പുഴ കിതയ്ക്കാൻ തുടങ്ങുമ്പോൾ  

കവി –സുരേഷ് ശർമ (सुरेश शर्मा)

സുരേഷ് ശർമ മധ്യപ്രദേശിലെ മാൻസാ സ്വദേശിയായ ഹിന്ദി കവി. ശ്രേഷ്ഠ ഹിന്ദി കവിതാ സമ്മാനo നേടിയിട്ടുണ്ട്. പത്രങ്ങളിലും ആനുകാലികങ്ങളിലും കവിതകൾ എഴുതുന്നു ആകാശവാണിയിൽ കവിതകൾ അവതരി പ്പിക്കുന്നു.

മൊഴിമാറ്റം –മിനി അനാമിക

കുന്നിറങ്ങി വരുന്ന പുഴ
ചുട്ടുപൊള്ളുന്ന
മൈതാനത്തെത്തി
കിതയ്ക്കാൻ തുടങ്ങുമ്പോൾ
ഞാൻ
കൈയിലിത്തിരി
കറുകപ്പുല്ലുമായി കുഞ്ഞു മേഘങ്ങളെയും
കിളികളെയും കൂട്ടി
കിതയ്ക്കുന്ന പുഴയ്കരികിലേയ്ക്ക് പോകും.
ദാഹത്തിന്റെ കഥ പറയും.

നോവാൽ വിവശയായി
ഞരങ്ങുന്ന പുഴ
മേഘത്തിന്റെ നിഴൽ പറ്റി
കറുകയോട് കിന്നാരം പറയും
അതിവേനലിലും പുഞ്ചിരിക്കും.

ഞാൻ ,
പുഴയൊരു
കെട്ടുകഥയാകാതെ കാത്ത് കൊള്ളാം.
ഭൂമിയെ മുഴുവനുമത്
കാത്ത് കൊള്ളും
കിളികൾക്കൊപ്പം
പിന്നെയുമത്
വെള്ളത്തിന്റെ പാട്ട് പാടും.

മിനി.പി.എസ് തിരുവനന്തപുരം സ്വദേശി. മിനി അനാമിക എന്ന പേരിൽ എഴുതുന്നു. ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിൽ നിന്നും മലയാളത്തിലേക്കു മൊഴിമാറ്റം നടത്തുന്നു. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതുന്നു. ഹൈദ്രബാദിൽ താമസം