പ്രണ(ള)യ വേഗം

നീ തുറന്നുവെച്ച
ആ കടലിലേക്ക്
എന്റെ പ്രളയം അണപൊട്ടി
ഇരച്ചുകയറുകയാണ്.

നീ വെച്ചുനീട്ടിയ
ആ പഴുത്ത കനികളിൽ
എന്റെ ചുണ്ടുകൾ
അമർന്ന് മധുരിക്കുകയാണ്

രാത്രിയുടെ
ഏകാന്തതയൊന്നാകെ
നമ്മുടെ ആവേശത്തിൽ
എരിഞ്ഞു ചാമ്പലാകുന്നു.

ഉപ്പുപാറ പോലെ എന്നിലേക്ക്
അലിഞ്ഞുചേരുന്ന നിന്നെ
എന്റെ മലവെള്ളപ്പാച്ചിൽ
ആഞ്ഞു പുണരട്ടെ.

നിന്റെ ലാവയിൽ എന്റെ തണുപ്പ്
ഉരുകിച്ചേരുമ്പോൾ


പിറവിയെടുക്കുന്ന ആ രഹസ്യഗാനം
നമ്മുടെ ചുംബനങ്ങളുടെ
വന്യമായ മുരൾച്ചയാണ്
കാലത്തിന്റെ തീരങ്ങളെ മുഴുവൻ
ഉഴുതുമറിക്കുന്ന പ്രവാഹമാണത്

നക്ഷത്രങ്ങളില്ലാത്ത
ഈ ഇരുട്ടിന്റെ അടിത്തട്ടിൽ
നമ്മുടെ വിയർപ്പിന്റെ ഉപ്പിൽ
കുതിർന്ന മൗനത്തിൽ
നാം പുതിയൊരു
പ്രപഞ്ചം തീർക്കുകയാണ്.

എന്റെ നനഞ്ഞ കൈകൾ
നിന്റെ നെഞ്ചിലെ
ഇരുണ്ട ഭൂപടങ്ങളെ
പൂർണ്ണമായി മായ്ച്ചുകളയുമ്പോൾ,

ഈ പ്രളയത്തിൽ,
മാംസത്തിന്റെ അമരത്വത്തിൽ
നാം മരണത്തിന്റെ
മുഖത്തുനോക്കി ചിരിക്കും

ദുബായിൽ ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്നു . കഥയും കവിതയും എഴുതുന്നു. വിവിധ ആന്തോളജികളിൽ രചനകൾ വന്നിട്ടുണ്ട്. Ashwood ലൈബ്രറി, പല മനുഷ്യരുലൂടിവിടം (കഥാ സമാഹാരം), അരയാൽ (കവിതാ സമാഹാരം). അച്ചടി, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ എഴുതുന്നു