അച്ഛനെ വരയ്ക്കുമ്പോൾ

ഇളംതിണ്ണ വിയർപ്പാറ്റിക്കിടക്കുന്നു
ചുടുകാറ്റിൻ കൊടിപാറുംകുതിപ്പിനെ
വകവയ്ക്കാതെ ,
വരത്തുപോക്കുണ്ടീവഴി പകൽക്കിനാക്കുളി
കഴിഞ്ഞിറങ്ങുന്ന വെയിൽപ്പൂതം
ഇടവിടാതെ .

നടക്കയാണച്ഛൻ ,ചോടുറയ്ക്കാ
ക്കുഞ്ഞിൻ വിറപാദം
പതുക്കെയമർത്തിയൊന്നും
നൊന്തു പോകാതെ .

പാടുകയായ് ജിബ്രാൻ * നിങ്ങൾ
കാലമർത്തിച്ചവിട്ടല്ലേ ,
“താഴെയൊരു പാവം പ്രാണൻ
മിടിയ്ക്കുന്നുണ്ടേ . “

നടന്നിട്ട് ഇടയ്ക്കൊന്നു നിന്നു
ചുറ്റും കണ്ണോടിച്ച്
പാറി വീഴും കരിയില
യ്ക്കൊപ്പംവിറച്ച്,

നീരുകെട്ടുംപാദച്ചൂടിൽ
വിങ്ങിയും വലിഞ്ഞും
ജന്മക്കടമറുത്തെറിയാനും
ശേഷി പോരാതെ ,

വാതിൽ മറഞ്ഞൊരു കിളിനോട്ടം,
പുറത്തിരമ്പുന്ന
വർത്തമാനക്കരിങ്കടൽ
ക്കാറ്റുവീശുമ്പോൾ ,

അകത്തേക്കു വലിഞ്ഞു
മൊളിച്ചും മുറിയ്ക്കകത്തു
തുളമ്പുമിരുട്ടറകളിൽ
തനിച്ചിരുന്നും

ഇന്നലെ പ്രവാചകനെ *വരഞ്ഞിട്ട
വിരൽത്തുമ്പിൽ
തരിപ്പും കടച്ചിലുമായ്
കാലം കടിയ്ക്കെ ,

ശ്ലോകമുദ്രിതമാം ചുണ്ടടഞ്ഞ്,
വാക്കിടറിത്തള്ളും
ഓർമതെറ്റിപ്പിണങ്ങിപ്പോം
പഴുതിലൂടെ ,

നുഴഞ്ഞേറും കരിനാഗപ്പുളപ്പിനെ
മിന്നലാടും കാർമുകിലെ
പടർന്നാടും
പടർപ്പുകളെ ,

ഓർമമൂടും പായൽ വകഞ്ഞിറ്റു
വെള്ളം തെളിഞ്ഞൊട്ടു
നേരമൊരു കുഞ്ഞു സൂര്യ
നുദിച്ച പോലെ ,

തെളിഞ്ഞല്പനേരം വീണ്ടും
ഇരുട്ടിൻ്റെ ഇടനാഴിത്തണു
പ്പിലേയ്ക്കൂർന്നുതാണു
മുങ്ങിപ്പൊങ്ങിയും ,

ഇരിയ്ക്കയാണച്ഛൻ
പകൽവെട്ടം വന്നുതട്ടും
വാതിൽ തുറക്കാതെ
കളിക്കൂട്ടംവിട്ട കുട്ടിപോൽ .

മേശമേലട്ടിയായ് വച്ച
അക്ഷരക്കൂട്ടത്തിൻ നടു_
ക്കൊരു മഹാഗ്രന്ഥം പോലെ
പൊടിപിടിച്ചും ,

വക്കൊടിഞ്ഞും താളടർന്നും
ഇരട്ടവാലൻ കരണ്ടും
വാക്കിൻചൂടിൽ വിയർക്കുന്ന
ഒരു പുസ്തകം .

ഒന്നു തൊട്ടാൽ തുറന്നു പോംവാതിൽ ,
പഴങ്കഥക്കെട്ടിൻ താൾമറിഞ്ഞു
തുറക്കുന്ന
മുയൽക്കുഴിയിൽ
വീണു മുങ്ങിക്കേറി വരും
ബാലരൂപം കണ്ടുകൺമിഴിക്കെ
തുടു വിരലാലേ
കണ്ണുപൊത്തുമ്പോൾ ,

സമയപ്പുഴക്കരയ്ക്കു
മപ്പുറമായച്ഛൻ
ഇക്കരയ്ക്കു മണൽക്കാട്ടിൽ
പെട്ടകുട്ടി ഞാൻ .

* ഇതേ ആശയം വരുന്ന വരികൾ താൻ ആരാധിച്ചിരുന്ന അന്ധനായ അബു അല അൽ മാരി (പത്താം നൂറ്റാണ്ട് ) എന്ന അറബി കവിയിൽ നിന്നും ജിബ്രാൻ തൻ്റെ ആത്മക്കുറിപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

* ജിബ്രാൻ്റെ ദി പ്രോഫറ്റ് എന്ന കൃതിയുടെ മലയാള വിവർത്തനം

ചേർത്തലയിൽ താമസം. ആലപ്പുഴ കലവൂർ ജി എച്ച് എസ് എസ്സിൽ നിന്നും ഹയർ സെക്കൻ്ററി മലയാളം അധ്യാപികയായി റിട്ടയർ ചെയ്തു. എഴുത്ത്, വായന, യാത്ര, സിനിമ, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളിൽ സജീവം.