
റീൽ കറങ്ങിത്തുടങ്ങുമ്പോൾ
ഒരു കടലിന്റെ
തുടർച്ചയിലായിരിക്കും
അവൾ.
വെളിച്ചം
പ്രൊജക്ടറിൽ നിന്ന്
ഇടുങ്ങിയ വഴിയിലൂടെ
തിരശ്ശീലയിൽ ചെന്ന്
തിരമാലയായ് അലയടിക്കും.
ആ കടലിൽ നിന്ന്
രാജി
എല്ലാ രാത്രിയും
കരയിലേക്കു നടക്കും.
തിരമാലകൾ
വീണ്ടും വീണ്ടും
കരയിലേക്ക് വന്ന്
രാത്രിയെ ആഞ്ഞടിക്കും.
അപ്പോഴൊക്കെ,
നിദ്രാവിഹീനമായ
അവളുടെ രാവുകളിൽ
നിറയാൻ കഴിയാത്ത
രാകേന്ദുകിരണങ്ങൾ
പോറൽ വീണ ഫിലിം പോലെ
വിറച്ചുകൊണ്ടിരിക്കും.
തിയേറ്ററിന് പുറത്ത്
സൈക്കിളുകളുടെ സീറ്റുകളിൽ
മഞ്ഞുതുള്ളികൾ നിറയും.
കപ്പലണ്ടി വിൽക്കുന്നവന്റെ വിളി
ഇടയ്ക്കിടെ
റീലിന്റെ ശബ്ദത്തിൽ തട്ടിവീഴും.
അന്നേരം രാജി
നഗരത്തിന്റെ സദാചാരത്തെ
സ്വന്തം മുലവിടർത്തി
പരിഹസിക്കും.
മഴ പെയ്യും.
കാമുകനു മുമ്പിൽ മാത്രം
അവന്റെ ഷർട്ടുകൊണ്ട്
നനഞ്ഞ ശരീരം അവൾ,
പതുക്കെ പുതയ്ക്കും.
വെളിച്ചം തെളിയും.
ആളുകൾ പുറത്തിറങ്ങും.
പക്ഷേ പ്രൊജക്ടർ മാത്രം
ഇനിയും
കുറച്ചുനേരം കൂടി
മുരണ്ടു കൊണ്ടിരിക്കും.
തിരികെ റീലിലേക്ക് മടങ്ങാതെ
ഒരു ചെറിയ
വെളുത്ത ഫ്രെയിമിൽ
‘A’യെന്ന അക്ഷരത്തിനുള്ളിൽ
നിൽക്കുന്ന രാജി.
അവളെ ചുറ്റി
രാവുകളിപ്പോഴും
പതുക്കെ കറങ്ങിക്കൊണ്ടിരിക്കുന്നു.
* ഒരു ലൈംഗികതൊഴിലാളിയുടെ കഥ പറയുന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച സ്ത്രീപക്ഷ സിനിമ.









