
പണ്ടൊരു ഭൂതം, നിത്യ-
തടവിൽ നിന്നും രക്ഷ-
യേകിയ മനുഷ്യനോ –
ടോതി പോൽ “മഹാത്മാവേ,
എൻ്റെ രക്ഷകൻ താങ്കൾ
പറയുന്നവയെല്ലാം
ക്ഷിപ്രസാധ്യമായ് ചെയ്തു
തരുവേൻ, നിരന്തരം
എങ്കിലും, പറയുന്ന
ജോലികൾ കഴിയുമ്പോൾ
ഒന്നുമേ ചെയ്യാനില്ലാ
തിരിക്കാൻ തുടങ്ങുമ്പോൾ
എൻ്റെയുള്ളിലെ ഭൂതം
തനിരൂപത്തെക്കാട്ടും,
രക്ഷകനാണെന്നോർക്കാ-
തക്ഷണം വിഴുങ്ങും ഞാൻ
നിന്നെയും കണ്ണിൽക്കാണും
ലോകവുമിതാണെൻ്റെ
യേകമാം നിബന്ധന ,
യെന്തു ചൊല്ലുന്നു താങ്കൾ?”
ഞെട്ടി ഞാനെന്നാകിലും,
ചിന്തിച്ചേൻ മനുഷ്യൻ്റെ
ജോലി തീരുമോ? ലോകം
തീർന്നു പോമതിൻ മുന്നേ !
അങ്ങനെ ഭൂതം എൻ്റെ
സേവകനായ് മാറി ഞാൻ
ജോലികൾ നിരന്തരം
കണ്ടെത്തി നല്കീടവേ,
ഒടുവിൽ പണിതിർന്നു !
ഭൂതത്തിൻ രൂപം മാറി,
യെന്നെ ഭക്ഷിക്കാനായി
പാഞ്ഞതു വരുന്നേരം
ആരു രക്ഷിക്കാൻ? ഓടി-
പ്പോകുമ്പോൾ കണ്ടേനൊരു
ശുനകൻ, സ്വന്തം വാലാൽ
താളമിട്ടിരിക്കുന്നു!
തിരിഞ്ഞു പറഞ്ഞു ഞാൻ
ഭൂതമേ ശുനകൻ്റെ
വാലു നീ വളവൊക്കെ
നീർത്തു കൊള്ളുക വേഗം!
എത്രയോ നേരം വാലു-
നീർക്കുവാൻ ശ്രമിച്ചിട്ടും
തോറ്റുപോയ് ഭൂതം വന്നു
കാൽക്കലിലിരിക്കുന്നു
യജമാനനേ, തോറ്റു
പോയി ഞാൻ, വേറെപ്പണി
തരണം നിബന്ധന
യൊന്നുമേ പറയില്ല.
എങ്കിലും ഭൂതത്താനേ
നിന്നെയൻ കൂടെക്കൂട്ടാ-
നില്ല ഞാൻ, നീ പോവുക
ഭൂതലോകത്തിൻ വഴി.
എൻ്റെ ജോലികൾ തീർക്കും
ഞാൻ തന്നെ,യതിനൊരു
ഭൂതവും വേണ്ടെന്നത്രേ
ഞാനുറച്ചിരിക്കുന്നു!
ഇങ്ങനെ പഴങ്കഥ
തീരുമ്പോളിതാ മുന്നിൽ
മെറ്റയായ് ഭൂതം വന്നു
സാന്ത്വനം പൊരിയുന്നൂ !
ഏതു ജോലിയും ചെയ്യാൻ
ഞാനുണ്ടേ പറക നീ-
യെന്നതു പറയുമ്പോൾ
ചെറ്റല്ല സന്ദേഹങ്ങൾ.
ഒടുവിലിതു മെന്നെ-
വിഴുങ്ങാനടുക്കുമോ?
ഞാനിതിന്നടിമയായ്
മാറുമോ പേടിപ്പു ഞാൻ!









