മനസ്സിലെ ചന്ദ്രകളഭം

നിലപാടുകളുടെ രാജകുമാരൻ, പരിസ്ഥിതിയുടെ കാവലാൾ, മികച്ച സംഘാടകൻ, ആദർശ ധീരനായ രാഷ്ട്രീയ നേതാവ്, മതബോധത്തിന്റെ മതിലുകൾ തകർത്ത പ്രണയധീരൻ, മികച്ച നിയമസഭാ – പാർലമെന്റ് സാമാജികൻ, കോൺഗ്രസ് പ്രസ്ഥാനത്തിലെ മികച്ച ടാലന്റ് ഹണ്ടർ, കേരളത്തിൽ ഗ്രന്ഥശാല പ്രവർത്തകർക്കും അതുമായി ബന്ധപ്പെട്ട സാംസ്കാരിക പ്രവർത്തകർക്കും വേണ്ടി രൂപീകരിച്ച സംസ്കൃതിയുടെ സ്ഥാപകൻ, അപൂർവ്വ ശോഭയുള്ള ഒരു താരം…. എന്നിങ്ങനെ മൺമറഞ്ഞ പി.ടി തോമസിന് വിശേഷങ്ങൾ ഏറെ! വ്യക്തമായ നിലപാടുകൾകൊണ്ടും വിട്ടുവീഴ്ചയില്ലാത്ത ആദർശങ്ങൾകൊണ്ടും വ്യത്യസ്തമായൊരു രാഷ്ട്രീയ വ്യക്തിത്വം അടയാളപ്പെടുത്തിയ അദ്ദേഹം, കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഇന്നും ഓർമിക്കപ്പെടുന്ന അപൂർവ ശോഭയുള്ളൊരു താരമാണ്.

“ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം,
ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം…
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി…”

വയലാറിന്റെ ഈ അനശ്വര വരികൾ നെഞ്ചിലേറ്റിയ അസാമാന്യ പ്രതിഭയായിരുന്നു പി. ടി. തോമസ്.

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും കേരള സാഹിത്യ അക്കാദമി സെക്രട്ടറിയുമായിരുന്ന, പൂമ്പാറ്റ ബാലമാസികയുടെയും വീക്ഷണം പത്രത്തിന്റെയും പത്രാധിപരായി പ്രവർത്തിച്ച ശ്രീ. ആർ. ഗോപാലകൃഷ്ണൻ മനസ്സിലെ ചന്ദ്രകളഭം’ എന്ന കൃതിയിലൂടെ പി. ടി. തോമസ് എന്ന വലിയ മനുഷ്യന്റെ ജീവിതത്തിലെ ഓരോ അധ്യായങ്ങളും അടരുകളായി അടർത്തിയെടുത്ത്, ഓർമ്മകളുടെ വഴികളിലൂടെ പിന്നിട്ട കാലത്തിലേക്ക് ഒരു മടക്കയാത്ര നടത്തുകയാണ്.

ആദർശങ്ങളെ ചെരുപ്പുപോലെ വീടിന്റെ വാതിൽക്കൽ അഴിച്ചുവെച്ച് അകത്തേക്ക് പ്രവേശിക്കുന്നവരെപ്പോലെയാകരുത് എന്ന കാര്യത്തിൽ അദ്ദേഹത്തിന് കണിശമായ നിലപാടുണ്ടായിരുന്നു. വാക്കും പ്രവൃത്തിയും തമ്മിലുള്ള അകലം കുറയുമ്പോഴാണ് ആദർശങ്ങൾ ഉറച്ച നിലപാടുകളായി മാറുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. 46 വർഷക്കാലം ഉറ്റസുഹൃത്തായിരുന്ന ശ്രീ പി. ടി. തോമസിനോട് സഹോദരതുല്യമായ സ്നേഹബന്ധമായിരുന്നു ആർ. ഗോപാലകൃഷ്ണന്. നക്ഷത്രത്തിളക്കമുള്ള, വേറിട്ട വ്യക്തിത്വത്തിനുടമയായ ഒരു പൊതുപ്രവർത്തകനായിരുന്നു പി. ടി. തോമസ് എന്ന് ഈ പുസ്തകത്തിലൂടെ നമുക്ക് മനസ്സിലാക്കാം.

ശ്രീ വി. ഡി. സതീശനാണ് കൈപിടിച്ചവന്റെ കഥ എന്ന അവതാരിക എഴുതിയിരിക്കുന്നത്. ജീവിതത്തിലും രാഷ്ട്രീയത്തിലും നിരവധി പേരെ കൈപിടിച്ചുയർത്തിയ ഒരാളുടെ ജീവിതകഥയാണിത്. “ആ കൈപിടിച്ചാണ് ഞാനും പൊതുപ്രവർത്തനം ആരംഭിച്ചത്” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ പി. ടി. തോമസുമായുള്ള ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. ആ ബന്ധം തനിക്ക് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം ഓർമിക്കുന്നു. വിദ്യാർഥി രാഷ്ട്രീയത്തിന്റെ കാലഘട്ടത്തിൽ പി. ടി. തോമസ് തന്നിൽ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നുവെന്ന് വി. ഡി. സതീശൻ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും സമീപനങ്ങളും മാത്രമല്ല, ശരീരഭാഷ പോലും തന്നെ ഏറെ സ്വാധീനിച്ചിരുന്നു. ഒരുകാലത്ത് പ്രസംഗിക്കുമ്പോൾ തന്റെ ശരീരഭാഷ പി. ടി. തോമസിനെ അനുകരിക്കാൻ ശ്രമിക്കുന്നതായി പലരും പറയാറുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. ഒരു വ്യക്തിയുടെ ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും എങ്ങനെ മറ്റൊരാളുടെ ജീവിതത്തെയും പൊതുപ്രവർത്തനത്തെയും രൂപപ്പെടുത്താൻ കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ ഓർമകൾ.

ശ്രീ. വി.ഡി.സതീശൻ ” മനസ്സിലെ ചന്ദ്രകളഭം” കവർ റിലീസ് ചെയ്യുന്നു ( Photo Credit : Social Media)

നല്ലൊരു വായനക്കാരനായിരുന്ന പി. ടി. തോമസ് എപ്പോഴും കൈയിൽ ഒരു പുസ്തകം കരുതിയിരുന്നു. വായന അദ്ദേഹത്തിന്റെ നിലപാടുകളെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. ജീവിതാനുഭവങ്ങളും നിയമസഭയ്ക്കകത്തും പുറത്തും ശ്രദ്ധയിൽപ്പെട്ട പ്രശ്നങ്ങളും അദ്ദേഹം നിരന്തരം കുറിച്ചുവെച്ചിരുന്നു. ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകൾക്കുള്ളിൽ അദ്ദേഹത്തെ ഒരിക്കലും തളച്ചിടാനാവില്ല. അത്തരം വേർതിരിവുകൾക്കതീതനായിരുന്നു ആ മനുഷ്യൻ. കേരള രാഷ്ട്രീയത്തിൽ അദ്ദേഹം സൃഷ്ടിച്ച ശൂന്യത ഇന്നും നികത്താനാവാത്തതാണ്. കാലം എത്ര കടന്നുപോയാലും ആ അഭാവം കേരള രാഷ്ട്രീയത്തിൽ എന്നും അനുഭവപ്പെടുമെന്നും അവതാരികയിൽ ഇദ്ദേഹം പറയുന്നു.

പി. ടി. തോമസ് എന്ന രാഷ്ട്രീയ നേതാവിന്റെ വ്യക്തിത്വത്തെയും പൊതുജീവിതത്തെയും ആഴത്തിൽ അടയാളപ്പെടുത്തുന്ന നിരീക്ഷണങ്ങളാണ് ആർ. ഗോപാലകൃഷ്ണൻ ഈ പുസ്തകത്തിൽ നടത്തുന്നത്. മുഖ്യമന്ത്രിയോ മന്ത്രിയോ ആകാതെ തന്നെ കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ തന്റേതായ പ്രകാശം പരത്തിയ വ്യക്തിയായിരുന്നു പി.ടി. പ്രകൃതിസംരക്ഷണത്തിനായി നിലകൊണ്ട ആക്ടിവിസ്റ്റ്, സ്നേഹവും കരുതലും നിറഞ്ഞ മനുഷ്യസ്നേഹി, ജനഹൃദയങ്ങളിൽ ഇടം നേടിയ പൊതുപ്രവർത്തകൻ എന്നിങ്ങനെ പി.ടി.യുടെ വിവിധ മുഖങ്ങളെ ഈ പുസ്തകം അനാവരണം ചെയ്യുന്നു. കേവലം ഒരു രാഷ്ട്രീയ നേതാവിനപ്പുറം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സവിശേഷമായൊരു സ്ഥാനം നേടിയ വ്യക്തിത്വമായിരുന്നു പി.ടി. തോമസ് എന്ന വസ്തുയാണ് ഈ കുറിപ്പ് പകരുന്നത്.

1950 ഡിസംബർ 12-ന് ജനിച്ച പി. ടി. തോമസിന്റെ ജീവിതം ചെറുപ്പം മുതലേ പോരാട്ടങ്ങളുടേതായിരുന്നു. പാലായിൽനിന്ന് ഇടുക്കിയിലെ ഉപ്പുതോട്ടിലേക്ക് കുടിയേറിയ കർഷക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത് . പരിമിതമായ സാഹചര്യങ്ങൾക്കിടയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം വായനയിലൂടെ പഠനത്തോടുള്ള താൽപര്യം വളർത്തി.മലയാള മനോരമ ബാലജനസഖ്യത്തിലൂടെയും ഇടുക്കിയിലെ പ്രക്ഷോഭങ്ങളിലൂടെയും പൊതുപ്രവർത്തനരംഗത്ത് സജീവമായ അദ്ദേഹം പിന്നീട് തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നതോടെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

പി ടി തോമസും ഉമാ തോമസും ( Photo credit : Social Media)

ഈശ്വരവിശ്വാസിയായിരുന്നെങ്കിലും അദ്ദേഹം മതപരമായ ആചാരങ്ങളോ വിശ്വാസങ്ങളോ പിന്തുടർന്നിരുന്നില്ല. അതേസമയം, മറ്റുള്ളവരുടെ വിശ്വാസങ്ങളെ മാനിച്ചിരുന്നു. സ്വന്തം പ്രണയജീവിതത്തിലും മതത്തിന്റെ വിലക്കുകൾ വലിയ തടസ്സമായി. പി ടി തോമസ് എം.എ. പഠനം പൂർത്തിയാക്കിയ ശേഷമാണ് ഉമ പ്രീഡിഗ്രിക്ക് മഹാരാജാസ് കോളേജിൽ ചേർന്നത്. ഉമയുടെ വീട്ടുകാർ മറ്റു വിവാഹാലോചനകൾ പരിഗണിക്കാൻ തുടങ്ങിയതോടെ, ഇരുവരും രഹസ്യമായി രജിസ്റ്റർ വിവാഹം നത്താൻ തീരുമാനിച്ചു. തുടർന്ന് പള്ളിയിലും വിവാഹത്തിനായി പി ടിയുടെ സുഹൃത്ത് ആർ. ഗോപാലകൃഷ്ണനും സംഘവും വയലാർ രവിയുടെ വീട്ടിലെത്തി ഉമയെയും കൂട്ടി കോതമംഗലത്തേക്ക് യാത്രയായി. വയലാർ രവിയുടെ ഭാര്യ മെഴ്‌സി രവി നൽകിയ സാരിയണിഞ്ഞ ഉമയെ പി ടി കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽവെച്ച് വിവാഹം കഴിച്ചു. സാക്ഷികളിൽ ഒരാൾ ആർ. ഗോപാലകൃഷ്ണനായിരുന്നു. ബ്രാഹ്മണകുടുംബത്തിൽ ജനിച്ച ഉമയും ക്രിസ്ത്യാനിയായ പി ടി തോമസും തമ്മിലുള്ള വിവാഹത്തിന് കാനോൻ നിയമപ്രകാരമുള്ള ഇളവ് അനുവദിച്ച് നടത്താൻ ഫാദർ ജോർജ് കുന്നുംകോട്ട് സമ്മതം നൽകിയതിനെത്തുടർന്ന് 1987 ജൂലൈ 9-നാണു അവരുടെ വിവാഹം നടന്നത്.

1975 ലാണ് ഗ്രന്ഥകർത്താവായ ശ്രീ.ഗോപാലകൃഷ്ണനും പിടി തോമസുമായി കണ്ടുമുട്ടിയത്. തൊടുപുഴയിലെ മാതൃഭൂമി ഓഫീസിൽ വച്ചായിരുന്നു അത്.പ്രസംഗങ്ങളിലും പ്രസ്താവനകളിലും മാത്രം ആദർശങ്ങൾ ഒതുക്കിനിർത്തുന്ന വ്യക്തിയായിരുന്നില്ല പി. ടി. തോമസ്. ഓരോ വിഷയവും പഠിച്ച് വിദഗ്ധരുമായി ചർച്ച ചെയ്തശേഷം വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നു അദ്ദേഹം. സത്യത്തോടുള്ള പ്രതിബദ്ധതയും, നിർഭയത്വവും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. കണ്ടെത്തിയ സത്യങ്ങൾ ജനങ്ങളോടും സഹപ്രവർത്തകരോടും തുറന്നുപറയാൻ മടിച്ചിരുന്നില്ല. ലാഭനഷ്ടങ്ങൾ മുന്നിൽവെച്ച് പ്രവർത്തിക്കേണ്ട ഇടമല്ല പൊതുപ്രവർത്തനമെന്ന് അദ്ദേഹം വിശ്വസിച്ചു.

പി ടി തോമസ് | ആർ. ഗോപാലകൃഷ്ണൻ ( Photo Credit : Social Media)

ജലം അമൂല്യമായ പ്രകൃതിവിഭവമാണെന്ന തിരിച്ചറിവോടെ അതിന്റെ സംരക്ഷണത്തിനായി സ്വന്തം നിലയിൽ സെമിനാറുകൾ സംഘടിപ്പിക്കുകയും വിവിധ നദീജല കരാറുകളെക്കുറിച്ചുള്ള ചർച്ചകളിൽ സജീവമായി ഇടപെടുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുധാരയിൽ വേണ്ടത്ര അംഗീകാരം ലഭിക്കാത്ത ശാസ്ത്രീയ വശങ്ങളെക്കുറിച്ചുപോലും ആഴത്തിൽ പഠിക്കാനുള്ള അദ്ദേഹത്തിന്റെ താത്പര്യം പ്രത്യേകം എടുത്തുപറയേണ്ടതാണ്. മികച്ച നിയമസഭാ സാമാജികൻ, പാർലമെന്റേറിയൻ, എന്നീ നിലകളിൽ പുരസ്കാരങ്ങൾ നേടിയ അദ്ദേഹം ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന നിലപാട് ധൈര്യപൂർവം മുന്നോട്ടുവെച്ച ജനപ്രതിനിധിയായിരുന്നു. മൊബൈൽ ഫോണുകൾ സർവസാധാരണമാകുന്നതിനു മുമ്പുതന്നെ, ബന്ധപ്പെട്ടവരെ കൃത്യസമയത്ത് ബന്ധപ്പെട്ട് അവരുടെ പിന്തുണയും അഭിപ്രായങ്ങളും വിവരങ്ങളും തേടുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. വിഷയങ്ങളിൽനിന്നോ പ്രശ്നങ്ങളിൽനിന്നോ ഒഴിഞ്ഞുമാറുന്ന നേതാവായിരുന്നില്ല അദ്ദേഹം. ഒരിക്കൽ പരിചയപ്പെട്ടുകഴിഞ്ഞാൽ, തുടർന്നുള്ള ഓരോ ഇടപെടലിലും കാപട്യമില്ലാത്ത ആത്മാർഥത പുലർത്തിയിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വ്യതിരിക്തമാക്കുന്ന സവിശേഷത.

സത്യം തിരിച്ചറിയാൻ കഴിയുന്ന സാഹചര്യത്തിൽ, ഒരു നിരപരാധിയെ രക്ഷിക്കാൻ ജനപ്രതിനിധി നിയമപരമായി ഇടപെടുന്നതിൽ തെറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിന്നയാളായിരുന്നു പി ടി തോമസ്. ജനപ്രതിനിധി ജനങ്ങളുടെ കരുതലുള്ള കാവലാളാകണമെന്ന സന്ദേശവും അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ പകർന്നുനൽകി. രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറയോട് പാർട്ടി ക്യാമ്പുകളിൽവെച്ച് അദ്ദേഹം ആവർത്തിച്ചുപറഞ്ഞിരുന്ന ഒരു കാര്യമുണ്ട്: “നിങ്ങൾ എത്ര വലിയ നേതാവായാലും നിങ്ങളുടെ പെട്ടിയും മറ്റും മറ്റൊരു പാർട്ടി പ്രവർത്തകനെക്കൊണ്ട് ചുമപ്പിക്കരുത്. അതുപോലെ, നിങ്ങൾ മറ്റൊരാളുടെ പെട്ടിയും ചുമക്കരുത്.” അധികാരത്തിന്റെ വലുപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലും ആത്മാഭിമാനത്തിലുമാണ് രാഷ്ട്രീയത്തിന്റെ മഹത്വമെന്ന വലിയൊരു സന്ദേശം ഈ വാക്കുകളിലുണ്ട്. നേതാവും പ്രവർത്തകനും തമ്മിലുള്ള ബന്ധം അധികാരത്തിന്റെയുംആശ്രിതത്വത്തിന്റെയും അടിസ്ഥാനത്തിലാകരുതെന്നും സമത്വത്തിലും പരസ്പരബഹുമാനത്തിലും അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

പി ടി തോമസ് ( Photo Credit : Social Media / Online)

ഗ്രാമീണ ഗ്രന്ഥശാലകളോടും കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തോടും ഹൃദയബന്ധം പുലർത്തിയിരുന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രവർത്തകർക്കും അതുമായി ബന്ധപ്പെട്ട സാംസ്കാരിക പ്രവർത്തകർക്കുമായി ഒരു പ്രസ്ഥാനം രൂപീകരിക്കണമെന്ന ആശയം അദ്ദേഹം മുന്നോട്ടുവെക്കുകയും അതിന് ‘സംസ്കൃതി’ എന്ന് പേരിടുകയും ചെയ്തു. പി ടിയോടൊപ്പം ധാരാളം യാത്രകൾ നടത്തിയിട്ടുള്ള ശ്രീ. ആർ. ഗോപാലകൃഷ്ണൻ അവരുടെ അവസാനത്തെ ദീർഘയാത്രയെ ഓർത്തെടുക്കുകയാണ്. 2019 ഡിസംബറിൽ തിരുനെല്ലിയിൽ നടന്ന സംസ്കൃതി സംസ്ഥാന ക്യാമ്പിലേക്കായിരുന്നു ആ യാത്ര മൂന്ന് ദിവസം ഇരുവരും ഒരുമിച്ച് ചിലവഴിച്ചു .

മരണത്തിലും വ്യത്യസ്തനായിരുന്നു അദ്ദേഹം. മതപരമായ ചടങ്ങുകളൊന്നുമില്ലാതെ ഭൗതികദേഹം രവിപുരം ശ്മശാനത്തിലെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. പൂക്കളോ പുഷ്പചക്രങ്ങളോ ചാർത്താതെ, പ്രാർത്ഥനകളില്ലാതെ, പകരം ഒരു പാട്ട് മാത്രം—‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’. ജീവിതത്തിലെന്നപോലെ മരണത്തിലും തന്റേതായ നിലപാടും വ്യത്യസ്തമായ കാഴ്ചപ്പാടും ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം മടങ്ങി.

ഇത് സമഗ്രമായ ഒരു ജീവചരിത്രമല്ലെങ്കിലും പി ടി യുടെ ജീവിതത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും അദ്ദേഹത്തിന്റെ വ്യക്തിത്വം വായിച്ചെടുക്കാൻ സാധിക്കും. വ്യത്യസ്തനായ ഒരു പൊതുപ്രവർത്തകനായി അദ്ദേഹം എങ്ങനെ വളർന്നുവെന്നും മലയാളിയുടെ പൊതുബോധത്തിൽ ഇടം നേടിയെന്നും വ്യക്തമാക്കാനുള്ള എളിയ ശ്രമമാണ് ഈ പുസ്തകം. പി ടി യെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ ഭാവിയിൽ ഉണ്ടാകുമെന്ന പ്രതീക്ഷയും ഗ്രന്ഥകാരൻ പങ്കുവെക്കുന്നു. ഓർമകളുടെ ആകാശത്ത് എന്നും ഒരു ചന്ദ്രകളഭമായി പി. ടി. തോമസ് ഉണ്ടായിരിക്കും.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.