മഴ കെട്ടിയിടാനാവില്ല

മഴ പെയ്തു തുടങ്ങിയാൽ
കെട്ടിയിടാനാവില്ല.
കൂരയിലും പുളിമരത്തിലും
പുഴയിലും കടലിലും
മണം പിടിച്ചു നടക്കാനിറങ്ങും.
കാറ്റ് ഒപ്പരം ചേർന്നാൽ
ശകാര പെയ്താവും
അന്യായം കണ്ടാൽ
ചോദ്യപെയ്ത്താവും
അവളെ കണ്ടാൽ
രാസലീലയാവും.
കൈ വീശിയാലും
മുട്ടിലിഴഞ്ഞാലും
മീൻ കറി മണപ്പിച്ചാലും
കുടയില്ലാത്തവർ
മഴ നനഞ്ഞേ പറ്റൂ.
അകത്ത് സഹിക്കുന്നതാവാം
ഒറ്റ പെയ്തായ പേമാരി.
മഴ നനഞ്ഞ തോണി വരച്ചു
മകൾ നില്ക്കുമ്പോൾ
മഴ ബാക്കി വെച്ച വറ്റ്
എന്നോട്പറഞ്ഞു:
സാധാരണ ജീവിതത്തിലും
കവിതയുണ്ട്
അതിന്റെ നീളം,
ആഴം ചെന്നു മുട്ടുന്ന
ഭയം തുറന്നെഴുത്
വീട് അത്രമാത്രം ഇരുട്ടിലാണ്.

വടകര ഓഞ്ചിയത്തെ മാടാക്കര സ്വദേശി. മണൽ, കപ്പലില്ലാത്ത തുറമുഖം, ഒരു മത്സ്യവും ജലാശയം നിർമ്മിക്കുന്നില്ല, മഴ പെയ്തില്ല മയിലും വന്നില്ല, മലബാർ സ്‌കെച്ചുകൾ, കുറിയേടത്തു താത്രിയും കുറുകുന്ന അകത്തെഴുത്തും തുടങ്ങിയവയാണ് കൃതികൾ. കൈരളി കല, അറേബ്യാ അക്ഷരശ്രീ, അബുദാബി മലയാളി സമാജം, അരങ്ങ് അബുദാബി തുടങ്ങിയ പുരസ്‌ക്കാരങ്ങൾ നേടി.