
ഓരോ വ്യക്തിയുടെയും അബോധത്തിൽ സ്ഥലകാല അവസ്ഥകൾ അവിഭാജ്യമായി ചേർന്നുകിടപ്പുണ്ട്. ഓർമ്മയിൽ നിന്നാണ് അവ മൂർത്തരൂപം പ്രാപിച്ച് വ്യവഹാരങ്ങളിലേക്ക് കടന്നുവരുന്നത്. ഓർമ്മയ്ക്ക് മനുഷ്യസ്വത്വവുമായി ബന്ധപ്പെട്ട ഒരു കാലഭൂമിശാസ്ത്രമുണ്ട്. ആ കാലഭൂമിശാസ്ത്രത്തെ തന്റെ നോവലിലേക്ക് ആനയിച്ചു കൊണ്ടുവരുന്ന കൃതിയാണ് ശ്രദ്ധേയ കവിയും നോവലിസ്റ്റുമായ ശ്രീ ഇടക്കുളങ്ങര ഗോപന്റെ ‘ഞാനക്കുറൾ’.
ഓർമ്മ എന്ന ഇന്ദ്രിയാനുഭവം സ്വത്വാന്വേഷണത്തിനുള്ള പ്രത്യയശാസ്ത്ര പ്രവർത്തനമായി മാറുന്നതിന്റെ ആവിഷ്കാരമാണ് ഈ നോവൽ. ‘പെദ്രോ പാരമോ'(Pedro Paramo) എന്ന നോവലിൽ മെക്സിക്കൻ നോവലിസ്റ്റായ ഹുവാൻ റൂൾഫോ ഭാവനയിൽ നിന്ന് സൃഷ്ടിക്കുന്ന പ്രേതാത്മാക്കളുടെ മർമരങ്ങൾ നിറഞ്ഞ ‘കൊമാല’ എന്ന ഒരു മലയോരഗ്രാമമുണ്ട്. അതേ പോലെ ഈ നോവലിൽ ശ്രീ ഗോപൻ പ്രതീകാത്മകമായി സൃഷ്ടിച്ചെടുക്കുന്ന സ്ഥലരാശിയാണ് ‘പുറക്കാവ് ‘. നോവലിസ്റ്റിന്റെ വീക്ഷണത്തിൽ പുറക്കാവ് ഇങ്ങനെയാണ്:
“കൊല്ലക്കണക്കിലൊന്നും പുറക്കാവിന്റെ നേരുകളെ വിലയിരുത്താനാവില്ല. പുറക്കാവിന് അതിന്റെതായ ഒരു ഘടികാരമുണ്ട്. സ്വന്തം കാലക്കണക്കുണ്ട്. സ്വന്തമായി കലണ്ടറുണ്ട്…. എന്നാൽ ലോകത്തിന്റെ സമയക്രമമല്ല അവിടെ. “- (ഞാനക്കുറൾ)
സ്ഥലം കാലത്തിൽ വിറങ്ങലിച്ചു നില്ക്കുന്നതും ആളനക്കം ചത്തുകിടക്കുന്നതും കാലത്തിന്റെ കഥകളിൽ ജീവിക്കുന്നതുമായ പുറക്കാവ് എന്ന പ്രേതഭൂമി സാധാരണ ലോകത്തിന്റെ മറുപുറമാണ്. ഒരു പ്രേതത്തിന് ഒരേ സമയം പലരുടേയും പ്രേതമാവാൻ കഴിയുന്ന, മരിച്ചവർക്ക് ജീവിക്കാനും, ജീവിച്ചിരിക്കുന്നവർക്ക് മരണസാന്നിദ്ധ്യം കൊണ്ടുനടക്കാനും കഴിയും വിധം ഏതു ഭാവനയിലും ജീവിക്കാൻ പറ്റുന്ന എന്തും സാധ്യമാകുന്ന മറ്റൊരു മഹാപ്രപഞ്ചമാണ് പുറക്കാവ്. അതിനാൽ മനുഷ്യനാര് പ്രേതമാര് എന്ന് തിരിച്ചറിയാനാവാത്ത പ്രപഞ്ചസ്ഥലിയാണത്.
വേദാന്തം തന്നെ അപ്രസക്തമാകുന്ന ചില ചരിത്രസന്ധികളുണ്ട്. അങ്ങനെയൊന്നാണ് പുറക്കാവ്. വേദാന്തം വച്ച് അതിനെ ന്യായീകരിക്കാനാവില്ല. ഭൗതികമായ ദേശമല്ലത്, മറിച്ച് ആത്മാക്കൾ തുമ്പികളായും ശലഭങ്ങളായും പാറിപ്പറക്കുന്ന പരേതാത്മാക്കളുടെ ദേശമാണ്.
അസ്തിത്വവും മരണവും ഉൾപ്പെടെയുള്ള അതിഭൗതിക പ്രശ്നങ്ങളുമായി ഭാഷയിലും ശില്പത്തിലും ആഖ്യാനത്തിലുമെല്ലാം കളംതെറ്റിച്ചു മുന്നേറിയ ബ്രസീലിയൻ എഴുത്തുകാരിയായ ക്ലാരിസ് ലിസ്പെക്ടറുടെ ‘Steam of Life’ എന്ന നോവൽ സ്വഭാവം പോലെ ശ്രീ ഗോപൻ അവതരിപ്പിക്കുന്ന പുറക്കാവ് പുറംലോകത്തേക്ക് തിരിച്ചുപിടിച്ച ഒരു കണ്ണാടിയല്ല, മറിച്ച് അകംലോകത്തിന്റെ ഇരുണ്ട ഗുഹകളിലേക്ക് തിരിച്ചുപിടിച്ച ദർപ്പണമാണ്. കാലാനുക്രമവും ആഖ്യാനരേഖീയതയും ഭേദിച്ചുനീങ്ങുന്ന പുറക്കാവ് ഒരു മനുഷ്യാവസ്ഥയുടെ തന്നെ കഥയാണ് എന്ന് പറയാം.
ബൗദ്ധിക ബോദ്ധ്യങ്ങൾക്കപ്പുറമുള്ള അനന്തവും നിരുപാധികവുമായ ജ്ഞാനത്തിന്റെ കുറൾ തേടിയലഞ്ഞ് പുറക്കാവിലെത്തിച്ചേരുന്ന സ്വത്വാന്വേഷിയാണ് ‘ഞാനക്കുറളി’ൽ നോവലിസ്റ്റ് പരിചയപ്പെടുത്തുന്ന കേന്ദ്ര കഥാപാത്രമായ ഇരവി. ഇരവിയുടെ സ്വത്വസംഘർഷങ്ങളും അവയെ അയാൾ അഭിമുഖീകരിക്കുന്ന മുഹൂർത്തങ്ങളുമാണ് ഈ നോവലിന്റെ കഥാഗതിയെ രൂപപ്പെടുത്തുന്ന ഘടകങ്ങൾ. അവയുടെ പൂരകങ്ങളായാണ് ഇരവിയുടെ ഓർമ്മകളും ഏകാന്തതയും കടന്നുവരുന്നത്.
വേരറ്റവന്റെ മഹാനുഭവം പോലെ തികച്ചും വ്യത്യസ്തമായ ഒരവസ്ഥയിലൂടെ കടന്നുപോകുന്ന തത്ത്വശാസ്ത്ര ബിരുദധാരിയായ യുവാവാണ് ഇരവി. തന്റെ സ്വത്വാന്വേഷണത്വര ഇരവിയെ ജന്മദേശത്ത് കെട്ടിയിടാൻ അനുവദിക്കുന്നില്ല. അത് അയാളുടെ ഇന്ദ്രിയബദ്ധമായ ഓർമ്മകളെയും കാലാനുഭവങ്ങളെയും കൂട്ടിയിണക്കി പലപല കാലദേശങ്ങളിലൂടെ ‘പുറക്കാവ്’ എന്ന സ്ഥലരാശിയിലേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നു. അത് ബോധത്തിൽ ഉൾത്തിളക്കമായും സുഷുപ്തിയിൽ ദ്രുതകാമനകളായും പിതൃവാത്സല്യത്തിടുക്കത്തോടെ ഇരവിയെ നിരന്തരമായി പ്രലോഭിപ്പിച്ച് പുറക്കാവ് എന്ന ഭൂമികയിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്നു.
“മരിച്ചവർ ആരുംതന്നെ ശരിക്കും മരിക്കുന്നില്ല. നമ്മള്ടെ കണ്ണിൽനിന്ന് മാറി നിക്കുന്നേയുള്ളൂ…”
(‘ഞാനക്കുറൾ’)
എന്ന തന്റെ ഗുരു ബോധാനന്ദസ്വാമിയുടെ ഉപദേശമാണ് ഇരവിയുടെ ബലം. അതിൽ ഊന്നിനിന്നുകൊണ്ട്
“ഒരു നിമിത്തമില്ലാതെ ഒന്നും പ്രപഞ്ചത്തിൽ നടക്കുന്നില്ല. ബോധമെന്ന ബ്രഹ്മം പോലും അറിവിനുള്ള നിമിത്തമാണ്…”
(‘ഞാനക്കുറൾ’) എന്ന വിശ്വാസത്തിന്റെ പിൻബലത്തിൽ ഇരവി പോയകാലങ്ങളെയെല്ലാം തന്റെ ദേഹമാകുന്ന സഞ്ചിയിൽ മടക്കി വച്ചുകൊണ്ടാണ് പുറക്കാവിലെത്തുന്നത്.
ഇരവിയെ സംബന്ധിച്ചിടത്തോളം പുറക്കാവ് അയാൾക്ക് തിരസ്കരിക്കാനാവാത്ത ഒരു പ്രഹേളികയും ഒഴിയാബാധയുമാണ്. അതയാളെ യാഥാർത്ഥ്യത്തിൽനിന്ന് അയാഥാർത്ഥ്യത്തിന്റെ വ്യാമോഹമണ്ഡലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അമ്മയെയും പ്രണയിനി ലക്ഷ്മിയേയുമുപേക്ഷിച്ച് പുറക്കാവിലെത്തിച്ചേർന്ന ഇരവി രണ്ടു ലോകങ്ങൾക്കിടയിൽ അകപ്പെട്ടുനില്ക്കുന്ന ഏകാകിയും അനാഥനുമാണ്.
എന്നാൽ ഇരവിയുടെ ഓരോ അലച്ചിലും തന്റെ ഭാവനയിൽ വരച്ചെടുക്കാൻ കഴിവുള്ളവളാണ് അയാളുടെ പ്രണയിനിയായ ലക്ഷ്മി. ഭൗതിക സാഹചര്യങ്ങളിൽനിന്ന് ഇരവി മനസ്സിന്റെ പ്രഹേളികാ ലോകത്തിലേക്കും ബോധാബോധങ്ങളുടെ പ്രവാഹഗതിയിലേക്കും ഒഴുകിനീങ്ങുന്നത് ഭാവനയിലൂടെ കണ്ടെടുക്കുന്നവളാണ് ലക്ഷ്മി.
അയഥാർത്ഥലോകങ്ങളിൽ അലയുന്ന ഇരവിയെ അവൾ കെട്ടുകഥകളായി അയാളുടെ അമ്മയ്ക്കു മുന്നിൽ അവതരിപ്പിക്കുന്നു. എന്നാൽ മാതൃസമക്ഷം അവതരിപ്പിച്ച കഥകളിലെല്ലാം അവൾ ഇരവിയെ അല്ലലില്ലാതെ മാന്യമായി ജീവിക്കുന്നവനായി മാറ്റിപണിതുകൊണ്ടാണ്. ലക്ഷ്മിയുടെ കെട്ടുകഥകളിലൂടെ മകന്റെ സാന്നിദ്ധ്യമനുഭവിച്ചുകൊണ്ട് തന്റെ ഏകമകൻ തിരിച്ചെത്തും എന്ന വിശ്വാസത്തിൽ ഓരോ ഇരവിലും മകനെ കാത്തിരുന്നു ജീവിക്കുന്നവളാണ് ഭാരിച്ച ഭൂസ്വത്തിനുടമയായ ഇരവിയുടെ അമ്മ.
ദൈവകേന്ദ്രിതമായ ആത്മീയാന്വേഷണമല്ല ഇരവിയുടെ ലക്ഷ്യം. തന്നിലെ ഉൾക്കാഴ്ചകളിലൂടെ, വെളിപാടുകളിലൂടെ പരമ്പരകളിലൂടെ ഇരവി തന്റെ സ്വത്വവുമായി ബന്ധപ്പെട്ട ഓരോന്നിലേക്കും ഏകാന്തതയുടെ ഭാരിച്ച ബാധ്യതകൾ അനുഭവിച്ചുകൊണ്ട് യാത്രചെയ്യുകയും മടങ്ങിവരികയും ചെയ്യുകയാണ്. ആ ഉൾക്കാഴ്ചകൾ സൃഷ്ടിക്കുന്ന വർത്തമാന നിമിഷം മാത്രമാണീ നോവലിലെ സത്യം.
പുറക്കാവിൽ മരണം എന്നത് ബോധത്തിന്റെ ഒരു തലത്തിൽനിന്ന് മറ്റൊന്നിലേക്കുള്ള രൂപാന്തരണം മാത്രമാണ്. ഇരവിയും പ്രേതാത്മാക്കളും തമ്മിൽ നടക്കുന്ന സംവാദസാധ്യതയ്ക്കുള്ള കളമൊരുങ്ങതും അതിന്റെ അടിസ്ഥാനത്തിലാണ്.
പോയകാലത്തിന്റെ ആരും വായിക്കാത്ത ചരിത്രമറിയാൻ കെല്പുള്ള കാലതിമിരഹാരിയും പലകാലങ്ങൾ കൺപാർക്കാവുന്നതുമായ കണ്ണുകുത്തുമഷിയുമായാണ് ഇരവി പുറക്കാവിലേക്ക് പ്രവേശിക്കുന്നത്. പലകാലങ്ങളിലൂടെയുള്ള ഇരവിയുടെ സഞ്ചാരമാധ്യമമാണ് ഈ കണ്ണുകുത്തുമഷി. കണ്ണുകുത്തുമഷി എഴുതിതേടുന്ന കാലങ്ങൾ അകക്കണ്ണിൽ മാത്രം തെളിയുന്ന ദൃശ്യലോകങ്ങളാണ്.
കാലബോദ്ധ്യങ്ങളുടെയും ആത്മബോദ്ധ്യങ്ങളുടെയും പ്രതീകമാണത്. അതിന്റെ ഹിമത്തണുപ്പിൽ തെളിയുന്നത് ജ്ഞാനപ്രകാശമാണ്. സൂര്യൻ, വെളിച്ചം എന്നെല്ലാം അർത്ഥ വിവക്ഷയുള്ള വാക്കാണ് ഇരവി. അങ്ങനെയൊരു തലത്തിൽ വീക്ഷിച്ചാൽ ഇരവി എന്ന ജ്ഞാനസൂര്യന്റെ കൈവശമുള്ള കണ്ണുകുത്തുമഷി ജ്ഞാനത്തെ രഹസ്യമാക്കി വെയ്ക്കാനുള്ള തന്ത്രത്തിന്റെ സമകാലികമായ പൊളിച്ചെഴുത്താണെന്ന് പറയാം.
പുറക്കാവിലുള്ളവരുടെ ജ്ഞാനതിമിരമകറ്റി ഓർമ്മയിൽനിന്ന് ചോർന്നു പോയതത്രയും കണ്ണുകുത്തുമഷിയുടെ ഹിമത്തണുപ്പിൽ വീണ്ടെടുക്കാനായി പുറക്കാവിൽ ഏകാന്ത ജീവിതം നയിക്കുന്ന അയ്യാത്തൻ വഴിയൊരുക്കുന്നു. അതിനായി തന്റെ ചായചായ്പിനെ അയാൾ ‘നാരായണഗുരു സഗായം കണ്ണുകുത്തു മഷിപ്പുര’യാക്കിയും ‘ആത്മവിദ്യാലയ’മാക്കിയും ഇരവി പ്രതിഷ്ഠിച്ച ‘കണ്ണുപ്രതിഷ്ഠ’യായും ഇരവിയെ അവിടുത്തെ ‘മേഷ്ട്രര് ‘ ആയും മാറ്റിതീർക്കുന്നു.
കാലബോദ്ധ്യങ്ങളുടെ പ്രതീകമായി നോവലിസ്റ്റ് മുന്നോട്ടു വയ്ക്കുന്നത് കണ്ണുകുത്തുമഷി എന്നൊരു തിരിച്ചറിയൽ രേഖയുടെ ആഖ്യാന സാധ്യതകളാണ്. ഓരോ കാലത്തിലെയും ഓരോ അനുഭവവും ഓരോ ബന്ധവും ഇവിടെ വ്യത്യസ്തമാംവിധം ഭൂതകാലത്തിലേക്കും വർത്തമാനകാലത്തിലേക്കും മാറിമാറി വീഴുന്ന ആഖ്യാനസ്വരങ്ങളാണ്. എന്നാലിതിലൂടെ ഇരവിയുടെ സ്വത്വാന്വേഷണാനുഭവങ്ങളെ ആഖ്യാതാവ് ആവിഷ്കരിക്കുന്നത് തത്ത്വബോധത്തിലൂന്നുന്ന പ്രബോധനപരമായ അടരുകളായല്ല, മറിച്ച് കാര്യങ്ങൾ നേരെ പറഞ്ഞുപോകുന്ന ആഖ്യാനാത്മകമായ അടരുകളിലൂടെയാണ്.
കാലങ്ങൾ പുറപ്പെട്ടുപോകുന്ന പുറക്കാവിലെ മുക്കൂട്ട പെരുവഴിയിലെ പടുകൂറ്റൻ അരയാലാണ് ഇരവിക്ക് താൻ എത്തേണ്ടിടത്തെത്തി എന്നതിന്റെ സൂചന നല്കുന്ന അടയാള മുദ്ര. അതിന്റെ ചുവട്ടിൽ തന്റെ സഞ്ചിയിലെ ഹിമത്തണുപ്പുള്ള കണ്ണുകുത്തുമഷിയുമായി സമയത്തിന്റെ ചുഴിക്കയത്തിൽ പെട്ടുഴലുന്ന ഇരവി ഒരു നട്ടുച്ചയ്ക്ക് ബസ്സിറങ്ങുന്നിടത്തുനിന്നാണ് കഥയാരംഭിക്കുന്നത്. ആ മുക്കൂട്ടക്കവല ത്രികാലങ്ങളുടെയും, കരിയില തണുപ്പുള്ള അരയാൽത്തണലും അരയാലിലകളും ആർക്കും വിവേചിച്ചെടുക്കാനാവാത്ത മഹാകാലത്തിന്റെയും സമയത്തിന്റെയും പ്രതീകമായി വർത്തിക്കുന്നു. ആ പുറംകാലത്തിലേക്കാണ് കർമബന്ധങ്ങളുടെ തുടർച്ചയിൽ ഇഴചേർക്കപ്പെട്ട് ഇനിയൊരു മടക്കമില്ലാത്ത വിധം ഇരവി എത്തിച്ചേരുന്നത്.
ലോകം മുഴുവൻ ഒരു ആഗോളഗ്രാമമാകുന്ന കാലമാണിത്. ദേശം എന്നതിന്റെ നിർവചനം തന്നെ മാറിമാറി വരികയാണ്. അതിനാൽ അത്തരമൊരു വിശാലമായ വീക്ഷണകോണിൽ നിന്നു വേണം ഈ നോവലിൽ ആവിഷ്കൃതമായ ‘പുറക്കാവ്’ എന്ന ദേശത്തെ പലകാലങ്ങളിലൂടെ നാം വായിച്ചെടുക്കേണ്ടത്.
ശീർഷകങ്ങളില്ലാതെ അദ്ധ്യായസംഖ്യ മാത്രം സൂചിപ്പിച്ച് 22 ഖണ്ഡങ്ങളായി നീളുന്ന 151പേജുള്ള ‘ഞാനക്കുറളി’ലെ ആഖ്യാനത്തിലൂടെ അനുവാചകരും ഇരവിയോടൊപ്പം പുറക്കാവിലെ കാലരാഹിത്യയാത്രയിൽ കൂട്ടുചേരുകയും സന്ദിഗ്ധതകളിൽ പെട്ടുഴലുകയും ചെയ്യുന്നു. ഇതിവൃത്തത്തിന്റെ പ്രഹേളികാ സ്വഭാവവും അതിഭൗതികാന്തരീക്ഷവും വായനയെ സങ്കീർണമാക്കുന്നുണ്ടങ്കിലും അനായാസം അർത്ഥവിനിമയം സാധ്യമാക്കുന്ന ഗ്രാമ്യസുന്ദരമായ പാലക്കാടൻ തമിഴ്മലയാള സങ്കരഭാഷശൈലി ഈ കൃതിയുടെ വായനയ്ക്കു സുഖം പകരുന്നുമുണ്ട്.
ഇരവിക്കുശേഷം പുറക്കാവിലെത്തിച്ചേരുന്ന മറ്റൊരു കഥാപാത്രമാണ് നിന്നനില്പിൽ അപ്രത്യക്ഷമാകാൻ പ്രാപ്തിയുള്ള കുതിര. അതീന്ദ്രിയബലമുള്ള ആ കുതിര കാലവേഗത്തിന്റെ പ്രതീകമായാണ് നോവലിൽ ആവിഷ്കൃതമാവുന്നത്. ഈ കൃതിയിൽ ശ്രദ്ധാകേന്ദ്രങ്ങളായ മറ്റു കഥാപാത്രങ്ങളാണ് പുറക്കാവിലെ മാടൻമലയും ഏഴിലംപാലയും കരിമ്പനക്കൂട്ടവും പള്ളിക്കുളവും അതിലെ കുളക്കടവും ചുരം കടന്നെത്തുന്ന ഭ്രാന്തൻ കാറ്റും.
ഈ കൃതിയുടെ പ്രമേയഘടനയിൽ ഏറ്റവും പ്രാധാന്യത്തോടെ മുന്നിട്ടുനില്ക്കുന്ന പശ്ചാത്തലമാണ് അവിടത്തെ പള്ളിക്കൂടങ്ങളായ ഓത്തുപള്ളിയും എഴുത്തുപള്ളിയും പ്രൈമറിസ്കൂളും പെരിയജന്മി ശങ്കരന്നായരുടെ ഞാറ്റുപുരയിൽ പ്രവർത്തിച്ചിരുന്ന ഏകാധ്യാപക വിദ്യാലയവും. ഒരുകാലത്ത് ഒരു ദേശത്തെ ഭാഷയിലാക്കിയ വിദ്യാലയമാണ് ഇന്ന് കാലം കവർന്നെടുത്ത ഞാറ്റുപുര. ശങ്കരന്നായരുടെ ഞാറ്റുപുര കാലത്തിന്റെ എഴുത്തുപുരയാണിവിടെ. ജന്മബന്ധങ്ങളുടെ ചങ്ങലയിൽ ഒന്നായി ‘പുറക്കാവ്’ എന്ന ഗ്രാമത്തിലേക്ക് ഇരവിയെ കണ്ണി ചേർക്കുക എന്നതാണ് ഈ നോവലിൽ ഞാറ്റുപുര വഹിക്കുന്ന ദൗത്യം.
“കർമ്മബന്ധങ്ങളുടെ അന്തമില്ലാത്ത തുടർച്ചകളിൽ ഒരു കണ്ണി… അതാണ് ഇരവിക്കുവേണ്ടി ഞാറ്റുപുരയിൽ കാലം കാത്തുവച്ചത്. ”
-( ഞാനക്കുറൾ )
ശങ്കരന്നായരുടെ പ്രേതം ഇരവിയെ വഴിനടത്തുന്നത് പുറക്കാവിന്റെ ജന്മനൈരന്തര്യത്തിലേക്കാണ്. കർമ്മബന്ധങ്ങളുടെ ജ്വരബാധയാൽ ആവേശിതനാകുന്ന ഇരവിയെ പുറക്കാവിലെ പ്രേതങ്ങളും വിശേഷിപ്പിക്കുന്നത് ‘മേഷ്ട്രര്’ എന്നുതന്നെയാണ്. പുറക്കാവിൽ യുക്തിയും വിശ്വാസവും ഒരുപോലെയാണ്. രണ്ടിനെയും രണ്ടായി കാണാൻ കഴിയില്ല. സത്യമേത് മിഥ്യയേത് എന്നറിയാതെ ബോധത്തിനും അബോധത്തിനു യുക്തിക്കും വിശ്വാസത്തിനുമിടയിൽ ഉഴറിനിന്നുപോകുന്ന അവസ്ഥയാണിവിടെ പലയിടത്തും.
ഇവിടുത്തെ രണ്ടുയക്ഷികളായ ഏഴിലംപാല യക്ഷിയും കരിമ്പനത്തലപ്പ് യക്ഷിയും അന്യോന്യം വന്ദിച്ചും ആദരിച്ചും ഉപചാരം ചൊല്ലിപിരിയുന്ന ഒരു സന്ദർഭമുണ്ട്. ആ കാഴ്ച ശങ്കരന്നായരുടെ പ്രേതം ഇരവിക്ക് കാണിച്ചുകൊടുക്കുന്നത് ഇരവിയെ പ്രേതമാക്കി മാറ്റിയാണ്. എന്നാൽ ഈ രണ്ടു യക്ഷികളെയും വായിച്ചെടുക്കേണ്ടത് കാഴ്ചയുടെ രണ്ടു ദ്വന്ദ്വങ്ങളായ രണ്ടു സ്ത്രൈണ പ്രപഞ്ചങ്ങളായാണ്.
സാമൂഹിക മാതൃകകളായ കഥാപാത്ര സൃഷ്ടികളെക്കാൾ പലകാലങ്ങളിലൂടെ സഞ്ചരിക്കുന്ന പരേതാത്മാക്കളാണ് ഇതിലെ കഥാപാത്രങ്ങളധികവും. ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളായി വളരെ കുറച്ചു പേർ മാത്രമേയുള്ളൂ. അങ്ങോട്ടുമിങ്ങോട്ടും യഥേഷ്ടം കാലം മാറാൻ കഴിവുള്ള പലകാല ജ്ഞാനികളാണ് പുറക്കാവിലെ പരേതാത്മാക്കൾ.
മരണമെന്ന കടമ്പ കടന്ന അവർക്കു മുമ്പിൽ ജീവൻ എന്നൊരു പരിമിതിയില്ല. ഇതിലാവിഷ്കൃതമാകുന്ന പ്രധാന പ്രേത കഥാപാത്രങ്ങളാണ് മൊയ്തുരാവുത്തർ, അസ്ഥികൂടങ്ങളെല്ലാം ഉരുകിത്തീർന്ന കറുപ്പയ്യ, പെരിയ ജന്മി ശങ്കരന്നായർ, പുറക്കാവിലെ ആണുങ്ങളെല്ലാം കാമിച്ച ഒരേ സമയം റഹിയയായും മുത്തുബീവിയായും രണ്ടു ജന്മങ്ങൾ ജീവിച്ചു തീർക്കുന്ന റഹിയാക്ക തുടങ്ങിയ പ്രേതങ്ങൾ. ഇതിനെല്ലാം പുറമെ താമിച്ചാമി പൂസാരിയുടെ വാടകപ്രേതം അടക്കം പലമാതിരി പ്രേതങ്ങളുടെ ലീലാവിലാസങ്ങൾ അരങ്ങേറുന്ന ഇടം കൂടിയാണ് പുറക്കാവ്.
അങ്ങനെയുള്ള പ്രേതാത്മാക്കൾ കഥാപാത്രങ്ങളായി വരുമ്പോൾ ജീവിച്ചിരിക്കുന്നവരുടെ സമയങ്ങളിലൂടെ കഥ പറയുന്നത് അസാംഗത്യമാണ് . അതിനാൽ കാലമല്ലാത്ത കാലം ചേർന്നുണ്ടായ ഘടനയോടുകൂടിയ കൃതിയാണിത്. അങ്ങനെ നോക്കിയാൽ കാലത്തിന്റെ തുടർച്ചയില്ലായ്മ തന്നെയാണ് ഈ കൃതിയുടെ സവിശേഷത.
അജ്ഞാത ജഡങ്ങളെ തമിഴകത്തെ ഇടനിലക്കാർക്ക് വിറ്റുകാശാക്കുന്ന മരണത്തിന്റെ ആംബുലൻസ് ഡ്രൈവർ എന്നു വിശേഷിപ്പിക്കുന്ന കതിരവൻ ഈ നോവലിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രമാണ്. കതിരവന്റെ ഈ രഹസ്യമറിയാവുന്ന ഒരേയൊരാൾ അയ്യാത്തനായതുകൊണ്ട് അയാളെ പരേതാത്മാവായി മാറ്റേണ്ട ദൗത്യവും കഥാന്ത്യത്തിൽ കതിരവൻ ഏറ്റെടുക്കുന്നുമുണ്ട്.
തീ ആയുധമാക്കിയ പുറക്കാവിലെ പുളിങ്കൊമ്പത്തെ പോതിയും പോതിയുടെ തീത്തിറയാട്ടും പെരിയതിരുവിഴയും ഈ നോവലിൽ പരാമർശിതമായ ശ്രദ്ധേയമായ മിത്താണ്. പുറക്കാവിലെ ഓരോ പെണ്ണിന്റെ ഉള്ളിലും പോതി വസിക്കുന്നു എന്നും പോതി ഉറഞ്ഞാടുമ്പോൾ പോതിയുടെ അനുഗ്രഹം ഒരു ഉൾക്കരുത്തായി പുറക്കാവിലെ ഓരോ പെണ്ണും അതേറ്റുവാങ്ങും എന്നുമാണ് അവിടുത്തെ വിശ്വാസം. ഊരിലെ പെണ്ണുങ്ങളുടെ മാനത്തിന്റെ കാവൽക്കാരി എന്ന നിലയിലാണവിടെ പോതിയെ കാണുന്നത്. ഇതുതന്നെയാണ് ഈ മിത്തിലുൾക്കൊണ്ടിരിക്കുന്ന സാമൂഹ്യമാനം.
ഇതിലെ കാല ഘടനാ പരിചരണം വളരെയേറെ സാധ്യതകൾ മുന്നോട്ടു വയ്ക്കുന്നുണ്ട്. പുറക്കാവിൽ മാത്രം രണ്ടു കാലങ്ങളാണ്. ഒന്ന്, സാധാരണപോലെയുള്ള ഘടികാരകാലം. രണ്ട്, കാലം നിശ്ചലമായ ഒരു ഉൾപുറക്കാവ്. അത് കണ്ണുകുത്തുമഷിയുടെ ഹിമത്തണുപ്പിലൂടെ അകത്തും പുറത്തും ബോധമുണർത്തി തുറന്നുവരുന്ന അകംപൊരുളായും പുറംപൊരുളായും തെളിയുന്ന കാലങ്ങളാണ്. ആ ഹിമത്തണുപ്പിൽ തങ്ങളുടെ ജ്ഞാനതിമിരത്തിന് ശാന്തി തേടി എത്തുന്നവരുടെ സംഖ്യ ചെറുതല്ല. എന്നാൽ ജീവിതസംഭവങ്ങൾ രൂപം കൊള്ളുന്നതിന്റെ സ്വാഭാവികഘടന പലപ്രകാരത്തിലാണീ കൃതിയിൽ മാറ്റിമറിക്കപ്പെടുന്നത്. അതിന് നോവലിസ്റ്റിനെ സഹായിക്കുന്നത് അതീതാലോകനമാണ്.
ഇരവിയുടേത് അവനവനെ കണ്ടെത്തുന്ന യാത്രയായതിനാൽ അതിന് സമയമോ കാലക്കണക്കോ ഇല്ല. അതുകൊണ്ടുതന്നെ ഈ നോവലിലെ ആഖ്യാനത്തിനും കഥാപാത്രങ്ങളുടെ സ്വത്വങ്ങൾക്കും കഥാകാലത്തിനും സ്ഥലത്തിനും ആഖ്യാതൃസ്വരത്തിനും വ്യവസ്ഥാപിതമായ ഒരു ഇതിവൃത്തമോ സുഘടിതത്വമോ അല്ല ഉള്ളത്, മറിച്ച് ഇവയിലെല്ലാം സ്പാനിഷ് നോവലിസ്റ്റായ ഹുവാൻ ഗൊയ്റ്റിസോളോ തന്റെ കൃതിയായ ‘മക്ബറ’ യിൽ സ്വീകരിച്ച പോലെയുള്ള അസ്ഥിരതത്വ മാതൃകയാണ് ശ്രീ ഗോപനും സ്വീകരിച്ചിരിക്കുന്നത്. പലയിടത്തുമത് രേഖീയക്രമം കൈവിട്ട് ശൈഥില്യത്തിലേക്കും വർത്തുളതയിലേക്കും തുടർച്ചയിൽനിന്ന് ഇടർച്ചയിലേക്കും ഇഹത്തിൽനിന്ന് പരത്തിലേക്കുമാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
തോമസ്മാന്റെ ‘മാജിക്മൗണ്ടൻ’ എന്ന നോവലിൽ ആവിഷ്കൃതമായതുപോലെ ‘ഞാനക്കറളി’ലും ഒരു സാമൂഹികജീവിതമോ ഭൗതിക കാലമോ അല്ല ഉള്ളത്, മറിച്ച് ഇവിടെ എല്ലാം നിരന്തര വർത്തമാനകാലമായി അനുഭൂതമാം വിധം ശ്രീ ഗോപൻ സാമൂഹിക കാലവുമായി ബന്ധപ്പെടാത്ത വർത്തമാന കാലം സൃഷ്ടിച്ച് നിലനിർത്തുകയാണ്.
ജീവിത ദർശനം തന്നെ ടെക്നിക്കായി മാറുന്നതിന്റെ ഒരു നിദർശനമാണ് ‘ബോധധാരാപ്രവാഹം’ എന്ന സങ്കേതം.സ്വത്വാന്വേഷിയായ ഇരവിയുടെ ബോധാബോധങ്ങളുടെയും ഏകാന്തതയുടെയും അസ്തിത്വ സംഘർഷങ്ങളുടെയും സഞ്ചാരപാതയിലൂടെ കടന്നുപോകുന്ന ‘ഞാനക്കുറൾ ‘ ഇരവിയുടെ മനസ്സിന്റേതുമാത്രമായ ഒരു അനുഭൂത കാലത്തെ ആധാരമാക്കി ‘ബോധധാരാപ്രവാഹം ‘എന്ന സങ്കേതത്തിലധിഷ്ഠിതമായ കാലനോവലാണ് എന്ന് ഞാനിവിടെ രേഖപ്പെടുത്തട്ടെ.









