കുറുങ്കവിതകൾ

മെഴുകുതിരി

വെളിച്ചം തരാൻ
ഞാൻ പഠിച്ചത്
സ്വയം ഉരുകുന്നതിലൂടെയാണ്.

ഘടികാരം

എല്ലാവർക്കും സമയം പറയുന്നു,
പക്ഷേ
എനിക്കായി
ഒരു നിമിഷം പോലും
നിർത്തിവെക്കുന്നില്ല.

മരം

കല്ലെറിഞ്ഞവർക്കുപോലും
ഞാൻ നൽകുന്നത്
പഴങ്ങളാണ്.

കുട

മഴയെ
ഞാൻ തടയുന്നില്ല,
നിന്നിലേക്കെത്താതിരിക്കാൻ മാത്രം
ശ്രമിക്കുന്നു.

പെൻസിൽ

തെറ്റുകൾ മായ്ക്കാൻ
എന്റെ കൂടെ
റബ്ബറിനെയും
കൊണ്ടുനടക്കുന്നു.

കണ്ണാടി

എന്നെ നോക്കി
എല്ലാവരും സ്വയം തിരുത്തുന്നു;
എന്നെ മാത്രം
ആരും നോക്കാറില്ല.

പാലം

അക്കരെയും ഇക്കരെയും
ചേർക്കുമ്പോൾ
ഞാൻ എപ്പോഴും
നടുവിലാണ്.

വിത്ത്

മണ്ണിനടിയിൽ
മറഞ്ഞുപോയെന്ന്
കരുതിയവർക്ക്
ഞാൻ
മരമായി മറുപടി നൽകി.

കടലാസ്

മടക്കിമടക്കി
ചെറുതാക്കിയാലും
എന്റെ വെളുപ്പിനെ
ചുരുക്കാനാവില്ല.

നിഴൽ

വെളിച്ചമുള്ളിടത്തോളം
ഞാൻ കൂടെയുണ്ട്;
ഇരുട്ടിനെ
നീ തന്നെ
നേരിടണം.

ചായക്കപ്പ്

എന്റെ ചൂട് തീരുമ്പോഴാണ്
സംസാരങ്ങൾ
തണുക്കുന്നത്.

താക്കോൽ

പൂട്ടുകളെ കുറ്റം പറയരുത്;
തുറക്കാനുള്ള വഴി
അവയുടെ ഉള്ളിലുണ്ട്.

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശം. ദീർഘകാലം വിദേശത്തായിരുന്നു. ഇപ്പോൾ സ്വകാര്യ സ്ഥാപനത്തിൽ അധ്യാപകനായി ജോലി ചെയ്യുന്നുകവിതകൾ. കഥകൾ , മാപ്പിളപ്പാട്ടുകൾ, ലേഖനങ്ങൾ എന്നിവ എഴുതി വരുന്നു.