പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 33

ഒരു രാജാവ് തന്റെ കൊട്ടാരത്തിന്റെ കവാടത്തിൽ ഒരു വാക്യം കൊത്തിവെക്കണമെന്നു തീരുമാനിച്ചു. എന്താകണം ആശയം? അദ്ദേഹം രാജസഭയിൽ എല്ലാവരോടും ആരാഞ്ഞു.

മന്ത്രിമാർ പല വാക്യങ്ങളും പറഞ്ഞു.

“വിജയമാണ് എല്ലാം.”

“ശക്തനാണ് അതിജീവിക്കുക.”

“ഒരിക്കലും തോൽക്കരുത്.” ഇങ്ങനെ പോയി അഭിപ്രായങ്ങൾ. എന്നാൽ രാജാവിന് ഒന്നിലും തൃപ്തി വന്നില്ല. ഒടുവിൽ മികച്ച ആശയത്തിനായി രാജവിളമ്പരം നടത്തി. പണ്ഡിതന്മാർ പരാജയപ്പെട്ടു പിന്മാറി. ഈ സമയം ഒരു വൃദ്ധനായ കർഷൻ മുന്നോട്ട് വന്നു.

അദ്ദേഹം പറഞ്ഞു,

“നീ നിന്നോട് പറയുന്ന വാക്കുകളാണ് നിൻ്റെ നാളെകളെ രൂപപ്പെടുത്തുന്നത്.”

രാജാവ് ആ വാക്യം തിരഞ്ഞെടുത്തു. ജനങ്ങൾ ആ വാക്യം വായിച്ച് നഗരത്തിലേക്കു വരികയും പോവുകയും ചെയ്തു. ഒരിക്കൽ ദൂരെ ഗ്രാമത്തിൽ നിന്നും നഗരത്തിലേക്കു വന്ന ഒരു യുവാവ് ഈ വാക്യം ശ്രദ്ധിച്ചു. അവൻ ചിന്തിച്ചു, മാറ്റങ്ങളോടുള്ള ഭയം, പരാജയ ചിന്തകൾ, ഇവയാണ് തൻ്റെ ഭാവിയെ തടഞ്ഞിരുന്നത് എന്നവൻ തിരിച്ചറിഞ്ഞു. അതവനിൽ മാറ്റത്തിൻ്റെ തുടക്കമായി മാറി.

ശാസ്ത്രം എന്തു പറയുന്നു?

നമ്മൾ സ്വയം സംസാരിക്കുന്ന രീതി നമ്മുടെ വികാരങ്ങളെയും പെരുമാറ്റത്തെയും സ്വാധീനിക്കും. സ്വയം കുറ്റപ്പെടുത്തുന്ന “എനിക്ക് ഒന്നും കഴിയില്ല” എന്ന ആവർത്തിച്ചുള്ള ചിന്ത നിരാശ വർദ്ധിപ്പിക്കും. അതേസമയം, യാഥാർത്ഥ്യബോധമുള്ള കരുണയുള്ള സ്വയംസംഭാഷണം കൂടുതൽ സ്ഥിരത നൽകാനും മുന്നേറാനും സഹായിക്കും.

ആത്മീയ കാഴ്ചപ്പാട്

വാക്കുകൾ ശബ്ദങ്ങൾ മാത്രമല്ല. അവ വിത്തുകളാണ്. ഏതു വിത്താണ് നട്ടുവളർത്തുന്നത് എന്നതാണ് ചോദ്യം.
ഇന്ന് ചോദിക്കൂ.
“ആദ്യമായി സ്വയം അഭിമാനം തോന്നിയ ആ ഒരു നിമിഷം ഏതാണ്?”

ഇന്നത്തെ ജീവിതപരീക്ഷണം

ഇന്ന് മുഴുവൻ ദിവസം സ്വയം ശ്രദ്ധിക്കുക. സ്വയം വിമർശിച്ച ഓരോ നിമിഷത്തിലും ഒരു ചോദ്യം ചോദിക്കുക. “ഇതേ വാക്ക് ഞാൻ എനിക്ക് പ്രിയപ്പെട്ട ഒരാളോട് പറയുമോ?” ഇല്ലെങ്കിൽ അതെന്തിനാണ് സ്വയം പറയുന്നത്?

ഇന്നത്തെ വാക്യം

“നമ്മളെ പിന്നോട്ട് വലിക്കുന്ന ഓരോ ശീലത്തിനും പകരം ഒരു ചെറിയ നല്ല ശീലം വളർത്തുമ്പോഴാണ് യഥാർത്ഥ മാറ്റം തുടങ്ങുന്നത്.”

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.