
കുറ്റം ആരുടേത്?
രണ്ട് സഹോദരിമാരുണ്ടായിരുന്നു. മൂത്തവൾ സ്വന്തം കാലിൽ നിൽക്കാൻ സ്വയം പരിശ്രമിച്ചു മുന്നേറിയവൾ. ജീവിതത്തിൽ പല പ്രതിസന്ധികളും നേരിട്ട് അവൾ പോരാടി മുന്നേറി. പരാജയങ്ങളും ആ ജീവിതയാത്രയിൽ ഏറെ നേരിട്ടു അവൾ. എല്ലാവരും പറഞ്ഞു, അവൾക്കു കഴിയും, അവൾ തൻ്റേടിയാണ്, എന്തിനും മുന്നിൽ നിൽക്കാൻ കഴിവുണ്ട്. അതൊന്നും ശ്രദ്ധിക്കാൻ അവൾക്കു സമയമുണ്ടായിരുന്നില്ല.
എന്നാൽ അവളുടെ സഹോദരി, ചെറിയ കുട്ടി എന്ന പരിഗണന ഏറെ കിട്ടിയവൾ, അവളും അവളുടേതായ നിലയിൽ ജീവിതത്തിൽ മുന്നോട്ടു പോയി. പല തീരുമാനങ്ങളും അവൾ എടുത്തു. ചിലത് വിജയിച്ചു. ചിലത് വലിയ പ്രശ്നങ്ങളായി മാറി. ഇവിടെ പ്രകടമായ വലിയ വ്യത്യാസം, അവളുടെ ഓരോ പ്രശ്നത്തിന്റെയും അവസാനം ഒരു കഥ ജനിക്കുമായിരുന്നു എന്നതിലാണ്. അവൾ സൃഷ്ടിക്കുന്ന ആ കഥയിൽ…ചുറ്റുമുള്ളവർക്കായിരുന്നു കുറ്റം മുഴുവനും.
“അവർ അങ്ങനെ ചെയ്തതുകൊണ്ടാണ്…”
“അവർ എന്നെ മനസ്സിലാക്കിയില്ല…”
“അവരാണ് ഈ പ്രശ്നത്തിന് കാരണം…”
ഈ കഥകളിൽ പലതിലും ഇതൊന്നുമറിയാത്ത മൂത്തവൾ പ്രതിയായിത്തുടങ്ങി. അവൾ ഒരിക്കലും ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ അവളുടെ പേരിൽ ചാർത്തപ്പെടുന്ന അവസ്ഥ. ആദ്യം അവൾ തൻ്റെ നിരപരാധിത്വം പലരോടും വിശദീകരിച്ചു,. എന്നാൽ ആവർത്തിച്ചു വിശദീകരിക്കേണ്ട ഘട്ടം വന്നു തുടങ്ങി..
അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. ഒടുവിൽ ഒരു ദിവസം അവൾ സ്വയം ചോദിച്ചു
“ഞാൻ എന്റെ ജീവിതം ജീവിക്കുകയാണോ… അതോ മറ്റുള്ളവർക്ക് മുന്നിൽ ഞാൻ ആരാണെന്ന് തെളിയിക്കുകയാണോ?” അവൾക്ക് അന്ന് ഒരു വലിയ തിരിച്ചറിവുണ്ടായി. കൂടെപ്പിറപ്പ് തന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന കഥ അവൾക്ക് നിയന്ത്രിക്കാനാവില്ല. മറ്റുള്ളവരുടെ മനോനിലയോ തീരുമാനങ്ങളോ അവൾക്ക് നിയന്ത്രിക്കാനാവില്ല. എന്നാൽ ഒരു കാര്യം അവൾക്ക് ചെയ്യാം. സ്വന്തം ജീവിതം സത്യസന്ധമായി ജീവിക്കാം. കൂടുതൽ മാതൃകാപരമാക്കാം. അവൾ മറ്റുള്ളവരുടെ ഓരോ വാക്കിനും മറുപടി പറയുന്നതും നിർത്തി. ആവശ്യമായിടത്ത് മാത്രം സംസാരിച്ചു. പരിധികൾ വെച്ചു. അകലം ആവശ്യമുള്ളപ്പോൾ അകലം പാലിച്ചു. പക്ഷേ ഏറ്റവും പ്രധാനമായി… മറ്റുള്ളവർ പറയുന്ന കഥയിൽ നിന്ന് രൂപം കൊള്ളുന്ന താൻ തെറ്റുകാരിയാണെന്ന ചിന്ത ഉപേക്ഷിച്ചു..
ശാസ്ത്ര വിധി
നമ്മളെക്കുറിച്ച് മറ്റൊരാൾ ആവർത്തിച്ച് ഒരു നെഗറ്റീവ് കഥ പറയുമ്പോൾ, അതിനെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കുന്നത് നമ്മുടെ മനസ്സിനും വലിയ ഭാരമാകാം.
“അവർ എല്ലാവരും എന്നെ തെറ്റുകാരിയായി കാണുന്നുണ്ടോ?”
“ഞാൻ ശരിക്കും തെറ്റുകാരിയാണോ?”
എന്നിങ്ങനെ ചിന്തിച്ചുകൊണ്ടിരുന്നാൽ, മറ്റൊരാളുടെ കഥ പതുക്കെ നമ്മുടെ സ്വന്തം വ്യക്തിത്വത്തിൻ്റെ ഭാഗമാകാം. അതുകൊണ്ട് ഒരു പ്രധാന കഴിവ് പഠിക്കണം: മറ്റൊരാൾ പറയുന്ന കഥയും നമ്മുടെ യാഥാർത്ഥ്യവും തമ്മിൽ വ്യത്യാസമുണ്ടെന്ന് തിരിച്ചറിയണം. എല്ലാ ആരോപണവും അവഗണിക്കണമെന്നല്ല. നമ്മുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അത് അംഗീകരിക്കണം.എന്നാൽ ചെയ്യാത്ത തെറ്റുകളുടെ കുറ്റബോധം ചുമക്കേണ്ട ബാധ്യതയും ഏറ്റെടുക്കേണ്ടതില്ല.
ആത്മീയ കാഴ്ചപ്പാട്
“മറ്റൊരാളെ മാറ്റാൻ നമുക്കാവില്ല.” അവർ എന്ത് ചിന്തിക്കും, എന്ത് പറയും, അവർ എടുക്കുന്ന തീരുമാനങ്ങൾ, ഇവയെല്ലാം അവരുടെ ഭാഗമാണ്. ചെയ്യാനുള്ളത് മറ്റൊന്നാണ്. അവനവൻ്റെ ഭാഗം വൃത്തിയായി സൂക്ഷിക്കുക. സ്വയം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുക. തിരുത്താൻ കഴിയുന്നതു തിരുത്തുക. ഒപ്പം മറ്റൊരാളുടെ ജീവിതത്തിലെ എല്ലാ കുഴപ്പങ്ങൾക്കും സ്വയം ഉത്തരവാദിയാണെന്ന ചിന്ത മാറ്റണം. ചില ബന്ധങ്ങളിൽ നമ്മൾ ഏറ്റവും ബുദ്ധിമുട്ടോടെ പഠിക്കുന്ന പാഠം ഇതാണ്: സ്നേഹിക്കാം. സഹായിക്കാം. എന്നാൽ ആ വ്യക്തിയുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം മുഴുവൻ സ്വയം ഏറ്റെടുക്കേണ്ടതില്ല. ഒപ്പം ഓരോ ബന്ധത്തിലും സ്വയം ചോദിക്കണം: “എന്റെ സത്യം എനിക്ക് അറിയാമെങ്കിൽ, അത് മറ്റുള്ള എല്ലാവരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കുണ്ടോ?” ബോധ്യപ്പെടുത്തിയാലും ഒരുപക്ഷേ ചിലർ വിശ്വസിക്കും. ചിലർ വിശ്വസിക്കില്ല. അത് ജീവിതത്തിന്റെ ഭാഗമാണ്. ജീവിതം മുന്നോട്ട് പോകുമ്പോൾ, നമ്മുടെ പ്രവർത്തികൾ തന്നെ മറ്റുള്ളവർക്ക് നമ്മുടെ ഏറ്റവും വലിയ മറുപടിയായി മാറും.
ഇന്നത്തെ ജീവിതപരീക്ഷണം
നിങ്ങളെക്കുറിച്ച് മറ്റൊരാൾ പറയുന്ന ഒരു വേദനിപ്പിക്കുന്ന ആരോപണം ഓർക്കുക. ഒരു പേപ്പറിൽ രണ്ട് കോളം വരയ്ക്കുക. അവർ പറയുന്ന കഥ എനിക്ക് അറിയാവുന്ന എന്റെ സത്യം
രണ്ടാമത്തെ കോളത്തിൽ തെളിവുള്ള കാര്യങ്ങൾ മാത്രം എഴുതുക. ശേഷം സ്വയം പറയുക: “എന്റെ സത്യം തെളിയിക്കാൻ ഞാൻ എന്റെ ജീവിതം മുഴുവൻ ചെലവഴിക്കേണ്ടതില്ല.”
ഇന്നത്തെ വാക്യം
“മറ്റൊരാൾ എഴുതുന്ന എന്റെ കഥ എന്റെ ജീവിതത്തിന്റെ സത്യമാകണമെന്നില്ല; എന്റെ ജീവിതം ഞാൻ എങ്ങനെ ജീവിക്കുന്നു എന്നതാണ് എന്റെ യഥാർത്ഥ മറുപടി.”









