മലർവാടി

ചേലെഴുംഗഗനവീഥിതന്നിലായ്
രാജഹംസമൊഴുകുന്നപോലവേ
പൂനിലാപ്പുഴയിലൂടെ നീന്തിടും –
നീരദം നയനമോഹനം, സുഖം.

ആരുവന്നുലകിനേകിയീവിധം
ചാരുതയ്ക്കുപമയില്ലയെങ്കിലും
നീലവാനിനഴകെത്രയെന്നിലാ-
യാമയം വിടപറഞ്ഞുപോയിതാ.

മാനസം മധുരചിന്തയിൽ നിറം –
ചേർന്നുറങ്ങിയുണരുന്ന വേളയിൽ
ഭാതരശ്മി വരവേറ്റിടുന്നൊരാ-
സ്വർണ്ണവർണ്ണമഴകേ!സ്തുതിപ്പു ഞാൻ.

മഞ്ഞണിഞ്ഞ വയലേലയിൽ നറും-
പൊൻകതിർ കിരണമേറ്റുനിൽക്കയോ?
രാജമല്ലിയനുരാഗലോലയായ്
ചെണ്ടുമല്ലി വരമാല ചാർത്തിയോ?

ക്ഷോണിതൻമഹിമ വാഴ്ത്തിടുന്നിതാ
കോകിലം സരളകൂജനം മുദാ
പാട്ടു കേട്ടരിയനീരജങ്ങളോ
പൂത്തുനിന്നു മധു തൂകിടുന്നിതാ.

പാറിയെത്തി ശലഭം സുമോഹനം
തേടിടുന്നു മധുകുംഭമെങ്ങുപോയ്?
തേൻകണം നുകരുവാനണഞ്ഞിടും-
ഭൃംഗമെത്തി മലരേകി പൂമണം

മാരുതൻ മുരളിയൂതിവന്നതും
വാരിളം ദളപുടം വിടർത്തിനാൾ
പൂക്കളിൽ ശലഭരാജിയെത്തവേ
പ്രേമഗീതലയമാലപിച്ചവർ

ജീവിതം ക്ഷണികമാണു ഭൂമിയിൽ-
ക്കാണുമീയഴകിതെത്രസുന്ദരം
കണ്ണുകൾക്കു കുളിരേകിടുംമലർ –
വാടിയാണിതു മനോജ്ഞപാരിടം.

തിരുവനന്തപുരം വെളിയന്നൂർ സ്വദേശി. കേരളാ പോലീസിൽ എസ് ഐ ആയി റിട്ടയർ ചെയ്തു. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കവിതകൾ എഴുതുന്നു.