിടക്കുന്ന ഒരു പഠന ഗ്രന്ഥമാണ് പരാജിതനായകർ.









