ഭൂമിയിൽ കല്യാണം

ഇലയിളക്കി ചില്ലയിലൂർന്ന്
മാസ്മരം വീഴുന്ന മരപ്പെയ്ത്തിന്
ചിലങ്ക കെട്ടുന്നു,
മഞ്ഞപ്പട്ടുനീർത്തി
ചാഞ്ഞുവീഴുന്ന പോക്കുവെയിൽ.

പെയ്തുതോർന്ന നരച്ചവാനം
കുംഭയൊഴിഞ്ഞ ആലസ്യത്തിൽ
നീണ്ടുനിവർന്നു കിടക്കുന്നു.

മഴ മൊത്തി മത്തുപിടിച്ച പുതുമണ്ണ്,
വെയിലും മഴയും
ഒരേ താളത്തി-
ലൊരേ രാഗത്തിൽ പാടിത്തീർത്ത
‘മാംഗല്യ മംഗള’ത്തിന്റെ രസച്ചരടിൽ
രോമാഞ്ചം കൊള്ളുമ്പോൾ,

ദൂരെ ദൂരെയേതോ തുരുത്തിൽ
ഒരു കുറുക്കനും കുറുക്കച്ചിയും
പ്രണയപൂരണത്തിന്റെ
താലികോർക്കുന്നു.

മുണ്ടക്കയം സ്വദേശി. നേഴ്സ് ആയിരുന്നു. കവിതയും ജീവിതമെഴുത്തും ഏറെ ഇഷ്ടം.