
ഒരു വാക്ക്, ഒരു ജീവിതം
അടുത്ത ബന്ധുവിൻ്റെ വിവാഹവീട്ടിൽ, കല്യാണത്തലേന്ന് വേണ്ട സഹായങ്ങൾക്കായി അയാൾ രാവിലെ തന്നെ എത്തിയതായിരുന്നു. അയാൾക്ക് ഏറെ പ്രിയപ്പെട്ട സഹോദരീ സ്ഥാനത്തുള്ള കുട്ടിയുടെ വിവാഹമാണ്. പഴയ മരത്തിൻ്റെ മച്ചുള്ള വീടിൻ്റെ മുകളിലത്തെ നിലയിൽ ലൈറ്റ് ഇടാൻ സഹായിച്ച ശേഷം തിരിച്ച് പഴയ മരക്കോണിയിലൂടെ താഴേക്ക് ഇറങ്ങുമ്പോൾ ഓരോ ചുവടിലും ആ കോണി വലിയ ശബ്ദമുണ്ടാക്കി. താഴെയെത്തിയപ്പോൾ, വധുവിന്റെ അമ്മ അവിടെ നിൽക്കുന്നുണ്ടായിരുന്നു. മറ്റുള്ളവരും ചുറ്റുമുണ്ടായിരുന്നു. അവർ കുറച്ച് തമാശയുടെ സ്വരത്തിൽ ചോദിച്ചു:
“നീ ഈ വീടു മൊത്തം പൊളിച്ചിടുമോ? ഇങ്ങനെയാണോ പടിയിറങ്ങുന്നത്? പഴയ വീടാണ്.”
അത്രയേ ഉണ്ടായുള്ളൂ. എന്നാൽ ചുറ്റുംകൂടിയിരുന്ന എല്ലാവരുടേയും ശ്രദ്ധ ആകർഷിക്കും വിധം അവർ ഹാസ്യത്തോടെ പറഞ്ഞ ആ വാക്കുകൾ അയാളിൽ പൊടുന്നനെ വലിയ മുറിവുണ്ടാക്കി. എല്ലാവരുടെയും മുന്നിൽ അപമാനിതനായി എന്നയാൾക്കു തോന്നി. അയാൾ ഒന്നും പറഞ്ഞില്ല. അപ്പോൾത്തന്നെ അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങി. അയാളുടെ അസാന്നിധ്യം എല്ലാവരും ശ്രദ്ധിച്ചു. ഒടുവിൽ വൈകുന്നേരം എല്ലാവരും നിർബന്ധിച്ചപ്പോൾ വീണ്ടും അയാൾ ആ വിവാഹവീട്ടിലേക്ക് പോയി. എന്നാൽ അയാളുടെ മനസ്സ് ഒട്ടും ശാന്തമായിരുന്നില്ല.
അയാൾക്ക് അവരോട് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല:
“എന്തിനാണ് എല്ലാവരുടേയും മുന്നിൽ വെച്ച് അങ്ങനെ പറഞ്ഞത്?”
എന്നാൽ അവരുടെ മറുപടി, അങ്ങനെയൊന്ന് സംഭവിക്കാത്ത മട്ടിലായിരുന്നു. അവർ അത്ഭുതത്തോടെ പറഞ്ഞു:
“ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ലല്ലോ.”
അവർക്ക് അത് ഒരു സാധാരണ പറച്ചിൽ മാത്രമായിരുന്നു. എന്നാൽ അയാൾക്ക് അത് അങ്ങനെയായിരുന്നില്ല. അയാൾ പിറ്റേന്ന് ആ വിവാഹത്തിൽ പങ്കെടുത്തില്ല.
വർഷങ്ങൾ കടന്നുപോയി. ആളുകൾ അവരവരുടെ ജീവിതവുമായി മുന്നോട്ട് പോയി. എന്നാൽ ഇന്നും അയാളുടെ മനസ്സിൽ ആ സംഭവം അന്നത്തെ അതേ വൈകാരികതയോടെ നിലകൊള്ളുന്നു. ആ വിവാഹത്തിൽ പങ്കുചേർന്നില്ല എന്നത് അയാളെ വേദനിപ്പിക്കുന്ന ഓർമയാണ് ഇന്നും.
ഒരു വാക്ക്. ഒരു നിമിഷം. ഒരു തെറ്റിദ്ധാരണ. അതിന്റെ വേദനയാകട്ടെ വർഷങ്ങളോളം തുടരുന്നു.
ശാസ്ത്രം
ഇതിലെ കഥ എത്ര നിസ്സാരമെന്നു ചിന്തിച്ചില്ലേ? അയ്യേ, ആരെങ്കിലും ഇത്ര ചെറിയ കാര്യത്തിനു പിണങ്ങുമോ എന്ന് ഓർത്തില്ലേ? ഇനി, എന്താണ് ആ മനുഷ്യൻ്റെ ചിന്തകളിൽ സംഭവിച്ചത് എന്നു നോക്കിയാലോ? നമ്മളെ വേദനിപ്പിക്കുന്ന ഒരു സംഭവം ഉണ്ടാകുമ്പോൾ, നമ്മുടെ മസ്തിഷ്കം സംഭവത്തെ മാത്രമായി ഓർക്കുന്നില്ല. അതിന് നമ്മൾ നൽകിയ അർത്ഥവും അപ്പോഴുണ്ടായ വൈകാരിക തലവും ആ ഓർമ്മയുടെ ഭാഗമാകുന്നു.
“അവർ എന്നെ എല്ലാവരുടെയും മുന്നിൽ അപമാനിച്ചു.”
എന്നൊരു വ്യാഖ്യാനം മനസ്സിൽ ഉറച്ചാൽ, പിന്നീട് ആ സംഭവത്തെ ഓർക്കുമ്പോഴെല്ലാം അതേ വികാരവും വീണ്ടും ഉണരാം. അതുകൊണ്ടാണ് ചില സംഭവങ്ങൾ വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നലെ നടന്നതുപോലെ നമുക്കു വേദനിക്കുന്നത്. ഇത്തരം സാഹചര്യം പല വിധത്തിൽ നമ്മുടെയൊക്കെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. ഉറപ്പാണ്. അതിൽ ചിലതെങ്കിലും നമ്മൾ സ്വന്തം ഹൃദയത്തിൽ ആരോടും പറയാതെ ഉള്ളുനീറുന്ന നോവായി കൊണ്ടു നടക്കുന്നുമുണ്ട്. അല്ലേ? അങ്ങനെയെങ്കിൽ ഇതിനൊരു മാറ്റം സാധ്യമാണോ? ഒന്നു പറയാം സംഭവിച്ചതു മാറ്റാൻ കഴിയില്ല. എന്നാൽ ഉറപ്പിച്ചു പറയാം അതിനെക്കുറിച്ചുള്ള നമ്മുടെ ഇന്നത്തെ കാഴ്ചപ്പാട് മാറ്റാൻ കഴിയും. അത് സംഭവത്തെ ന്യായീകരിക്കലല്ല. നമ്മുടെ മനസ്സിന് ആ സംഭവത്തിന്മേൽ വീണ്ടും കുറച്ച് അധികാരം തിരികെ നൽകലാണ്.
ആത്മീയ കാഴ്ചപ്പാട്
നമ്മളെ വേദനിപ്പിച്ചവരോടു ക്ഷമിക്കുക എന്നത് അവർ ചെയ്തത് ശരിയായിരുന്നു എന്ന് സമ്മതിക്കലല്ല. കൂടാതെ ക്ഷമ എന്നത് മറ്റൊരാൾക്ക് നൽകുന്ന സമ്മാനവുമല്ല. അതു നമ്മുടെ മനസ്സിനെ പഴയ സംഭവത്തിൽ നിന്നുണ്ടായ വൈകാരികതയിൽ നിന്നും നമ്മളെ മോചിപ്പിക്കുന്ന തീരുമാനമാണ്.
ചില വാതിലുകൾ മറ്റൊരാൾ അടച്ചതായിരിക്കാം. എന്നാൽ വർഷങ്ങളോളം അതിന് മുന്നിൽത്തന്നെ നിൽക്കണമോ എന്ന് നിശ്ചയിക്കാൻ പഠിക്കേണ്ടത് നമ്മളാണ്. ചില മുറിവുകൾക്ക് ആദ്യം വേണ്ടത് മറക്കലല്ല. അവയെ പുതിയൊരു കണ്ണിലൂടെ നോക്കാനുള്ള ധൈര്യമാണ്.
ഇന്നത്തെ പരിശീലനം
ഒരു പഴയ വേദന ഓർക്കുക. അതിനുശേഷം ഈ രണ്ട് വാക്യങ്ങൾ പൂർത്തിയാക്കുക:
“അന്ന് ഞാൻ കരുതിയത്…”
“ഇന്ന് ഞാൻ മനസ്സിലാക്കുന്നത്…”
അവസാനം ഒരു ചോദ്യം:
“ഈ സംഭവത്തിന് എന്റെ ഇന്നത്തെ ജീവിതത്തിൽ ഇത്രയും സ്ഥലം ഇനിയും വേണമോ?” ഉത്തരം ഉടൻ കണ്ടെത്തേണ്ടതില്ല. ചോദ്യം മനസ്സിൽ വെച്ചാൽ മതി.
ഇന്നത്തെ വാക്യം
“എന്നെ വേദനിപ്പിച്ച ആ സംഭവത്തെ എനിക്കു മാറ്റാൻ കഴിയില്ല. പക്ഷേ അത് എന്റെ ജീവിതത്തിൽ എത്രകാലം ജീവിക്കണം എന്ന് സ്വയം നിശ്ചയിക്കാം.”









