പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 16

ഒരു മധ്യവയസ്കൻ തന്റെ പഴയ വീട് പൊളിച്ച് പുതിയതു നിർമിക്കാൻ തീരുമാനിച്ചു. അയാളുടെ അമ്മയും അച്ഛനും മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നു, ആ വീടും…

സാധനങ്ങൾ ഓരോന്നായി മാറ്റുന്നതിനിടയിലാണ് അടുക്കളയുടെ ചുമരിൽ പെൻസിൽ കൊണ്ട് വരച്ച കുറച്ചു വരകൾ അയാൾ കണ്ടത്. അതിന് അരികിൽ തീയതികളും ഉണ്ട്. അയാൾക്ക് ഒന്നും മനസ്സിലായില്ല. അയൽവീട്ടിലെ പ്രായമായ അമ്മച്ചി അതു കണ്ടിട്ടു പറഞ്ഞു.

“അതു നിന്റെ അമ്മ വരച്ചതാണ് മോനേ.”

“നിൻ്റെ അമ്മ നീ കുഞ്ഞായിരിക്കുമ്പോൾ എല്ലാ രണ്ടും മൂന്നും മാസം കൂടുമ്പോൾ നിന്റെ ഉയരം അളന്ന് ഇവിടെ അടയാളപ്പെടുത്തുമായിരുന്നു. നിൻ്റെ വളർച്ചയാണ് ആ വരകൾ.”

അതു കേട്ട് അയാൾ അത്ഭുതത്തോടെ ആ വരകളിലൂടെ പതുക്കെ തൊട്ടു. ആ ഓർമ്മകൾ മെല്ലെ അയാളെ വന്നു തലോടി. പനി വന്ന രാത്രികൾ, സ്കൂളിലേക്ക് കൈപിടിച്ച് കൊണ്ടുപോയ പ്രഭാതങ്ങൾ, വിശന്നെത്തിയ വൈകുന്നേരങ്ങൾ.

പിന്നീട് എപ്പോഴൊക്കെയോ തന്നെക്കൊണ്ടു കഴിയില്ല എന്നുറപ്പിച്ചു മുഖം താഴ്ത്തിയ നിമിഷങ്ങളിൽ “നിന്നെക്കൊണ്ട് പറ്റും മോനേ…” എന്നു പറഞ്ഞു ധൈര്യം തന്നത്, ഒക്കെ അയാൾ ഓർത്തു. ഇപ്പോൾ അമ്മ കടന്നു പോയിട്ട് വർഷം എത്ര കഴിഞ്ഞിരിക്കുന്നു! അമ്മയ്ക്കു ശേഷം വർഷങ്ങളായി ആരും തന്നെ അങ്ങനെ ചേർത്തുപിടിച്ചിട്ടില്ലല്ലോ എന്നയാൾ ഓർത്തു. കണ്ണു നിറഞ്ഞു. ശബ്ദം തൊണ്ടയിൽ കുരുങ്ങി. അല്പസമയം കഴിഞ്ഞു. അയാൾ അമ്മയുടെ, “എന്തും ചെയ്യാനാകും” എന്നു വിശ്വസിക്കുന്ന കുട്ടിയായി മാറി.

വീട് പൊളിക്കാനുള്ള തീരുമാനം അയാൾ മാറ്റിയില്ല. എന്നാൽ ആ ചുമർ നിലനിർത്തി വേണം പുതിയതു പണിയാൻ എന്നയാൾ നിശ്ചയിച്ചു.

ശാസ്ത്രം എന്ത് പറയുന്നു?

ബാല്യകാലത്ത് നമ്മൾ കേൾക്കുന്ന വാക്കുകളും അനുഭവങ്ങളും തലച്ചോറിൽ ആഴത്തിലുള്ള ഓർമ്മപ്പാതകൾ സൃഷ്ടിക്കുന്നു. സുരക്ഷിതത്വം, സ്നേഹം, പ്രോത്സാഹനം തുടങ്ങിയ അനുഭവങ്ങൾ, പിൽക്കാല ജീവിതത്തിലെ വെല്ലുവിളികൾ നേരിടുന്ന രീതിയെ സ്വാധീനിക്കാം. ഒപ്പം, പ്രായപൂർത്തിയായ ശേഷവും പുതിയ അനുഭവങ്ങളിലൂടെയും നല്ല ബന്ധങ്ങളിലൂടെയും പുതിയ ചിന്താപാതകൾ രൂപപ്പെടാം. അതാണ് ന്യൂറോപ്ലാസ്റ്റിസിറ്റിയുടെ പ്രതീക്ഷ.

ആത്മീയ ചിന്ത

മനുഷ്യർ ഒരിക്കൽ മരിക്കും. എന്നാൽ അവർ നമ്മെ ചേർത്തു പിടിച്ച നിമിഷങ്ങൾ ഒരിക്കലും മാഞ്ഞുപോകില്ല. അവ നമ്മുടെ ഉള്ളിൽ പ്രാർത്ഥന പോലെ ശോഭിക്കും.

ഇന്നത്തെ പരിശീലനം

ഇന്ന്, നമ്മുടെ ജീവിതയാത്രയുടെ ഏതെങ്കിലും ഘട്ടത്തിൽ ആത്മാർത്ഥമായി പ്രോത്സാഹിപ്പിച്ച ഒരാളെ ഓർക്കുക. അവർ ജീവിച്ചിരിക്കുന്നെങ്കിൽ ഒരു സ്നേഹ സന്ദേശം അവർക്കയയ്ക്കുക. ഇല്ലെങ്കിൽ… അവർക്കുവേണ്ടി ഒരു നിമിഷം നിശ്ശബ്ദമായി പ്രാർത്ഥിക്കുക.

ചിന്തിക്കാൻ

ഇന്നും എന്നെ മുന്നോട്ട് നടത്തുന്നത് ആരുടെ വാക്കുകളാണ്?

ഇന്നത്തെ വാക്യം

“ചില കൈപ്പാടുകൾ ചുമരിൽ നിന്ന് മാഞ്ഞുപോയേക്കും. എന്നാലും അവയുടെ ഓർമ ജീവിതകാലം മുഴുവൻ മനസ്സിൽ നിലനിൽക്കും.”

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.