
മൂലകവിത : ഹിന്ദി
കവി : ദേവേശ് പഥ് സാരിയ
ആധുനിക ഹിന്ദി സാഹിത്യത്തിൽ ശ്രദ്ധേയനായ യുവകവിയാണ് രാജസ്ഥാൻ സ്വദേശിയായ ദേവേശ്പഥ് സാരിയ. ഇദ്ദേഹത്തിന്റെ കവിതകളുടെ ഏറ്റവും വലിയ സവിശേഷത അവയുടെ തെളിഞ്ഞ ദർശനവും സംയമിതമായ ഭാഷയുമാണ്
ഒരു ചിത്രം, ഒരു വാക്യം, ഒരു quote, ഒരു വീഡിയോ എന്നിവ സോഷ്യൽമീഡിയയിൽ നിരവധി തവണ ആവർത്തിക്കപ്പെടുന്നു. ആവർത്തനത്തിലൂടെ അതിന്റെ പുതുമ നഷ്ടപ്പെടേണ്ടതാണെങ്കിലും, ഇന്നത്തെ Content Culture ന്റെയും Algorithmic Culture ന്റെയും ലോകത്ത് reels, short videos, notifications, viral images, AI-generated content എന്നിവയ്ക്ക് ഒരുതരം മന്ത്രവശീകരണ സ്വഭാവമുണ്ട് . അതിനാൽ പലപ്പോഴും ശ്രദ്ധ പിടിച്ചുപറ്റുന്നത് അതിന്റെ ആവർത്തനം തന്നെയാണ്. ഇതിലെ വിരോധാഭാസത്തെക്കുറിച്ച് സമകാലികമായ വിമർശനാത്മക നിരീക്ഷണത്തോടെയും മൂർച്ചയുള്ള ഉൾക്കാഴ്ചയോടെയും ആക്ഷേപഹാസ്യത്തിലൂടെ ശ്രീ ദേവേശ് പഥ് സാരിയ ആവിഷ്കരിച്ചതാണീ ഈ കവിത.
കാഴ്ചയിൽ
യൂറോപ്യൻ ഛായയുള്ള,
കലാസ്നേഹിയായ,
വെളുത്തു നീണ്ട ഗൗൺ ധരിച്ച
ഒരു പെൺകുട്ടി
അവൾ
വഴി നടന്നു പോകവെ
കേൾക്കാനിടയായി :
‘ഇവിടെ ഒരു കവിഗൃഹത്തിൽ
കവിതാപ്രദർശനം നടക്കുന്നു.’
കവിതാപ്രദർശനമോ?
ഉം……
അവൾ അകത്തു കയറി
പ്രധാന വാതിലിനോടു ചേർന്ന്
ഒരു വലിയ പൂന്തോട്ടം
പൂന്തോപ്പിനപ്പുറം
അതേ വലുപ്പത്തിൽ
ഒരു വലിയ ഹാൾ
ഹാളിൽ നിരത്തി വച്ചിരിക്കുന്നു
വെള്ളക്കോട്ടൺ
തുണികൊണ്ടു മൂടിയ
അർദ്ധസുതാര്യമായ
ബക്കറ്റുകൾ
അവൾ ആ മൂടി മാറ്റി.
ബക്കറ്റിനകത്തു നിന്ന്
പുറത്തുവന്നു
നാലുവരി കവിത
ആ നാലുവരി കവിത
വായിച്ച അവൾ
എന്തെന്നറിയില്ല,
പൊടുന്നനെ
മന്ത്രമുഗ്ദ്ധയാവുന്നു
മന്ത്രാവേശിതയായ അവൾ
അടുത്ത ബക്കറ്റിന്നരികിലേക്ക് –
അതേ നാലു വരികൾ
മൂന്നാമത്തേത്, നാലാമത്തേത്,
അഞ്ചാമത്തേത്……
ഓരോ ബക്കറ്റിലും
അതേ നാലുവരി കവിത
എന്നിട്ടും അവൾക്ക്
ആവർത്തന വിരസത
അനുഭവപ്പെട്ടതേയില്ല
ഓരോ ബക്കറ്റിൽനിന്നും
ഒരേ വരികൾ പുറത്തെടുത്ത്
അതേ ആവേശത്തോടെ
അവൾ
വീണ്ടും വീണ്ടും
വായിച്ചുകൊണ്ടേയിരുന്നു
മുഴുവൻ ബക്കറ്റുകളുടേയും
അർദ്ധസുതാര്യത
ശേഷിച്ച പാതി സത്യം കൂടി
പകർന്നേകി
അവൾ
തിരിച്ചു പോകാനൊരുങ്ങവേ
അന്തരീക്ഷത്തിൽ
പ്രതിധ്വനിക്കുന്നു
ആ കവിസ്വരം :
‘എവിടെയായിരുന്നിതുവരെ?
വന്നുവല്ലോ ഇന്നു നീ! ‘
കവിയുടെ
പൂർണ്ണവും അപൂർണ്ണവുമായ
എല്ലാ കവിതകളും
ആലപിച്ചുകൊണ്ടാ കവിസ്വരം
അവിടമാകെ
പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു
തന്നുടലാകെ
മന്ത്രമുഗ്ദ്ധമാക്കിയ
ആ നാലുവരി കവിത
പകർന്ന മാന്ത്രികതയുടെ
വശ്യതയാൽ
ഭ്രമാത്മകതയിലാണ്ടുപോയ
അവൾ അനുഭൂതിപൂണ്ടുനിന്നു.
മാന്ത്രികത പകർന്ന
മാസ്മരികതയാൽ
ബക്കറ്റുകളിൽ നിന്ന്
കോട്ടൺതുണികളടർത്തവേ
അവൾ
ശ്രദ്ധിച്ചതേയില്ല
അതിലാലേഖനം ചെയ്ത
നാലുവരി കവിതകളുടെ
രചയിതാവിൻ
ജീവിതകാലയളവ് :
‘ഏഴുവർഷം മുമ്പ്
മരിച്ചുപോയ കവി’









