പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 36

അവൾക്ക് തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓർക്കാൻ ഇഷ്ടമായിരുന്നില്ല.
ആരെങ്കിലും ചോദിച്ചാൽ അവൾ പറയും: “എന്റെ കുട്ടിക്കാലം അത്ര നല്ലതായിരുന്നില്ല.”
അതു സത്യമായിരുന്നു. അവൾക്ക് ബാല്യകാലത്തെക്കുറിച്ച് ആകെ ഓർമയുള്ളത് സ്കൂളിൽ ഒരിക്കൽ ടീച്ചർ എല്ലാവരുടെയും മുന്നിൽ വഴക്ക് പറഞ്ഞതും, എന്തോ കാര്യത്തിന് കൂട്ടുകാർ പരിഹസിച്ചതും, വൈകി വന്നതിനു വീട്ടിൽ നിന്ന് അടികിട്ടിയതും താൻ ചെയ്ത ഒരു തെറ്റിന് എല്ലാവരുടേയും മുന്നിൽ തലകുനിച്ചു നിന്നതും ഇതെല്ലാം ഇടയ്ക്കിടെ ഓർത്തെടുത്ത് ഒരു കാര്യവുമില്ലാതെ ഒറ്റയ്ക്കിരുന്ന് കരഞ്ഞ രാത്രികളും ആയിരുന്നു. എന്നാൽ ഒരു ദിവസം അവളുടെ കൂട്ടുകാരിയുടെ കുഞ്ഞുമകൾ അവളോടു ചോദിച്ചു, “ആൻ്റി കുട്ടി ആയിരുന്നപ്പോൾ ഏറ്റവും സന്തോഷിച്ച ഒരു കാര്യം പറയാമോ?”

അവൾ ഏറെ നേരം ആലോചിച്ചു. ഒന്നും ഓർമ്മ വന്നില്ല.
“ഇല്ല… അങ്ങനെയൊന്നും ഓർമ വരുന്നില്ല മോളെ…” അവൾ പറഞ്ഞു.

അടുത്ത ദിവസം ആ കൂട്ടുകാരി മകളുമൊത്ത് അവളുടെ വീട്ടിലെത്തി. എന്നിട്ട് അവർ പഴയ ആൽബങ്ങൾ അന്വേഷിച്ചു. അവിടെ ഒരു പെട്ടിയിൽ നിന്ന് കുറച്ച് ആൽബങ്ങൾ കണ്ടെടുത്തു. അതിൽ ഒരു ചിത്രം അവൾ അച്ഛന്റെ തോളിലിരുന്ന് ചിരിക്കുന്നതായിരുന്നു. ഒന്നിൽ മഴയിൽ കുട ചൂടി ആദ്യമായി സ്കൂളിലേക്കു പോകാൻ തയ്യാറെടുക്കുന്നതായിരുന്നു. ഇനിയൊന്ന് സ്കൂൾ കലോത്സവത്തിൽ നേടിയ സമ്മാനം പിടിച്ച് നിൽക്കുന്നതാണ്.

അവളും ഈ ഓരോ ഫോട്ടോയും നോക്കി.

“ഇതൊക്കെ ഞാൻ മറന്നുപോയല്ലോ…”

കൂട്ടുകാരി ചിരിച്ചു, “നിനക്ക് മോശം കാര്യങ്ങൾ മാത്രം എങ്ങനെ ഇത്ര വ്യക്തമായി ഓർക്കാനാകുന്നു?”

അവൾക്ക് ഉത്തരമുണ്ടായിരുന്നില്ല.

കൂട്ടുകാരി പതുക്കെ പറഞ്ഞു: “സന്തോഷമുള്ള ഓർമ്മകൾ ഇല്ലാതായതല്ല, സ്വയം വേദനിപ്പിച്ച ഓർമ്മകളെയാണ് ഇത്രയും വർഷം നീ വീണ്ടും വീണ്ടും മനസ്സിൽ പെരുക്കിയത്.”

അവൾ പഴയ ഫോട്ടോകൾ വീണ്ടും നോക്കി. ആദ്യമായി തന്റെ കുട്ടിക്കാലത്തെ മുഴുവൻ ഓർത്തെടുക്കാൻ ശ്രമിച്ചു. അവിടെ വേദനയുണ്ടായിരുന്നു. എന്നാൽ വേദന മാത്രമായിരുന്നില്ല സന്തോഷവും ഉണ്ടായിരുന്നു. അവൾ തിരിച്ചറിഞ്ഞു, താൻ ഇത്രയും കാലം തന്റെ കുട്ടിക്കാലത്തെ മുഴുവനായും ഓർക്കാനല്ല മറിച്ച് അതിലെ ഏറ്റവും വേദനിപ്പിച്ച ചില അധ്യായങ്ങൾ മാത്രം ഓർക്കാനാണ് ശ്രമിച്ചത്. അന്ന് രാത്രി അവൾ ഡയറിയിൽ ഇങ്ങനെ എഴുതി: “എന്റെ ബാല്യം പൂർണ്ണമായും മോശമല്ലായിരുന്നു. അവിടെ ചില വേദനകളും അതിനേക്കാൾ സന്തോഷവും ഉണ്ടായിരുന്നു. പക്ഷേ, ഞാൻ കണ്ടത് വേദനകളെ മാത്രമായിരുന്നു.”

ശാസ്ത്രം പറയുന്നതെന്ത്

നമ്മുടെ ഓർമ്മകൾ എന്നത് ഒരു വീഡിയോ റെക്കോർഡർ പോലെ എല്ലാം കൃത്യമായി സൂക്ഷിക്കുന്ന ഒരു സംവിധാനമല്ല. ശക്തമായ വൈകാരിക സംഭവങ്ങൾ ഓർമ്മയിൽ കൂടുതൽ വ്യക്തമായി പതിയാം. വേദനാജനകമായ അനുഭവങ്ങളെക്കുറിച്ച് നമ്മൾ വീണ്ടും വീണ്ടും ചിന്തിക്കുമ്പോൾ, അവ നമ്മുടെ ജീവിതകഥയിൽ കൂടുതൽ പ്രധാനപ്പെട്ടതായി തോന്നാനും സാധ്യതയുണ്ട്. അതുകൊണ്ട് ഭൂതകാലത്തെ നിഷേധിക്കേണ്ടതില്ല. നമ്മുടെ ഓർമ്മയിൽ നിന്ന് മറഞ്ഞുപോയ മറ്റുഭാഗങ്ങളെയും ഓർത്തെടുക്കാൻ പഠിക്കേണ്ടതുണ്ട്. ഒരു മോശം അനുഭവം സത്യമായിരിക്കാം. എന്നാൽ ആ സംഭവം സൃഷ്ടിച്ച വൈകാരികത മുഴുവൻ സത്യമാകണമെന്നില്ല. അതിൽ ഏറെയും ആവർത്തിച്ചു ചിന്തിച്ചതു വഴി ശക്തമാക്കപ്പെട്ട ഓർമകളുമാകാം.

ആത്മീയ കാഴ്ചപ്പാട്

ഭൂതകാലത്തെ സുഖപ്പെടുത്തുക എന്നാൽ സംഭവിച്ചത് സംഭവിച്ചില്ലെന്ന് പറയുകയല്ല. മറിച്ച് സംഭവിച്ചതിനെ അംഗീകരിച്ചുകൊണ്ട്, അതിന്റെ നിഴലിൽ മാത്രം ജീവിക്കാതിരിക്കാൻ പഠിക്കുകയാണ്. നമ്മുടെ ജീവിതത്തിൽ ചില അധ്യായങ്ങൾ വേദന നിറഞ്ഞതായിരിക്കാം. പക്ഷേ ആ ഒരു അധ്യായം മുഴുവൻ പുസ്തകമെന്ന് അർത്ഥമില്ല. ഇന്ന് നിങ്ങളുടെ കുട്ടിക്കാലത്തേക്ക് ഒന്ന് തിരിഞ്ഞുനോക്കൂ. ചോദിക്കൂ: “അന്ന് എന്നെ സന്തോഷിപ്പിച്ച ചെറിയൊരു കാര്യം എന്തായിരുന്നു?”
ഒരു സുഹൃത്ത്…ഒരു യാത്ര… ഒരു അധ്യാപകന്റെ നല്ല വാക്ക്… ഒരു ഉത്സവം… അമ്മ വാരിത്തന്ന ഭക്ഷണം… അച്ഛന്റെ തോളിൽ ഇരുന്ന നിമിഷം… അല്ലെങ്കിൽ കാരണമൊന്നുമില്ലാതെ ആവോളം ചിരിച്ച ഒരു ദിവസം….. എന്നിങ്ങനെ ഓർത്തു നോക്കാം. ഓർമ്മ വരുന്നില്ലെങ്കിൽ വിഷമിക്കേണ്ട. ചില ഓർമ്മകൾ നഷ്ടപ്പെട്ടതല്ല. അവ നമ്മുടെ ശ്രദ്ധ കാത്തിരിക്കുകയാണ്.

ഇന്നത്തെ ജീവിതപരീക്ഷണം

ഇന്ന് “എന്റെ കുട്ടിക്കാലത്തെ മൂന്ന് നല്ല ഓർമ്മകൾ” എന്ന് തലക്കെട്ടിട്ട് എഴുതുക. ഒന്നും ഓർമ്മ വരുന്നില്ലെങ്കിൽ, പഴയ ഫോട്ടോകൾ നോക്കുക. പഴയ സുഹൃത്തുക്കളോട് സംസാരിക്കുക. വീട്ടുകാരോട് ചോദിക്കുക, “ഞാൻ കുട്ടിയായിരുന്നപ്പോൾ ഏറ്റവും സന്തോഷിച്ചിരുന്നത് എപ്പോഴായിരുന്നു?” ഓർമ്മ വരുന്ന ഓരോ ചെറിയ നിമിഷവും എഴുതിവയ്ക്കുക. അവ എത്ര ചെറിയതായാലും.

ഇന്നത്തെ തിരിച്ചറിവ്

“എന്റെ ഭൂതകാലത്തിൽ വേദനയുണ്ടായിരുന്നു. പക്ഷേ എൻ്റെ ജീവിതം വേദന മാത്രമായിരുന്നില്ല.” നമ്മൾ ജീവിതത്തെ മാറ്റാൻ ശ്രമിക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് ഭൂതകാലം മാറ്റുകയല്ല. നമ്മുടെ ഭൂതകാലത്തിന്റെ കഥ പൂർണ്ണമായി വായിക്കുകയാണ്. നമ്മൾ മറന്നുപോയ സന്തോഷങ്ങളെയും അതിലേക്ക് തിരികെ കൊണ്ടുവരണം.

ഇന്നത്തെ വാക്യം

നമ്മുടെ ഭൂതകാലം നമ്മെ മുറിവേൽപ്പിച്ച കാര്യങ്ങളുടെ പട്ടിക മാത്രമല്ല. നമ്മൾ ജീവിച്ചിരുന്ന മുഴുവൻ ജീവിതമാണ്. അതിൽ നമ്മൾ പൊട്ടിച്ചിരിച്ച നിമിഷങ്ങളുമുണ്ട്.

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.