
കാക്ക കുളിച്ചാൽ കൊക്കാകില്ല
ആരുടെ തലയിലും തൂറാം.
കവിതയിൽ
അകാലചരമമടയുന്നവർക്ക്
കാക്ക കവി പാഠം.
കാക്കകളുടെ കൂട്ടം പറച്ചിൽ
കേൾക്കണം
ആഗോള എച്ചിലാകാം
അവരുടെ തർക്കവിഷയം.
കാക്ക
ടെലിവിഷനിൽ പ്രത്യക്ഷപ്പെടാറില്ല.
ചായക്കോപ്പ തട്ടിയുടച്ച്
പ്ലേറ്റ് നോക്കി
വിരുന്നു വിളി എപ്പോഴും.
തല കുനിച്ചു ചെരിഞ്ഞു നോക്കി
പാവം കാക്ക ജീവിതം.
കാക്കയെ എളുപ്പം വരച്ച്
മകൾ ചോദിക്കുന്നു..
പുറമ്പോക്കിലെ കൂടി-
നെന്തിനാണ് കല്ലെറിയുന്നത്.
ഞാൻ, അച്ഛൻ ചുമ ചുമക്കുന്നു.
ശ്രീമതി ചിരിച്ചു പറയുന്നു.
തോളിൽകൈയിട്ടു
തല്ലുകൊള്ളുന്നോനേ
കാലം കറുപ്പാണ്
കാക്കക്കാലം!
ലോകപരിചയം കുറവായതിനാൽ
കാക്കകൾക്കറിയില്ല
ഒച്ച വെയ്ക്കുന്ന
നീതിക്കനവുകൾ.
കടൽ കടന്ന് ആധാറില്ലാതെ
സുഡാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ,
ശ്രീലങ്ക, അറബ് നാടുകളിലെത്തിയ
കാക്കകൾ
നിരന്തരം ചോദിക്കുന്നു..
ഞങ്ങൾക്ക്
എപ്പൊഴാ പരോൾ !









