കരുണ

കവി –ബച്ചാ ലാൽ ഉന്മേഷ്
മൊഴി മാറ്റം –മിനി അനാമിക

ഈ ഭൂമിയും ആകാശവും
നിങ്ങളെടുത്തോളൂ
ഞങ്ങൾക്ക് വേണ്ടത്
ഒരു പൂന്തോട്ടം.
അതിലുണ്ടാകണം
പൂക്കളും ശലഭങ്ങളും
കിളികളുടെ
ചെറു ചലനങ്ങളും.

ഞങ്ങൾക്ക് വേണ്ടത്
അതേ പൂന്തോട്ടം. ..

പഞ്ചഭൂതാത്മകമായ
ഈ ദേഹവും
നിങ്ങളെടുത്തോളൂ.
ഞങ്ങൾക്ക് വേണ്ടത്
ഒരു ഹൃദയമിടിപ്പ്‌.
അതിലുണ്ടാവണം
കിളികളുടെ കള ഗാനവും
വിപ്ലവത്തിന്റെ ഒരു ജ്വാലയും.

ഞങ്ങൾക്ക് വേണ്ടത്
അതേ ഹൃദയമിടിപ്പ്.

കീർത്തനവും ഭജനയും
നിങ്ങൾ എടുത്തോളൂ
ഞങ്ങൾക്ക് വേണ്ടത്
ചിന്ത മാത്രം.
അതിലുണ്ടാവണം
പറച്ചിലുകൾക്ക്‌ പതവും
തർക്കവും വിജ്ഞാനവും.

ഞങ്ങൾക്ക് വേണ്ടത്
അതേ ചിന്ത.

സർവ്വ സമ്പത്തും
ചലാചലങ്ങളും
നിങ്ങളെടുത്തോളൂ
ഞങ്ങൾക്ക് വേണ്ടത്
ഒരു ഭൂമി.
അതിലുണ്ടാകണം
ന്യായവും സമത്വവും
മതേതരത്വവും .

ഞങ്ങൾക്ക് വേണ്ടത്
അതേ ഭൂമി.

വിസ്‌ഫോടാകാത്മകമായ
മനസ്സ്‌ നിങ്ങളെടുത്തോളൂ
ഞങ്ങൾക്ക് വേണ്ടത്
ശാന്തി മാത്രം.
അവിടെയുണ്ടാവണം
പ്രേമവും കരുണയും.
അവിടെയുണ്ടാകരുത്
വേദനയുടെ നിലവിളികൾ.

ഞങ്ങൾക്ക് വേണ്ടത്
അതേ ശാന്തി.

കണ്ണാടി മാളികകൾ
നിങ്ങളെടുത്തോളു
ഞങ്ങൾക്ക് വേണ്ടത്
മുറ്റം മാത്രം.
അവിടെയുണ്ടാവണം
ആര്യ വേപ്പിന്റെ തണൽ.
അവിടെ പുലരണം
പരസ്പരസാഹോദര്യം.

ഞങ്ങൾക്ക് വേണ്ടത്
അതേ മുറ്റം.

സർപ്പത്തിന്റെ
ഫണവും പല്ലും നിങ്ങളെടുത്തോളൂ.
ഞങ്ങൾക്ക് വേണ്ടത്
ചന്ദനം മാത്രം .
അവിടെ തണുപ്പും
തണലുമുണ്ടാവുo
അങ്ങനെ
സുഗന്ധപൂരിതമാവട്ടെ
പൂന്തോട്ടം.

ഞങ്ങൾക് വേണ്ടത്
അതേ ചന്ദനo.

ബച്ചാ ലാൽ ഉന്മേഷ്

ഉത്തർപ്രദേശിലെ ഒരു കർഷക കുടുംബത്തിൽ 1994ൽ ജനിച്ച ബച്ചാലാൽ ഉന്മേഷ് കോൻ ജാത് ഹോ ഭായ് എന്ന ഒറ്റക്കവിതയിലൂടെ വായനക്കാർക്ക് പ്രിയങ്കരനായി. നിരന്തരം നീതിക്കുവേണ്ടി എഴുതുന്ന ഉന്മേഷ് ഉച്ചനീച്ചത്വങ്ങൾ ഭാരതത്തിൽ നിന്നും ഇനിയും തുടച്ചു മാറ്റപ്പെട്ടിട്ടില്ല എന്ന് നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു. മൂന്നാമത് ഓംപ്രകാശ് വാല്മീകി പുരസ്‌കാരം നേടിയ കവികൂടിയാണ് ഇദ്ദേഹം. മറ്റ് നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. പട്ടിണി ദാരിദ്ര്യം ജാതി മത വിവേചനം എന്നിവ ഉണ്മഷിന്റെ കവിതകൾക്കു വിഷയങ്ങളാണ്. സാധാരണക്കാരന്റെ നോവുകൾ കവിതയിലൂടെ പകർത്തുന്നതിൽ ഈ കവി വിജയിച്ചിരിക്കുന്നു.

മിനി.പി.എസ് തിരുവനന്തപുരം സ്വദേശി. മിനി അനാമിക എന്ന പേരിൽ എഴുതുന്നു. ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിൽ നിന്നും മലയാളത്തിലേക്കു മൊഴിമാറ്റം നടത്തുന്നു. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതുന്നു. ഹൈദ്രബാദിൽ താമസം